സിപിഐ എം പ്രവര്‍ത്തകനെ വെടിവെച്ചുകൊന്ന കോണ്ഗ്രസുകാരന് അറസ്റ്റില്‍ . അഡൂര്‍ ബാലനടുക്കം എടോണിയിലെ പരേതനായ ശ്രീനിവാസ റാവുവിന്റെ മകന് എ രവീന്ദ്ര റാവുവി(35)നെ കൊലപ്പെടുത്തിയ കേസില്‍ ബെള്ളച്ചേരിയിലെ ശ്രീധരനെ(38)യാണ് ആദൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വെടിയേറ്റ സുഹൃത്ത് ഹസൈനാര്‍(30) ഗുരുതരാവസ്ഥയില്‍ മംഗളൂരു ഗവ. വെന്‍ലോക്ക് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. തോക്കും വാഹനവും കസ്റ്റഡിയിലെടുത്തു.
വെള്ളിയാഴ്ച രാത്രി എട്ടരയോടെ ബാലനടുക്കയില്നിന്ന് ബെള്ളച്ചേരിയിലേക്ക് എല്‍ഡിഎഫ് ആഹ്ലാദപ്രകടനം നടത്തിയിരുന്നു. ഇതിനിടെ അതുവഴിവന്ന ശ്രീധരന് പ്രകടനക്കാരെ ഭീഷണിപ്പെടുത്തി. പ്രവര്‍ത്തകര്‍ അവഗണിച്ചെങ്കിലും ഇയാളുടെ വീടിനു മുന്നിലെത്തിയപ്പോള്‍ പ്രകടനത്തിന് കല്ലെറിഞ്ഞ് പിക്കപ്പ് വാന്‍ ഓടിച്ച് കയറ്റാന്‍ ശ്രമിച്ചു. ഇതേതുടര്‍ന്ന് വാക്കുതര്‍ക്കമുണ്ടായെങ്കിലും സിപിഐ എം പ്രവര്‍ത്തകര്‍ സംയമനം പാലിച്ചതിനാല്‍ എല്ലാവരും പിരിഞ്ഞുപോയി. രാത്രി പത്തോടെ ബാലനടുക്ക മൂസയുടെ വീടിനു മുന്നില്‍ സംസാരിച്ചുനില്‍ക്കുകയായിരുന്ന രവീന്ദ്രറാവുവിന്റെയും സുഹൃത്തുക്കളുടെയും നേരെ ശ്രീധരന് നാടന്‍ തോക്കുപയോഗിച്ച് നിറയൊഴിക്കുകയായിരുന്നു. രവീന്ദ്രറാവുവിന്റെ പുറത്തും ഹസൈനാറിന്റെ കഴുത്തിനും മുഖത്തുമാണ് വെടിയേറ്റത്. ഇരുവരെയും കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രവീന്ദ്രറാവു വഴിമധ്യേ മരിച്ചു.
സിപിഐ എം ബാലനടുക്കം ബ്രാഞ്ചംഗമാണ് രവീന്ദ്രറാവു. അമ്മ: കമല. ഭാര്യ: ഭാരതി. 18 ദിവസം പ്രായമായ സുദര്ശന് ഏകമകനാണ്. സഹോദരങ്ങള്‍ : ബാലകൃഷ്ണന് , നളിനാക്ഷി, പരേതനായ ബാബു. മൃതദേഹം പൊലീസ് ഇന്‍ക്വസ്റ്റിനുശേഷം രാവിലെ പത്തരയോടെ പോസ്മോര്‍ട്ടത്തിന് പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് മാറ്റി. സിപിഐ എം ജില്ല- ഏരിയാ കമ്മിറ്റി ഓഫീസുകളില്‍ പൊതുദര്‍ശനത്തിനു വച്ചശേഷം ഞായറാഴ്ച വൈകിട്ടാണ് സംസ്കാരം സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം പി കരുണാകരന് എംപി, ജില്ലാ സെക്രട്ടറി കെ പി സതീഷ് ചന്ദ്രന് തുടങ്ങിയവര്‍ ആശുപത്രിയിലെത്തി. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ശനിയാഴ്ച ദേലംപാടിയില്‍ ഹര്‍ത്താലാചരിച്ചു.
ആദ്യത്തെ കണ്മണിയെ കണ്‍നിറയെ കാണാനാകാതെ രവീന്ദ്ര...
അഡൂര്‍ : രണ്ടു വര്‍ഷത്തെ പ്രാര്‍ഥനയില്‍ വരദാനമെന്നപോലെ 18 ദിവസം മുമ്പ് പിറന്ന പൊന്നോമന മകനെ കണ്‍കുളിര്‍ക്കെ കാണും മുമ്പാണ് കൊലയാളിയുടെ വെടിയുണ്ട രവീന്ദ്ര റാവുവിന്റെ ജീവന് കവര്‍ന്നത്. അഡൂര്‍ ബാലനടുക്കം എടോണിയിലെ പരേതനായ ശ്രീനിവാസ റാവുവിന്റെ മകനായ രവീന്ദ്ര റാവുവിനെ വെള്ളിയാഴ്ച രാത്രി പത്തിനാണ് കോണ്‍ഗ്രസ് പ്രവര്ത്തകന് ശ്രീധരന് വെടിവച്ചു കൊന്നത്. ഉദുമ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കുഞ്ഞിരാമന്റെ വിജയാഹ്ലാദ പ്രകടനത്തില്‍ പങ്കെടുത്ത് ബാലനടുക്കയിലെ സുഹൃത്ത് മൂസയുടെ വീടിന് മുന്നില്‍നിന്ന് സംസാരിച്ചു നില്‍ക്കവെയാണ് രവീന്ദ്രയുടെയും സുഹൃത്തുക്കളുടെയും നേരെ ശ്രീധരന് നാടന്‍ തോക്കില്‍ നിറയൊഴിച്ചത്.
രണ്ടു വര്‍ഷം മുമ്പാണ് രവീന്ദ്ര ബെള്‍ത്തങ്ങാടി ഉജിരയിലെ ഭാരതിയെ വിവാഹം കഴിച്ചത്. ഒരു കുഞ്ഞിക്കാല് കാണാനുള്ള ഭാഗ്യം ഈ ദമ്പതികള്‍ക്ക് ഏറെ വൈകിയാണുണ്ടായത്. ഭാരതി ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിട്ട് 18 ദിവസമായി. പ്രസവത്തിന് സ്വന്തം വീട്ടില്‍ പോയ ഭാരതി ഇപ്പോള്‍ ഉജിരയിലാണ്. ഭര്‍ത്താവിന്റെ മരണം ഇതുവരെയും ഇവരെ അറിയിച്ചില്ല. ഭാരതിയെ ശനിയാഴ്ച ഉജിരയില്നിന്ന് അഡൂരിലേക്ക് കൊണ്ടുവന്നത്് ഭര്‍ത്താവിന്റെ അമ്മക്ക് സുഖമില്ലെന്ന് പറഞ്ഞാണ്. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഞായറാഴ്ച രവീന്ദ്രയുടെ മൃതദേഹം വീട്ടില്‍ കൊണ്ടുവരുമ്പോള്‍ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കുമെന്ന ആശങ്കയിലാണ് എല്ലാവരും. മകന്റെ വേര്‍പാട് ഉള്‍ക്കൊള്ളാന്‍ കഴിയാതെ വിറങ്ങലിച്ച് നില്‍ക്കുകയാണ് അമ്മ കമലയും കുടുംബാംഗങ്ങളും.
സാധാരണക്കാരായ കുടുംബത്തിന് അത്താണിയായിരുന്നു രവീന്ദ്ര. രവീന്ദ്ര കൂലിപ്പണിയെടുത്തും ഭാര്യ ഭാരതി ബീഡി തെറുത്തുമാണ് കുടുംബം പുലര്‍ത്തിയിരുന്നത്. മൂത്ത ജ്യേഷ്ഠന് ബാലകൃഷ്ണന് കുടുംബത്തോടൊപ്പം തൊട്ടടുത്ത വീട്ടിലാണ് താമസിക്കുന്നത്. മറ്റൊരു ജ്യേഷ്ഠന് ബാബു 20 വര്‍ഷം മുമ്പ് മരിച്ചു. ഏക സഹോദരി നളിനാക്ഷി വിവാഹിതയാണ്. സിപിഐ എം ബാലനടുക്കം ബ്രാഞ്ചംഗമായ രവീന്ദ്രയുടെ അതിദാരുണ മരണം നാടിനെ ദുഃഖത്തിലാഴ്ത്തി. സിപിഐ എമ്മിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. നാട്ടില്‍ എല്ലാവരും സ്നേഹത്തോടെ ബാവെ എന്ന് വിളിക്കുന്ന രവീന്ദ്ര പാര്‍ടി പരിപാടികളുടെ സംഘാടനത്തിലെന്ന പോലെ പരസഹായം ചെയ്യുന്നതിലും മുന്നിലായിരുന്നു.
(പി ഡി രതീഷ്കുമാര്‍)
രവീന്ദ്രയുടെ അരുംകൊലയില്‍ പ്രതിഷേധിക്കുക: സിപിഐ എം
കാസര്‍കോട്: സിപിഐ എം പ്രവര്‍ത്തകര്‍ക്കുനേരെ കോണ്‍ഗ്രസ് ഐ ക്രിമിനല്‍ കള്ളത്തോക്ക് ഉപയോഗിച്ച് നടത്തിയ വെടിവയ്പ്പിനെ സിപിഐ എം ജില്ലാകമ്മിറ്റി അപലപിച്ചു. സംഭവത്തില്‍ പാടി ബാലനടുക്കം ബ്രാഞ്ചംഗം രവീന്ദ്ര റാവു മരിക്കുകയും പ്രവര്‍ത്തകനായ ഹസൈനാര്‍ ഗുരുതര പരിക്കുകളോടെ മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലുമാണ്. രാഷ്ട്രീയ വൈരാഗ്യത്താല്‍ ഒരു പ്രകോപനവുമില്ലാതെ നടത്തിയ ഈ അരുംകൊല നാടിനെ നടുക്കി. കൊല്ലപ്പെട്ട രവീന്ദ്രക്ക് പ്രായമായ അമ്മയും ഭാര്യയും 18 ദിവസം പ്രായമായ കുഞ്ഞുമാണുള്ളത്. അത്യന്തം നീചവും മനുഷ്യത്വരഹിതവുമായ കൊലപാതകത്തിലും അക്രമത്തിലും പ്രതിഷേധിക്കാന്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളോടും ജില്ലാകമ്മിറ്റി അഭ്യര്‍ഥിച്ചു. ഞായറാഴ്ച പകല്‍ 12.30ന് കാസര്‍കോട് വിദ്യാനഗറിലെ സിപിഐ എം ജില്ലാകമ്മിറ്റി ഓഫീസായ എ കെ ജി മന്ദിരത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. പകല്‍ രണ്ടിന് ബാലനടുക്കയിലെ വീട്ടിലെത്തിച്ച ശേഷം പാര്‍ടി പ്രവര്‍ത്തകരുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ സംസ്കരിക്കും.
ദേലംപാടിയില്‍ ഹര്‍ത്താല്‍ പൂര്‍ണം
അഡൂര്‍ : സിപിഐ എം ബാലനടുക്കം ബ്രാഞ്ചംഗം എ രവീന്ദ്ര റാവുവിനെ വെടിവച്ച് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് സിപിഐ എം ദേലംപാടിയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. കടകമ്പോളങ്ങള്‍ പൂര്‍ണമായും അടച്ചിട്ടു. ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല. പ്രിയപ്പെട്ടവന്റെ വേര്‍പാടില്‍ ദുഃഖ സൂചകമായി നടത്തിയ ഹര്‍ത്താലിനോട് നാട്ടുകാര്‍ പൂര്‍ണമായും സഹകരിച്ചു. കാസര്‍കോട്-അഡൂര്‍ ബസ്സുകള്‍ കൊട്ടിയാടി വരെയാണ് സര്‍വീസ് നടത്തിയത്. സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം പി കരുണാകരന് എംപി, ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന് , ജില്ലാ സെക്രട്ടറിയറ്റംഗം സി എച്ച് കുഞ്ഞമ്പു, കെ വി കുഞ്ഞിരാമന് , കെ കുഞ്ഞിരാമന് , ഡിവൈഎഫ്ഐ ജില്ലാസെക്രട്ടറി സാബു അബ്രഹാം, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി പി ശ്യാമളാദേവി എന്നിവര്‍ രവീന്ദ്രയുടെ വീട് സന്ദര്‍ശിച്ചു. സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി പി രാഘവന് , കെ കുഞ്ഞിരാമന് , ബി കെ നാരായണന് , ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സാബു അബ്രഹാം, പ്രസിഡന്റ് സിജി മാത്യു, എസ്എഫ്ഐ ജില്ലാ സെക്രട്ടറി കെ സബീഷ് എന്നിവര്‍ ആശുപത്രിയിലെത്തി. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇരിയണ്ണിയില്‍ സിപിഐ എം നേതൃത്വത്തില്‍ പ്രകടനം നടത്തി. കെ പ്രഭാകരന് , പി വിനയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
deshabhimani 150511
സിപിഐ എം പ്രവര്‍ത്തകനെ വെടിവെച്ചുകൊന്ന കോണ്ഗ്രസുകാരന് അറസ്റ്റില്‍ . അഡൂര്‍ ബാലനടുക്കം എടോണിയിലെ പരേതനായ ശ്രീനിവാസ റാവുവിന്റെ മകന് എ രവീന്ദ്ര റാവുവി(35)നെ കൊലപ്പെടുത്തിയ കേസില്‍ ബെള്ളച്ചേരിയിലെ ശ്രീധരനെ(38)യാണ് ആദൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വെടിയേറ്റ സുഹൃത്ത് ഹസൈനാര്‍(30) ഗുരുതരാവസ്ഥയില്‍ മംഗളൂരു ഗവ. വെന്‍ലോക്ക് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. തോക്കും വാഹനവും കസ്റ്റഡിയിലെടുത്തു.
ReplyDelete