Tuesday, May 17, 2011

യുഡിഎഫിലും ബി.ജെ.പിയിലും തര്‍ക്കം രൂക്ഷം

സോഷ്യലിസ്റ്റ് ജനത ഘടകകക്ഷികളെ പഴിചാരുന്നു

വടകര: വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി എം കെ പ്രേംനാഥിന്റെ പരാജയം ഘടകകക്ഷികളുടെ വോട്ടുകള്‍ കൃത്യമായി ലഭിക്കാത്തതുകൊണ്ടാണെന്ന് സോഷ്യലിസ്റ്റ് ജനത. യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പരാജയത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് സോഷ്യലിസ്റ്റ് ജനത ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സോഷ്യലിസ്റ്റ് ജനതയുടെ വോട്ടുകള്‍ മുഴുവനും എം കെ പ്രേംനാഥിന് ലഭിച്ചിട്ടുണ്ടെന്നും മനയത്ത് ചന്ദ്രന്‍ അവകാശപ്പെട്ടു. പ്രേംനാഥിന്റെ പരാജയത്തിന് കാരണം മനയത്ത് ചന്ദ്രനാണെന്നാരോപിച്ച് പ്രേംനാഥിന്റെ അനുയായികള്‍ വടകര ടൗണില്‍ മനയത്ത് ചന്ദ്രന്റെ കോലം കത്തിച്ചതിന് പിറകെയാണ് ഘടകകക്ഷികളെ പരോക്ഷമായി വിമര്‍ശിച്ച് ചന്ദ്രന്റെ പ്രസ്താവന.

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ യുഡിഎഫിന് 12000 വോട്ടിന്റെ ഭൂരിപക്ഷംഉണ്ടായിട്ടും നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പരാജയപ്പെട്ടത് എന്തുകൊണ്ടെന്ന് ബന്ധപ്പെട്ടവര്‍ പരിശോധിക്കണമെന്ന് മനയത്ത് ചന്ദ്രന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സോഷ്യലിസ്റ്റ് ജനതക്ക് ശക്തിയുള്ള ഏറാമല, അഴിയൂര്‍ പഞ്ചായത്തുകളില്‍ പ്രേംനാഥിന് ഭൂരിപക്ഷം ലഭിച്ചപ്പോള്‍ ചോറോട്, ഒഞ്ചിയം പഞ്ചായത്തുകളിലും വടകര മുനിസിപ്പാലിറ്റിയിലും നടന്ന അട്ടിമറിയാണ് പരാജയത്തിന് ഇടയാക്കിയതെന്ന് പ്രസ്താവനയില്‍ തുടര്‍ന്നു. ഒഞ്ചിയത്ത് 2460, ചോറോട് 1560, മുനിസിപ്പാലിറ്റി 1565 വോട്ടുകളുടെ ഭൂരിപക്ഷം സി കെ നാണുവിന് ലഭിച്ചു. സോഷ്യലിസ്റ്റ് ജനതയുടെ വോട്ടില്‍ ചോര്‍ച്ചയുണ്ടായിട്ടില്ല എന്ന് പ്രസ്താവനയില്‍ പറയുന്ന ലീഗ്, കോണ്‍ഗ്രസ് അണികളുടെ വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായിട്ടുണ്ടെന്ന് പരേക്ഷമായി വിമര്‍ശിക്കുകയും ചെയ്യുന്നു.

വടകരയില്‍ എം കെ പ്രേംനാഥിന്റെ പരാജയത്തിന് കാരണം സോഷ്യലിസ്റ്റ് ജനതയിലെ ഭിന്നതയും മനയത്ത് ചന്ദ്രന്റെ പ്രവര്‍ത്തനവുമാണെന്ന് കോണ്‍ഗ്രസ് ജില്ലാ ഭാരവാഹി പറഞ്ഞു. എം കെ പ്രേംനാഥിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചപ്പോള്‍ തന്നെ സോഷ്യലിസ്റ്റ് ജനതാ പാര്‍ടി പ്രവര്‍ത്തകര്‍ പ്രേംനാഥിനെതിരെ പ്രകടനം നടത്തുകയും പ്രേംനാഥിന്റെ കോലം കത്തിക്കുകയും ചെയ്തു. വടകര ടൗണിലെ സോഷ്യലിസ്റ്റ് ജനതാ പാര്‍ടി ഓഫീസ് മനയത്ത് ചന്ദ്രന്റെ അനുയായികള്‍ തകര്‍ത്തു. പ്രശ്നങ്ങളൊക്കെ അവസാനിച്ചെന്ന് മനയത്ത് ചന്ദ്രനും അനുയായികളും പറഞ്ഞെങ്കിലും അവസാന നിമിഷംവരെയും സോഷ്യലിസ്റ്റ് ജനതാപാര്‍ടിയിലെ ഭിന്നിപ്പ് അവസാനിച്ചിരുന്നില്ല. പാര്‍ടിക്ക് വലിയ സ്വാധീനമുള്ള ഏറാമലയില്‍ യുഡിഎഫ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുത്തത് ആറ് സോഷ്യലിസ്റ്റ് ജനതാ പാര്‍ടി പ്രവര്‍ത്തകര്‍ മാത്രമാണ്. മനയത്ത് ചന്ദ്രന്‍ യോഗത്തില്‍ പങ്കെടുത്തില്ല. സോഷ്യലിസ്റ്റ് ജനതാ പാര്‍ടിയിലെ അനൈക്യമാണ് എം കെ പ്രേംനാഥിന്റെ പരാജയത്തിന് കാരണമെന്ന് ഡിസിസി സെക്രട്ടറി പറഞ്ഞു.

വോട്ട് ചോര്‍ച്ച തൃക്കരിപ്പൂരില്‍ യുഡിഎഫില്‍ തര്‍ക്കം രൂക്ഷം

തൃക്കരിപ്പൂര്‍ : തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ യുഡിഎഫ് തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി പൊട്ടിത്തെറിയിലേക്ക്. ഈസ്റ്റ്എളേരി, തൃക്കരിപ്പൂര്‍ പോലുള്ള യുഡിഎഫ് ഭൂരിപക്ഷ പഞ്ചായത്തുകളില്‍ ഗണ്യമായി വോട്ടുകുറഞ്ഞത് മുന്നണിക്കുള്ളില്‍ ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. ഡിസിസി പ്രസിഡന്റ് ഉള്‍പ്പെടെ ജില്ലയിലെ പ്രമുഖ നേതാക്കള്‍ വോട്ടുമറിച്ചും മരവിപ്പിച്ചും തന്നെ കാലുവാരിയെന്ന് ഫലപ്രഖ്യാപനത്തിന് മുമ്പുതന്നെ സ്ഥാനാര്‍ഥി കെ വി ഗംഗാധരന്‍ കെപിസിസിക്ക് പരാതി നല്‍കിയിരുന്നു. ഇതും തെരഞ്ഞെടുപ്പ് ചെലവിലേക്ക് എഐസിസി നല്‍കിയ 40 ലക്ഷത്തില്‍ കണക്കുപ്രകാരം ചെലവായ തുക കഴിച്ച് ബാക്കി പണം എവിടെയെന്ന തര്‍ക്കവുവാണ് യുഡിഎഫിനെ പ്രതിസന്ധിയിലാക്കിയത്.

യുഡിഎഫ് ഭരിക്കുന്ന തൃക്കരിപ്പൂര്‍ പഞ്ചായത്തില്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് 4800 വോട്ടും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 5200 വോട്ടും ഭൂരിപക്ഷം ലഭിച്ചു. എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ 4285 ആയി ചുരുങ്ങി. പഞ്ചായത്തില്‍ മൂവായിരത്തോളം വോട്ടുകളുണ്ടെന്ന് അവകാശപ്പെടുന്ന സോഷ്യലിസ്റ്റ് ജനത യുഡിഎഫിലെത്തിയതോടെ പഞ്ചായത്തിലെ ഭൂരിപക്ഷം എട്ടായിരമായി വര്‍ധിക്കുമെന്നാണ് യുഡിഎഫ് കേന്ദ്രങ്ങള്‍ വിലയിരുത്തിയത്. എന്നിട്ടും വോട്ടുകള്‍ കുറഞ്ഞത് കെ വി ഗംഗാധരന് തിരിച്ചടിയായി. എ ഗ്രൂപ്പുകാരനും ഉന്നതരുടെ സ്വാധീനവുമുള്ള ഗംഗാധരനെ തറപറ്റിക്കാന്‍ ഡിസിസി പ്രസിഡന്റ് ഉള്‍പ്പെടുന്ന ഐ ഗ്രൂപ്പുകാര്‍ വോട്ട് മനഃപൂര്‍വ്വം മറിച്ച് ചെയ്തതാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് നിര്‍ണായക വോട്ടുണ്ടെന്ന് വിലപേശി മൂന്ന് സീറ്റുകള്‍ കൈക്കലാക്കിയ സോഷ്യലിസ്റ്റ് ജനത അവകാശപ്പെടുന്ന വോട്ടുകള്‍ എവിടെയെന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്.

പടന്ന പഞ്ചായത്തില്‍ ലോക്സഭാ, പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ 270 വോട്ടിന് എല്‍ഡിഎഫ് പിറകിലായിരുന്നു. ആയിരത്തോളം വോട്ട് പടന്നയില്‍ യുഡിഎഫിന് ലീഡ് ലഭിക്കുമെന്നാണ് മുസ്ലിംലീഗ് കരുതിയത്. ഫലം വന്നതോടെ 117 വോട്ടിന്റെ ലീഡ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കുഞ്ഞിരാമന്‍ നേടി. വലിയപറമ്പില്‍ ലീഡ് രണ്ടായിരമായി ഉയരുമെന്ന കെ വി ഗംഗാധരന്റെ ദിവാസ്വപ്നം അസ്ഥാനത്താക്കി 790 വോട്ടിന്റെ ലീഡ് മാത്രമാണ് ലഭിച്ചത്. സ്വന്തം നാടായ കന്നുവീടിലെ 137 ാം നമ്പര്‍ ബൂത്തില്‍ നാട്ടുകാരും ഗംഗാധരനെ കൈയൊഴിഞ്ഞു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കെ വി രാമചന്ദ്രന്‍ 165 വോട്ടിന് വിജയിച്ച വാര്‍ഡില്‍ 57 വോട്ടിന്റെ ലീഡ് മാത്രമെ നേടാനായുള്ളൂ. മാടക്കാലിലും തൃക്കരിപ്പൂര്‍ കടപ്പുറത്തും വോട്ടര്‍മാര്‍ തിരിച്ചടി നല്‍കി. ഈസ്റ്റ്എളേരിയില്‍ നാലായിരത്തോളവും വെസ്റ്റ്എളേരിയില്‍ 1500 വോട്ടിന്റെയും ഭീമമായ കുറവാണ് യുഡിഎഫിനെ കുഴക്കിയത്.

എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളില്‍ കെ കുഞ്ഞിരാമന് കനത്ത ലീഡ് ലഭിച്ചതിനൊപ്പം യുഡിഎഫ് പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് നില മെച്ചപ്പെടുത്തിയതും കോണ്‍ഗ്രസിന്റെ ഗ്രൂപ്പ് വടംവലി മൂലമാണെന്ന് മുസ്ലിംലീഗ് ആരോപിച്ചു. തോല്‍വി ഉറപ്പായതോടെ ഡിസിസി പ്രസിഡന്റ് ഉള്‍പ്പെടെയുള്ള ഐ ഗ്രൂപ്പ് നേതാക്കള്‍ക്കെതിരെ നേതൃത്വത്തിന് പരാതി നല്‍കിയതിന്റെ പേരില്‍ എ ഗ്രൂപ്പുകാരനായ ഡിസിസി സെക്രട്ടറി കെ വി ഗംഗാധരനെതിരെ നടപടി സ്വീകരിക്കാന്‍ കരുനീക്കങ്ങള്‍ നടക്കുന്നുണ്ട്. പ്രചാരണ ചെലവിലേക്ക് കേന്ദ്ര നേതൃത്വം നല്‍കിയ ഫണ്ടില്‍ ബാക്കി തുകയുടെ കണക്ക് അവതരിപ്പിക്കാതിരിക്കാന്‍ ഗംഗാധരന്‍ ഒരുക്കിയ അണിയറ നാടകമാണ് തങ്ങള്‍ കാലുവാരി തോല്‍പിക്കാന്‍ ശ്രമിച്ചുവെന്ന് നേതൃത്വത്തിന് കള്ളപരാതി നല്‍കിയതിന് പിന്നിലുള്ളതെന്നാണ് ഡിസിസി പ്രസിഡന്റ് കെ വെളുത്തമ്പുവിന്റെ വാദം. പടന്നയിലും തൃക്കരിപ്പൂരിലും യുഡിഎഫ് സ്ഥാനാര്‍ഥിക്കേറ്റ തിരിച്ചടി മുസ്ലിംലീഗും ഐ ഗ്രൂപ്പിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചതിനാലാണെന്ന് എ ഗ്രൂപ്പുകാര്‍ ആരോപിച്ചു. ഐ ഗ്രൂപ്പുകാര്‍ക്കൊപ്പം ലീഗും സോഷ്യലിസ്റ്റ് ജനതയും പ്രതിക്കൂട്ടിലാണ്.

വോട്ടുചോര്‍ച്ച: കൊയിലാണ്ടിയില്‍ യുഡിഎഫില്‍ പ്രതിസന്ധി

കൊയിലാണ്ടി: 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ മണ്ഡലത്തില്‍ വോട്ട് കുറഞ്ഞത് യുഡിഎഫില്‍ പ്രതിസന്ധി രൂക്ഷമാക്കി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൊയിലാണ്ടി നിയമസഭാ മണ്ഡലത്തില്‍ 61,258 വോട്ടാണ് യുഡിഎഫിന് ലഭിച്ചത്. തുടര്‍ന്ന് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിനും നിയമസഭാ തെരഞ്ഞെടുപ്പിനും മുന്നോടിയായി രണ്ടായിരത്തോളം വോട്ടുകള്‍ പുതുതായി ചേര്‍ത്തിട്ടുണ്ടെന്ന് നേതാക്കള്‍ പറയുന്നു. അങ്ങനെയെങ്കില്‍ ഇത്തവണ വോട്ട് കൂടേണ്ടതാണ്. എന്നാല്‍ 60,235 വോട്ടാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് മണ്ഡലത്തില്‍ ലഭിച്ചത്. എല്‍ഡിഎഫിന് 50,158 വോട്ടാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ചതെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ 64,374 വോട്ട് ലഭിച്ചു.

കൊയിലാണ്ടി നഗരസഭ, ചെങ്ങോട്ടുകാവ്, ചേമഞ്ചേരി, പയ്യോളി എന്നീ പഞ്ചായത്തുകളിലുമാണ് യുഡിഎഫിന് ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ വോട്ട് കുറഞ്ഞത്. വോട്ട് കുറഞ്ഞതിന് പിന്നില്‍ മണ്ഡലം കോണ്‍്രഗ്രസ് കമ്മിറ്റിയാണ് കാരണക്കാര്‍ എന്നാണ് മുസ്ലിംലീഗ് നേതൃത്വം അണികളെ ബോധ്യപ്പെടുത്തുന്നത്. എന്നാല്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കളുടെ ഇറക്കുമതി സ്ഥാനാര്‍ഥിക്കെതിരെയുള്ള നീക്കങ്ങളാണ് വോട്ട് കുറയാന്‍ കാരണമായതെന്ന് കോണ്‍ഗ്രസിലെ മറ്റൊരു വിഭാഗം വിശദീകരിക്കുന്നു.

ഇടുക്കിയിലെ തോല്‍വിക്ക് കാരണം നേതൃത്വമെന്ന് ഡിസിസി

ഇടുക്കി: സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അപാകമാണ് ഇടുക്കിയില്‍ കോണ്‍ഗ്രസിന്റെ പരാജയത്തിന് കാരണമായതെന്നും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറല്ലെന്നും ഡിസിസി പ്രസിഡന്റ് റോയി കെ പൗലോസ് പറഞ്ഞു. പരാജയത്തിനു കാരണം കെപിസിസിക്കാണെന്ന നിലപാടിലാണ് ഡിസിസി നേതൃത്വം. ജില്ലയിലെ സംഘടനയെ നിയന്ത്രിക്കുന്ന എ വിഭാഗത്തില്‍ ഈ തെരഞ്ഞെടുപ്പോടെ മാനസികമായ അകല്‍ച്ചയുണ്ടായിട്ടുണ്ട്. പി ടി തോമസ് എംപിയും ഡിസിസി പ്രസിഡന്റ് റോയി കെ പൗലോസുമാണ് ഗ്രൂപ്പിനുള്ളില്‍ത്തന്നെ വിരുദ്ധ ചേരിയായത്. തൊടുപുഴ സീറ്റിനായി തെരുവുയുദ്ധം വരെ നടത്തിച്ചിട്ടും നിര്‍ണായക സമയത്ത് റോയിയെ പി ടി തോമസ് കൈവിട്ടതായാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്. മുന്നണി ധാരണയെത്തുടര്‍ന്ന് ഒടുവില്‍ തൊടുപുഴ വിട്ടുകൊടുത്തപ്പോഴും പീരുമേട്ടില്‍ റോയിക്ക് സീറ്റ് നല്‍കാമെന്നായിരുന്നു പി ടിയുടെ വാഗ്ദാനം. എന്നാല്‍ ഇ എം ആഗസ്തിയാണ് ഇവിടെ സ്ഥാനാര്‍ഥിയായത്. തെരഞ്ഞെടുപ്പിന് മുമ്പ് തൊടുപുഴയില്‍ നടന്ന യോഗത്തില്‍ വഞ്ചനയ്ക്കെതിരെ റോയി കെ പൗലോസ് പരോക്ഷമായി സംസാരിച്ചിരുന്നു. തുടര്‍ന്ന് പ്രചാരണത്തിനിടയിലും ഇരുവര്‍ക്കുമിടെ നിലനിന്ന ഭിന്നത തെരഞ്ഞെടുപ്പ് ഫലം വന്നതോടെ രൂക്ഷമായി.

ഡിസിസി പ്രസിഡന്റിന്റെ പഞ്ചായത്തായ ഉടുമ്പന്നൂരിലാണ് പി ജെ ജോസഫിന് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമെന്ന വസ്തുത പി ടി വിഭാഗവും കേരള കോണ്‍ഗ്രസും ഉന്നയിച്ചത് ഇതിന് തെളിവാണ്. ജില്ലയിലെ "എ" ഗ്രൂപ്പില്‍നിന്നുള്ള തന്റെ പുതിയ രാഷ്ട്രീയശത്രുവിനെ ഇല്ലായ്മ ചെയ്യാന്‍ കിട്ടിയ അവസരമായാണ് പി ടി തോമസ് ഇതിനെ കാണുന്നത്. എന്നാല്‍ ഡിസിസി പ്രസിഡന്റ് സ്ഥാനം നിലനിര്‍ത്താന്‍ റോയി കെ പൗലോസും തന്ത്രങ്ങള്‍ മെനയുന്നു. ഉടുമ്പന്‍ചോല, പീരുമേട് മണ്ഡലങ്ങളില്‍ തങ്ങളെ എ ഗ്രൂപ്പ് കാലുവാരിയതായി സ്ഥാനാര്‍ഥികളും ഐ ഗ്രൂപ്പും പരാതി ഉന്നയിച്ചുകഴിഞ്ഞു. ഇതിന്റെ പേരില്‍ ഐ ഗ്രൂപ്പുകാരും ഡിസിസിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ദേവികുളത്ത് ഐ വിഭാഗം കാലുവാരിയെന്നാണ് എ ഗ്രൂപ്പിന്റെ ആക്ഷേപം. ഇതിനിടെ ജില്ലയില്‍ രണ്ടു സീറ്റുകള്‍ നേടിയ കേരള കോണ്‍ഗ്രസും കോണ്‍ഗ്രസുമായും പുതിയ തര്‍ക്കങ്ങള്‍ ഉയര്‍ന്നുതുടങ്ങി. ജോസഫിന്റെ ലയനം ഗുണം ചെയ്തില്ലെന്നാണ് എ ഗ്രൂപ്പിന്റെ വാദം. ഇടുക്കിയില്‍ റോഷി അഗസ്റ്റിന്റെ ഭൂരിപക്ഷം കുറഞ്ഞത് ഇതിനു തെളിവായി അവര്‍ ഉയര്‍ത്തിക്കാട്ടുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ട മൂന്നു മണ്ഡലങ്ങളിലും കേരള കോണ്‍ഗ്രസ് കാലുവാരിയെന്ന് തിരിച്ചും ആരോപണമുണ്ട്.

പാലായില്‍ കോണ്‍ഗ്രസ് ശ്രമിച്ചത് മാണിയെ ഉന്മൂലനം ചെയ്യാന്‍

കോട്ടയം: കോട്ടയം ജില്ലയില്‍ കെ എം മാണി അടക്കമുള്ള നേതാക്കളെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് പരിശ്രമിച്ചുവെന്ന ആക്ഷേപവുമായി കേരള കോണ്‍ഗ്രസ് എം രംഗത്ത്. തിരുവല്ലയില്‍ സ്വന്തം പാര്‍ടിയിലെ അനൈക്യമാണ് വിക്ടര്‍ ടി തോമസിന്റെ പരാജയത്തിന് കാരണമായതെങ്കില്‍ പാലായില്‍ മാണിക്കും ചങ്ങനാശേരിയില്‍ സി എഫ് തോമസിനും ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞത് കോണ്‍ഗ്രസ് പാരവെയ്പ് മൂലമാണെന്നാണ് പാര്‍ടി വിലയിരുത്തുന്നത്. പാലായില്‍ പാര്‍ടി വോട്ട് മാത്രം ലഭിച്ചാണ് മാണി കടന്നുകൂടിയത്. ഏറ്റുമാനൂരില്‍ കോണ്‍ഗ്രസിന്റെ നിസഹകരണമാണ് തോമസ് ചാഴികാടന്റെ പരാജയത്തിന് വഴിവെച്ചത്.

ജോസഫ് ലയനം യുഡിഎഫിന് ഗുണം ചെയ്തെങ്കിലും തനിക്ക് ഏറെ വില നല്‍കേണ്ടി വന്നെന്നായിരുന്നു തെരഞ്ഞെടുപ്പ് ഫലത്തിനുശേഷം മാണിയുടെ പ്രതികരണം. പാലായില്‍ ഭൂരിപക്ഷം കുറഞ്ഞതില്‍ മാണി കടുത്ത അമര്‍ഷത്തിലാണ്. കെപിസിസി ജനറല്‍ സെക്രട്ടറി ജോസഫ് വാഴയ്ക്കന്‍ , മുന്‍ മേഘാലയ ഗവര്‍ണര്‍ എം എം ജേക്കബ് എന്നിവരാണ് പാലായില്‍ കെ എം മാണിക്കെതിരെ പടനയിച്ചതെന്ന് മാണി വിഭാഗത്തിലെ ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞു. പാലായില്‍ സംഭവിക്കാന്‍ പോകുന്നത് മുന്‍കൂട്ടി പാര്‍ടിക്ക് അറിഞ്ഞിരുന്നു. ഭൂരിപക്ഷത്തില്‍ ഇടിവുണ്ടാകുമെന്ന് നേരത്തെ തന്നെ മനസിലാക്കി.

പാലാ മണ്ഡലത്തിലെ രാമപുരം പഞ്ചായത്തില്‍ കോണ്‍ഗ്രസിന്റെ കാലുവാരല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ഉണ്ടായിരുന്നു. ജോസഫ് വാഴയ്ക്കന്റെ സ്വദേശമാണ് ഇവിടം. തദ്ദേശതെരഞ്ഞെടുപ്പില്‍ രാമപുരം പഞ്ചായത്തില്‍ മാത്രം 7,600 വോട്ടിന്റെ ഭൂരിപക്ഷം യുഡിഎഫിനുണ്ടായിരുന്നു. റിബലായി മത്സരിച്ച സിഎംപി സ്ഥാനാര്‍ഥിക്ക് 4000 വോട്ടും ലഭിച്ചു. എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ കെ എം മാണിക്ക് പഞ്ചായത്തില്‍ നിന്നും കാര്യമായ വോട്ട് ലഭിച്ചില്ല. മുത്തോലി, കൊഴുവനാല്‍ , കരൂര്‍ , രാമപുരം, മീനച്ചില്‍ പഞ്ചായത്തുകളിലും പാലാ മുനിസിപ്പാലിറ്റിയിലും കെ എം മാണിക്ക് ഭൂരിപക്ഷം കുത്തനെ കുറഞ്ഞു. പാലായില്‍ തെരഞ്ഞെടുപ്പുദിനം കോണ്‍ഗ്രസുകാര്‍ കൂട്ടത്തോടെ വിട്ടുനിന്നതും ചര്‍ച്ചയായി. പാലായില്‍ മാണിയെ തറപറ്റിക്കാന്‍ അണികള്‍ക്ക് നിര്‍ദേശം നല്‍കിയാണ് മൂവാറ്റുപുഴയില്‍ മത്സരിക്കാന്‍ ജോസഫ് വാഴയ്ക്കന്‍ പോയതെന്നും അവിടെ തങ്ങള്‍ കാലുവാരാത്തതു കൊണ്ടാണ് വാഴയ്ക്കന് ജയിക്കാനായതെന്നും പ്രമുഖനേതാവ് പറഞ്ഞു.

ചവറയിലും പത്തനാപുരത്തും യുഡിഎഫിന് ബിജെപി വോട്ട് മറിച്ചെന്ന് ആരോപണം

കൊല്ലം: ജില്ലയില്‍ യുഡിഎഫ് ആശ്വാസവിജയം കണ്ട രണ്ടു മണ്ഡലത്തിലും ബിജെപി വോട്ടുകച്ചവടം നടത്തിയെന്ന ആക്ഷേപം ശക്തമാകുന്നു. ആര്‍എസ്പി ബി മത്സരിച്ച ചവറയിലും കേരള കോണ്‍ഗ്രസ് ബി മത്സരിച്ച പത്തനാപുരത്തും ബിജെപി വോട്ടില്‍ വന്‍തോതിലുള്ള ചോര്‍ച്ചയാണുണ്ടായത്. നേതാക്കള്‍ വോട്ടുകച്ചവടം നടത്തിയെന്ന ആരോപണം പാര്‍ടിക്കുള്ളില്‍ കലാപത്തിന് വഴിയൊരുക്കുകയാണ്.

മുന്‍ സംസ്ഥാന സെക്രട്ടറിയും നിലവില്‍ സംസ്ഥാന സമിതി അംഗവുമായ നളിനി ശങ്കരമംഗലം മത്സരിച്ച ചവറയില്‍ 2026 വോട്ടാണ് ബിജെപിക്ക് ലഭിച്ചത്. പെരിന്തല്‍മണ്ണ മണ്ഡലം കഴിഞ്ഞാല്‍ സംസ്ഥാനത്ത് ബിജെപിക്ക് ലഭിച്ച രണ്ടാമത്തെ കുറവ് വോട്ടാണിത്. പത്തനാപുരത്തും ബിജെപിക്ക് വോട്ട് ഗണ്യമായി കുറഞ്ഞു. ബിജെപി സ്ഥാനാര്‍ഥി സുഭാഷ് പട്ടാഴി വെറും 2839 വോട്ടാണ് നേടിയത്. കഴിഞ്ഞ തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പില്‍ ചവറ നിയമസഭാ മണ്ഡലത്തില്‍ ബിജെപി ആകെ പോള്‍ ചെയ്ത 121361 വോട്ടില്‍ 5055 വോട്ട് നേടി. നിയമസഭാ തെരഞ്ഞെടുപ്പില്‍ 125935 വോട്ട് പോള്‍ചെയ്തപ്പോള്‍ ബിജെപിയുടെ വോട്ട് പകുതിയായി കുറഞ്ഞു. സംസ്ഥാന നേതാവായ നളിനി സ്ഥാനാര്‍ഥിയായതോടെ കുറഞ്ഞത് 5000 വോട്ടാണ് പ്രവര്‍ത്തകര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ , ചില നേതാക്കള്‍ ഇടപെട്ട് യുഡിഎഫിന് വോട്ട് മറിച്ചുവിറ്റെന്ന ആക്ഷേപമാണ് ബിജെപിക്കുള്ളില്‍നിന്നുതന്നെ ഉയരുന്നത്.

ബിജെപി ചവറ മണ്ഡലം പ്രസിഡന്റ് ഭരണിക്കാവ് രാജന്റെ നേതൃത്വത്തില്‍ വോട്ട് മറിച്ചുവിറ്റെന്ന് ശക്തികുളങ്ങര മേഖലാ കമ്മിറ്റി ജില്ലാ നേതൃത്വത്തിന് പരാതിനല്‍കി. ഭരണിക്കാവ് രാജന് സ്ഥാനാര്‍ഥിത്വം കിട്ടാത്തതിനാല്‍ മണ്ഡലത്തില്‍ ബിജെപിയുടെ പ്രചാരണം മരവിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു. പ്രചാരണത്തില്‍ ബിജെപി നേതൃത്വം നിര്‍ജീവമായിരുന്നു. ബിജെപിക്ക് സ്വാധീനമുള്ള പുതുക്കാട്, തലമുകില്‍ പള്ളി പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന 16, 17 വാര്‍ഡുകളിലെ ബൂത്തുകളില്‍ പ്രവര്‍ത്തകരില്ലായിരുന്നു. മണ്ഡലം പ്രസിഡന്റിന്റെ സ്വന്തം സ്ഥലമായ ഭരണിക്കാവ്, പുത്തന്‍കോവില്‍ , കുരുശുംമൂട് ഭാഗങ്ങളില്‍ അഭ്യര്‍ഥനപോലും വിതരണംചെയ്തില്ല. പ്രവര്‍ത്തനത്തിലെ നിസ്സംഗത പ്രദേശത്തെ പ്രവര്‍ത്തകര്‍ ജില്ലാ കമ്മിറ്റിയുടെ ശ്രദ്ധയില്‍പെടുത്തിയെങ്കിലും നടപടിയുണ്ടായില്ല. വോട്ടെടുപ്പിനുശേഷം മണ്ഡലം പ്രസിഡന്റ് ചവറ, ശക്തികുളങ്ങര മേഖലാ സമിതികള്‍ പിരിച്ചുവിട്ടു. ഇതിനുള്ള അധികാരം മണ്ഡലം പ്രസിഡന്റിനില്ലെന്നിരിക്കെ പ്രചാരണം മോശമായെന്ന കാരണം കാട്ടി പ്രതികാര നടപടിയെന്ന നിലയിലാണ് പിരിച്ചുവിട്ടത്. എന്നാല്‍ , ഈ പ്രദേശങ്ങളില്‍നിന്നാണ് കൂടുതല്‍ വോട്ട് ലഭിച്ചത്. മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പ്രചാരണം നടന്ന നീണ്ടകരയില്‍ 130ഉം തെക്കുംഭാഗത്ത് 131ഉം വോട്ടാണ് ലഭിച്ചത്.

വോട്ട്ചോര്‍ച്ച അന്വേഷിക്കണമെന്നും മണ്ഡലം പ്രസിഡന്റിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ചവറ, ശക്തികുളങ്ങര പഞ്ചായത്ത് സമിതികളുടെ നേതൃത്വത്തില്‍ 19ന് ജില്ലാ നേതൃത്വത്തിന് പരാതി നല്‍കാന്‍ തീരുമാനിച്ചു. രാവിലെ പത്തിന് രാമന്‍കുളങ്ങരയില്‍നിന്ന് ബിജെപി ജില്ലാകമ്മിറ്റി ഓഫീസിലേക്ക് പ്രകടനമായെത്തിയാണ് പരാതി നല്‍കുന്നത്. ചവറ പഞ്ചായത്ത് തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ മണ്ഡലം പ്രസിഡന്റിനും ജില്ലാ നേതൃത്വത്തിനുമെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്.

പത്തനാപുരത്തും ബിജെപി വോട്ട് യുഡിഎഫിന് മറിച്ചുനല്‍കിയെന്ന ആക്ഷേപം ഉയര്‍ന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പത്തനാപുരം നിയമസഭാ മണ്ഡലത്തില്‍ ബിജെപി 3435 വോട്ടാണ് നേടിയത്. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി വിളക്കുടി ചന്ദ്രന് 2334 വോട്ട് ലഭിച്ചു. എന്നാല്‍ , മണ്ഡലം പ്രസിഡന്റ് കൂടിയായ ബിജെപി സ്ഥാനാര്‍ഥി പട്ടാഴി സുഭാഷിന് ഇത്തവണ ലഭിച്ചത് 2839 വോട്ടാണ്. ജില്ലയില്‍ മറ്റ് ഒമ്പത് മണ്ഡലത്തിലും ബിജെപിക്ക് അയ്യായിരത്തോളം വോട്ടാണ് ലഭിച്ചത്. ജില്ലയില്‍ ആശ്വാസ വിജയം ലഭിച്ച ചവറയിലും പത്തനാപുരത്തും യുഡിഎഫിന് ബിജെപി വോട്ട് സഹായകമായി.

ദേശാഭിമാനി 150511 & 160511

1 comment:

  1. വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി എം കെ പ്രേംനാഥിന്റെ പരാജയം ഘടകകക്ഷികളുടെ വോട്ടുകള്‍ കൃത്യമായി ലഭിക്കാത്തതുകൊണ്ടാണെന്ന് സോഷ്യലിസ്റ്റ് ജനത. യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പരാജയത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് സോഷ്യലിസ്റ്റ് ജനത ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സോഷ്യലിസ്റ്റ് ജനതയുടെ വോട്ടുകള്‍ മുഴുവനും എം കെ പ്രേംനാഥിന് ലഭിച്ചിട്ടുണ്ടെന്നും മനയത്ത് ചന്ദ്രന്‍ അവകാശപ്പെട്ടു. പ്രേംനാഥിന്റെ പരാജയത്തിന് കാരണം മനയത്ത് ചന്ദ്രനാണെന്നാരോപിച്ച് പ്രേംനാഥിന്റെ അനുയായികള്‍ വടകര ടൗണില്‍ മനയത്ത് ചന്ദ്രന്റെ കോലം കത്തിച്ചതിന് പിറകെയാണ് ഘടകകക്ഷികളെ പരോക്ഷമായി വിമര്‍ശിച്ച് ചന്ദ്രന്റെ പ്രസ്താവന.

    ReplyDelete