Sunday, May 22, 2011

ജപ്പാന്‍ കുടിവെള്ള പദ്ധതി: ജൂലൈയില്‍ നാടിന് സമര്‍പ്പിക്കും

അരൂര്‍ , ചേര്‍ത്തല മണ്ഡലങ്ങളിലെ ജനങ്ങളുടെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകുന്ന ജപ്പാന്‍ കുടിവെള്ള പദ്ധതി രണ്ടു മാസത്തിനകം കമീഷന്‍ ചെയ്യും. ജപ്പാന്‍ ധനസഹായത്തോടെയുള്ള ശുദ്ധജല പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. പൈപ്പിടീല്‍ ജോലികള്‍ 95 ശതമാനവും പൂര്‍ത്തീകരിച്ചു. വാല്‍വ് ചേംബറുകളുടെ നിര്‍മാണവും റെയില്‍വെ പാളത്തിനു കുറുകെയുള്ള പൈപ്പിടീല്‍ ജോലികളും ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ മൂലം റെയില്‍വെ പാളത്തിനു കുറുകെ പൈപ്പിടീല്‍ ജോലികള്‍ക്ക് അനുമതി വൈകിയതാണ് പദ്ധതി നീളാന്‍ കാരണം.

ചേര്‍ത്തല മണ്ഡലത്തിലെ മാരാരിക്കുളം, ഇലഞ്ഞിക്കുളം, പട്ടണക്കാട്, കടക്കരപ്പള്ളി പ്രദേശങ്ങളിലെ റെയില്‍വെ പാളത്തിനുകുറുകെയുള്ള പൈപ്പിടീല്‍ ജോലികള്‍ പൂര്‍ത്തിയായി. അരൂര്‍ മണ്ഡലത്തിലെ ചമ്മനാട്, കരുമാഞ്ചേരി എന്നിവിടങ്ങളിലെ പാളത്തിനു കുറുകെയുള്ള പൈപ്പിടീല്‍ ജോലി നടന്നുവരികയാണ്. ചേര്‍ത്തല മണ്ഡലത്തിലെ ആഞ്ഞിലിപ്പാലം, അര്‍ത്തുങ്കല്‍ എന്നിവിടങ്ങളിലെയും അരൂര്‍ മണ്ഡലത്തിലെ എഴുപുന്ന, തുറവൂര്‍ , പാട്ടുകുളങ്ങര, പിഎസ് ഫെറി, അരൂര്‍ എന്നിവിടങ്ങളിലെ റെയില്‍വെ പാളത്തിനുകുറുകെയുള്ള പൈപ്പിടീല്‍ ജോലിയാണ് പൂര്‍ത്തിയാകാനുള്ളത്. ഇതിനുള്ള പ്രാരംഭ നടപടി ആരംഭിച്ചു. പാളത്തിനു സമീപം ഒന്നരമീറ്റര്‍ താഴ്ത്തി കുഴിയെടുത്തതിനുശേഷം കോണ്‍ക്രീറ്റ് ചെയ്ത് മണ്ണിടിച്ചില്‍ ഉണ്ടാകുന്നത് തടയാന്‍ ഇന്റര്‍ലോക്ക് സ്കോറിങ് സംവിധാനവും ഏര്‍പ്പെടുത്തി. തുടര്‍ന്ന് കോണ്‍ക്രീറ്റ് ചെയ്ത ഭാഗത്ത് വാല്‍വ് ചേംബര്‍ സ്ഥാപിച്ചതിനുശേഷമാണ് പൈപ്പ് ഘടിപ്പിച്ചിരിക്കുന്നത്. റെയില്‍വെ പാളത്തിന് അടിയിലൂടെ വലിയ വ്യാസമുള്ള ഇരുമ്പുപൈപ്പ് പാളത്തിന് കേട് സംഭവിക്കാതിരിക്കാന്‍ എയര്‍പ്രഷര്‍ സംവിധാനത്തിലൂടെ കടത്തിവിട്ട് ഇതിനുള്ളിലൂടെ ജലവിതരണ പൈപ്പ് കടത്തിവിടും. റെയില്‍വെ ലൈനിനടിയിലൂടെ പൈപ്പ് സ്ഥാപിച്ചതിനുശേഷം ഇരുവശത്തും വാല്‍വുകള്‍ സ്ഥാപിക്കും. ഇനി ഒരുകിലോമീറ്ററോളം മാത്രമാണ് പൈപ്പ് സ്ഥാപിക്കാനുള്ളത്.

മൂവാറ്റുപുഴയാറില്‍നിന്ന് പൈപ്പുകളിലൂടെ എത്തിക്കുന്ന വെള്ളം ശുദ്ധീകരിക്കുന്നത് മാക്കേകടവിലാണ്. ജപ്പാന്‍ കുടിവെള്ള പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ അരൂര്‍ , ചേര്‍ത്തല മണ്ഡലങ്ങളിലെ പടിഞ്ഞാറന്‍ തീരദേശമേഖലകളിലും കിഴക്കന്‍ കായലോരമേഖലകളിലുമുള്ള രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകും.
(എം വിപിന്‍ദാസ്)

ദേശാഭിമാനി 220511

1 comment:

  1. അരൂര്‍ , ചേര്‍ത്തല മണ്ഡലങ്ങളിലെ ജനങ്ങളുടെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകുന്ന ജപ്പാന്‍ കുടിവെള്ള പദ്ധതി രണ്ടു മാസത്തിനകം കമീഷന്‍ ചെയ്യും. ജപ്പാന്‍ ധനസഹായത്തോടെയുള്ള ശുദ്ധജല പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. പൈപ്പിടീല്‍ ജോലികള്‍ 95 ശതമാനവും പൂര്‍ത്തീകരിച്ചു. വാല്‍വ് ചേംബറുകളുടെ നിര്‍മാണവും റെയില്‍വെ പാളത്തിനു കുറുകെയുള്ള പൈപ്പിടീല്‍ ജോലികളും ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ മൂലം റെയില്‍വെ പാളത്തിനു കുറുകെ പൈപ്പിടീല്‍ ജോലികള്‍ക്ക് അനുമതി വൈകിയതാണ് പദ്ധതി നീളാന്‍ കാരണം.

    ReplyDelete