Friday, May 20, 2011

പ്ലസ് വണ്‍ പ്രവേശനം തകിടംമറിയുമെന്ന് ആശങ്ക

സിബിഎസ്ഇ, ഐസിഎസ്ഇ വിദ്യാര്‍ഥികള്‍ക്കും അവസരം നല്‍കാന്‍ പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തില്‍ മാറ്റം വരുത്താനുള്ള സര്‍ക്കാര്‍ തീരുമാനം കേരള സിലബസില്‍ പഠിച്ച ലക്ഷക്കണക്കിന് വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാഴ്ത്തി. സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്ക് രണ്ടാംഘട്ട അലോട്ട്മെന്റില്‍ അവസരം നല്‍കാനാണ് മന്ത്രിസഭാതീരുമാനം. ജൂണ്‍ ഏഴിനും എട്ടിനുമാണ് ഒന്നാം ഘട്ട അലോട്ട്മെന്റ്. അപേക്ഷ സ്വീകരിക്കുന്നത് 16ന് അവസാനിച്ചു. ഇതിനിടയിലാണ് സിബിഎസ്ഇ, ഐസിഎസ്ഇ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാന്‍ അവസരം നല്‍കാന്‍ തീരുമാനം വന്നത്. ജൂണ്‍ 13,14 തീയതികളിലാണ് രണ്ടാം അലോട്ട്മെന്റ്. അലോട്ട്മെന്റ് പ്രക്രിയയില്‍ ഏറ്റവും നിര്‍ണായകമാണ് ഈ ഘട്ടം. ആദ്യ അലോട്ട്മെന്റ് ലഭിച്ചവര്‍ പുതിയ സ്കൂളുകളില്‍ ഓപ്ഷന്‍ നല്‍കി മെച്ചപ്പെട്ട ഗ്രൂപ്പും സ്കുളും നിശ്ചയിക്കുന്നത് രണ്ടാം ഘട്ടത്തിലാണ്. ഏറെ സൂക്ഷ്മതയോടെ പരാതികള്‍ക്കിടവരാത്ത വിധം നടക്കുന്ന ഏകജാലക പ്രവേശന നടപടികളില്‍ മാറ്റം വരുത്തുന്നത് മൊത്തം പ്രവേശനത്തെയും തകിടം മറിക്കുമെന്നാണ് രക്ഷിതാക്കള്‍ ഭയക്കുന്നത്.

മൂവായിരത്തോളം വിദ്യാര്‍ഥികള്‍ മാത്രമേ സിബിഎസ്ഇ സിലബസില്‍ കേരളത്തില്‍ പ്രവേശനം നേടാന്‍ ശ്രമിക്കുന്നുള്ളൂ. സിബിഎസ്ഇയില്‍ ഇത്തവണ ബോര്‍ഡിന്റെ പൊതുപരീക്ഷ നിര്‍ബന്ധമല്ല. പത്താംക്ലാസിനു പകരം പന്ത്രണ്ടിലാണ് ബോര്‍ഡ് പരീക്ഷ. പത്താം ക്ലാസില്‍ സ്കൂളുകള്‍ തന്നെ പരീക്ഷ നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു. ബോര്‍ഡ് പരീക്ഷ വേണോ സ്കൂള്‍ നടത്തുന്ന പരീക്ഷ വേണോയെന്ന് കുട്ടിക്ക് തീരുമാനിക്കാം. അതേസമയം, സംസ്ഥാനത്ത് പൊതുപരീക്ഷാബോര്‍ഡ് നടത്തിയ പരീക്ഷ ഏറെ പാടുപെട്ടു പാസായ ലക്ഷക്കണക്കിന് വിദ്യാര്‍ഥികളാണുള്ളത്. അവര്‍ക്ക് പ്രവേശനത്തിന് മത്സരിക്കേണ്ടിവരുന്നത് സ്വകാര്യ സ്കൂളുകള്‍ നടത്തുന്ന പരീക്ഷയില്‍ വിജയിച്ചുവരുന്നവരോടും.

അപേക്ഷകര്‍ക്കെല്ലാം പ്രവേശനം ഉറപ്പാകുന്ന തരത്തിലാണ് ഏകജാലകപ്രവേശന പ്രക്രിയ. മാനദണ്ഡമൊന്നുമില്ലാതെ പരീക്ഷയെഴുതി എത്തുന്ന സിബിഎസ്സിയിലെ ചെറുന്യൂനപക്ഷം കുട്ടികള്‍ കൂടി രണ്ടാംഘട്ടത്തില്‍ പ്രവേശനത്തിന് എത്തുന്നതോടെ കേരള സിലബസുകാരന്റെ സാധ്യത പിന്നോട്ടുപോകും. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് എസ്എസ്എല്‍സി ഫലം നേരത്തെ പ്രസിദ്ധീകരിക്കുകയും പ്രവേശനപ്രക്രിയ അതനുസരിച്ച് ക്രമീകരിക്കുകയും ചെയ്തു. സേ പരീക്ഷയിലെ വിജയികള്‍ക്കൊപ്പമാണ് സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്കുകൂടി മൂന്നാംഘട്ടത്തില്‍ പ്രവേശനസൗകര്യം നല്‍കിയത്. അന്ന് 1876 പേര്‍ പ്രവേശനം തേടിയെങ്കിലും അലോട്ട്മെന്റ് ലഭിച്ച 1212 വിദ്യാര്‍ഥികളും പ്രവേശനത്തിനെത്തിയില്ല. നിലവിലുള്ള സംവിധാനത്തില്‍ മാറ്റം വരുത്തുന്നത് അധ്യയന ദിവസങ്ങള്‍ നഷ്ടമാക്കുമെന്ന ആശങ്കയുമുണ്ട്. ഈ വര്‍ഷം എസ്എസ്എല്‍സി പരീക്ഷാഫലം ഏപ്രില്‍ 28നാണ് പ്രഖ്യാപിച്ചത്. ജൂണ്‍ 24ന് പ്ലസ് വണ്‍ ക്ലാസ് ആരംഭിക്കാനാണ് ലക്ഷ്യമിട്ടത്. പുതിയ സാഹചര്യത്തില്‍ ക്ലാസ് തുടങ്ങുന്നത് ജൂലൈയിലേക്കു നീണ്ടേക്കും. ആദ്യ അലോട്ട്മെന്റില്‍ സിബിഎസ്ഇക്കാര്‍ക്ക് അവസരം നല്‍കിയാല്‍ പ്രവേശനം പന്ത്രണ്ട് ദിവസം നീളുമെന്നുകണ്ടാണ് രണ്ടാം ഘട്ട അലോട്ട്മെന്റിന് പരിഗണിക്കാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

ദേശാ‍ഭിമാനി 190511

1 comment:

  1. സിബിഎസ്ഇ, ഐസിഎസ്ഇ വിദ്യാര്‍ഥികള്‍ക്കും അവസരം നല്‍കാന്‍ പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തില്‍ മാറ്റം വരുത്താനുള്ള സര്‍ക്കാര്‍ തീരുമാനം കേരള സിലബസില്‍ പഠിച്ച ലക്ഷക്കണക്കിന് വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാഴ്ത്തി. സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്ക് രണ്ടാംഘട്ട അലോട്ട്മെന്റില്‍ അവസരം നല്‍കാനാണ് മന്ത്രിസഭാതീരുമാനം. ജൂണ്‍ ഏഴിനും എട്ടിനുമാണ് ഒന്നാം ഘട്ട അലോട്ട്മെന്റ്. അപേക്ഷ സ്വീകരിക്കുന്നത് 16ന് അവസാനിച്ചു. ഇതിനിടയിലാണ് സിബിഎസ്ഇ, ഐസിഎസ്ഇ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാന്‍ അവസരം നല്‍കാന്‍ തീരുമാനം വന്നത്. ജൂണ്‍ 13,14 തീയതികളിലാണ് രണ്ടാം അലോട്ട്മെന്റ്. അലോട്ട്മെന്റ് പ്രക്രിയയില്‍ ഏറ്റവും നിര്‍ണായകമാണ് ഈ ഘട്ടം. ആദ്യ അലോട്ട്മെന്റ് ലഭിച്ചവര്‍ പുതിയ സ്കൂളുകളില്‍ ഓപ്ഷന്‍ നല്‍കി മെച്ചപ്പെട്ട ഗ്രൂപ്പും സ്കുളും നിശ്ചയിക്കുന്നത് രണ്ടാം ഘട്ടത്തിലാണ്. ഏറെ സൂക്ഷ്മതയോടെ പരാതികള്‍ക്കിടവരാത്ത വിധം നടക്കുന്ന ഏകജാലക പ്രവേശന നടപടികളില്‍ മാറ്റം വരുത്തുന്നത് മൊത്തം പ്രവേശനത്തെയും തകിടം മറിക്കുമെന്നാണ് രക്ഷിതാക്കള്‍ ഭയക്കുന്നത്.

    ReplyDelete