Monday, January 7, 2013

പണം കായ്ക്കുന്ന കോണ്‍ഗ്രസ് മരം


സ്വാതന്ത്ര്യസമരപ്രസ്ഥാനമായിരുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇന്ത്യയിലെ മുഖ്യ അധികാരകക്ഷിയായതുമുതല്‍ അവരുടെ ഖജനാവ് നിധികുംഭമാണ്. അംഗത്വഫീസായ നാലണത്തുട്ടുകള്‍ കിടന്ന കോണ്‍ഗ്രസ് ഖജനാവിലാണ് ക്രമേണ നോട്ടുകെട്ടുകള്‍ കുമിഞ്ഞുകൂടിയത്. ഭരണത്തില്‍നിന്ന് പുറത്തായ സന്ദര്‍ഭങ്ങളില്‍പ്പോലും കോണ്‍ഗ്രസ് ഖജനാവില്‍ പൂച്ച പെറ്റുകിടന്നില്ല.

നെഹ്റു ഭരണകാലത്തെ ലൈസന്‍സ്, പെര്‍മിറ്റ്, ക്വോട്ടരാജ് കാലയളവിലും കോണ്‍ഗ്രസ് ഖജനാവ് തുളുമ്പാത്ത നിറകുടമായിരുന്നു. അന്നും വന്‍ വ്യവസായികള്‍ അവിഹിത കാര്യസാധ്യത്തിനായി ഡല്‍ഹിയിലെ കോണ്‍ഗ്രസ് ഓഫീസിന്റെ ഇടനാഴികളില്‍ കാത്തുകെട്ടിക്കിടന്നു. അവരുടെ നേര്‍ച്ചക്കാശിനു പുറമെ ടാറ്റ, ബിര്‍ള, ഗോയങ്ക, അംബാനി തുടങ്ങിയ സ്വദേശ കുത്തകകള്‍ തങ്ങളുടെ മാസപ്പടി മുടങ്ങാതെ കോണ്‍ഗ്രസ് ഖജനാവില്‍ എത്തിച്ചു. സ്വിസ് ബാങ്കില്‍ നിക്ഷേപമുള്ള കള്ളപ്പണക്കാര്‍മുതല്‍ വിദേശരാജ്യങ്ങള്‍വരെ ആ ഖജനാവില്‍ കാണിക്കയിട്ടു. ലോകമാസകലം കമ്യൂണിസ്റ്റ് മുന്നേറ്റത്തെ തകര്‍ക്കാന്‍ പണം ഒഴുക്കിയ അമേരിക്കയുടെയും ചാരസംഘടനയായ സിഐഎയുടെയും കറുത്ത കരങ്ങള്‍ ഇന്ത്യയിലും കേരളത്തിലുമെത്തി. കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ജാതി- മത ശക്തികള്‍ക്കൊപ്പം കോണ്‍ഗ്രസിനും അമേരിക്ക പണം നല്‍കി. കോണ്‍ഗ്രസിനുവേണ്ടി പണമിടപാടിന് മധ്യസ്ഥനായത് എസ് കെ പട്ടേല്‍ ആയിരുന്നുവെന്ന് അന്നത്തെ അമേരിക്കന്‍ അംബാസഡര്‍തന്നെ പില്‍ക്കാലത്ത് വെളിപ്പെടുത്തി.

കോണ്‍ഗ്രസ് ഖജനാവിന്റെ സൂക്ഷിപ്പുകാരനും കണക്കപ്പിള്ളയും ട്രഷററാണ്. എന്നാല്‍, പ്രത്യേക നയചാതുരിയും മുതലാളിത്ത സൗഹൃദവുമുള്ള ഒരുപറ്റം നേതാക്കളെ കോണ്‍ഗ്രസ് ആസ്ഥാനത്ത് എക്കാലവും പണസമാഹരണത്തിന് കുടിയിരുത്തിയിരുന്നു. ഇന്ദിരാഗാന്ധിയുടെ പ്രഭാവകാലത്ത് രജനി പട്ടേല്‍, എല്‍ എന്‍ മിശ്ര എന്നിവരായിരുന്നു ഫണ്ട് കലക്ടര്‍മാര്‍. എല്‍ എന്‍ മിശ്രയുടെ മരണത്തെപ്പറ്റി ഒട്ടേറെ ദുരൂഹതകള്‍ നിലനില്‍ക്കുന്നു. കോണ്‍ഗ്രസ് പാര്‍ടി കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ 1,662 കോടി രൂപ സമാഹരിച്ചതായാണ് ആദായനികുതിവകുപ്പിന് നല്‍കിയ കണക്ക്. ഇതില്‍ 300 കോടിയിലധികം 2009 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വിനിയോഗിച്ചതാണ്. ഇവയുടെ സ്രോതസ്സ് വെളിപ്പെടുത്തിയിട്ടില്ല. കേരളത്തിലെ ഒരു ലോക്സഭാ സ്ഥാനാര്‍ഥിക്ക് ഒരു കോടി രൂപവീതം കേന്ദ്രഫണ്ടില്‍നിന്ന് നല്‍കി. മുല്ലപ്പള്ളി രാമചന്ദ്രന് അനുവദിച്ച ഒരു കോടിയില്‍നിന്നാണ് വിശ്വസ്ത അനുയായി 25 ലക്ഷം അടിച്ചുമാറ്റിയത്. കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കെല്ലാം 10 ലക്ഷം രൂപവീതം നല്‍കിയെന്ന ഇപ്പോഴത്തെ വെളിപ്പെടുത്തല്‍ മഞ്ഞുമലയുടെ ചെറിയ അറ്റംമാത്രമാണ്. ബാങ്ക് അക്കൗണ്ട് മുഖേന യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് മൊത്തമായി നല്‍കിയത് 14 കോടി രൂപയാണ്. യഥാര്‍ഥത്തില്‍ ചെലവിട്ടത്, കോണ്‍ഗ്രസ് ട്രഷറര്‍ മോത്തിലാല്‍ വോറ തെരഞ്ഞെടുപ്പ് കമീഷനെ ബോധിപ്പിച്ചതിന്റെ പത്തിരട്ടിയിലധികമാണ്. കേരളത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് കേന്ദ്രഫണ്ടില്‍നിന്ന് 30 മുതല്‍ 50 ലക്ഷം രൂപവരെ നല്‍കിയിട്ടുണ്ട്. ഇതുകൂടാതെയാണ് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും തങ്ങളുടെ ഗ്രൂപ്പുകാര്‍ക്ക് ലക്ഷങ്ങള്‍ നല്‍കിയത്.

സ്ഥാനാര്‍ഥികള്‍ക്ക് നേരിട്ട് ലഭിക്കുന്ന സംഭാവനയും പ്രാദേശിക ഘടകങ്ങളുടെ പിരിവുതുകയും കണക്കിലെടുത്താല്‍ ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശരാശരി 75 ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപവരെ മുടക്കിയതായി കാണാം. തെരഞ്ഞെടുപ്പ് ചട്ടപ്രകാരം വിനിയോഗിക്കാവുന്നത് പരമാവധി 15 ലക്ഷം രൂപ മാത്രവും. ലോക്സഭ- നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഘടകകക്ഷികള്‍ക്ക് കോണ്‍ഗ്രസ് ഫണ്ടില്‍നിന്ന് പണം നല്‍കുന്നത് ആദ്യമായല്ല. മുസ്ലിംലീഗിനും കേരള കോണ്‍ഗ്രസിനും പുറമെ ഇന്ന് നിലവിലില്ലാത്ത എന്‍ഡിപിയും എസ്ആര്‍പിയുംവരെ ഒരു കാലത്ത് കോണ്‍ഗ്രസില്‍നിന്ന് പണം പറ്റിയിട്ടുണ്ട്. അനധികൃതമായി വരുന്ന കള്ളപ്പണത്തിനും അതിന്റെ വിനിയോഗത്തിനും കൃത്യമായ കണക്കുണ്ടാവാറില്ല. 1977ല്‍ അടിയന്തരാവസ്ഥക്കാലത്ത് നടന്ന തെരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസ് ഏറ്റവുമധികം പണമൊഴുക്കിയത്. എന്നിട്ടും, ഇന്ദിരാഗാന്ധി മുതല്‍ സഞ്ജയ് ഗാന്ധിവരെയുള്ള വന്‍ മരങ്ങളും ചെറുമരങ്ങളും കടപുഴകി വീണു. അതിനുമുന്‍പുവരെയുള്ള തെരഞ്ഞെടുപ്പുകളില്‍ സ്വത്ത് വിറ്റ് മത്സരിച്ച കോണ്‍ഗ്രസ് നേതാക്കളുണ്ടായിരുന്നു. അവരാരും പണപ്പിരിവില്‍ പ്രാഗത്ഭ്യമുള്ളവരായിരുന്നില്ല. 1977 മുതല്‍ 1996 വരെയുള്ള തെരഞ്ഞെടുപ്പുകളില്‍ വിവിധ മണ്ഡലങ്ങളിലെത്തി സ്ഥാനാര്‍ഥികള്‍ക്ക് പണം വിതരണം ചെയ്യുന്ന ചുമതല കെപിസിസിക്കുവേണ്ടി ഞാന്‍ നിര്‍വഹിച്ചിട്ടുണ്ട്. 1977ല്‍ പി സി ചാക്കോയും 1984ല്‍ തെന്നല ബാലകൃഷ്ണപിള്ളയും 1987ല്‍ വക്കം പുരുഷോത്തമനുമാണ് കോണ്‍ഗ്രസ് ഫണ്ട് വീതം വച്ചിരുന്നത്. അവരുടെ നിര്‍ദേശപ്രകാരം സ്ഥാനാര്‍ഥികളില്‍ പലര്‍ക്കും പണം എത്തിച്ച എനിക്ക് കൃത്യമായ സംഖ്യ അറിയാം. 1989 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എ കെ ആന്റണി കെപിസിസി പ്രസിഡന്റായിരുന്നപ്പോള്‍ ജി കാര്‍ത്തികേയനും ഞാനുംകൂടിയാണ് ആറു കോടി രൂപ വിമാനമാര്‍ഗം ഡല്‍ഹിയില്‍നിന്ന് കൊണ്ടുവന്നത്. ആയിരം രൂപയുടെ ഗാന്ധിചിത്ര നോട്ടുകള്‍ അന്നാണ് ആദ്യമായി കാണുന്നത്. കെപിസിസി ഓഫീസിലിരുന്ന ഈ വലിയ പെട്ടികള്‍ കണ്ടപ്പോള്‍ തോപ്പില്‍ രവി പ്രതികരിച്ചു- "ഇതാണ് ബൊഫോഴ്സ് പെട്ടികള്‍". ഒരു കാലിപ്പെട്ടി സ്മാരകമായി ഇപ്പോഴും എന്റെ കൈവശമുണ്ട്. 1991ല്‍ ഞാന്‍ കോട്ടയത്ത് ടി കെ രാമകൃഷ്ണനെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചപ്പോള്‍ കേന്ദ്രഫണ്ടില്‍നിന്ന് ലഭിച്ചത് അഞ്ചുലക്ഷം രൂപയാണ്. കൂടാതെ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും നിര്‍ലോഭം പണം തന്നു. വ്യക്തി എന്ന നിലയില്‍ ഏറ്റവും വലിയ സംഭാവന നല്‍കിയത് മനോരമ പത്രാധിപര്‍ കെ എം മാത്യു ആയിരുന്നു. അവരുടെ പമ്പില്‍നിന്ന് വാഹനങ്ങള്‍ക്ക് സൗജന്യമായി പെട്രോള്‍ അടിക്കാനുള്ള കൂപ്പണ്‍കെട്ടും കിട്ടി.

ഉദാരവല്‍ക്കരണനയം നടപ്പാക്കാന്‍ തുടങ്ങിയതുമുതല്‍ കോര്‍പറേറ്റുകള്‍ കോണ്‍ഗ്രസ് ഖജനാവില്‍ പണം നിറച്ചുകൊണ്ടിരിക്കുന്നു. തെരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിച്ചാല്‍ കീഴ്ഘടകങ്ങള്‍ മേലേതട്ടില്‍നിന്ന് പണം വരാന്‍ വേഴാമ്പലിനെപ്പോലെ കാത്തിരിക്കും. പൊതുജനങ്ങളില്‍നിന്നും വീടുകളില്‍നിന്നും രസീതോ കൂപ്പണോ നല്‍കി സംഭാവന പിരിക്കുന്ന സമ്പ്രദായം ഇപ്പോള്‍ കോണ്‍ഗ്രസുകാര്‍ക്കിടയില്‍ വിരളമാണ്. ദേശീയതലത്തില്‍ കാലാകാലങ്ങളായി ഫണ്ടു സമാഹരണത്തിന് വിവിധ വകുപ്പുകളുടെ ഭരണസ്വാധീനം ഉപയോഗപ്പെടുത്താറുണ്ട്. പ്രതിരോധ വകുപ്പാണ് ഇപ്പോഴത്തെ പണം കായ്ക്കുന്ന മരം. ഇന്ത്യയുടെ വാര്‍ഷിക ബജറ്റിന്റെ അഞ്ചിലൊന്നു വരുന്ന രണ്ടുലക്ഷം കോടിരൂപയാണ് ഒരു വര്‍ഷത്തെ പ്രതിരോധച്ചെലവ്. ആയുധ ഇടപാടുകളിലെ കമീഷന്‍ തുകയാണ് കോണ്‍ഗ്രസിന്റെ പ്രധാന വരുമാന സ്രോതസ്സ്. പ്രതിരോധവകുപ്പിലെ ആയുധ ഇടപാടുകള്‍ സുതാര്യമാക്കാനാണ് മന്ത്രിയുടെ വിവേചനാധികാരം ഉപേക്ഷിച്ചതെന്ന് എ കെ ആന്റണി പറയുന്നുണ്ടെങ്കിലും അവിടത്തെ അഴിമതിയില്‍ തനിക്ക് പങ്കില്ലെന്ന് വരുത്താനുള്ള മുന്‍കൂര്‍ ജാമ്യമാണത്. ആന്റണിയിപ്പോള്‍ പ്രതിരോധ വകുപ്പിന്റെ നിധി കാക്കുന്ന ഭൂതംമാത്രമല്ല, കോണ്‍ഗ്രസ് ഖജനാവിലേക്ക് പണമെത്തിക്കുന്ന ജാലവിദ്യക്കാരന്‍കൂടിയാണ്. പണ്ടൊക്കെ, തെരഞ്ഞെടുപ്പ് വേളകളില്‍ പണം എത്തിയോ എന്നതിന് കോണ്‍ഗ്രസുകള്‍ പരസ്പരം ചോദിക്കുന്നത് "ഉമ്മന്‍ചാണ്ടി എത്തിയോ" എന്നായിരുന്നു. ഇന്നിപ്പോള്‍ "എ കെ ആന്റണി എത്തിയോ" എന്നായി. കമ്യൂണിസ്റ്റ് പാര്‍ടികളുടെ സ്ഥാനാര്‍ഥികള്‍ക്ക് മേല്‍ഘടകത്തില്‍നിന്ന് ലഭിക്കുന്ന തെരഞ്ഞെടുപ്പ് സഹായം നാമമാത്രമാണ്.

പ്രാദേശിക തെരഞ്ഞെടുപ്പ് കമ്മിറ്റികള്‍തന്നെയാണ് വോട്ടുപിടിത്തത്തോടൊപ്പം പണസമാഹരണവും നടത്തുന്നത്. സ്ഥാനാര്‍ഥികള്‍ തങ്ങള്‍ക്ക് വ്യക്തിപരമായി ലഭിക്കുന്ന സംഭാവനകള്‍ തെരഞ്ഞെടുപ്പ് കമ്മിറ്റിക്കോ പാര്‍ടിക്കോ കൈമാറുകയാണ് പതിവ്. ജനാധിപത്യത്തെ പൂര്‍ണമായും പണാധിപത്യമാക്കിയതില്‍ മുഖ്യപങ്ക് കോണ്‍ഗ്രസിനുതന്നെയാണ്. തെരഞ്ഞെടുപ്പ് കമീഷന്‍ നിബന്ധനപ്രകാരം അഭ്യര്‍ഥന, പോസ്റ്റര്‍, ബാനര്‍, ബോര്‍ഡ്, മൈക്ക് സെറ്റ്, വാഹനം, പൊതുയോഗം തുടങ്ങിയ ചെലവുകളാണ് പട്ടികപ്രകാരം കണക്കില്‍പ്പെടുത്തേണ്ടത്. പ്രവര്‍ത്തകരെ ആവേശഭരിതരാക്കാനും പ്രതിയോഗികളെ പാട്ടിലാക്കാനും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ പണവും മദ്യവും ഒഴുക്കേണ്ടിവരുന്നതാണ് ഭീമമായ ചെലവ്. തെരഞ്ഞെടുപ്പ് ചെലവു സംബന്ധിച്ച് വ്യാജസത്യവാങ്മൂലം നല്‍കിയശേഷം ജനപ്രതിനിധികള്‍ ഭരണഘടനതൊട്ട് സത്യപ്രതിജ്ഞചെയ്യുന്നത് രാജ്യനിന്ദയാണ്.


ചെറിയാന്‍ ഫിലിപ്പ് deshabhimani 080113

No comments:

Post a Comment