Tuesday, May 17, 2011

എജി സ്ഥാനത്തിനായി യുഡിഎഫ് അനുകൂലികള്‍ വടംവലി തുടങ്ങി

പുതിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യുംമുമ്പേ യുഡിഎഫ് ഭരണത്തിന്‍കീഴില്‍ അഡ്വക്കറ്റ് ജനറല്‍മുതല്‍ ഗവണ്‍മെന്റ് പ്ലീഡര്‍വരെയുള്ള തസ്തികകകള്‍ക്കായി വടംവലി തുടങ്ങി. കോണ്‍ഗ്രസിന്റെയും ഘടകകക്ഷി നേതാക്കളുടെയും ഒത്താശയ്ക്കു പുറമെ സമുദായസംഘടനകളുടെ പിന്തുണയോടെയുമാണ് പലരും രംഗത്തെത്തിയിട്ടുള്ളത്. ചില കച്ചവടലോബിയും ചരടുവലിക്കുന്നു. അഡ്വക്കറ്റ് ജനറല്‍ സ്ഥാനത്തിനായി മുതിര്‍ന്ന അഭിഭാഷകരായ കെ പി ദണ്ഡപാണി, കെ രാംകുമാര്‍ , വഞ്ചിയൂര്‍ എസ് പരമേശ്വരന്‍നായര്‍ , ടി പി എം ഇബ്രാഹിംഖാന്‍ , രാജു ജോസഫ്, എം ഗോപകുമാരന്‍നായര്‍ എന്നിവരാണ് കച്ചകെട്ടുന്നത്.

യുഡിഎഫിനെ ഏറെ സഹായിച്ച രണ്ട് പ്രമുഖ പത്രങ്ങളുടെ പിന്തുണയോടെയാണ് ദണ്ഡപാണിയുടെ ചരടുവലി. ഘടകകക്ഷി നേതാക്കളായ ടി എം ജേക്കബ്, ആര്‍ ബാലകൃഷ്ണപിള്ള എന്നിവരുടെ അഭിഭാഷകന്‍ എന്ന യോഗ്യതയുമായാണ് രാംകുമാര്‍ വരുന്നത്. ഉമ്മന്‍ചാണ്ടിയുടെ വലംകൈ എന്ന നിലയിലാണ് കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് സ്പെഷ്യല്‍ ഗവ. പ്ലീഡര്‍ ആയിരുന്ന രാജു ജോസഫ്. സുപ്രീംകോടതിയിലെ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ എന്ന പദവിയുമായാണ് വഞ്ചിയൂര്‍ പരമേശ്വരന്‍നായര്‍ പയറ്റുന്നത്. ഇബ്രാഹിംഖാനാകട്ടെ മുന്‍ അസി. സോളിസിറ്റര്‍ ജനറല്‍ എന്ന പദവിക്കു പുറമെ ലോയേഴ്സ് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് സ്ഥാനവും യോഗ്യതയായി കണക്കുകൂട്ടുന്നു. എന്‍എസ്എസിന്റെ പിന്തുണയുമായാണ് എം ഗോപകുമാരന്‍നായരുടെ ശ്രമം. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ കേരളത്തില്‍നിന്നുള്ള പ്രതിനിധി, കേരള ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ എന്നീ നിലകളിലുള്ള തഴക്കവും ഇദ്ദേഹം ഉയര്‍ത്തിക്കാട്ടുന്നു.

അഡീഷണല്‍ അഡ്വക്കറ്റ് ജനറലാകാനും പടതന്നെ രംഗത്തുണ്ട്. കെ എം മാണിയുടെ വലംകൈയായ മുന്‍ അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ പി സി ഐപ്പ്, ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ മനഃസാക്ഷിസൂക്ഷിപ്പുകാരനായ മുന്‍ അഡീഷണല്‍ എജി വി കെ ബീരാന്‍ , മാണിയുടെ വിശ്വസ്തനായ മുന്‍ അഡീഷണല്‍ എജി രാജന്‍ ജോസഫ്, ലീഗ് പിന്തുണയുള്ള മുന്‍ അഡീഷണല്‍ പ്രോസിക്യൂഷന്‍ ജനറല്‍ കെ എ ജലീല്‍ എന്നിവരാണ് മുമ്പില്‍ . ലീഗ് നേതാവ് വി കെ ഇബ്രാഹിംകുഞ്ഞിന്റെ സഹോദരന്‍ കൂടിയാണ് ബീരാന്‍ . ഇതിനുപുറമെ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ , അഡീഷണല്‍ പ്രോസിക്യൂഷന്‍ ജനറല്‍ , ലെയ്സണ്‍ ഓഫീസര്‍ , സ്പെഷ്യല്‍ ഗവ. പ്ലീഡര്‍ , സീനിയര്‍ ഗവ. പ്ലീഡര്‍ , ഗവ. പ്ലീഡര്‍ പദവികള്‍ക്കു വേണ്ടിയും നിരവിപേര്‍ രംഗത്തുണ്ട്.

deshabhimani 170511

1 comment:

  1. പുതിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യുംമുമ്പേ യുഡിഎഫ് ഭരണത്തിന്‍കീഴില്‍ അഡ്വക്കറ്റ് ജനറല്‍മുതല്‍ ഗവണ്‍മെന്റ് പ്ലീഡര്‍വരെയുള്ള തസ്തികകകള്‍ക്കായി വടംവലി തുടങ്ങി. കോണ്‍ഗ്രസിന്റെയും ഘടകകക്ഷി നേതാക്കളുടെയും ഒത്താശയ്ക്കു പുറമെ സമുദായസംഘടനകളുടെ പിന്തുണയോടെയുമാണ് പലരും രംഗത്തെത്തിയിട്ടുള്ളത്. ചില കച്ചവടലോബിയും ചരടുവലിക്കുന്നു. അഡ്വക്കറ്റ് ജനറല്‍ സ്ഥാനത്തിനായി മുതിര്‍ന്ന അഭിഭാഷകരായ കെ പി ദണ്ഡപാണി, കെ രാംകുമാര്‍ , വഞ്ചിയൂര്‍ എസ് പരമേശ്വരന്‍നായര്‍ , ടി പി എം ഇബ്രാഹിംഖാന്‍ , രാജു ജോസഫ്, എം ഗോപകുമാരന്‍നായര്‍ എന്നിവരാണ് കച്ചകെട്ടുന്നത്.

    ReplyDelete