Tuesday, May 17, 2011

പെട്രോള്‍ : കേരളത്തിന് മാസം 47.62 കോടി നഷ്ടം

പെട്രോള്‍ വില വര്‍ധനയിലൂടെ മലയാളികളുടെ കീശയില്‍നിന്ന് ചോരുന്നത് മാസം 47.62 കോടി രൂപ. 28,55,800 ലിറ്റര്‍ പെട്രോളാണ് കേരളത്തില്‍ പ്രതിദിനം ശരാശരി വില്‍ക്കുന്നത്. കേരളത്തില്‍ നികുതിയടക്കം ലിറ്ററിന് 5.39 രൂപ വില വര്‍ധിച്ചു. ഇതുപ്രകാരം 1.53 കോടിരൂപ ദിവസവും മലയാളിയുടെ കൈയില്‍നിന്ന് ചെലവാകും. തിരുവനന്തപുരത്ത് 67.13 രൂപയാണ് ഐഒസി പെട്രോള്‍ വില. 2010 ജൂണിന് ശേഷം 11 തവണയാണ് പെട്രോള്‍ വില വര്‍ധിപ്പിച്ചത്. പെട്രോള്‍ വില വര്‍ധിപ്പിച്ചതിനു പിന്നാലെ ഡീസല്‍ , പാചക വാതക വിലകൂടി വര്‍ധിക്കുന്നതോടെ മലയാളിയുടെ കുടുംബ ബജറ്റ് ആകെ താളംതെറ്റും.

പെട്രോള്‍ വില വര്‍ധിപ്പിച്ചതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം അലയടിക്കുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാര്‍ ഡീസല്‍ , പാചക വാതക വിലവര്‍ധനയും പരിഗണിക്കുന്നത്. പെട്രോള്‍ വിലവര്‍ധന പ്രധാനമായും ഇരുചക്ര വാഹനങ്ങളെയും ഓട്ടോറിക്ഷകളെയുമാണ് ബാധിക്കുന്നത്. വിലവര്‍ധനയില്‍ പ്രതിഷേധിച്ച് ഈ മാസം 20ന് മോട്ടോര്‍ വാഹന തൊഴിലാളികളുടെ സംയുക്ത സമിതി പണിമുടക്കിന് ആഹ്വാനം ചെയ്തുകഴിഞ്ഞു. ഇനി ഡീസല്‍ , പാചക വാതകവില വര്‍ധിപ്പിക്കുന്നതോടെ ജീവിതച്ചെലവ് കുതിച്ചുയരും. ഡീസല്‍ വില വര്‍ധിക്കുന്നതോടെ ചരക്കുവാഹനങ്ങള്‍ നിരക്ക് വര്‍ധിപ്പിക്കും. അരിയും പച്ചക്കറിയുമുള്‍പ്പെടെ നിത്യോപയോഗ സാധനങ്ങള്‍ക്ക് അയല്‍ സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തിന് ഇത് വന്‍ തിരിച്ചടിയാകും. ബസ് ചാര്‍ജും വര്‍ധിപ്പിക്കേണ്ടിവരും.

ഇതിനിടെ പെട്രോളിയം വില വര്‍ധിപ്പിച്ചപ്പോള്‍ തങ്ങളുടെ കമീഷന്‍ വര്‍ധിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് പെട്രോളിയം ഡീലര്‍മാരും സമരത്തിന് ഒരുങ്ങുകയാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയില്‍ നഷ്ടം വരുന്നുവെന്ന് നിരന്തരം വാദിക്കുന്ന എണ്ണക്കമ്പനികള്‍ പുതിയ പമ്പുകള്‍ക്ക് നിയന്ത്രണമില്ലാതെ അനുമതി നല്‍കുന്നത് എന്തിനാണെന്ന് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് സയ്ദ് എം ഖാന്‍ ചോദിച്ചു. 2000ല്‍ 650 പമ്പാണ് കേരളത്തില്‍ ഉണ്ടായിരുന്നത്. ഇപ്പോള്‍ 1760 പമ്പുകളുണ്ട്. ഇതിനു പുറമെ റിലയന്‍സിന്റെ 29 പമ്പും എസ്സാറിന്റെ 28 പമ്പും കേരളത്തിലുണ്ട്. റിലയന്‍സും എസ്സാറും, പമ്പ് നഷ്ടത്തിലായതിനെത്തുടര്‍ന്ന് ഇടക്കാലത്ത് അടച്ചിട്ടിരുന്നു. കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍വിലയിലുള്ള നിയന്ത്രണം എടുത്തുകളഞ്ഞതോടെയാണ് അടച്ചിട്ട ഈ പമ്പുകള്‍ വീണ്ടും തുറന്നത്.
(സുമേഷ് കെ ബാലന്‍)

deshabhimani 170511

2 comments:

  1. പെട്രോള്‍ വില വര്‍ധനയിലൂടെ മലയാളികളുടെ കീശയില്‍നിന്ന് ചോരുന്നത് മാസം 47.62 കോടി രൂപ. 28,55,800 ലിറ്റര്‍ പെട്രോളാണ് കേരളത്തില്‍ പ്രതിദിനം ശരാശരി വില്‍ക്കുന്നത്. കേരളത്തില്‍ നികുതിയടക്കം ലിറ്ററിന് 5.39 രൂപ വില വര്‍ധിച്ചു. ഇതുപ്രകാരം 1.53 കോടിരൂപ ദിവസവും മലയാളിയുടെ കൈയില്‍നിന്ന് ചെലവാകും. തിരുവനന്തപുരത്ത് 67.13 രൂപയാണ് ഐഒസി പെട്രോള്‍ വില. 2010 ജൂണിന് ശേഷം 11 തവണയാണ് പെട്രോള്‍ വില വര്‍ധിപ്പിച്ചത്. പെട്രോള്‍ വില വര്‍ധിപ്പിച്ചതിനു പിന്നാലെ ഡീസല്‍ , പാചക വാതക വിലകൂടി വര്‍ധിക്കുന്നതോടെ മലയാളിയുടെ കുടുംബ ബജറ്റ് ആകെ താളംതെറ്റും.

    ReplyDelete
  2. പെട്രോള്‍വില കുത്തനെ ഉയര്‍ത്തിയതില്‍ പ്രതിഷേധിച്ച് സിപിഐ എം പ്രവര്‍ത്തകര്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തി. സര്‍ക്കാര്‍വിരുദ്ധ മുദ്രാവാക്യങ്ങളുമായി നൂറുകണക്കിനാളുകള്‍ പങ്കെടുത്ത മാര്‍ച്ച് പാര്‍ലമെന്റിനു മുന്നില്‍ പൊലീസ് തടഞ്ഞു. പ്രതിഷേധ ധര്‍ണയില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സുധ സുന്ദരരാമന്‍ , സിഐടിയു സെക്രട്ടറി ദീപാങ്കര്‍ മുഖര്‍ജി, സിപിഐ എം ഡല്‍ഹി സെക്രട്ടറി പി എം എസ് ഗ്രെവാള്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിലവര്‍ധനയ്ക്ക് കേന്ദ്രസര്‍ക്കാര്‍ നേരിട്ട് ഉത്തരവാദികളാണെന്ന് ദീപാങ്കര്‍ മുഖര്‍ജി പറഞ്ഞു. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നികുതിഘടന മാറ്റണം. പെട്രോള്‍ വിലനിയന്ത്രണം എടുത്തുകളഞ്ഞ നടപടി പുനഃപരിശോധിക്കണം. കോര്‍പറേറ്റുകള്‍ക്ക് പ്രതിവര്‍ഷം നാലുലക്ഷം കോടിരൂപ നികുതി ഇളവ് നല്‍കിയ സര്‍ക്കാര്‍ സാധാരണക്കാര്‍ക്ക് ആശ്വാസമേകാന്‍ തയ്യാറല്ല-ദീപാങ്കര്‍ പറഞ്ഞു. പെട്രോള്‍വില അഞ്ചുരൂപ കൂട്ടിയ കേന്ദ്രനടപടി പ്രതിഷേധാര്‍ഹമാണെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. ഒമ്പതുമാസത്തിനിടെ ഒമ്പതാംവട്ടമാണ് വില ഉയര്‍ത്തുന്നത്. കുറെ ആഴ്ചയായി അന്താരാഷ്ട്രവിപണിയില്‍ എണ്ണവില കുറഞ്ഞുതുടങ്ങിയ ഘട്ടത്തിലാണ് വിലകൂട്ടിയത്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ നടപടി തികച്ചും അനാവശ്യമാണ്. നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം ജനങ്ങള്‍ക്ക് യുപിഎ സര്‍ക്കാര്‍ നല്‍കിയ സമ്മാനമായ പെട്രോള്‍ വിലവര്‍ധന സര്‍ക്കാര്‍ അടിയന്തരമായി പിന്‍വലിക്കണം- അസോസിയേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.

    ReplyDelete