Sunday, May 15, 2011

കടന്നുകൂടി. പക്ഷേ പരാജയത്തിന്റെ കനത്ത ഭാരം ബാക്കി

നിയമസഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് ലഭിച്ച നാമമാത്രമായ ഭൂരിപക്ഷത്തെ ഇങ്ങനെയൊരു തലക്കെട്ടില്‍ ഒതുക്കുന്നതാവും ഉചിതം. കേരളത്തിന്റെ സമീപകാല തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഒരു പുതിയ അധ്യായം സൃഷ്ടിച്ചതാണ് 13-ാം നിയമസഭാ തിരഞ്ഞെടുപ്പെന്ന് ഫലങ്ങള്‍ തെളിയിക്കുന്നു. ഭരണത്തുടര്‍ച്ച എന്നത് കേരളത്തെ സംബന്ധിച്ചിടത്തോളം അത്യപൂര്‍വമായ അനുഭവമാണ്. 1970 ലും 1977 ലും സി അച്യുതമേനോന്‍ സര്‍ക്കാരിന് ഭരണത്തുടര്‍ച്ച ഉണ്ടായത് മാറ്റിനിര്‍ത്തിയാല്‍ കേരളത്തില്‍ അങ്ങനെയൊരു അനുഭവം ഉണ്ടായിട്ടില്ല. ഊഴം മാറ്റി ഭരണം പരീക്ഷിക്കുന്നത് കേരളജനതയുടെ ശീലമായി മാറിക്കഴിഞ്ഞിരുന്നു. ഭരണമാറ്റം കേരളീയ ജനത സാധ്യമാക്കുന്നത് നേരിയ ആനുകൂല്യത്തിന്റെ അടിസ്ഥാനത്തിലുമായിരുന്നില്ല. ഭരണത്തിലേറ്റുന്ന മുന്നണിക്ക് വ്യക്തമായ മുന്‍കൈ നല്‍കുകയാണ് പതിവ്. എന്നാല്‍ ഇത്തവണ കേവലം രണ്ടു സീറ്റിന്റെ തീര്‍ത്തും ദുര്‍ബലമായ ആനുകൂല്യത്തിന്റെ പിന്‍ബലവുമായാണ് യു ഡി എഫ് കഷ്ടിച്ച് കടന്നുകൂടിയിരിക്കുന്നത്. അതുകൊണ്ടു തന്നെ കോണ്‍ഗ്രസുകാര്‍ മ്ലാനവദരരും യു ഡി എഫ് ക്യാമ്പുകള്‍ ശോകമൂകവുമാണ്. വരാനിരിക്കുന്ന നാളുകളിലെ കുതികാല്‍വെട്ടും സംഘര്‍ഷങ്ങളും വിഴുപ്പലക്കലുകളും സമ്മര്‍ദങ്ങളും പിന്നില്‍ നിന്നുള്ള കുത്തലുമോര്‍ത്ത് കോണ്‍ഗ്രസ് ആശങ്കയുടെ നടുക്കയത്തിലായിക്കഴിഞ്ഞുവെന്ന് അവരുടെ മൊഴികളും ശരീരഭാഷയും പറയാതെ പറയുന്നു.

സാങ്കേതികമായി യു ഡി എഫ് വിജയം നേടിയിരിക്കാം. പക്ഷേ രാഷ്ട്രീയാര്‍ഥത്തില്‍ കനത്ത പരാജയമാണ് യു ഡി എഫിനുണ്ടായിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുമ്പുതന്നെ കിട്ടാനിരിക്കുന്ന വമ്പന്‍ ഭൂരിപക്ഷത്തെക്കുറിച്ച് യു ഡി എഫ് നേതാക്കള്‍ പ്രവചനം തുടങ്ങിയിരുന്നു. നൂറു മുതല്‍ നൂറ്റിപത്ത് സീറ്റുകള്‍ വരെ ലഭിക്കുമെന്ന് യു ഡി എഫ് നേതൃത്വം തീര്‍ത്തുപറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് അടുത്തപ്പോഴും പോളിംഗ് കഴിഞ്ഞപ്പോഴും തങ്ങളുടെ കണക്കുകളില്‍ യു ഡി എഫിലെ ഗണിതശാസ്ത്രജ്ഞകാരന്‍മാര്‍ ഉറച്ചുനിന്നിരുന്നു. എന്നാല്‍ ഫലം വന്നപ്പോള്‍ സംഖ്യാശാസ്ത്രത്തിലെ ജ്യോതിഷികളായ യു ഡി എഫുകാര്‍ക്ക് തരിച്ചിരിക്കേണ്ടിവന്നു.

2009 ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് കനത്ത വിജയമാണ് ജനങ്ങള്‍ നല്‍കിയത്. 20 ല്‍ 16 സീറ്റിലും യു ഡി എഫ് വിജയിച്ചു. നിയമസഭാ മണ്ഡലങ്ങളില്‍, ആ തിരഞ്ഞെടുപ്പ് കാലത്ത് നല്ലതോതില്‍ മേല്‍ക്കൈ നേടാനും യു ഡി എഫിനു കഴിഞ്ഞു. പിന്നാലെ 2010 ഒടുവില്‍ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും യു ഡി എഫിന് മേല്‍ക്കൈ നേടാനായി. പ്രാദേശിക സര്‍ക്കാരുകളുടെ തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത തിരിച്ചടിയാണ് എല്‍ ഡി എഫിനുണ്ടായത്.

ഈ രണ്ടു തിരഞ്ഞെടുപ്പുകളിലെ ജനവിധി അവധാനതയോടെ വിലയിരുത്തുവാനും പാളിച്ചകള്‍ തിരുത്തി അതിവേഗതയില്‍ മുന്നോട്ടുപോകാനും എല്‍ ഡി എഫിനു കഴിഞ്ഞു. അതിന്റെ ഫലമാണ് 72-68 എന്ന നിലയില്‍ കക്ഷിനില പരിണമിച്ചത്. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും യു ഡി എഫിനുണ്ടായ ജനപിന്തുണയില്‍ വന്‍ ചോര്‍ച്ചയുണ്ടായി. 2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 41.95 ശതമാനം വോട്ട് ലഭിച്ച എല്‍ ഡി എഫിന് ലഭ്യമായ കണക്കുകള്‍ അനുസരിച്ച് ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ 45.06 ശതമാനം വോട്ട് ലഭിച്ചു. (അന്തിമ വിലയിരുത്തലില്‍ ഈ ശതമാനത്തില്‍ നേരിയ മാറ്റം വന്നേക്കാം). ഇത് എല്‍ ഡി എഫിന് ഏതാനും മാസങ്ങള്‍ക്കുള്ളിലുണ്ടായ ജനപിന്തുണയിലെ നല്ല തോതിലുള്ള വര്‍ധനവാണ് കാണിക്കുന്നത്.

ബലക്ഷയം വന്ന കോണ്‍ഗ്രസ്

ശ്രദ്ധേയമായ മറ്റൊരു ചിത്രംകൂടി ഈ തിരഞ്ഞെടുപ്പ് ഫലം മുന്നോട്ടുവയ്ക്കുന്നു. ഭരണത്തിലെത്തുന്ന മുന്നണിയെ നയിക്കുന്ന കക്ഷി നിയമസഭയില്‍ ഒന്നാം കക്ഷിയാവുക എന്നതാണ് പതിവ്. ആ പതിവും ഇത്തവണ തെറ്റിയിരിക്കുന്നു. യു ഡി എഫിനെ നയിച്ച കോണ്‍ഗ്രസ് അല്ല ഇത്തവണ നിയമസഭയില്‍ ഏറ്റവും കൂടുതല്‍ സീറ്റു നേടിയ ഒറ്റകക്ഷി. 87 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് വിജയിച്ചത് കേവലം 38 സീറ്റുകളിലാണ്. മത്സരിച്ച സീറ്റുകളുടെ 33 ശതമാനം മാത്രം. 45 സീറ്റുകളില്‍ വിജയിച്ച സി പി എം ആണ് സഭയിലെ മുഖ്യകക്ഷി.

2001 ല്‍ നിയമസഭയിലേയ്ക്കു നടന്ന തിരഞ്ഞെടുപ്പില്‍ യു ഡി എഫ് ആണ് അധികാരത്തില്‍ വന്നത്. അന്ന് 88 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് 62 സീറ്റില്‍ വിജയിച്ച് സഭയിലെ മുഖ്യ കക്ഷിയായി. 2006 ല്‍ യു ഡി എഫ് 40 സീറ്റിലേയ്ക്ക് ചുരുങ്ങി ശുഷ്‌കമായ പ്രതിപക്ഷമായപ്പോഴും 24 സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയം നേടി. ഘടകകക്ഷികള്‍ക്കെല്ലാം കൂടി 16 സീറ്റേ നേടാനായുള്ളു. എന്നാല്‍ ഇത്തവണ യു ഡി എഫിന് ലഭിച്ച 72 സീറ്റുകളില്‍ 34 സീറ്റുകളും ഘടകകക്ഷികളുടേതാണ്.

പോളിംഗ് ശതമാനത്തില്‍ കാര്യമായ വ്യത്യാസമൊന്നുമില്ലാതെയാണ് യു ഡി എഫിനും കോണ്‍ഗ്ര,സിനും തിരിച്ചടിയേറ്റിരിക്കുന്നത്. 2001 ല്‍ ആകെയുണ്ടായിരുന്ന 2.17 കോടി വോട്ടര്‍മാരില്‍ 1.57 കോടി പേര്‍ വോട്ടു രേഖപ്പെടുത്തി- 72.47 ശതമാനം. 2006 ല്‍ 2.14 കോടി വോട്ടര്‍മാരില്‍ 1.55 കോടി പേര്‍ വോട്ടു ചെയ്തു- 72.38 ശതമാനം. 2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആകെയുണ്ടായിരുന്ന 2.17 കോടി വോട്ടര്‍മാരില്‍ 1.59 കോടിപേര്‍ വോട്ടു ചെയ്തു- 73.37 ശതമാനം. ഇപ്പോഴത്തെ തിരഞ്ഞെടുപ്പില്‍ 2.31 കോടി വോട്ടവകാശമുള്ളവരില്‍ 1.73 കോടി വോട്ട് രേഖപ്പെടുത്തി- 75.12 ശതമാനം. പക്ഷേ യു ഡി എഫിന് അപ്രതീക്ഷിതമായ ഫലമാണ് തിരഞ്ഞെടുപ്പ് സമ്മാനിച്ചത്. മുന്നണിയിലെ മുഖ്യകക്ഷിക്കുണ്ടായ ബലക്ഷയം ഉയര്‍ത്തിക്കാട്ടി ഘടകകക്ഷികള്‍ കോണ്‍ഗ്രസിനെ വലയ്ക്കുമെന്ന കാര്യത്തില്‍ സംശയമില്ല. മത്സരിച്ച സീറ്റുകളിലെല്ലാം പരാജയപ്പെട്ട്, നിയമസഭയില്‍ നിന്ന് അപ്രത്യക്ഷമായ യു ഡി എഫ് ഘടകകക്ഷികളായ ജെ എസ് എസും സി എം പിയും സൃഷ്ടിക്കുവാന്‍ പോകുന്ന പ്രശ്‌നങ്ങളും കോണ്‍ഗ്രസിനെ കാത്തിരിക്കുന്നു.

വരാനിരിക്കുന്നത് കലാപത്തിന്റെ കാലം


ഭരണസ്ഥിരത ഒരുകാലത്ത് കേരളത്തിന്റെ കിനാവായിരുന്നു. 70-77 കാലത്തെ അച്യുതമേനോന്‍ സര്‍ക്കാരാണ് ഇക്കാര്യത്തിലും കേരളത്തില്‍ പുതുചരിത്രം എഴുതിയത്. എന്നാല്‍ പിന്നീടും ഭരണ അസ്ഥിരതയുടെ പലകാലങ്ങളെ കേരളം അഭിമുഖീകരിച്ചു. 1982 മുതല്‍ ഭരണസ്ഥിരതയുണ്ടായെങ്കിലും 91-96 കാലത്തും 2001-2006 കാലത്തും യു ഡി എഫ് ഭരണത്തില്‍ മുഖ്യമന്ത്രിമാരുടെ കസേരയിളക്കം കേരളത്തിന് കാണാനിടവന്നു. ഏതു നിമിഷവും ഇല്ലാതാവാന്‍ സാധ്യതയുള്ള തീര്‍ത്തും നേരിയ ഭൂരിപക്ഷവുമായി ഭരണത്തിലേറുവാന്‍ പോകുന്ന യു ഡി എഫിനെ കാത്തിരിക്കുന്നത് കടുത്ത അസ്ഥിരതയുടെയും കലഹത്തിന്റെയും നാളുകളായിരിക്കുമെന്ന് യു ഡി എഫ് നേതാക്കളുടെ ആദ്യ പ്രതികരണങ്ങള്‍ തന്നെ വ്യക്തമാക്കുന്നു.

തന്നെ തോല്‍പിക്കുവാന്‍ യു ഡി എഫിലെ മുഖ്യകക്ഷി തന്നെ പരിശ്രമിച്ചുവെന്നും എന്നാല്‍ പാല തന്നെ കൈവിട്ടിട്ടില്ലെന്നുമാണ് കുറഞ്ഞ ഭൂരിപക്ഷത്തില്‍ കടന്നുകൂടിയ യു ഡി എഫിലെ മുഖ്യ നേതാവ് കെ എം മാണി പ്രതികരിച്ചത്. പാലായില്‍ കോണ്‍ഗ്രസ്-കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഏറ്റുമുട്ടലും നടന്നുകഴിഞ്ഞു. കണ്ണുകാണാത്തവരും നടക്കാന്‍ വയ്യാത്തവരുമായ യു ഡി എഫ് നേതാക്കള്‍ നിമസഭ കാണേണ്ടെന്ന് ജനങ്ങള്‍ തീരുമാനിച്ചുവെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പി സി ജോര്‍ജ് തുറന്നടിച്ചിരിക്കുന്നു. എത്ര ചെറിയ കക്ഷിയായാലും മന്ത്രിസ്ഥാനം വേണമെന്ന് ടി എം ജേക്കബ് പ്രസ്താവിച്ചതും അതിനുപിന്നാലെ ഷിബുബേബിജോണ്‍ ടി വി ചാനലില്‍ അത് ഏറ്റുപിടിച്ചതും കളിക്കളത്തിലിറങ്ങുന്നതിനു മുമ്പേ കളി തുടങ്ങിയെന്ന് തെളിയിക്കുന്നു. 24 സീറ്റില്‍ മത്സരിച്ച് 20 സീറ്റ് നേടിയ മുസ്‌ലിംലീഗും 15 സീറ്റില്‍ മത്സരിച്ച് ഒന്‍പത് സീറ്റില്‍ വിജയിച്ച കേരള കോണ്‍ഗ്രസ് മാണിയും കോണ്‍ഗ്രസിനെ ഊര്‍ധശ്വാസം വലിക്കുന്ന നിലയില്‍ കൊണ്ടുചെന്നെത്തിക്കും എന്ന കാര്യത്തിലും ആര്‍ക്കും ശങ്കയുണ്ടാവാന്‍ തരമില്ല.

ഘടകകക്ഷികളില്‍ നിന്നുമാത്രമല്ല വെല്ലുവിളി ഉയരുന്നത്. സ്വന്തം പാളയത്തിലെ പടയായിരിക്കും ഏറ്റവും കനത്ത ഭീഷണി. സ്ഥാനാര്‍ഥി നിര്‍ണയവേളയില്‍ തന്നെ അത് പ്രകടമായി. ഉമ്മന്‍ചാണ്ടിയുടെ മുഖ്യമന്ത്രി മോഹത്തിന് ഇടക്കാലത്തെങ്കിലും ഭംഗം വരുത്തണമെന്ന കരുതലോടെ മത്സരരംഗത്തു വന്ന രമേശ് ചെന്നിത്തല ഹരിപ്പാട് നിന്ന് തെല്ലും അഭിമാനകരമല്ലാത്ത വിജയമാണ് നേടിയതെങ്കിലും അദ്ദേഹവും കൂട്ടരും ഉമ്മന്‍ചാണ്ടിയും കൂട്ടരും തമ്മില്‍ നടക്കുവാന്‍ പോകുന്ന കശപിശകള്‍ ജനങ്ങള്‍ മുന്‍കൂട്ടി കാണുന്നുണ്ട്. യു ഡി എഫിന്റെ പ്രമുഖരായ നേതാക്കള്‍ രമേശ് ചെന്നിത്തലയും ആര്യാടന്‍മുഹമ്മദും കെ എം മാണിയും ടി എം ജേക്കബും ഉള്‍പ്പെടെയുള്ളവര്‍ ജയിച്ചത് കുറഞ്ഞ വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ്. പ്രമുഖ ഘടകകക്ഷി നേതാക്കളായ കെ ആര്‍ ഗൗരിയമ്മയും എം വി രാഘവനും ദയനീയമായി പരാജയപ്പെടുകയും ചെയ്തു. രണ്ട് സീറ്റിന്റെ മാത്രം മുന്‍കൈയുള്ള യു ഡി എഫിന് ഭൂരിപക്ഷം നല്‍കുന്നതില്‍ നാമമാത്ര വോട്ടിനു ജയിച്ചുവന്നവരുമുണ്ട്.

സാമുദായിക ധ്രുവീകരണത്തിന്റെ പ്രതിഫലനം


തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ഏത് വളഞ്ഞ വഴിയും തിരഞ്ഞെടുക്കാന്‍ അശേഷം മടിയില്ലാത്ത മുന്നണിയാണ് യു ഡി എഫ്. ഇത്തവണയും യു ഡി എഫ് സാമുദായിക പ്രീണനമുള്‍പ്പെടെയുള്ള വളഞ്ഞ വഴി പരീക്ഷിച്ചു. കോടാനുകോടി രൂപയാണ് തിരഞ്ഞെടുപ്പുഗോദയില്‍ കോണ്‍ഗ്രസ് ഒഴുക്കിയത്. എ ഐ സി സി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി തന്നെ കേരളത്തില്‍ വന്ന് പരസ്യമായി പ്രസംഗിച്ചത് ചരിത്രത്തില്‍ ഇന്നേവരെ നല്‍കാത്ത പണമാണ് തിരഞ്ഞെടുപ്പ് ചെലവിനായി ഡല്‍ഹിയില്‍ നിന്ന് എത്തിച്ചിരിക്കുന്നതെന്നാണ്. പണത്തിന്റെ ധൂര്‍ത്തും സാമുദായിക പ്രീണനവും തന്ത്രപരമായി പ്രയോഗിച്ചിട്ടും നിരാശാജനകമായ ഫലമാണ് അവര്‍ക്ക് ലഭിച്ചത്.

യു ഡി എഫിന് മേല്‍ക്കൈ നേടാനായ പ്രദേശങ്ങളെ സൂക്ഷ്മമായി വിശകലനം ചെയ്താല്‍ യു ഡി എഫിന്റെ സാമുദായിക ധ്രുവീകരണശ്രമങ്ങള്‍ തെളിഞ്ഞു കിട്ടും. എറണാകുളം, കോട്ടയം, മലപ്പുറം ജില്ലകളില്‍ വിശേഷിച്ചും. എന്നാല്‍ യു ഡി എഫ് ആഗ്രഹിച്ച നിലയില്‍ അതിലും പൂര്‍ണവിജയം കണ്ടെത്താനായില്ല. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് ഒരൊറ്റ ജില്ലാ പഞ്ചായത്തംഗത്തെപ്പോലും വിജയിപ്പിക്കാനാവാത്ത ഇടുക്കി ജില്ലയിലെ അഞ്ചു സീറ്റുകളില്‍ മൂന്നും, തദ്ദേശ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി എല്‍ ഡി എഫിനുണ്ടായ പത്തനംതിട്ടയിലെ അഞ്ചു സീറ്റുകളില്‍ മൂന്നും വിജയിക്കാനായത് അത് തെളിയിക്കുന്നു.

വരാനിരിക്കുന്ന സര്‍ക്കാരിന്റെ ആയുസ്സെത്ര?

കേരളം ഭരണത്തുടര്‍ച്ച ആഗ്രഹിച്ചിരുന്നുവെന്നാണ് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. അഴിമതിരഹിതവും വികസനോന്‍മുഖവും ജനക്ഷേമകരവുമായ സര്‍ക്കാരിന്റെ തുടര്‍ച്ച ആഗ്രഹിച്ച ജനങ്ങളെ, സാമുദായിക പ്രീണനത്തിലൂടെയും ധനക്കൊഴുപ്പിലൂടെയും യു ഡി എഫ് നേടിയ വിജയം നിരാശരാക്കുന്നു. നേരിയ തോല്‍വിയാണെങ്കിലും അതിനെ സമചിത്തതയോടെ സമീപിക്കാനും ജനപക്ഷത്ത് നിന്ന് പോരാടുന്ന പ്രതിപക്ഷമായി പ്രവര്‍ത്തിക്കാനും എല്‍ ഡി എഫ് സന്നദ്ധമാവും. വരാനിരിക്കുന്ന യു ഡി എഫ് സര്‍ക്കാരിന്റെ ആയുസ്സെത്രയാണെന്നതിലാണ് ഇനി ഏവരും ഉറ്റുനോക്കുന്നത്.

വി പി ഉണ്ണികൃഷ്ണന്‍ ജനയുഗം 140511

3 comments:

  1. നിയമസഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് ലഭിച്ച നാമമാത്രമായ ഭൂരിപക്ഷത്തെ ഇങ്ങനെയൊരു തലക്കെട്ടില്‍ ഒതുക്കുന്നതാവും ഉചിതം. കേരളത്തിന്റെ സമീപകാല തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഒരു പുതിയ അധ്യായം സൃഷ്ടിച്ചതാണ് 13-ാം നിയമസഭാ തിരഞ്ഞെടുപ്പെന്ന് ഫലങ്ങള്‍ തെളിയിക്കുന്നു. ഭരണത്തുടര്‍ച്ച എന്നത് കേരളത്തെ സംബന്ധിച്ചിടത്തോളം അത്യപൂര്‍വമായ അനുഭവമാണ്. 1970 ലും 1977 ലും സി അച്യുതമേനോന്‍ സര്‍ക്കാരിന് ഭരണത്തുടര്‍ച്ച ഉണ്ടായത് മാറ്റിനിര്‍ത്തിയാല്‍ കേരളത്തില്‍ അങ്ങനെയൊരു അനുഭവം ഉണ്ടായിട്ടില്ല. ഊഴം മാറ്റി ഭരണം പരീക്ഷിക്കുന്നത് കേരളജനതയുടെ ശീലമായി മാറിക്കഴിഞ്ഞിരുന്നു. ഭരണമാറ്റം കേരളീയ ജനത സാധ്യമാക്കുന്നത് നേരിയ ആനുകൂല്യത്തിന്റെ അടിസ്ഥാനത്തിലുമായിരുന്നില്ല. ഭരണത്തിലേറ്റുന്ന മുന്നണിക്ക് വ്യക്തമായ മുന്‍കൈ നല്‍കുകയാണ് പതിവ്. എന്നാല്‍ ഇത്തവണ കേവലം രണ്ടു സീറ്റിന്റെ തീര്‍ത്തും ദുര്‍ബലമായ ആനുകൂല്യത്തിന്റെ പിന്‍ബലവുമായാണ് യു ഡി എഫ് കഷ്ടിച്ച് കടന്നുകൂടിയിരിക്കുന്നത്. അതുകൊണ്ടു തന്നെ കോണ്‍ഗ്രസുകാര്‍ മ്ലാനവദരരും യു ഡി എഫ് ക്യാമ്പുകള്‍ ശോകമൂകവുമാണ്. വരാനിരിക്കുന്ന നാളുകളിലെ കുതികാല്‍വെട്ടും സംഘര്‍ഷങ്ങളും വിഴുപ്പലക്കലുകളും സമ്മര്‍ദങ്ങളും പിന്നില്‍ നിന്നുള്ള കുത്തലുമോര്‍ത്ത് കോണ്‍ഗ്രസ് ആശങ്കയുടെ നടുക്കയത്തിലായിക്കഴിഞ്ഞുവെന്ന് അവരുടെ മൊഴികളും ശരീരഭാഷയും പറയാതെ പറയുന്നു.

    ReplyDelete
  2. കടന്നുകൂടി. പക്ഷേ പരാജയത്തിന്റെ കനത്ത ഭാരം ബാക്കി

    ReplyDelete
  3. UDF kottakalil Seat koottiyum

    LDF KEndrangalil Seat kuracchum

    nadatthiya Delimitation

    Venamenkil athum oru karanam parayam

    ReplyDelete