Thursday, January 10, 2013
ചരിത്രമായി ഭൂസമരം രണ്ടാംഘട്ടത്തിലേക്ക്
അവകാശ പോരാട്ടത്തിന് വര്‍ധിത വീര്യം
കോഴഞ്ചേരി: പിറന്ന നാട്ടില്‍ ആറടി മണ്ണുപോലും നിഷേധിക്കപ്പെട്ട മണ്ണിന്റെ മക്കളുടെ അവകാശ പോരാട്ടത്തിന്റെ ഒമ്പതാം നാള്‍ വര്‍ധിത വീര്യത്തോടെയാണ് സമര വളന്റിയര്‍മാര്‍ ആറന്മുള വിമാനത്താവള ഭഭൂമിയിലേക്ക് മാര്‍ച്ച് ചെയ്തത്. സമരം കെഎസ്കെടിയു ജില്ലാ വൈസ്പ്രസിഡന്റ് കെ എം ഗോപി ഉദ്ഘാടനം ചെയ്തു. പി എസ് കൃഷ്ണകുമാര്‍ അധ്യക്ഷനായി. ആറന്മുള അയ്യന്‍കോയിക്കല്‍ ജങ്ഷനിലുള്ള എഞ്ചിനീയറിങ് കോളേജ് ഗ്രൗണ്ടില്‍നിന്ന് നൂറുകണക്കിന് ആളുകളുടെ അകമ്പടിയോടെ പ്രകടനമായിട്ടാണ് വളന്റിയര്‍മാര്‍ സമര ഭൂമിയില്‍ പ്രവേശിച്ചത്. മണ്ണിന്റെ നേരവകാശികള്‍ക്ക് മണ്ണും ജീവിതവും നിഷേധിക്കുന്ന ഭൂമാഫിയകള്‍ക്കും ഭഭരണ നേതൃത്വത്തിനുമെതിരെ ഒടുങ്ങാത്ത പ്രതിഷേധവുമായിട്ടാണ് ജീവിതത്തിന്റെ നാനാതുറകളിലുള്ളവര്‍ ആവേശപൂര്‍വം ആറന്മുളയിലെ സമരഭഭൂമിയിലെത്തിച്ചേരുന്നത്. ഇടതുപക്ഷ ആഭിമുഖ്യം ഇല്ലാത്തവരും കോണ്‍ഗ്രസ്, ബിജെപി രാഷ്ട്രീയ പ്രവര്‍ത്തകരും സാംസ്കാരിക പ്രവര്‍ത്തകരുമുള്‍പ്പെടെ സമരഭഭൂമിയിലെക്കെത്തുന്നത് മലയോര ജില്ലാ ഭൂസമരത്തെ നെഞ്ചേറ്റിയതിന്റെ തെളിവാണ്. സമരത്തിലെ അഭൂതപൂര്‍വമായ ജനപങ്കാളിത്തവും ഇതിന്റെ തെളിവാണ്. ബുധനാഴ്ച ഇ എ റഹീം (കേരള കര്‍ഷകസംഘം), കെ കുമാരന്‍ (കെഎസ്കെടിയു), എം കെ വിജയന്‍ (പികെഎസ്) എന്നിവരായിരുന്നു സമരനേതാക്കള്‍. കെഎസ്ടിഎ സംസ്ഥാന വൈസ്പ്രസിഡന്റ് കെ ജെ ഹരികുമാര്‍, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ബാബു കോയിക്കലേത്ത്, ഏരിയ സെക്രട്ടറി ആര്‍ അജയകുമാര്‍, ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി തുളസീധരന്‍പിള്ള, ഭഭൂസമരസമിതി കോഴഞ്ചേരി ഏരിയ ചെയര്‍മാന്‍ എം എം തോമസ് എന്നിവര്‍ സംസാരിച്ചു. ആറന്മുള അപ്പുവും കുമ്പഴ വിശ്വംഭരനുമടക്കുള്ള ഗായകര്‍ ഗാനങ്ങള്‍ ആലപിച്ചു.
സംഘശക്തിയുടെ കാഹളം
ആലപ്പുഴ: ഭൂമിക്കായുള്ള പോരാട്ടം സംഘശക്തിയുടെയും നിശ്ചയദാര്‍ഢ്യത്തിന്റെയും കരുത്തില്‍ കൈനകരി പൂപ്പള്ളി കുടുംബംവക 52 ഏക്കര്‍ ഭൂമിയില്‍ മുന്നേറുന്നു. എട്ടാംദിവസം നടന്ന സമരവും ജനബാഹുല്യത്താല്‍ ശ്രദ്ധേയമായി. ചേര്‍ത്തല, കഞ്ഞിക്കുഴി, കുട്ടനാട് ഏരിയകളില്‍നിന്നായി 193 വളണ്ടിയര്‍മാര്‍ പങ്കെടുത്തു. യുവാക്കളും സ്ത്രീകളും വൃദ്ധരുമടക്കം നൂറുകണക്കിനുപേര്‍ അവര്‍ക്ക് ഐക്യദാര്‍ഢ്യവുമായി അനുധാവനം ചെയ്തു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം സജി ചെറിയാന്‍ സമരം ഉദ്ഘാടനംചെയ്തു. കര്‍ഷകസംഘം കഞ്ഞിക്കുഴി ഏരിയ പ്രസിഡന്റ് ജയിംസ് ചാക്കോ അധ്യക്ഷനായി. സമരലീഡര്‍ കര്‍ഷകസംഘം ചേര്‍ത്തല ഏരിയ സെക്രട്ടറി ടി വി ദേവദാസിനും ഉപലീഡര്‍ ജില്ലാ വൈസ് പ്രസിഡന്റ് കെ ശങ്കരനും സജി ചെറിയാന് രക്തഹാരമണിയിച്ച് പതാക കൈമാറി. പാര്‍ടി ജില്ലാ കമ്മിറ്റിയംഗം കെ വി ദേവദാസ്, ചേര്‍ത്തല ഏരിയ സെക്രട്ടറി എ എസ് സാബു, ജില്ലാ കമ്മിറ്റിയംഗം മനു സി പുളിയ്ക്കല്‍, മഹിളാ അസോസിയേഷന്‍ നേതാവ് ടി പി മംഗളാമ്മ എന്നിവര്‍ സംസാരിച്ചു. പുഷ്കരന്‍ സ്വാഗതം പറഞ്ഞു. സമരസമിതി ചെയര്‍മാന്‍ ജി വേണുഗോപാല്‍, കണ്‍വീനര്‍ ഡി ലക്ഷ്മണന്‍, വി ജി മോഹനന്‍, എം ശ്രീകുമാരന്‍തമ്പി, കെ കെ അശോകന്‍, എം കെ അനിരുദ്ധന്‍ എന്നിവര്‍ സന്നിഹിതരായി. ബുധനാഴ്ച എ എം ആരിഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. വി എസ് പ്രഭ ലീഡറാകും. 10ന് ആര്‍ രാജേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. എ ഡി കുഞ്ഞച്ചന്‍ ലീഡറാകും. വൈകിട്ട് മൂന്നിന് സമരഭൂമിയില്‍ സമപന സമ്മേളനം പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും.
ചരിത്രമായി ഭൂസമരം രണ്ടാംഘട്ടത്തിലേക്ക്
അരിപ്പ (കുളത്തൂപ്പുഴ): ഐതിഹാസികമായിക്കഴിഞ്ഞ ഭൂസമരം ഒമ്പതാം നാളില്‍ പ്രവേശിച്ചപ്പോള്‍ കൂടുതല്‍ കരുത്തോടെയും കര്‍മവീര്യത്തോടെയും സമരഭടന്മാര്‍ ആവേശത്തിമിര്‍പ്പില്‍. കെഎസ്കെടിയു, പികെഎസ്, എകെഎസ് എന്നിവയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരം ബുധനാഴ്ച രാവിലെ കെഎസ്കെടിയു സംസ്ഥാന കമ്മിറ്റിഅംഗം ഡി വിശ്വസേനന്റെ നേതൃത്വത്തില്‍ ചോഴിയക്കോട് ജങ്ഷനില്‍ നിന്ന് സമരകേന്ദ്രത്തിലേക്ക് മാര്‍ച്ച് നടത്തി. അരിപ്പയിലെ സമരഭൂമിയില്‍ സിപിഐ എം സംസ്ഥാന കമ്മിറ്റിഅംഗം കെ എന്‍ ബാലഗോപാല്‍ എംപി സമരം ഉദ്ഘാടനംചെയ്തു. കുടികിടപ്പുകാരനും കൃഷിക്കാരനും ആത്മാഭിമാനമുണ്ടാക്കിയതും അവകാശങ്ങളെക്കുറിച്ച് ബോധമുണ്ടാക്കിയതും കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോഴാണ്. കമ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ ദുര്‍ബലവിഭാഗങ്ങള്‍ക്ക് നല്‍കിയ ഭൂമിയുള്‍പ്പെടെ തിരിമറി നടത്തി ഭൂജന്മിമാരെ പ്രോത്സാഹിപ്പിച്ചത് കോണ്‍ഗ്രസ് സര്‍ക്കാരുകളാണ്. അനധികൃതമായി കൈയേറിയ ഭൂമി ഭൂരഹിതര്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ കര്‍ശന ഇടപെടല്‍ ഉണ്ടാകണമെന്നും ബാലഗോപാല്‍ ആവശ്യപ്പെട്ടു. ആര്‍ വിജയന്‍ അധ്യക്ഷനായി.
വിട്ടുവീഴ്ചയില്ലാതെ തുമ്പോട്; നാളെ മുതല്‍ തീപ്പന്തമാകും
തുമ്പോട്: വര്‍ധിതാവേശത്തോടെ തുമ്പോട്ടെ മിച്ചഭൂമിയില്‍ ഭൂസംരക്ഷണസമരം സന്ധിയില്ലാ പോരാട്ടത്തിന്റെ പത്താം നാളില്‍. സമരച്ചൂടില്‍ തിളയ്ക്കുകയാണ് ഈ കര്‍ഷകഗ്രാമം. ഭൂസംരക്ഷണപ്പോരാട്ടം ആരംഭിച്ചതുമുതല്‍ ജില്ലയുടെ ശ്രദ്ധാകേന്ദ്രമായ ഈ ഗ്രാമത്തില്‍ ഉയര്‍ന്നുപൊങ്ങിയ സമരാഗ്നി വെള്ളിയാഴ്ച ജില്ലയാകെ വ്യാപിച്ച് കുടില്‍കെട്ടല്‍ സമരമായി തീക്കാറ്റാകുമ്പോള്‍ തുമ്പോടും തീപ്പന്തമാകും. ഒരുതുണ്ട് ഭൂമിക്ക് വേണ്ടിയുള്ള മഹത്തായ പോരാട്ടത്തിന്റെ രണ്ടാംഘട്ടത്തിന് ഒരു ദിവസം ശേഷിക്കെ ബുധനാഴ്ച സമാനതകളില്ലാത്ത ആവേശമാണ് പ്രകടമായത്. ഒമ്പതാം ദിവസം സമരം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഉദ്ഘാടനംചെയ്തു. ക്യാപ്റ്റന്‍ കോലിയക്കോട് കൃഷ്ണന്‍നായര്‍ എംഎല്‍എക്ക് പതാക കൈമാറി. വെഞ്ഞാറമൂട് ഏരിയയിലെ വളന്റിയര്‍മാരാണ് അണിനിരന്നത്. പകുതിയിലേറെപ്പേര്‍ സ്ത്രീകളായിരുന്നു. നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകമായിരുന്നു വര്‍ധിച്ച സ്ത്രീ സാന്നിധ്യം. പൊലീസ് മര്‍ദനങ്ങളും ജയില്‍വാസവും അനുഭവിക്കാന്‍ തയ്യാറാണെന്ന് മണ്ണിന്റെ അവകാശികളാകാനുള്ള അവരുടെ പോരാട്ടവീറ് വിളിച്ചറിയിച്ചു. ബി സത്യന്‍ എംഎല്‍എ അടക്കം നിരവധി നേതാക്കളുമെത്തി. മിച്ചഭൂമിയിലെത്തിയ പോരാളികള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ രാവിലെ പ്രകടനം നടത്തി. വൈകിട്ട് സമരത്തിന്റെ സമാപനത്തില്‍ കെഎസ്കെടിയു ജില്ലാ സെക്രട്ടറി കെ ശശാങ്കന്‍ അധ്യക്ഷനായി. കോലിയക്കോട് കൃഷ്ണന്‍നായര്‍, മടവൂര്‍ അനില്‍ എന്നിവര്‍ സംസാരിച്ചു.
ഭൂസമരം നാളെമുതല്‍ കൂടുതല്‍ കേന്ദ്രങ്ങളില്‍
കൊല്ലം: അര്‍ഹരായ മുഴുവന്‍ ഭൂരഹിതര്‍ക്കും ഭൂമി നല്‍കുക, കര്‍ഷകര്‍ക്കു കൈവശാവകാശം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു ഭൂസംരക്ഷണ സമരസമിതി നടത്തിവരുന്ന പ്രക്ഷോഭം കൂടുതല്‍ പ്രദേശങ്ങളിലേക്കു വ്യാപിപ്പിക്കും. ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച മുതല്‍ ജില്ലയിലെ എല്ലാ മിച്ചഭൂമികളിലും സമരം ആരംഭിക്കുമെന്ന് സമിതി ജില്ലാ ചെയര്‍മാന്‍ സി തങ്കപ്പനും കണ്‍വീനര്‍ എന്‍ എസ് പ്രസന്നകുമാറും അറിയിച്ചു. ആര്യങ്കാവ് പഞ്ചായത്തില്‍ ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ അനധികൃതമായി കൈവശം വച്ചിട്ടുള്ള മിച്ചഭൂമിയിലും സമരം തുടങ്ങും. കുളത്തൂപ്പുഴ പഞ്ചായത്തിലെ അരിപ്പയിലെ 54 ഏക്കര്‍ മിച്ചഭൂമിയില്‍ ജനുവരി ഒന്നിനു തുടങ്ങിയ സമരം വിജയകരമായിനടന്നുവരികയാണ്. കൊല്ലം ജില്ലയിലെ ഏതാണ്ട് 25,000ത്തിലധികം വരുന്ന ഭൂരഹിതരും ഭവനരഹിതരുമായ കുടുംബങ്ങള്‍ക്ക് പുറമേ ജില്ലയിലെ 8000 ത്തോളം വരുന്ന കര്‍ഷകര്‍ തങ്ങളുടെ കൈവശഭൂമിയ്ക്ക് പട്ടയം ലഭിക്കുന്നതിനായാണ് സമരം. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ തെറ്റായ സമീപനം തിരുത്തിക്കുന്നതിനാണ് ഭൂസമരം കൂടുതല്‍ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതെന്നും പ്രസന്നകുമാര്‍ പറഞ്ഞു.
കുഞ്ഞൂഞ്ഞപ്പന് ഈ സമരം പ്രതീക്ഷയുടെ തിരിനാളം
സിബി ജോര്‍ജ് കുമരകം: തല ചായ്ക്കാനിടമില്ലാത്തവര്‍ക്ക് ഒരു തുണ്ട് ഭൂമിയെങ്കിലും നേടിയെടുക്കാന്‍ കേരളമാകെ കത്തിപ്പടരുന്ന ഭൂസമരം കരിയില്‍ കോളനിയിലെ കരിക്കായല്‍ച്ചിറ കുഞ്ഞൂഞ്ഞപ്പനും ഭാര്യ കുഞ്ഞമ്മയ്ക്കും പ്രതീക്ഷയുടെ തിരിനാളമാണ്. പണിപൂര്‍ത്തിയാക്കാനാകാത്ത ചെറിയ വീട്ടില്‍ കൊച്ചുകുഞ്ഞുങ്ങളടക്കം എട്ടുപേരാണ് തിങ്ങിഞെരുങ്ങി കഴിയുന്നത്. രണ്ട് ചെറിയ മുറിയും പേരിനൊരു അടുക്കളയും ഉള്ള വീടിന്റെ മുന്‍വശം പകലന്തിയോളം പണിയെടുത്തിട്ടും പൂര്‍ത്തിയാക്കാനായിട്ടില്ല. ഷീറ്റിട്ട വീടിന്റെ പലഭാഗവും മഴപെയ്താല്‍ ചോര്‍ന്നൊലിക്കും. മക്കളായ ഉല്ലാസിന്റെയും ഉനീഷിന്റെയും ഭാര്യമാരും കുട്ടികളുമാണ് വീട്ടില്‍ കഴിയുന്നത്. ചെറിയവീട്ടില്‍നിന്ന് മൂത്തമകന്‍ ഉല്ലാസ് മാറി താമസിക്കാന്‍ ആഗ്രഹിച്ചെങ്കിലും കഴിയുന്നില്ല. സ്ഥലം വാങ്ങി വീടുവയ്ക്കാനുള്ള സാമ്പത്തികശേഷി എത്രകാലം കൂലിപ്പണിയെടുത്താലും തരമാകില്ലെന്ന് ഇവര്‍ക്കറിയാം. ചെറിയ കൂരയെങ്കിലും വയ്ക്കാനാണെങ്കില്‍ കുടുംബവസ്തുവുമില്ല. ആകെയുള്ള പത്ത്സെന്റ് ഭൂമിക്ക് കുഞ്ഞൂഞ്ഞപ്പനടക്കം സഹോദരങ്ങളായ ആറുപേര്‍ കൂടി അവകാശികളാണ്. 25 വര്‍ഷം മുമ്പ് ഭവനിര്‍മാണബോര്‍ഡില്‍നിന്ന് 5,000 രൂപ വായ്പയെടുത്താണ് വീടിന് തറകെട്ടിയത്. വായ്പാകുടിശ്ശികയും പലിശയും പെരുകിയപ്പോള്‍ ആശ്വാസമായത് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരായിരുന്നു. ബോര്‍ഡിലെ വായ്പക്കാരായ നിര്‍ധനരുടെ കടം എഴുതിത്തള്ളാന്‍ 2010ല്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കുഞ്ഞൂഞ്ഞപ്പന്റെ അച്ഛന്‍ പരേതനായ പാച്ചന്റെ പേരിലാണ് വസ്തുവിന്റെ പട്ടയം. പാച്ചന്റെ അനന്തരാവകാശികള്‍ ആരൊക്കെയെന്ന സര്‍ടിഫിക്കറ്റ് ഹാജരാക്കാതെ പട്ടയം ബോര്‍ഡില്‍നിന്ന് തിരികെ കിട്ടില്ല. ഈ സര്‍ടിഫിക്കറ്റ് ലഭിക്കാന്‍ പല സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങേണ്ട നൂലാമാലയാണ് മറ്റൊരുദുരിതം.
കരിയിലെ പല കുടുംബങ്ങള്‍ക്കും ഇതേ അവസ്ഥയുണ്ട്. സമീപത്തെ കൊച്ചുവീട്ടില്‍ തങ്കച്ചന്റെ വീട്ടിലും മാറി താമസിക്കാന്‍ വീടോ സ്ഥലമോ ഇല്ലാതെ ബുദ്ധിമുട്ടുന്നു. ആകെയുള്ള മൂന്ന് സെന്റ് പുരയിടത്തിലെ പലകയടിച്ച വീട്ടില്‍ തങ്കച്ചനെ കൂടാതെ ഭാര്യ ജാനമ്മയും മക്കളായ ഷാലന്റെയും ഷൈന്റെയും കുടുംബവും കഴിയുന്നു. സമാന അവസ്ഥയിലാണ് മൂലേത്തറ മോഹനും കുടുംബവും. ചെറിയ വീട്ടില്‍ ആറുപേരാണ് തിങ്ങിക്കൂടി കഴിയുന്നത്. ഇത്തരം കുടുംബങ്ങളിലാകെ പാവങ്ങള്‍ക്ക് കിടപ്പാടമൊരുക്കാനുള്ള ഭൂസമരം പ്രതീക്ഷയേകുന്നു. മാറി താമസിക്കാന്‍ നിവൃത്തിയില്ലാതെ ഒരേ കൂരയ്ക്കുള്ളില്‍ അന്തിയുറങ്ങുന്ന കരിയിലെ നിരവധി കുടുംബങ്ങളാണ് ഭൂസമരത്തിന് പിന്തുണയുമായി എത്തുന്നത്. 130 വീടുകളിലായി അഞ്ഞൂറിലധികമാണ് കോളനിയിലെ ജനസംഖ്യ. ചിറയും തോടും ഇടകലര്‍ന്ന പ്രദേശമാണ് കരിയില്‍ കോളനി. ഇപ്പോഴുള്ള ഒരുതുണ്ട് ഭൂമിയില്‍ പ്രാഥമിക കാര്യങ്ങള്‍ക്കുപോലും സൗകര്യമില്ല. തോടുകളിലെ വെള്ളം കെട്ടിക്കിടക്കുന്നതായതിനാല്‍ മാലിന്യത്തിന്റെ രൂക്ഷതയും അനുഭവിക്കുന്നു. കുടിവെളളം, വഴിവിളക്ക്, നല്ലവഴി തുടങ്ങിയ സൗകര്യങ്ങളും കോളനിക്കാരുടെ സ്വപ്നമാണ്.
ഒന്‍പതാം ദിനത്തില്‍ സമരം ശ്രദ്ധേയം
ചിന്നക്കനാല്‍: കൂരവയ്ക്കാനിത്തിരി മണ്ണിനായുള്ള ജന്മസ്വപ്നം യാഥാര്‍ഥ്യമാക്കാനുള്ള ദുര്‍ബല ജനവിഭാഗങ്ങളുടേതടക്കമുള്ള ചരിത്രസമരം പത്താം ദിവസത്തിലേക്ക്. ഒന്‍പതാം ദിവസമായ ബുധനാഴ്ച സമരം പീരുമേട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു. നിര്‍ധനരായ തോട്ടംതൊഴിലാളികളടക്കമുള്ളവരുടെ പങ്കാളിത്തം കൊണ്ട് സമരം ശ്രദ്ധേയമായി. തൊഴില്‍നഷ്്ടപ്പെട്ട് നരകതുല്യമായ ജീവിതം നയിക്കുന്ന തോട്ടം തൊഴിലാളികള്‍ ഭൂമിയ്ക്കുവേണ്ടിയുള്ള സമരത്തില്‍ ഒത്തുചേര്‍ന്നു. ഭൂരഹിതരും ഭൂസംരക്ഷണസമിതി അംഗങ്ങളുമടക്കം ആയിരങ്ങളാണ് സമരത്തില്‍ അണിചേര്‍ന്നത്. സിപിഐ എം ശാന്തന്‍പാറ ഏരിയ സെക്രട്ടറി ടി ജെ ഷൈന്‍ സമരം ഉദ്ഘാടനം ചെയ്തു. ഭൂസംരക്ഷണസമിതി പീരുമേട് ഏരിയ പ്രസിഡന്റ് എസ് രാജേന്ദ്രന്‍ അധ്യക്ഷനായി. സിപിഐ എം പീരുമേട് ഏരിയ സെക്രട്ടറി ആര്‍ തിലകന്‍, കെഎസ്കെടിയു ജില്ലാകമ്മിറ്റി അംഗം കെ ടി ജയിംസ് എന്നിവര്‍ സംസാരിച്ചു. ഭൂസംരക്ഷണസമിതി പീരുമേട് ഏരിയ സെക്രട്ടറി ആര്‍ ദിനേശന്‍ സ്വാഗതം പറഞ്ഞു.ആദിവാസിക്ഷേമസമിതി സ്റ്റേറ്റ് കമ്മിറ്റിയംഗം കെ ആര്‍ കുട്ടപ്പന്‍, കെഎസ്കെടിയു ജില്ലാ കമ്മിറ്റി അംഗം എന്‍ സാബു, പട്ടികജാതി ക്ഷേമസമിതി ജില്ലാ കമ്മിറ്റിയംഗം എ കെ പുരുഷോത്തമന്‍, കര്‍ഷകസംഘം പീരുമേട് ഏരിയ പ്രസിഡന്റ് കെ കെ ബേബി എന്നിവര്‍ നേതൃത്വം നല്‍കി.
ഭൂസമരം: നാളെ പുറ്റുമാനൂര്‍ റവന്യു പുറമ്പോക്ക് പിടിച്ചെടുക്കും
കോലഞ്ചേരി: ഭൂസമരം ഏരിയാകേന്ദ്രങ്ങളിലേക്കു വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കോലഞ്ചേരി ഏരിയായിലെ പുറ്റുമാനൂര്‍ റവന്യു പുറമ്പോക്കുഭൂമി ഭൂരഹിതര്‍ പിടിച്ചെടുക്കും. വടവുകോട്-പുത്തന്‍കുരിശ് പഞ്ചായത്തിലെ പുറ്റുമാനൂരിലെ നാലര ഏക്കറോളം പുറംബോക്ക്ഭൂമിയാണ് വെള്ളിയാഴ്ചമുതല്‍ ആരംഭിക്കുന്ന സമരത്തോടനുബന്ധിച്ച് പിടിച്ചെടുക്കുന്നത്. കര്‍ഷക-കര്‍ഷക തൊഴിലാളി സംഘടനകളുടെയും പട്ടികജാതിക്ഷേമസമിതിയുടെയും നേതൃത്വത്തിലാണ് സമരം. 1985ല്‍ ഇപ്പോഴത്തെ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. സി എന്‍ മോഹനന്‍, സി കെ വര്‍ഗീസ്, അന്തരിച്ച നേതാക്കളായ സി എ വര്‍ഗീസ്, പ്രകാശ് തറയില്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന സമരങ്ങള്‍ക്കൊടുവിലാണ് സ്വകാര്യവ്യക്തികളുടെ കൈവശമിരുന്ന ഭൂമി സര്‍ക്കാര്‍ എറ്റെടുത്തത്. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് മാനാന്തടം ബൈബിള്‍ കോളജ് ജങ്ഷനു സമീപത്തുനിന്ന് മാര്‍ച്ച് ആരംഭിക്കും. തുടര്‍ന്ന് സമരഭൂമിയില്‍ ചേരുന്ന സമ്മേളനം കെഎസ്കെടിയു ജില്ലാ പ്രസിഡന്റ് സി ബി ദേവദര്‍ശനന്‍ ഉദ്ഘാടനംചെയ്യും. കര്‍ഷകത്തൊഴിലാളി യൂണിയന്‍ സംസ്ഥാന കമ്മിറ്റിയംഗം സി കെ വര്‍ഗീസിന്റെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തില്‍ ഏരിയായിലെ ഒമ്പതു ലോക്കല്‍ കമ്മിറ്റികളില്‍നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട വോളന്റിയര്‍മാരടക്കം നൂറുക്കണക്കിനുപേര്‍ പങ്കെടുക്കും.
"വലിയവര്‍ "ക്കുമുന്നില്‍ തലയുയര്‍ത്തി ശിവദാസ്
വടക്കാഞ്ചേരി: വലിപ്പമൊന്നുമല്ല കാര്യം. സമരവീര്യത്തില്‍ ആര്‍ക്കും പിന്നിലല്ല ശിവദാസ്. മൂന്ന് അടി ഉയരമുള്ള ഈ ചിത്രകാരന്‍ വടക്കേക്കളം സമരഭൂമിയില്‍ ശ്രദ്ധാകേന്ദ്രമായി. ചേര്‍പ്പ് അമ്മാടം മുള്ളക്കര വെട്ടിയാട്ടില്‍ ശിവദാസാണ്(44) വലിയ മനസ്സുമായി സമരമുഖം നിറഞ്ഞത്. 22 വര്‍ഷമായി സിപിഐ എം മുള്ളക്കര ബ്രാഞ്ച് അംഗവും ചിത്രകലാകാരനുമായ ശിവദാസ് 15 മിനിറ്റോളം വെള്ളത്തില്‍ പൊങ്ങിക്കിടന്ന് ശ്രദ്ധേയനായിട്ടുണ്ട്. ശിവദാസ് സ്വര്‍ണാഭരണതൊഴിലാളി കൂടിയാണ്. ദേശാഭിമാനി പത്രക്കെട്ടെടുക്കാന്‍ പോകുന്നതിനിടെ ആര്‍ എസ്എസുകാരുടെ കത്തിമുനയില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട പെരിഞ്ഞനം ബ്രാഞ്ച് സെക്രട്ടറി കെ പി ഷാജി(42)യും സമരവളണ്ടിയറായെത്തിയിരുന്നു. സിപിഐ എം കൊടുങ്ങല്ലൂര്‍ ഏരിയ കമ്മിറ്റി അംഗമായ ഷാജി കഴിഞ്ഞ ഒക്ടോബറിലാണ് ആക്രമിക്കപ്പെട്ടത്.ശരീരമാസകലം വെട്ടേറ്റ് തുന്നിക്കെട്ടിയ മുറിപ്പാടുകളുടെ വേദനയുമായി ഇപ്പോഴും ചികിത്സയില്‍ക്കഴിയുന്ന ഷാജി ഭൂസമരത്തില്‍ പങ്കെടുക്കാനെത്തിയത് സമരവളണ്ടിയര്‍മാര്‍ക്ക് ആവേശം പകര്‍ന്നു.
സമരസഖാക്കള്‍ക്ക് ഊര്‍ജം പകര്‍ന്ന് സംഘാടകസമിതി
കൊല്ലങ്കോട്: സമരച്ചൂടില്‍ വേവുന്ന സമരസഖാക്കള്‍ക്ക് ഊര്‍ജം പകര്‍ന്ന് സംഘാടകസമിതി പ്രവര്‍ത്തകര്‍. കരിപ്പോട് മിച്ചഭൂമിയില്‍ സമരം ആരംഭിച്ച ഒന്നുമുതല്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ സമരസഖാക്കള്‍ക്ക് സ്വന്തം കുടുംബത്തിലെന്നപോലെ കുടിക്കാന്‍ വെള്ളവും ഉച്ചക്ക് കഞ്ഞിയും പുഴുക്കും വൈകിട്ട് കപ്പപുഴുക്കും കാപ്പിയുമൊക്കെ തയ്യാറാക്കി സമരത്തില്‍ പങ്കാളിയാവുകയായിരുന്നു അയ്യപ്പന്‍, ശ്രീപതി, അപ്പു, സുകുമാരന്‍ എന്നിവരുടെ നേതൃത്വത്തിലുളളവര്‍. രാവിലെ ഒമ്പതിന് ആരംഭിക്കുന്ന പ്രവര്‍ത്തനം വൈകിട്ടുവരെ നീളുന്നു. മുള്‍ച്ചെടികളും ഏതാനും പനകളുംമാത്രമുള്ള ഭൂമിയില്‍ കടുത്ത വെയിലത്ത് കുത്തിയിരുന്ന് സമരം ചെയ്യുന്നവര്‍ക്ക് സംഘാടകസമിതി നല്‍കുന്ന ചൂടുവെള്ളവും കഞ്ഞിയും പകരുന്ന ആശ്വാസം ചെറുതല്ല. സമരഭൂമിക്ക് തൊട്ടടുത്ത, എല്‍ഐസിയില്‍നിന്ന് വിരമിച്ച രാജാമണിയുടെ വീട്ടുവളപ്പില്‍വച്ചാണ് ആയിരത്തോളംപേര്‍ക്ക് എല്ലാദിവസവും കഞ്ഞിവച്ചു നല്‍കിയത്്. വീടിന്റെ ഒരുഭാഗവും മുറ്റവും പറമ്പുമൊക്കെ സമരസഖാക്കള്‍ക്കായി വിട്ടു നല്‍കിയിരിക്കുകയാണ് രാജാമണിയും കരിപ്പോട് മില്‍ക് സൊസൈറ്റി പ്രസിഡന്റുകൂടിയായ ഭാര്യ ശ്രീദേവിയും. സമരസേനാനികളെയും സഖാക്കളെയും വീട്ടിലേക്കു കടന്നുവരുന്ന അതിഥികളെപ്പോലെയാണ് അവര്‍ സ്വീകരിച്ചത്.
ഭൂസമരം പുതിയ ഘട്ടത്തിലേക്ക്: നാളെമുതല്‍ കുടില്‍കെട്ടും
ചുണ്ടേല്‍: "മുഴുവന്‍ ഭൂരഹിതര്‍ക്കും ഭൂമി" എന്ന മുദ്രാവാക്യമുയര്‍ത്തി ഭൂസംരക്ഷണ സമിതി നടത്തുന്ന സമരത്തിന്റെ ആദ്യഘട്ടം വ്യാഴാഴ്ച അവസാനിക്കും. വെള്ളിയാഴ്ച മുതല്‍ ജില്ലയിലെ ആറ് കേന്ദ്രങ്ങളിലേക്ക് സമരം വ്യാപിപ്പിക്കും. ഇവിടങ്ങളില്‍ കുടില്‍കെട്ടി സമരം ശക്തമാക്കും. ഭൂരഹിതര്‍ സമരഭൂമികളില്‍ അവകാശം സ്ഥാപിക്കും.
ഒന്നാംഘട്ട സമരത്തിന് വലിയ ജനപിന്തുണയാണ് ലഭിച്ചത്. പുതുവര്‍ഷദിനത്തില്‍ ആരംഭിച്ച സമരത്തില്‍ ആയിരക്കണക്കിന് പൊതുജനങ്ങളും സമരവളന്റിയര്‍മാരും പങ്കെടുത്തു. ആദ്യദിനം 250 വളന്‍ര്‍ിയര്‍മാരാണ് ജയിലില്‍ പോകാന്‍ സന്നദ്ധരായി എത്തിയത്. പിന്നീട് ഓരോദിവസവും നൂറുപേര്‍വീതം ജയിലില്‍ വാസത്തിന് സജ്ജരായെത്തിയെങ്കിലും പൊലീസ് അറസ്റ്റ് ചെയ്യാന്‍ തയ്യാറായില്ല. ഹാരിസണ്‍ മലയാളം കമ്പനി അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ചുണ്ടേല്‍ എസ്റ്റേറ്റിലെ തരിശുഭൂമിയിലായിരുന്നു ഇതുവരെ ജില്ലയിലെ സമരം. ആദിവാസികളും കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും പട്ടികജാതി ക്ഷേമസമിതിപ്രവര്‍ത്തകരും ഇവിടെ അവകാശപോരാട്ടത്തിന്റെ അലയൊലികള്‍ തീര്‍ത്തു.
മാനന്തവാടി താലൂക്കിലുള്ള വളണ്ടിയര്‍മാരാണ് ബുധനാഴ്ച സമരത്തിനെത്തിയത്. സമരത്തിന്റെ ആവേശം ഒട്ടുംചോരാതെ സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ ചുണ്ടേലില്‍നിന്നും സമരഭൂമിയിലേക്ക് മാര്‍ച്ച് ചെയ്തു. ഭൂപരിഷ്കരണനിയമം ഭേദഗതി ചെയ്യാനുള്ള നീക്കം ഉപേക്ഷിക്കുക, തണ്ണീര്‍ത്തട-നെല്‍വയല്‍ സംരക്ഷണ നിയമം അട്ടിമറിക്കാതിരിക്കുക, പാട്ടക്കാലാവധി തീര്‍ന്ന തോട്ടങ്ങള്‍ ഏറ്റെടുക്കുക, മുഴുവന്‍ കൈവശ കര്‍ഷകര്‍ക്കും പട്ടയം നല്‍കുക എന്നീ ആവശ്യങ്ങളുമുന്നയിച്ചാണ് സമരം. ഒന്‍പതാംദിനം സമരം സിപിഐ എം ജില്ലാസെക്രട്ടറിയേറ്റംഗം കെ വി മോഹനന്‍ ഉദ്ഘാടനംചെയ്തു. ജസ്റ്റിന്‍ബേബി അധ്യക്ഷനായി. സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം പി എ മുഹമ്മദ്, സി യു ഏലമ്മ, സുരേഷ് താളൂര്‍, എം സി ചന്ദ്രന്‍, പി വി ബാലകൃഷ്ണന്‍, കെ എം വര്‍ക്കി, വി ജി ഗിരിജ, പി കെ സുരേഷ് എന്നിവര്‍ സംസാരിച്ചു ഒ ആര്‍ കേളു സ്വാഗതം പറഞ്ഞു. വ്യാഴാഴ്ച ബത്തേരി താലൂക്കില്‍നിന്നുള്ള വളന്റിയര്‍മാര്‍ സമരത്തില്‍പങ്കെടുക്കും.
deshabhimani 100113
Labels:
പോരാട്ടം,
രാഷ്ട്രീയം
Subscribe to:
Post Comments (Atom)

No comments:
Post a Comment