Tuesday, May 17, 2011

ലാദനെ പിടികൂടിയത് ജീവനോടെ: അഹ്മദിനെജാദ്

തെഹ്റാന്‍ : ഒസാമ ബിന്‍ ലാദനെ ജീവനോടെയാണ് അമേരിക്കന്‍ സേന ആദ്യം പിടികൂടിയതെന്ന് ഇറാന്‍ പ്രസിഡന്റ് മഹ്മൂദ് അഹ്മദിനെജാദ്. ഇറാനിലെ ദേശീയ ടെലിവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് നെജാദ് ഇക്കാര്യം പറഞ്ഞത്. ലാദനെ കുറച്ചുകാലം അമേരിക്കന്‍ സേന തങ്ങളുടെ തടങ്കലില്‍ വച്ച ശേഷമാണ് വധിച്ചത്. രോഗിയാക്കിയ ശേഷമാണ് ലാദനെ വധിച്ചത്. രാഷ്ട്രീയലക്ഷ്യത്തോടെയാണ് അമേരിക്കന്‍ പ്രസിഡന്റ് ഒബാമ ലാദന്റെ മരണം പ്രഖ്യാപിച്ചത്. ലാദനെ കൊന്നത് ഒബാമയുടെ തെരഞ്ഞെടുപ്പിനുവേണ്ടിയാണെന്നും നെജാദ് പറഞ്ഞു.

ലാദന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ഇറാന്‍ പ്രതിരോധമന്ത്രി അഹമ്മദ് വാഹിദി നേരത്തെ പറഞ്ഞിരുന്നു. ലാദന്‍ പാകിസ്ഥാനില്‍ ജീവനോടെയുണ്ടെന്ന് 2007ല്‍ അഫ്ഗാനിസ്ഥാന്റെ മുന്‍ രഹസ്യാന്വേഷണതലവന്‍ അന്നത്തെ പാക് പ്രസിഡന്റ് പര്‍വേസ് മുഷാറഫിനെ അറിയിച്ചിരുന്നെന്നും മുഷാറഫ് ഇതറിഞ്ഞ് ക്ഷുഭിതനായെന്നും അമേരിക്കന്‍ ചാനല്‍ സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. പാകിസ്ഥാനില്‍ നടന്ന യോഗത്തിലാണ് അമറുള്ള സാലേഹ് ഇക്കാര്യം മുഷ്റഫിനെ അറിയിച്ചത്. അമറുള്ളയോട് തട്ടിക്കയറിയ മുഷ്റഫിനെ അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി ഇടപെട്ടാണ് ശാന്തനാക്കിയത്. മാന്‍ഷേര പട്ടണത്തില്‍ ലാദനുണ്ടെന്നാണ് മുഷ്റഫിനോട് പറഞ്ഞത്. ലാദന്‍ കൊല്ലപ്പെട്ട സ്ഥലത്തുനിന്ന് 19 കിലോമീറ്റര്‍ മാത്രം അകലെയാണ് മാന്‍ഷേര. ഇതിനിടെ ലാദന്റെ മരണത്തെ തുടര്‍ന്ന് രണ്ട് രാജ്യങ്ങള്‍ക്കുമിടയിലുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ യുഎസ് സെനറ്റര്‍ ജോണ്‍ കെറി പാകിസ്ഥാന്‍ സേനാതലവന്‍ ജനറല്‍ അഷ്ഫഖ് പര്‍വേസ് കയാനിയുമായി ചര്‍ച്ച നടത്തി.

ലാദന്റെ മൃതദേഹം കടലിലെറിഞ്ഞ കപ്പല്‍ മാധ്യമപ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചു

മനില: ഒസാമ ബിന്‍ ലാദന്റെ മൃതദേഹം കടലില്‍ തള്ളാന്‍ ഉപയോഗിച്ച അമേരിക്കന്‍ യുദ്ധക്കപ്പല്‍ സന്ദര്‍ശിക്കാന്‍ ഫിലിപ്പീന്‍സ് പ്രസിഡന്റിനും മാധ്യമപ്രവര്‍ത്തകര്‍ക്കും അവസരം നല്‍കി. ഫിലിപ്പീന്‍സ് തീരത്തിനടുത്ത് ദക്ഷിണചൈന കടലിലാണ് യുഎസ്എസ് കാള്‍ വില്‍സന്‍ എന്ന കപ്പല്‍ നങ്കൂരമിട്ടിട്ടുള്ളത്. എന്നാല്‍ , ലാദന്‍വധവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിക്കരുതെന്ന് അമേരിക്കന്‍ എംബസി സന്ദര്‍ശകരോട് നിഷ്കര്‍ഷിച്ചിരുന്നു. മേഖലയിലെ അമേരിക്കയുടെ അടുത്ത കൂട്ടാളിയാണ് ഫിലിപ്പീന്‍സ്. പ്രസിഡന്റ് ബെനിഗ്നോ അക്വിനോ മൂന്നാമന്‍ , മന്ത്രിസഭയിലെ പ്രമുഖര്‍ , സൈനികമേധാവികള്‍ എന്നിവര്‍ ഞായറാഴ്ച വ്യോമമാര്‍ഗം കപ്പലിലെത്തി. മനിലയില്‍ നങ്കൂരമിട്ടശേഷമാണ് മാധ്യമപ്രവര്‍ത്തകരെ ക്ഷണിച്ചത്.

ഇന്ത്യയിലെ ആക്രമണസ്ഥാനങ്ങള്‍ നിശ്ചയിച്ചതായി ഐഎസ്ഐ തലവന്‍

ഇസ്ലാമാബാദ്: അബോട്ടാബാദ് മോഡല്‍ ആക്രമണത്തിന് ഇന്ത്യ മുതിര്‍ന്നാല്‍ സമാനമായ തിരിച്ചടിക്കുള്ള ലക്ഷ്യസ്ഥാനങ്ങള്‍ നിശ്ചയിച്ചതായി പാക് ചാരസംഘടനയായ ഐഎസ്ഐയുടെ മേധാവി അഹമദ് ഷൂജ പാഷ. ആക്രമണത്തിന്റെ റിഹേഴ്സല്‍ നടത്തിയിട്ടുണ്ടെന്നും പാഷ പറഞ്ഞു. അമേരിക്കയുടെ അബോട്ടാബാദ് കടന്നാക്രമണവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച ചേര്‍ന്ന പാക് പാര്‍ലമെന്റ് സമ്മേളനത്തിലാണ് പാഷ ഇക്കാര്യം പറഞ്ഞത്.

ലാദന്റെ സാന്നിധ്യം അറിയാതിരിന്നതിന്റെ പേരില്‍ യോഗത്തില്‍ പാഷക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. സമാനമായ നടപടിക്ക് മുതിരുമെന്ന് അമേരിക്കയുടെ ലാദന്‍ വധത്തിനു പിന്നാലെ ഇന്ത്യ പ്രതികരിച്ചിരുന്നു. തക്കതായ തിരിച്ചടിയുണ്ടാകുമെന്ന് അന്നു തന്നെ പാഷ പറഞ്ഞിരുന്നു. യുഎസ് രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയും ഐഎസ്ഐയും തമ്മിലുള്ള സഹകരണത്തിന് ഔദ്യോഗിക ഉടമ്പടി വേണമെന്ന് പാഷ പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു.

deshabhimani 170511

1 comment:

  1. ഒസാമ ബിന്‍ ലാദനെ ജീവനോടെയാണ് അമേരിക്കന്‍ സേന ആദ്യം പിടികൂടിയതെന്ന് ഇറാന്‍ പ്രസിഡന്റ് മഹ്മൂദ് അഹ്മദിനെജാദ്. ഇറാനിലെ ദേശീയ ടെലിവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് നെജാദ് ഇക്കാര്യം പറഞ്ഞത്. ലാദനെ കുറച്ചുകാലം അമേരിക്കന്‍ സേന തങ്ങളുടെ തടങ്കലില്‍ വച്ച ശേഷമാണ് വധിച്ചത്. രോഗിയാക്കിയ ശേഷമാണ് ലാദനെ വധിച്ചത്. രാഷ്ട്രീയലക്ഷ്യത്തോടെയാണ് അമേരിക്കന്‍ പ്രസിഡന്റ് ഒബാമ ലാദന്റെ മരണം പ്രഖ്യാപിച്ചത്. ലാദനെ കൊന്നത് ഒബാമയുടെ തെരഞ്ഞെടുപ്പിനുവേണ്ടിയാണെന്നും നെജാദ് പറഞ്ഞു.

    ReplyDelete