കടുക്, ജീരകം, ഉലുവ എന്നിവയ്ക്കു പിന്നാലെ വന്‍പയറിന്റെ സബ്സിഡിയും സര്‍ക്കാര്‍ നിര്‍ത്തലാക്കി. 2012 നവംബര്‍ വരെ കിലോക്ക് 26.50 രൂപക്ക് വിറ്റിരുന്നത് ഒറ്റയടിക്ക് 67.80 രൂപയാക്കി വര്‍ധിപ്പിച്ചു. ഇതോടെ കേരളീയരുടെ ഇഷ്ടഭക്ഷ്യവസ്തുക്കളിലൊന്നായ വന്‍പയര്‍ വില രണ്ടിരട്ടിയിലധികം കൂടി. വില വര്‍ധന ഗുണഭോക്താക്കള്‍ക്ക് മാത്രമല്ല ജീവനക്കാര്‍ക്കും ബാധ്യതയായി. സബ്സിഡി നിര്‍ത്തിയതറിയാതെ പഴയ നിരക്കില്‍തന്നെ ഡിസംബറില്‍ സാധനം വിറ്റ ജീവനക്കാരില്‍നിന്ന് നഷ്ടം ഈടാക്കാനാണ് കോര്‍പറേഷന്‍ തീരുമാനം. അധിക തുക ഉടന്‍ തിരിച്ചടയ്ക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഇതോടെ ലക്ഷങ്ങള്‍ തിരിച്ചടയ്ക്കേണ്ട ബാധ്യതയിലാണിവര്‍.
കോര്‍പറേഷന്‍ അധികൃതര്‍ ഇറക്കിയ അവ്യക്തമായ ഉത്തരവാണ് ഉദ്യോഗസ്ഥര്‍ക്ക് വിനയായത്. 2012 നവംബര്‍ 31ന് റീജിയണല്‍ മാനേജര്‍മാര്‍, ഡിപ്പോ മാനേജര്‍മാര്‍, സൂപ്പര്‍മാര്‍ക്കറ്റുകളിലെ ചുമതലയുള്ള ജീവനക്കാര്‍ എന്നിവര്‍ക്ക് അയച്ച എം 2-4047/05 നമ്പര്‍ സര്‍ക്കുലറില്‍ വന്‍പയര്‍ (വെളള) എന്നാണ് അടിച്ചത്.എന്നാല്‍ ഈയിനം ഇതുവരെയും ഔട്ട്ലെറ്റുകളില്‍ എത്തിച്ചിട്ടില്ല. വ്യത്യാസം തിരിച്ചറിയാതെ ജീവനക്കാര്‍ 26.50ന് തന്നെയാണ് ഡിസംബറില്‍ സാധനം വിറ്റത്. എന്നാല്‍ ജനുവരിയില്‍ പുറത്തിറക്കിയ വിലനിലവാരപ്പട്ടികയില്‍ വന്‍പയര്‍, വന്‍പയര്‍(വെള്ള) എന്നീ രണ്ടിനങ്ങളുടെ പേര് കണ്ടപ്പോള്‍ ജീവനക്കാര്‍ നടത്തിയ അന്വേഷണത്തിലാണ് സബ്സിഡി വെള്ള വന്‍പയറിന് മാത്രമാക്കി നിജപ്പെടുത്തിയെന്ന് തിരിച്ചറിഞ്ഞത്. അപ്പോഴേക്കും ആയിരക്കണക്കിന് കിലോ വന്‍പയര്‍ വിറ്റ് തീര്‍ന്നിരുന്നു. ഈ അധിക തുക കിലോക്ക് 41.30 രൂപ നിരക്കില്‍ ജീവനക്കാര്‍ തിരിച്ചടയ്ക്കണമെന്നാണ് കോര്‍പറേഷന്‍ നിയമം. അതേ സമയം വെള്ള വന്‍പയര്‍ ഔട്ട്ലെറ്റുകളില്‍ ഇതുവരെയും എത്തിയിട്ടുമില്ല. യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷം ഘട്ടംഘട്ടമായി സബ്സിഡി നിര്‍ത്തലാക്കി പൊതുവിതരണ സംവിധാനം തകര്‍ക്കുകയാണ്. 96 രൂപയുണ്ടായിരുന്ന ജീരകത്തിന്റെ സബ്സിഡി നിര്‍ത്തലാക്കിയതോടെ 177.2 രൂപയായും 28 രൂപയുണ്ടായിരുന്ന കടുകിന് 54.8 രൂപയുമായി വര്‍ധിച്ചു. ഉലുവയുടെ വില 22 ല്‍നിന്ന് 41 രൂപയായും ബോധന അരിയുടെ വില 16 രൂപയില്‍നിന്നും 25.90 രൂപയായും കൂടി.
(പി ഒ ഷീജ)
deshabhimani 080113
No comments:
Post a Comment