Thursday, May 19, 2011

കേരളം നായനാര്‍ സ്മരണ പുതുക്കി

സ്മൃതിപഥങ്ങളില്‍ ജ്വലിക്കുന്ന ഇ കെ നായനാരുടെ ഏഴാം ചരമവാര്‍ഷികം സമുചിതമായി ആചരിച്ചു. സ്മൃതികുടീരങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തിയും പ്രഭാതഭേരി മുഴക്കി പതാകയുയര്‍ത്തിയും നാട് ജനനായകന്റെ സ്മരണപുതുക്കി. കണ്ണൂരില്‍ പയ്യാമ്പലത്തു നടന്ന പുഷ്പാര്‍ച്ചയില്‍ സിപിഐഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ ,പിബി അംഗം കോടിയേരി ബാലകൃഷ്ണന്‍ , കേന്ദ്രക്കമ്മറ്റിയംഗങ്ങളായ ഇപി ജയരാജന്‍ ,പികെ ശ്രീമതി,സംസ്ഥാനസെക്രട്ടറിയറ്റംഗങ്ങളായ എം വി ഗോവിന്ദന്‍ ,വിവി ദക്ഷിണാമൂര്‍ത്തി, ജില്ലാആക്ടിങ്ങ് സെക്രട്ടറി പി ജയരാജന്‍ എന്നിവര്‍ സംബന്ധിച്ചു. തിരുവനന്തപുരം ദേശാഭിമാനിയില്‍ റസിഡന്റ് എഡിറ്റര്‍ പ്രഭാവര്‍മ്മ പതാകയുയര്‍ത്തി. സിപിഐഎം കേന്ദ്രകമ്മറ്റിയംഗം എംഎ ബേബി നായനാര്‍ അനുസ്മരണപ്രഭാഷണം നടത്തി. കൊച്ചിയില്‍ മാനേജന്‍ സിഎന്‍ മോഹനന്‍ പതാകയുയര്‍ത്തി.കണ്ണൂരില്‍ കെ പ്രദീപന്‍ പതാകയുയര്‍ത്തി.വിവിധ സ്ഥലങ്ങളില്‍ വൈകിട്ട് പ്രകടനവും അനുസ്മരണപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

"ശാരദാസി"ലും ആഹ്ലാദം

കല്യാശേരി: ജനനായകന്റെ കര്‍മഭൂമിയായ കണ്ണൂരില്‍ നായനാര്‍ അക്കാദമിക്ക് തുടക്കമിടുന്നതിന്റെ ആഹ്ലാദം "ശാരദാസിലും" അലതല്ലുന്നു. നായനാര്‍ക്ക് ജനങ്ങളോടും ജനങ്ങള്‍ക്ക് പ്രിയ സഖാവിനോടുമുള്ള സ്നേഹത്തിന്റെ സ്മാരകമായി പഠന ഗവേഷണ കേന്ദ്രത്തിന് വ്യാഴാഴ്ച തുടക്കം കുറിക്കുകയാണ്. ജനങ്ങളുടെ വിയര്‍പ്പിന്റെ സംഭവാനയായ നാണയത്തുട്ടുകള്‍കൊണ്ട് പടുത്തുയര്‍ത്തുന്ന പഠനഗവേഷണകേന്ദ്രം, ഒരുനാടിന്റെ അഭിലാഷപൂര്‍ത്തീകരണം കൂടിയായാണ്.

"ലോകമെമ്പാടുമുള്ള മലയാളികള്‍ക്കൊപ്പം ഞാനും ഉത്സാഹത്തിലാണ്. അക്കാദമിക്ക് തുടക്കമിടാന്‍ തീരുമാനമെടുത്ത സഖാക്കളോട് സ്നേഹവും നന്ദിയുമുണ്ട്. പെട്ടെന്ന് പൂര്‍ത്തിയാവണമെന്ന ആഗ്രഹമാണിപ്പോള്‍ "- നായനാരുടെ സഹധര്‍മ്മിണി ശാരദ പറയുന്നു. "പാര്‍ടിക്കുവേണ്ടി മാത്രമാണ് സഖാവ് ഓരോ നിമിഷവും ജീവിച്ചത്. എല്ലായ്പ്പോഴും പാര്‍ടിക്കായിരുന്നു അദ്ദേഹത്തിന്റെ ആദ്യപരിഗണന. പാര്‍ടി കഴിഞ്ഞായിരുന്നു എന്റെ സ്ഥാനം. പരാതികളില്ലാതെയാണ് ആ സ്നേഹം ഞാനും കുടുംബവും അനുഭവിച്ചത്. ജനങ്ങള്‍ ഇത്രത്തോളം സ്നേഹം തിരികെ നല്‍കിയ മറ്റൊരു നേതാവുണ്ടാകില്ല. അദ്ദേഹത്തിന്റെ ജീവിതവും സമരവും പുതിയ തലമുറക്ക് പഠിക്കാന്‍ അവസരമുണ്ടാകുന്നത് വലിയ നേട്ടമാവും"- ശാരദടീച്ചര്‍ പറയുന്നു.

സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജനും പാര്‍ടി സഖാക്കളും "ശാരദാസി"ലെത്തി ടീച്ചറെയും കുടുംബാംഗങ്ങളെയുംശിലയിടല്‍ ചടങ്ങിലേക്ക് ക്ഷണിച്ചു. ചടങ്ങില്‍ പങ്കെടുക്കാന്‍ നായനാരുടെ മക്കളെല്ലാവരും കണ്ണൂരിലെത്തി. കണ്ണൂര്‍ നഗരത്തിലെ തില്ലേരിയിലാണ് അക്കാദമി സ്ഥാപിക്കുന്നത്. വ്യാഴാഴ്ച രാവിലെ പയ്യാമ്പലത്ത് നായനാരുടെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനക്കുശേഷമാകും പാര്‍ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം കുടുംബാംഗങ്ങളും ശിലാസ്ഥാപനച്ചടങ്ങിനെത്തുക.

നായനാര്‍ അക്കാദമിക്ക് ശിലയിട്ടു

കണ്ണൂര്‍ : ഇ കെ നായനാരുടെ പേരില്‍ കണ്ണൂരില്‍ സ്ഥാപിക്കുന്ന അക്കാദമിക്ക് ശിലയിട്ടു. നായനാരുടെ ഏഴാം ചരമവാര്‍ഷികദിനമായ വ്യാഴാഴ്ച സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ശിലാസ്ഥാപനം നിര്‍വഹിച്ചു. പിബി അംഗം കോടിയേരി ബാലകൃഷ്ണന്‍ അധ്യക്ഷനായി. രാവിലെ ഒമ്പതിന് പയ്യാമ്പലത്ത് നായനാര്‍ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനക്കുശേഷം പ്രകടനമായാണ് നേതാക്കളും പ്രവര്‍ത്തകരും ശിലാസ്ഥാപനച്ചടങ്ങിനെത്തിയത്. കണ്ണൂര്‍ ടൗണിനോടുചേര്‍ന്ന് തില്ലേരിയില്‍ ഗസ്റ്റ്ഹൗസ് റോഡിനുസമീപം വിലയ്ക്കുവാങ്ങിയ 3.71 ഏക്കറിലാണ് നായനാര്‍ അക്കാദമി സ്ഥാപിക്കുന്നത്. അക്കാദമി സ്ഥാപിക്കുന്നതിനായി സിപിഐ എം നേതൃത്വത്തില്‍ കേരളത്തിലുടനീളം ഫണ്ട് സമാഹരിച്ചിരുന്നു.കേന്ദ്രകമ്മിറ്റി അംഗങ്ങളായ പി കെ ശ്രീമതി, ഇ പി ജയരാജന്‍ , സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ വി വി ദക്ഷിണാമൂര്‍ത്തി, എം വി ഗോവിന്ദന്‍ , കണ്ണൂര്‍ ജില്ലാ ആക്ടിങ് സെക്രട്ടറി പി ജയരാജന്‍ എന്നിവര്‍ സംസാരിച്ചു. നായനാരുടെ കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

ജനവിരുദ്ധനടപടികള്‍ക്കെതിരെ പ്രക്ഷോഭം പിണറായി


കണ്ണൂര്‍ : ദുര്‍ബലമായ യുഡിഎഫ് സര്‍ക്കാര്‍ ജനവിരുദ്ധനടപടികള്‍ക്കു മുതിര്‍ന്നാല്‍ അതിശക്തമായ ബഹുജനപ്രക്ഷോഭത്തിലൂടെ ചെറുത്തു നില്‍ക്കുമെന്ന് സിപിഐഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ മുന്നറിയിപ്പു നല്‍കി. എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ ജനക്ഷേമപ്രവര്‍ത്തനങ്ങളില്‍ തൊട്ടുകളിക്കാന്‍ അനുവദിക്കില്ല. കണ്ണൂരില്‍ ചേര്‍ന്ന നായനാര്‍ അക്കാദമി ശിലാസ്ഥാപന ചടങ്ങില്‍ ഉദ്ഘാടനം നര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങള്‍ക്ക് ഏറെ നന്‍മ ചെയ്ത എല്‍ഡിഎഫ് തിരിച്ചു വരണമെന്ന് ജനങ്ങള്‍ ആഗ്രഹിച്ചിരുന്നു. എല്‍ഡിഎഫിനെ അധികാരത്തില്‍ നിന്നും അകറ്റി നിര്‍ത്താന്‍ ആലോചന നടത്തിയവര്‍ ഇപ്പോള്‍ ആത്മപരിശോധന നടത്താന്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചില ജാതി മതവിഭാഗങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെതിരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇടതുപക്ഷം അധികാരത്തിലെത്തിക്കൂട എന്ന നിലപാടു സ്വീകരിച്ചവരെല്ലാം ഇപ്പോള്‍ ആത്മപരിശോധനക്കു തയ്യാറാവണം. ചിലര്‍ ഇക്കാര്യം തുറന്നു പറഞ്ഞു. ചിലര്‍ പറയാന്‍ തയ്യാറായില്ല.തുറന്നു പറഞ്ഞവര്‍ക്കും പറയാത്തവര്‍ക്കുമെല്ലാം യുഡിഎഫിന്റെ ഭരണത്തില്‍ നിന്നും കാര്യം മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.

ദേശാഭിമാനി 190511

1 comment:

  1. സ്മൃതിപഥങ്ങളില്‍ ജ്വലിക്കുന്ന ഇ കെ നായനാരുടെ ഏഴാം ചരമവാര്‍ഷികം സമുചിതമായി ആചരിച്ചു. സ്മൃതികുടീരങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തിയും പ്രഭാതഭേരി മുഴക്കി പതാകയുയര്‍ത്തിയും നാട് ജനനായകന്റെ സ്മരണപുതുക്കി.

    ReplyDelete