Thursday, May 19, 2011

2000 കോടി മിച്ചമുണ്ട് മാണി മുന്‍കൂര്‍ജാമ്യമെടുക്കുന്നു ഐസക്

കേരളത്തിന്റെ ധനസ്ഥിതി പ്രതിസന്ധിയിലാണെന്ന ധനകാര്യ മന്ത്രി കെ എം മാണിയുടെ പ്രസ്താവന യുഡിഎഫ് ഭരണത്തില്‍ ഉണ്ടാകാന്‍ പോകുന്ന ധനകാര്യ തകര്‍ച്ചയ്ക്കുള്ള മുന്‍കൂര്‍ ജാമ്യമാണെന്ന് മുന്‍ധനമന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു. ധനമന്ത്രിയായി ചുമതലയേറ്റ ദിവസം ഖജനാവില്‍ എത്ര തുക മിച്ചമുണ്ടായിരുന്നുവെന്ന് കെ എം മാണി വെളിപ്പെടുത്തണമെന്നും എറണാകുളം പ്രസ്ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.

2000ത്തിലേറെ കോടി രൂപ ഖജനാവില്‍ മിച്ചംവെച്ചാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരം കൈമാറിയത്. കഴിഞ്ഞ ഒരു വര്‍ഷമായി ചെലവിന് കേരളം റിസര്‍വ്വ് ബാങ്കില്‍ നിന്ന് കൈവായ്പ എടുത്തിട്ടില്ല. മൂന്നു വര്‍ഷമായി ഒരു ദിവസംപോലും ഓവര്‍ഡ്രാഫ്റ്റും എടുത്തില്ല. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഇതായിരുന്നില്ല സ്ഥിതി. ധനവര്‍ഷത്തിന്റെ ആദ്യവാരം തന്നെ വായ്പ എടുക്കേണ്ടി വന്നു. യുഡിഎഫ് ഭരകാലത്ത് 90 ശതമാനം ദിവസവും ചെലവ് ഓവര്‍ഡ്രാഫ്റ്റ് എടുത്തോ, കൈവായ്പ വാങ്ങിയോ ആണ് നിര്‍വഹിച്ചിരുന്നത്. ധവളപത്രം ഇറക്കുന്നത് നല്ലതുതന്നെയാണ്. 2000 കോടി മിച്ചമുള്ളതുകൊണ്ടാണ് പെട്രോള്‍ വില വര്‍ധനയുടെ ഫലമായി കിട്ടുമായിരുന്ന 120 കോടിയുടെ നികുതി വേണ്ടെന്ന് വെച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചെലവ് നടത്താതെയാണ് ഖജനാവില്‍ പണം മിച്ചം വെച്ചെന്ന വാദം ശരിയല്ല. എല്‍ഡിഎഫിന്റെ അവസാന വര്‍ഷം സംസ്ഥാനസര്‍ക്കാര്‍ വികസന, ക്ഷേമ രംഗങ്ങളിലും മറ്റ് മേഖലകളിലുമായി ആകെ 40,000 കോടി രൂപയാണ് ചെലവിട്ടത്. മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ അവസാനം വര്‍ഷം ചെലവഴിച്ചതാകട്ടെ 19,000 കോടി മാത്രവും. മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അഞ്ചുവര്‍ഷത്തിനുള്ളില്‍ ചെലവ് 12,000 കോടിയില്‍ നിന്ന് 19,000 കോടിയായി വര്‍ധിച്ചു. വര്‍ധന 53 ശതമാനം മാത്രം. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ചെലവ് 19,000 കോടിയില്‍ നിന്ന് 40,000 കോടിയായി. വര്‍ധന 100 ശതമാനത്തിലേറെ.

കേരളം കടം മേടിച്ചുകൂട്ടിയെന്ന ആരോപണത്തിലും കഴിമ്പില്ല. കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്ന തുക മാത്രമെ കടമെടുക്കാനാകൂ എന്നറിയാത്ത ധനമന്ത്രി പാപ്പരത്വം സ്വയം വെളിപ്പെടുത്തുകയാണ്. എന്നാല്‍ കേന്ദ്രം അനുവദിച്ച തുക പോലും കേരളം കടമെടുത്തിട്ടില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2009- 10 വര്‍ഷത്തില്‍ സംസ്ഥാനവരുമാനത്തിന്റെ നാലു ശതമാനം വായ്പയെടുക്കാന്‍ കേന്ദ്രം അനുവദിച്ചിരുന്നു. എന്നാല്‍ എടുത്തത് 3.4 ശതമാനം മാത്രമാണ്. 2010-11ല്‍ 3.5 ശതമാനം വായ്പയെടുക്കാന്‍ അനവദിച്ചെങ്കിലം എടുത്തത് 2.9 ശതമാനം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

ദേശാഭിമാനി 190511

1 comment:

  1. കേരളത്തിന്റെ ധനസ്ഥിതി പ്രതിസന്ധിയിലാണെന്ന ധനകാര്യ മന്ത്രി കെ എം മാണിയുടെ പ്രസ്താവന യുഡിഎഫ് ഭരണത്തില്‍ ഉണ്ടാകാന്‍ പോകുന്ന ധനകാര്യ തകര്‍ച്ചയ്ക്കുള്ള മുന്‍കൂര്‍ ജാമ്യമാണെന്ന് മുന്‍ധനമന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു. ധനമന്ത്രിയായി ചുമതലയേറ്റ ദിവസം ഖജനാവില്‍ എത്ര തുക മിച്ചമുണ്ടായിരുന്നുവെന്ന് കെ എം മാണി വെളിപ്പെടുത്തണമെന്നും എറണാകുളം പ്രസ്ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.

    ReplyDelete