Tuesday, January 8, 2013
ഇന്ധനവില ഇനിയും കൂട്ടേണ്ടിവരും: പ്രധാനമന്ത്രി
ആഗോള വിലയനുസരിച്ച് രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിക്കാതെ മാര്‍ഗമില്ലെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്. വില വര്‍ധിപ്പിക്കുമ്പോള്‍ സബ്സിഡി ഇനിയും വെട്ടിക്കുറയ്ക്കേണ്ടിവരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊച്ചി ബിപിസിഎല്‍ റിഫൈനറിയിലെ പുതിയ വികസനപദ്ധതികളുടെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ആഗോളവിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ നമ്മള്‍ ആശ്രയിക്കുന്ന പെട്രോളിയം ഉല്‍പ്പന്നങ്ങളുടെയും പ്രകൃതിവാതകത്തിന്റെയും കല്‍ക്കരിയുടെയും വില വളരെ കുറവാണ്. സുസ്ഥിരവും വേഗമേറിയതുമായ വളര്‍ച്ച കൈവരിക്കാന്‍ ഇന്ധനവിലകളില്‍ കാര്യമായ മാറ്റംവരുത്താതെ മാര്‍ഗമില്ല.
കഴിഞ്ഞ 27ന് ഡല്‍ഹിയില്‍ ചേര്‍ന്ന ദേശീയ വികസനസമിതിയോഗത്തില്‍ ഇന്ധനവില സംബന്ധിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കുയാണ് എന്ന ആമുഖത്തോടെയാണ് വരാനിരിക്കുന്ന വന്‍ ഇന്ധനവില വര്‍ധനയെക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞത്. ഇന്ധനസബ്സിഡി വെട്ടിക്കുറയ്ക്കേണ്ടതിനെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ രംഗത്തിറങ്ങണം.
എണ്ണയും പ്രകൃതിവാതകവുമാണ് നമ്മുടെ പ്രധാന ഊര്‍ജസ്രോതസ്സുകള്‍. അതിനാകട്ടെ, ഇറക്കുമതിയെയാണ് പ്രധാനമായി ആശ്രയിക്കുന്നത്. രാജ്യത്തിനകത്തും പുറത്തും എണ്ണ-പ്രകൃതിവാതക പര്യവേക്ഷണത്തിന് കൂടുതല്‍ നിക്ഷേപം നടത്തേണ്ടതിന്റെ ആവശ്യകതയേറി. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നത് തുടരും. നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങള്‍ വിദേശത്തും ഇത്തരം ശ്രമങ്ങള്‍ തുടരുന്നുണ്ട്. മൊസാംബിക്കിലും ബ്രസീലിലും ബിപിസിഎല്‍ നടത്തുന്ന പര്യവേക്ഷണങ്ങള്‍ പ്രതീക്ഷനല്‍കുന്നു.
2030നുള്ളില്‍ ഊര്‍ജരംഗത്ത് രാജ്യത്തെ സ്വയംപര്യാപ്തമാക്കുകയാണ് ലക്ഷ്യമെന്ന് പെട്രോളിയംമന്ത്രി വീരപ്പ മൊയ്ലി പറഞ്ഞു. അടുത്ത ആറുവര്‍ഷത്തിനുള്ളില്‍ പെട്രോളിയം ഇറക്കുമതി പകുതിയായി കുറയ്ക്കാനും പിന്നീടുള്ള ആറുവര്‍ഷത്തിനകം സ്വയംപര്യാപ്തതയിലേക്ക് എത്താനുമാണ് പദ്ധതി. സംസ്ഥാനസര്‍ക്കാരിന്റെ സഹായം കിട്ടിയാല്‍ സംസ്ഥാനത്ത് വിപുലമായ പ്രകൃതിവാതക ശൃംഖല യാഥാര്‍ഥ്യമാക്കുമെന്നും വീരപ്പ മൊയ്ലി പറഞ്ഞു. റിഫൈനറി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ 20,000 കോടി രൂപയുടെ സംയോജിത വികസനപദ്ധതിക്ക് പ്രധാനമന്ത്രി ശിലയിട്ടു. 2015നുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയിലൂടെ റിഫൈനറിയുടെ ശുദ്ധീകരണശേഷി 60 ലക്ഷം ടണ്‍ കൂടി വര്‍ധിക്കും. ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജ്, കേന്ദ്രമന്ത്രിമാരായ പനബക ലക്ഷ്മി, കെ വി തോമസ്, വയലാര്‍ രവി, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, കെ എം മാണി, കെ ബാബു, ബിപിസിഎല്‍-കെആര്‍എല്‍ ചെയര്‍മാന്‍ ആര്‍ കെ സിങ് തുടങ്ങിയവര്‍ പങ്കെടുത്തു.
deshabhimani 080113
Labels:
വാര്‍ത്ത,
വിലക്കയറ്റം
Subscribe to:
Post Comments (Atom)
No comments:
Post a Comment