Sunday, May 22, 2011

പി ജെ ജോസഫിനെതിരെ വീണ്ടും പീഡനകേസ്

ഇടുക്കി: കേരള കോണ്‍ഗ്രസ് നേതാവും നിയുക്ത മന്ത്രിയുമായ പി ജെ ജോസഫ് വീണ്ടും സ്ത്രീപീഡന കേസില്‍ കുരുങ്ങി. തൊടുപുഴ പടിഞ്ഞാറെ കോടിക്കുളം സ്വദേശിനിയായ യുവതി ജോസഫിനെതിരെ നല്‍കിയ ഹര്‍ജി തൊടുപുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്നലെ ഫയലില്‍ സ്വീകരിച്ചു. ഈ മാസം 28ന് കോടതിയില്‍ നേരിട്ടെത്തി തെളിവു നല്‍കാന്‍ വാദിക്ക് മജിസ്‌ട്രേറ്റ് രവിചന്ദ് ഉത്തരവ് നല്‍കി.

തന്റെ  മൊബൈല്‍ ഫോണിലേയ്ക്ക് ജോസഫ് നിരന്തരം വിളിച്ചും മെസേജുകള്‍ അയച്ചും ശല്യപ്പെടുത്തുന്നുവെന്നാണ് 34 കാരിയായ യുവതിയുടെ പരാതി. തന്റെ ഇംഗിതത്തിന് വഴങ്ങിയാല്‍ ആവശ്യപ്പെടുന്നതെല്ലാം നല്‍കാമെന്നും താന്‍ വിളിച്ചകാര്യം ഭര്‍ത്താവ് അറിയരുതെന്നും മറ്റും ജോസഫ് പറഞ്ഞതായും യുവതി കോടതിയില്‍ ബോധിപ്പിച്ചു. ലൈംഗിക ചുവ കലര്‍ത്തിയുള്ള ജോസഫിന്റെ സംസാരം അതിരുവിട്ടപ്പോള്‍ യുവതി ഭര്‍ത്താവിനൊപ്പം തൊടുപുഴ എ എസ് പിയെയും ഐ ജി ആര്‍ ശ്രീലേഖയെയും നേരില്‍ കണ്ട് പരാതി നല്‍കിയിരുന്നു. എന്നാല്‍ നടപടിയൊന്നുമുണ്ടായില്ല. വിവരമറിഞ്ഞ് ജോസഫിന്റെ പാര്‍ട്ടിയില്‍പ്പെട്ടവര്‍ തന്നെയും ഭര്‍ത്താവിനെയും വകവരുത്താനും പലവട്ടം ശ്രമിച്ചു. ഈ സാഹചര്യത്തിലാണ് കോടതിയെ സമീപിക്കുന്നതെന്ന് ഇന്നലെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരായ യുവതി ബോധിപ്പിച്ചു.

കഴിഞ്ഞ മാര്‍ച്ച് ആദ്യവാരത്തിലാണ് കേസിനാസ്പദമായ സംഭവം തുടങ്ങുന്നത്. യുവതിയുടെ ഭര്‍ത്താവ് ഒരു മാസികയുടെ ഇടുക്കി ജില്ലയിലെ ട്രെയിനി റിപ്പോര്‍ട്ടറാണ്. തിരഞ്ഞെടുപ്പ് ആസന്നമായ കാലമായതിനാല്‍ ജനപ്രതിനിധികളുടെ ഇന്റര്‍വ്യു എടുക്കാന്‍ തൊടുപുഴ എം എല്‍ എ ആയ ജോസഫിനെയും ഇയാള്‍ വിളിച്ചു. തിരക്കായതിനാല്‍ പിന്നീട് തിരിച്ചുവിളിക്കാമെന്ന് ജോസഫ് അപ്പോള്‍ മറുപടി നല്‍കി. താന്‍ ഇപ്പോള്‍ സംസാരിച്ചത് ഭാര്യയുടെ നമ്പറില്‍ നിന്നാണെന്നുപറഞ്ഞ റിപ്പോര്‍ട്ടര്‍ തന്റെ മൊബൈല്‍ നമ്പറും ജോസഫിന് നല്‍കി. എന്നാല്‍ യുവതിയുടെ നമ്പര്‍ ലഭിച്ച ജോസഫ് ആ ഫോണിലേയ്ക്ക് തിരിച്ചു വിളിക്കുകയും ശൃംഗാരം നടത്തുകയുമായിരുന്നു.

യുവതി ഭര്‍ത്താവിനോട് ഇക്കാര്യങ്ങള്‍ പറഞ്ഞതനുസരിച്ച് അയാള്‍ ജോസഫിനെ വിളിച്ച് താക്കീത് ചെയ്യാനൊരുങ്ങിയപ്പോള്‍ അബദ്ധത്തില്‍ സംഭവിച്ചതാണെന്നായിരുന്നു മറുപടി. എന്നാല്‍ ജോസഫ് ശൃംഗരിക്കലും മെസേജ് അയയ്ക്കലും പിന്നീടും തുടര്‍ന്നെന്ന് യുവതി പറയുന്നു. 'ഞാന്‍ ഇടയ്ക്കിടെ ബ്ലാങ്കായ മെസേജുകള്‍ അയയ്ക്കാം. ആരുമില്ലാത്ത സമയത്ത് തിരിച്ചുവിളിച്ചാല്‍ മതി'. എന്നും ജോസഫ് പറഞ്ഞതായാണ് മൊഴി.

'താങ്കള്‍ സമൂഹത്തില്‍ മാന്യതയോടെ ജീവിക്കുന്ന ആളാണ്. മുന്‍മന്ത്രിയും എം എല്‍ എയുമാണ്. ഇത്തരത്തില്‍ പെരുമാറി ഞങ്ങളുടെ കുടുംബജീവിതം തകര്‍ക്കരുത് എന്ന് ഒരു ഘട്ടത്തില്‍ വാദിയായ യുവതി ജോസഫിനോട് പറഞ്ഞു. എന്നാല്‍ അശ്ലീലച്ചുവ കലര്‍ത്തിയായിരുന്നു ജോസഫിന്റെ മറുപടി. ''ചെറിയ വരുമാനം മാത്രമുള്ള ഒരുത്തന്റെ കൂടെ നീ കഴിയുന്നത് എന്തിനാണ്. നിനക്ക് ആവശ്യമുള്ളതെല്ലാം ഞാന്‍ തരാം. നിന്റെ ശബ്ദം എത്ര മനോഹരമാണ്. എന്റെ പ്രായം ഒരു പ്രശ്‌നമായി കരുതേണ്ട. ഇപ്പോഴും എനിക്ക് നല്ല ആരോഗ്യമുണ്ട്''. എന്നിങ്ങനെ ലൈംഗിക കാര്യങ്ങള്‍ വിവരിക്കുന്നത് വരെ ജോസഫിന്റെ സംസാരം നീണ്ടകാര്യം ഹര്‍ജിയില്‍ എടുത്തുപറഞ്ഞിട്ടുണ്ട്.

തന്റെ ഇംഗിതം സാധിച്ചു കൊടുത്താല്‍ പണം മാത്രമല്ല ജോലിയും ശരിയാക്കി നല്‍കാമെന്ന് ജോസഫ് പറഞ്ഞെന്നും യുവതി മൊഴി നല്‍കി. കൂടാതെ വീടുവച്ചു നല്‍കാമെന്നും എക്കാലവും സംരക്ഷിച്ചുകൊള്ളാമെന്നും മറ്റും പ്രലോഭിപ്പിച്ച ജോസഫ് താന്‍ പറയുന്ന സ്ഥലത്ത് ചെല്ലണമെന്നും സഹകരിക്കണമെന്നും മറ്റും ഒരു ഘട്ടത്തില്‍ പറഞ്ഞു.

കാര്യങ്ങള്‍ പരിധിവിടുന്നതായി കണ്ട സാഹചര്യത്തിലാണ് തൊടുപുഴ എ എസ് പി നിഷാന്തിനി, ഐ ജി ശ്രീലേഖ എന്നിവര്‍ക്ക് പരാതി നല്‍കിയത്. എന്നാല്‍ ഇക്കാര്യം ചോര്‍ന്ന് കിട്ടിയ മാണി ഗ്രൂപ്പിന്റെ നേതാക്കള്‍ തങ്ങളെ നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്ന് യുവതി പരാതിയില്‍ പറയുന്നു. ഒരു സംഘമാളുകള്‍ ഭര്‍ത്താവിനെ കാറിടിപ്പിച്ചു കൊല്ലാനും ശ്രമിച്ചു. ഈ സാഹചര്യത്തിലാണ് അഡ്വ. സനില്‍ പി രാജ് മുഖേന യുവതി ഹര്‍ജി ഫയല്‍ ചെയ്തത്. ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരവും ഐ ടി ആക്ട് അനുസരിച്ചുമുള്ള വിവിധ കുറ്റങ്ങളാണ് ജോസഫിനെതിരെ ആരോപിച്ചിട്ടുള്ളത്. ഹര്‍ജിയില്‍ ശനിയാഴ്ച വിശദമായ തെളിവെടുപ്പ് നടത്തും.

janayugom 220511

4 comments:

  1. കേരള കോണ്‍ഗ്രസ് നേതാവും നിയുക്ത മന്ത്രിയുമായ പി ജെ ജോസഫ് വീണ്ടും സ്ത്രീപീഡന കേസില്‍ കുരുങ്ങി. തൊടുപുഴ പടിഞ്ഞാറെ കോടിക്കുളം സ്വദേശിനിയായ യുവതി ജോസഫിനെതിരെ നല്‍കിയ ഹര്‍ജി തൊടുപുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്നലെ ഫയലില്‍ സ്വീകരിച്ചു. ഈ മാസം 28ന് കോടതിയില്‍ നേരിട്ടെത്തി തെളിവു നല്‍കാന്‍ വാദിക്ക് മജിസ്‌ട്രേറ്റ് രവിചന്ദ് ഉത്തരവ് നല്‍കി.

    ReplyDelete
  2. മന്ത്രി പി ജെ ജോസഫിനെതിരെയുള്ള മൊബൈല്‍ ഫോണ്‍ പീഡനക്കേസില്‍ തൊടുപുഴ ഫസ്റ്റ് ക്ലാസ് ജുഡിഷ്യല്‍ മജിസ്‌ട്രേട്ട് കോടതി ഇന്നലെ പരാതിക്കാരിയായ യുവതിയുടെ മൊഴിയെടുത്തു. തൊടുപുഴ സ്വദേശിയായ യുവതിയുടെ സ്വകാര്യ അന്യായത്തിലാണ് കോടതി ഇന്നലെ മൊഴിയെടുത്തത്.

    പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ കോടതിയില്‍ യുവതി ആവര്‍ത്തിച്ചതിനെത്തുടര്‍ന്ന് ഒന്നുമുതല്‍ മൂന്നുവരെ സാക്ഷികള്‍ക്ക് സമന്‍സ് അയയ്ക്കാന്‍ കോടതി ഉത്തരവിട്ടു. ഇവര്‍ ജൂണ്‍ നാലിന് കോടതിയിലെത്തി മൊഴി നല്‍കണം. ഒന്നാം സാക്ഷി പരാതിക്കാരിയുടെ ഭര്‍ത്താവും രണ്ടാം സാക്ഷി തൊടുപുഴ ബി എസ് എന്‍ എല്‍ മാനേജരും മൂന്നാം സാക്ഷി പിരുമേട് എം എല്‍ എ ബിജിമോളുമാണ്. പരാതിക്കാരി ജീവന് ഭീഷണി ഉണ്ടെന്നുപറഞ്ഞ് പൊലീസിന് നല്‍കിയ പരാതി യഥാവിധം പരിഗണിക്കാഞ്ഞതിനെത്തുടര്‍ന്ന് ബിജിമോള്‍ എം എല്‍ എയുടെ സഹായത്തോടെ പരാതി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യിപ്പിക്കുകയായിരുന്നു.

    ഇന്നലെ യുവതിയുടെ മൊഴി കോടതി ഹാളില്‍ മജിസ്‌ട്രേറ്റ് നേരിട്ട് രേഖപ്പെടുത്തുകയായിരുന്നു. നിരന്തരം തന്റെ ഫോണിലേയ്ക്ക് വിളിച്ച് പി ജെ ജോസഫ് അശ്ലീലചുവയോടെ സംസാരിക്കുകയും ബ്ലാങ്ക് മെസേജുകള്‍ ഉള്‍പ്പെടെ 200ഓളം മെസേജുകള്‍ അയച്ചുവെന്നുമാണ് പരാതിയില്‍ പറയുന്നത്.

    പി ജെ ജോസഫിന്റെ ബി എസ് എന്‍ എല്‍ നമ്പറായതുകൊണ്ടാണ് ഫോണിലെ വിവരങ്ങള്‍ പരിശോധിക്കാന്‍ തൊടുപുഴ ബി എസ് എന്‍ എല്‍ മാനേജരോട് കോടതിയില്‍ ഹാജരാകാന്‍ പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ മാര്‍ച്ച് ആദ്യവാരത്തിലാണ് കേസിനാസ്പദമായ സംഭവം തുടങ്ങുന്നത്.

    തന്റെ ഇംഗിതം സാധിച്ചുകൊടുത്താല്‍ പണം മാത്രമല്ല ജോലിയും ശരിയാക്കി നല്‍കാമെന്നും ജോസഫ് പറഞ്ഞെന്നും യുവതി പരാതിയില്‍ വ്യക്തമാക്കി. ഇതിനേത്തുടര്‍ന്നാണ് യുവതി തൊടുപുഴ എ എസ് പി നിഷാന്തിനി, ഐ ജി ശ്രീലേഖ എന്നിവര്‍ക്ക് പരാതി നല്‍കിയത്. പിന്നീട് ഒരുസംഘം ആളുകള്‍ ഭര്‍ത്താവിനെ കാറിടിച്ച് കൊല്ലാനും ശ്രമിച്ചെന്ന് പരാതിയില്‍ പറയുന്നു. ഇതേത്തുടര്‍ന്ന് അഡ്വ. സനില്‍ പി രാജ് മുഖേന യുവതി ഹര്‍ജി ഫയല്‍ ചെയ്തത്. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവും ഐ ടി ആക്ടും അനുസരിച്ചുമുള്ള വിവിധ കുറ്റങ്ങളാണ് ജോസഫിനെതിരെ ആരോപിച്ചിട്ടുള്ളത്.(janayugom 290511)

    ReplyDelete
  3. മന്ത്രി പി ജെ ജോസഫിനെതിരെ ലൈംഗിക അപവാദം നടത്താന്‍ പ്രേരിപ്പിച്ചത് പി സി ജോര്‍ജ് എംഎല്‍എയുടെ നേതൃത്വത്തിലായിരുന്നുവെന്ന് മജിസ്ട്രേറ്റ് മുമ്പാകെ മൊഴി. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ റാന്നി സ്വദേശി പള്ളിനടയില്‍ ജയ്മോന്‍ ലാലുവാണ് ജാമ്യാപേക്ഷയില്‍ മൊഴിനല്‍കിയത്. മന്ത്രി പി ജെ ജോസഫിനെതിരെ ലൈംഗിക അപവാദം നടത്താന്‍ പി സി ജോര്‍ജ് എംഎല്‍എയും ക്രൈം പത്രാധിപര്‍ നന്ദകുമാറും ചേര്‍ന്ന് പ്രേരിപ്പിക്കുകയായിരുന്നെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് പരാതിക്കാരിയായ സ്ത്രീ, പി ജെ ജോസഫ് മൊബൈല്‍ ഫോണിലൂടെ തന്നോട് അശ്ലീലം പറയുകയും സന്ദേശങ്ങള്‍ അയക്കുകയും ചെയ്തെന്ന് ആരോപിച്ച് തൊടുപുഴ കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തിരുന്നു. ഇപ്പോള്‍ അറസ്റ്റിലായ ജയ്മോന്റെ ഭാര്യയാണെന്നാണ് ഇവര്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ വിവാഹ വാഗ്ദാനം നല്‍കി കഴിഞ്ഞ ഒരുവര്‍ഷമായി ജയ്മോന്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നൂവെന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വെള്ളത്തൂവല്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ബൈസന്‍വാലി സ്വദേശിനിയാണ് പരാതിക്കാരി. മുന്‍ പഞ്ചായത്ത് പ്രസിഡന്റായ യുവതിയോടൊപ്പം ജയ്മോന്‍ സ്ഥലം വിട്ടതിനെത്തുടര്‍ന്നാണ് പരാതിയുമായി സുരഭി എത്തിയത്. എന്നാല്‍ പി ജെ ജോസഫിനെതിരെ നല്‍കിയ പരാതിയുടെ പിന്നില്‍ പി സി ജോര്‍ജ് എംഎല്‍എയും ക്രൈം പത്രാധിപര്‍ നന്ദകുമാറുമാണെന്ന സത്യം പുറത്തുപറയുമെന്ന് പറഞ്ഞതിനാലാണ് തന്നെ കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യിച്ചതെന്നാണ് ജയ്മോന്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞിട്ടുള്ളത്.
    (deshabhimani 110711)

    ReplyDelete