Tuesday, May 17, 2011

ജനവിധി എല്‍ഡിഎഫിന് തിരിച്ചടിയല്ല

കേരളത്തില്‍ ലോക്സഭാ-തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് കാര്യമായ മുന്നേറ്റം ഉണ്ടാക്കുമെന്നും യുഡിഎഫ് നേതാക്കള്‍ അവകാശപ്പെടുന്ന വിജയം ആ മുന്നണി നേടാന്‍ പോകുന്നില്ല എന്നും എല്‍ഡിഎഫ് നേതാക്കള്‍ തിരഞ്ഞെടുപ്പു പ്രചരണത്തിനിടയിലും വോട്ടെടുപ്പിനുശേഷവും നടത്തിയ നിരീക്ഷണത്തെ പൂര്‍ണ്ണമായി ശരിവെയ്ക്കുന്നതാണ് പുറത്തുവന്ന ഫലങ്ങള്‍ . അതിെന്‍റ വിശദമായ പരിശോധന വരും ലക്കങ്ങളില്‍ മാത്രമെ നടത്താന്‍ കഴിയൂ. നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിനു തൊട്ടുമേലെയാണ് യുഡിഎഫ്. തൊട്ടുതാഴെ എല്‍ഡിഎഫും. നിയമസഭാ പ്രാതിനിധ്യത്തില്‍ പുതിയ അക്കൗണ്ട് തുറക്കുമെന്ന പ്രതീക്ഷ ബിജെപി അവസാന നിമിഷംവരെ ശക്തിയായി പ്രകടിപ്പിച്ചിരുന്നു. വോട്ടെണ്ണലിെന്‍റ ആദ്യറൗണ്ടുകളില്‍ കാസര്‍ഗോട്ടും നേമത്തും ബിജെപി മുന്നില്‍നിന്നെങ്കിലും പിന്നീട് അത് പുറകോട്ടുപോയി. ഈ രണ്ടു നിയോജക മണ്ഡലങ്ങളിലും അത് രണ്ടാം സ്ഥാനത്തെത്തി.
  
    എല്‍ഡിഎഫ് ജനങ്ങളെ സമീപിച്ചത് കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളില്‍ കൈവരിച്ച ഭരണനേട്ടങ്ങളുടെയും ജനങ്ങള്‍ക്ക് നേടിക്കൊടുത്ത ആശ്വാസങ്ങളുടെയും ആനുകൂല്യങ്ങളുടെയും ജീവിത പുരോഗതിയുടെയും സുരക്ഷിതത്വത്തിെന്‍റയും അടിസ്ഥാനത്തിലായിരുന്നു. അവയുടെ ഒരു നീണ്ട പട്ടികതന്നെ ജനസമക്ഷം അവതരിപ്പിക്കാന്‍ എല്‍ഡിഎഫിന് കഴിഞ്ഞു. മാത്രമല്ല, ഇവയുടെ തുടര്‍ച്ച എന്ന നിലയില്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാല്‍ വിവിധ വിഭാഗം ജനങ്ങള്‍ക്കായി കൈക്കൊള്ളാന്‍ പോകുന്ന ജീവിത സുരക്ഷിതത്വത്തിനും ആശ്വാസത്തിനും വേണ്ടിയുള്ള നടപടികളുടെയും സംസ്ഥാനത്തിെന്‍റ സമഗ്രവികസനത്തിനായുള്ള പദ്ധതികളുടെയും രേഖാചിത്രം അവര്‍ക്കുമുമ്പില്‍ എല്‍ഡിഎഫ് സമര്‍പ്പിക്കുകയും ചെയ്തു. എല്‍ഡിഎഫ് ഗവണ്‍മെന്‍റ് ചെയ്ത കാര്യങ്ങളില്‍ ജനങ്ങള്‍ പൊതുവില്‍ സംതൃപ്തരായാണ് തിരഞ്ഞെടുപ്പു പ്രചരണവേളയിലും കാണപ്പെട്ടത്. അതിനാല്‍ ഭരണവിരുദ്ധവികാരം എവിടെയും പ്രകടമായിരുന്നില്ല. എല്‍ഡിഎഫ് ഗവണ്‍മെന്‍റ് ജനങ്ങള്‍ക്കുവേണ്ടി ഒരു വികസന പ്രവര്‍ത്തനവും നടത്തിയില്ല എന്ന യുഡിഎഫ് നേതാക്കളുടെ കുറ്റപ്പെടുത്തലിനെ അതര്‍ഹിക്കുന്ന രീതിയില്‍ ജനങ്ങള്‍ അവഗണിക്കുന്നതായാണ് കാണപ്പെട്ടത്. എല്‍ഡിഎഫിനെയും അതിെന്‍റ ഗവണ്‍മെന്‍റിനെയുംകുറിച്ച് അപവാദ പ്രചരണം നടത്തിയും സാമുദായിക ശക്തികളുടെ പിന്തുണ ഉറപ്പാക്കിയും വന്‍ വിജയം നേടാമെന്ന യുഡിഎഫ് നേതാക്കളുടെ കണക്കുകൂട്ടല്‍ പൊളിഞ്ഞു. എല്‍ഡിഎഫ് പ്രതീക്ഷിച്ച കേവല ഭൂരിപക്ഷം ഇല്ലാതാക്കുന്നതിന് ഈ ശക്തികളുടെ പിന്തുണ യുഡിഎഫിന് പ്രയോജനപ്പെട്ടിട്ടുണ്ടാകാമെന്നാണ് പുറത്തുവന്നുകൊണ്ടിരിക്കുന്ന തിരഞ്ഞെടുപ്പു ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ , അവര്‍ കണക്കുകൂട്ടിയ രീതിയില്‍ നൂറിനടുത്ത് സീറ്റ് നേടുക എന്ന ലക്ഷ്യം അപ്പാടെ പാളിപ്പോയി.
  
    അതുപോലെതന്നെ വലിയതോതില്‍ പണമൊഴുക്കിയതുകൊണ്ടും അവര്‍ ഉദ്ദേശിച്ച വ്യാപകമായ പ്രയോജനം ഉണ്ടായില്ല. കഷ്ടിച്ച് കേവല ഭൂരിപക്ഷം സീറ്റുകള്‍ മാത്രം ലഭിച്ചതിെന്‍റ ഞെട്ടലിലാണ് യുഡിഎഫ് നേതൃത്വമാകെ. യുഡിഎഫിനെ നയിക്കുന്ന കോണ്‍ഗ്രസിന് ലഭിച്ചത് യുഡിഎഫിന് ലഭിച്ച മൊത്തം സീറ്റിെന്‍റ ഏതാണ്ട് പകുതിയാണ്. മുസ്ലീംലീഗും മാണി കേരളയും ശക്തമായ സമ്മര്‍ദ്ദഗ്രൂപ്പുകളാകാന്‍ വേണ്ടത്ര സീറ്റ് നേടിയിരിക്കുന്നു. വളരെ നേര്‍ത്ത ഭൂരിപക്ഷം മാത്രമേ യുഡിഎഫിന് നിയമസഭയില്‍ ഉണ്ടാവുകയുള്ളു എന്നതിനാല്‍ രണ്ടു സീറ്റ് നേടിയ എസ്ജെഡി, ഓരോ സീറ്റ് നേടിയ പിള്ള കേരള, ബേബിജോണ്‍ ആര്‍എസ്പി, ജേക്കബ് കേരള എന്നീ പാര്‍ടികളെ നിരന്തരം പ്രീണിപ്പിച്ച് കൂടെ നിര്‍ത്തേണ്ടിവരും. 2004ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ പിള്ളയെയും ജേക്കബിനെയും മാറ്റിനിര്‍ത്തിയതുപോലെ അത്തരം കൊച്ചു പാര്‍ടികളെ കൈകാര്യംചെയ്യാന്‍ കോണ്‍ഗ്രസിനോ യുഡിഎഫ് നേതൃത്വത്തിനോ ഇപ്പോള്‍ കഴിയില്ല. ലീഗും മാണി കേരളയും നടത്തുന്ന വിലപേശലിന് അവര്‍ വഴങ്ങേണ്ടിയും വരും. ഇതൊരുവശം.
 
    കഴിഞ്ഞ അഞ്ചുവര്‍ഷം എല്‍ഡിഎഫ് നടത്തിയ ഭരണത്തിന്‍കീഴില്‍ ഓരോവകുപ്പിനുകീഴിലും, മൊത്തത്തിലും വലിയ വികസനം കാഴ്ചവെച്ചിരുന്നു. വിവിധ വിഭാഗം ജനങ്ങള്‍ അതിനെ തുറന്ന് അംഗീകരിക്കുകയും ചെയ്തിരുന്നു. അവരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരുക ഇനി രൂപീകരിക്കപ്പെടുന്ന ഏത് ഗവണ്‍മെന്‍റിെന്‍റയും അനിവാര്യമായ കടമയാണ്. യുഡിഎഫ് തിരഞ്ഞെടുപ്പുവേളയില്‍ ജനങ്ങള്‍ക്കുമുമ്പില്‍ അവതരിപ്പിച്ച വികസന പരിപ്രേക്ഷ്യം സ്വകാര്യ മൂലധനത്തെ മുന്‍നിര്‍ത്തിയുള്ളതായിരുന്നു. അത് നടപ്പാക്കുമ്പോള്‍ വിലക്കയറ്റം തടയുക, വിവിധ ജനവിഭാഗങ്ങള്‍ക്ക് ജീവിത സുരക്ഷിതത്വവും ആശ്വാസവും പകരുക മുതലായ കാര്യങ്ങള്‍ സാധ്യമാകാതെ വരികയോ പിന്നിലേക്ക് തള്ളപ്പെടുകയോ ചെയ്യും. ജനങ്ങളെ സംബന്ധിച്ചും ഭരണം ഏറ്റെടുക്കുന്ന യുഡിഎഫിനെ സംബന്ധിച്ചും വലിയ വെല്ലുവിളികളാണ് ഈ സ്ഥിതിവിശേഷം ഉയര്‍ത്തുക. അഖിലേന്ത്യാ തലത്തില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന അഴിമതികളും സാമ്പത്തിക സ്ഥിതിയും ജനങ്ങളുടെ ജീവിതക്ലേശം വര്‍ദ്ധിപ്പിക്കും. ഈ സ്ഥിതിയില്‍ പ്രതിപക്ഷത്തിരുന്നുകൊണ്ട് അവരുടെ പ്രക്ഷോഭസമരങ്ങള്‍ക്ക് രൂപംനല്‍കി നടപ്പാക്കുകയും ജനങ്ങള്‍ക്ക് സംരക്ഷണവും ആശ്വാസവും പകരാന്‍ ഗവണ്‍മെന്‍റിനെ നിര്‍ബന്ധിതമാക്കുകയും അതിനുള്ള ബദല്‍ പരിപാടി ആവിഷ്കരിച്ച് പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ശ്രമകരമായ കടമയാണ് പ്രതിപക്ഷത്തിരുന്നുകൊണ്ട് എല്‍ഡിഎഫിന് നിര്‍വഹിക്കാനുള്ളത്.

chintha editorial 200511

1 comment:

  1. കേരളത്തില്‍ ലോക്സഭാ-തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് കാര്യമായ മുന്നേറ്റം ഉണ്ടാക്കുമെന്നും യുഡിഎഫ് നേതാക്കള്‍ അവകാശപ്പെടുന്ന വിജയം ആ മുന്നണി നേടാന്‍ പോകുന്നില്ല എന്നും എല്‍ഡിഎഫ് നേതാക്കള്‍ തിരഞ്ഞെടുപ്പു പ്രചരണത്തിനിടയിലും വോട്ടെടുപ്പിനുശേഷവും നടത്തിയ നിരീക്ഷണത്തെ പൂര്‍ണ്ണമായി ശരിവെയ്ക്കുന്നതാണ് പുറത്തുവന്ന ഫലങ്ങള്‍ . അതിെന്‍റ വിശദമായ പരിശോധന വരും ലക്കങ്ങളില്‍ മാത്രമെ നടത്താന്‍ കഴിയൂ. നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിനു തൊട്ടുമേലെയാണ് യുഡിഎഫ്. തൊട്ടുതാഴെ എല്‍ഡിഎഫും. നിയമസഭാ പ്രാതിനിധ്യത്തില്‍ പുതിയ അക്കൗണ്ട് തുറക്കുമെന്ന പ്രതീക്ഷ ബിജെപി അവസാന നിമിഷംവരെ ശക്തിയായി പ്രകടിപ്പിച്ചിരുന്നു. വോട്ടെണ്ണലിെന്‍റ ആദ്യറൗണ്ടുകളില്‍ കാസര്‍ഗോട്ടും നേമത്തും ബിജെപി മുന്നില്‍നിന്നെങ്കിലും പിന്നീട് അത് പുറകോട്ടുപോയി. ഈ രണ്ടു നിയോജക മണ്ഡലങ്ങളിലും അത് രണ്ടാം സ്ഥാനത്തെത്തി.

    ReplyDelete