Sunday, December 16, 2012
ബാങ്ക് വഴി സബ്സിഡി ജാര്‍ഖണ്ഡില്‍ പൊളിഞ്ഞു
സബ്സിഡി പണം ബാങ്ക് അക്കൗണ്ടുകള്‍ വഴി നേരിട്ടു നല്‍കുന്നതിനുള്ള പരീക്ഷണ പദ്ധതി ജാര്‍ഖണ്ഡിലും പരാജയം. ബാങ്ക് വഴി സബ്സിഡി പണം ലഭിക്കാത്തതിനാല്‍ രാജസ്ഥാനിലെ കര്‍ഷകര്‍ റേഷന്‍ മണ്ണെണ്ണ തന്നെ ഉപേക്ഷിച്ചതിനു പിന്നാലെയാണ് ജാര്‍ഖണ്ഡിലും സബ്സിഡിയും പെന്‍ഷനും നിഷേധിക്കപ്പെടുന്നത്. ജനുവരി മുതല്‍ സബ്സിഡികള്‍ ബാങ്ക് വഴി നല്കുന്ന പദ്ധതിക്ക് ഔദ്യോഗികമായി തുടക്കം കുറിക്കുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനം. ദരിദ്രര്‍ക്ക് സബ്സിഡി നിഷേധിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ഗൂഢനീക്കമാണ് പദ്ധതിക്ക് പിന്നലെന്ന വിമര്‍ശത്തിന് അടിവരയിടുന്നു രാജസ്ഥാനിലെയും ജാര്‍ഖണ്ഡിലെയും പരാജയം. ബാങ്ക് അക്കൗണ്ടുകള്‍ ഇല്ലാത്തതും വേണ്ടത്ര ജീവനക്കാരില്ലാത്തതുമാണ് ജാര്‍ഖണ്ഡില്‍ വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് സബ്സിഡി നഷ്ടപ്പെടാന്‍ കാരണം.
റാഞ്ചി, റാംഗഡ്, ഹസാരിബാഗ്, സരായ്കേല-ഘര്സവാന് ജില്ലകളില്‍ 2011 ഡിസംബറിലാണ് പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചത്. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതി വേതനം ബാങ്ക് വഴി നല്‍കാനായിരുന്നു തീരുമാനം. റാംഗഡിലെ ഒരു ബ്ലോക്കില്‍ വാര്‍ധക്യ, വികലാംഗ, വിധവാ പെന്‍ഷനുകളും പദ്ധതിയില്‍ ഉള്‍പ്പെടുത്തി. ഇതോടൊപ്പം സ്കോളര്‍ഷിപ്പും കിസാന്‍ കാര്‍ഡ്, ഇന്ദിര ആവാസ് യോജന പദ്ധതികളും ആധാര്‍ബന്ധിത ബാങ്ക് സംവിധാനത്തില്‍ പ്പെടുത്തി. എന്നാല്‍, പദ്ധതി തുടങ്ങി ഒരുവര്‍ഷം കഴിയാറായിട്ടും ആധാര്‍ സംഖ്യയുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടുകള്‍ ഭൂരിപക്ഷം പേര്‍ക്കും ലഭ്യമാക്കാന്‍ കഴിഞ്ഞില്ല. ആധാര്‍ കാര്‍ഡുകളില്‍ വിരലടയാളം പതിപ്പിച്ചിട്ടുണ്ടാകും. എന്നാല്‍, പണം കൈപ്പറ്റേണ്ട സമയത്ത് പലരുടെയും വിരലടയാളം നേരത്തെ കാര്‍ഡില്‍ രേഖപ്പെടുത്തിയതുമായി യോജിക്കുന്നില്ലെന്ന പ്രശ്നവുമുണ്ടായി.
പദ്ധതി വിജയിക്കണമെങ്കില്‍ 80 ശതമാനം പേര്‍ക്കെങ്കിലും ആധാര്‍ബന്ധിത ബാങ്ക് അക്കൗണ്ട് വേണമെന്ന് കേന്ദ്ര ഗ്രാമവികസന മന്ത്രി ജയറാം രമേഷ് വ്യക്തമാക്കിയിരുന്നു. എന്നാല്‍, റാംഗഡിലെ ഒന്‍പതു ലക്ഷം ജനങ്ങളില്‍ ആധാറില്‍ പേരുചേര്‍ത്തവര്‍ വെറും 40 ശതമാനത്തില്‍ താഴെ മാത്രം. ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ട് ഉള്ളത് ജനസംഖ്യയില്‍ രണ്ടു ശതമാനത്തില്‍ താഴെ പേര്‍ക്കും. ജാര്‍ഖണ്ഡില്‍ 1,74,000 പേര്‍ക്ക് തൊഴിലുറപ്പു പദ്ധതി വേതനം ബാങ്ക് വഴി നല്‍കാനായിരുന്നു സര്‍ക്കാരിന്റെ പരിപാടി. എന്നാല്‍, ഇതുവരെ നല്‍കാനായത് 5000 പേര്‍ക്ക്. ആവശ്യത്തിന് ബാങ്കിങ് സൗകര്യം ഇല്ലാത്തതും സാങ്കേതിക പ്രതിസന്ധിയും പദ്ധതി പൊളിയാന്‍ കാരണമായി. സബ്സിഡി പണം ജനങ്ങള്‍ക്ക് കൈമാറാന്‍ നിയോഗിച്ച ഉദ്യോഗസ്ഥര്‍ ശമ്പളമില്ലാതെയാണ് മാസങ്ങളായി ഇവര്‍ ജോലിചെയ്യുന്നത്.
deshabhimani 161212
Labels:
വാർത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment