Sunday, May 22, 2011

സിപിഐ എം പ്രവര്‍ത്തകനെ ആര്‍എസ്എസുകാര്‍ വെട്ടിക്കൊന്നു

പിണറായി: ആര്‍എസ്എസുകാരുടെ വധശ്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സിപിഐ എം പ്രവര്‍ത്തകന്‍ മരിച്ചു. പാനുണ്ട കോമ്പില്‍ അഫ്ഷീദ് മന്‍സിലില്‍ സി അഷറഫാ(40)ണ് മരിച്ചത്. മീന്‍വില്‍പ്പനയ്ക്കിടെ വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെ എരുവട്ടി കാപ്പുമ്മല്‍ സുബേദാര്‍മെട്ടയിലാണ് അഷ്റഫിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിലായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയാണ് മരണം.

മീന്‍വില്‍പ്പനക്കിടെ റോഡരികില്‍ പതിയിരുന്ന ഏഴംഗ അക്രമിസംഘം സ്കൂട്ടര്‍ തട്ടിവീഴ്ത്തി അഷറഫിനെ വെട്ടിപ്പിളര്‍ക്കുകയായിരുന്നു. കൊടുവാള്‍ , മഴു, എന്നിവ ഉപയോഗിച്ച് ശരീരം മുഴുവനും വെട്ടിക്കീറി. ഇടതുകാല്‍ മുട്ടിനുതാഴെ അറുത്തുമാറ്റി. നിര്‍ധന കുടുംബത്തിന്റെ താങ്ങായിരുന്നു അഷറഫ്. മീന്‍ വിറ്റും ഓട്ടോ ഓടിച്ചുമാണ് കുടുംബം പുലര്‍ത്തിയത്. സിപിഐ എം പാനുണ്ട സൗത്ത് ബ്രാഞ്ച് മുന്‍ അംഗമായിരുന്നു. പരേതനായ മൊയ്തുവിന്റെയും ചേരിക്കല്‍ മറിയുമ്മയുടെയും മകനാണ്. ഭാര്യ: ഷാഹിദ. മക്കള്‍ : അഫ്ഷീദ്(പ്ലസ്ടു വിദ്യാര്‍ഥി), ഹാര്‍ഷിദ്(മമ്പറം സ്കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി). മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ഉമ്മഞ്ചിറ പള്ളിയില്‍ കബറടക്കി

അഷറഫിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

പിണറായി: ആര്‍എസ്എസ്സുകാര്‍ വെട്ടിക്കൊന്ന സിപിഐ എം പ്രവര്‍ത്തകന്‍ പാനുണ്ട കോമ്പിലെ അഫ്ഷീദ് മന്‍സിലില്‍ സി അഷറഫിന് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. നാടും വീടും വിതുമ്പിനില്‍ക്കെ ആയിരങ്ങള്‍ അന്ത്യാഭിവാദ്യം അര്‍പ്പിച്ചു. വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ മൃതദേഹം ഉമ്മഞ്ചിറപള്ളിയില്‍ കബറടക്കി. മത്സ്യവില്‍പനക്കിടെ വ്യാഴാഴ്ച രാവിലെ ആര്‍എസ്എസ് കാപാലിക സംഘം കൊത്തിനുറുക്കിയ അഷറഫ് ശനിയാഴ്ച പുലര്‍ച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ആംബുലന്‍സില്‍ മാഹിയിലെത്തിച്ച മൃതദേഹം അലങ്കരിച്ച തുറന്ന വാഹനത്തില്‍ വിലാപയാത്രയായാണ് നാട്ടിലേക്ക് കൊണ്ടുവന്നത്. മാഹി മുനിസിപ്പല്‍ മൈതാനിയില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പുഷ്പചക്രം അര്‍പ്പിച്ചു. പാര്‍ടി സംസ്ഥാനകമ്മിറ്റിക്കുവേണ്ടി സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ഗോവിന്ദനും ജില്ലാ കമ്മിറ്റിക്കുവേണ്ടി ആക്ടിങ് സെക്രട്ടറി പി ജയരാജനും പുഷ്പചക്രം അര്‍പ്പിച്ചു. വിവിധ വര്‍ഗ-ബഹുജനസംഘടനകള്‍ക്കും പാര്‍ടി ഘടകങ്ങള്‍ക്കുവേണ്ടിയും പുഷ്പചക്രമര്‍പ്പിച്ചു. കോടിയേരി ബാലകൃഷ്ണന്‍ , എം വി ഗോവിന്ദന്‍ , പി ജയരാജന്‍ , സംസ്ഥാനകമ്മിറ്റി അംഗങ്ങളായ കെ പി സഹദേവന്‍ , കെ കെ രാഗേഷ്, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എം പ്രകാശന്‍ , എം സുരേന്ദ്രന്‍ , സി കൃഷ്ണന്‍ , ഒ വി നാരായണന്‍ , ഏരിയ സെക്രട്ടറി പി ബാലന്‍ എന്നിവര്‍ ചേര്‍ന്നാണ് മൃതദേഹത്തില്‍ പതാക പുതപ്പിച്ചത്.

നിരപരാധിയായ ചെറുപ്പക്കാരന്റെ ജീവനെടുത്ത ആര്‍എസ്എസിനോടുള്ള രോഷവും പ്രതിഷേധവും കത്തിപ്പടര്‍ന്ന വിലാപയാത്രയില്‍ അണിനിരന്നത് ആയിരങ്ങള്‍ . ആയിരങ്ങളുടെ അന്ത്യാഞ്ജലി ഏറ്റുവാങ്ങി പാനുണ്ട കോമ്പിലെ അഫ്സിദില്‍ മൃതദേഹമെത്തുമ്പോള്‍ നാട് സാക്ഷിയായത് ഹൃദയഭേദക കാഴ്ചകള്‍ക്ക്. രണ്ടുനാള്‍ മുമ്പ് മത്സ്യവില്‍പനക്കായി പടിയിറങ്ങിപ്പോയ പ്രിയതമന്റെ വെട്ടിപ്പിളര്‍ന്ന മൃതദേഹത്തിന് മുന്നില്‍ ബോധരഹിതയായ ഭാര്യ, എന്തിനിത് ചെയ്തുവെന്ന് ചോദിച്ച് പൊട്ടിക്കരയുന്ന മക്കള്‍ , വിങ്ങലടക്കാനാവാതെ തേങ്ങുന്ന സഹോദരങ്ങള്‍ . നിറകണ്ണുകളുമായാണ് പാനുണ്ട കോമ്പില്‍ ദേശം നാടിന്റെ പ്രിയപുത്രന് വിടനല്‍കിയത്.

കോഴിക്കോട് മെഡിക്കല്‍കോളേജില്‍നിന്ന് മൃതദേഹവും വഹിച്ചുള്ള ആംബുലന്‍സ് ശനിയാഴ്ച വൈകിട്ട് 4.50നാണ് മാഹിയിലെത്തിയത്. വിലാപയാത്ര തലശേരിയിലെത്തുമ്പോള്‍ അവിടെയും ആയിരങ്ങള്‍ . സമയം വൈകിയതിനാല്‍ വാഹനത്തില്‍നിന്ന് പുറത്തിറക്കാതെ പിണറായിയിലേക്ക്. ഏരിയാകമ്മിറ്റി ഓഫീസിനുമുന്നിലും കാപ്പുമ്മല്‍ ഇ എം എസ് മന്ദിരത്തിനുമുന്നിലും പൊതുദര്‍ശനത്തിന് ശേഷമാണ് പാനുണ്ട കോമ്പിലെ വീട്ടിലെത്തിച്ചത്. ബന്ധുക്കള്‍ അവസാനമായി ഒരുനോക്ക് കണ്ടശേഷം രാത്രി എട്ടര യോടെയാണ് മൃതദേഹം കബറടക്കാന്‍ ഉമ്മഞ്ചിറപള്ളിയിലേക്ക് കൊണ്ടുപോയത്.

ദേശാഭിമാനിക്കുവേണ്ടി മാനേജര്‍ എം സുരേന്ദ്രന്‍ പുഷ്പചക്രം അര്‍പ്പിച്ചു. സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗങ്ങളായ എം വി ജയരാജന്‍ , കെ കെ ശൈലജ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കൃഷ്ണന്‍ , വി ജി പത്മനാഭന്‍ , വി നാരായണന്‍ , എം വി സരള, അരക്കന്‍ ബാലന്‍ , ഏരിയ സെക്രട്ടറിമാരായ എന്‍ ചന്ദ്രന്‍ , കാരായി രാജന്‍ , പനോളി വത്സന്‍ , കെ കെ പവിത്രന്‍ , സിപിഐ ജില്ലാ സെക്രട്ടറി സി പി മുരളി, മഹിള അസോസിയേഷന്‍ നേതാക്കളായ കെ ലീല, വി ലീല, ഡിവൈഎഫ്ഐ നേതാക്കളായ എന്‍ അജിത്ത്കുമാര്‍ , സി സത്യപാലന്‍ , പി സന്തോഷ്, കെ സന്തോഷ്, എ എന്‍ ഷംസീര്‍ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. കെ എ സരള, കെപിസിസി എക്സിക്യൂട്ടീവംഗം വി എ നാരായണന്‍ , എ പ്രദീപന്‍ , ജനതാദള്‍ എസ് നേതാക്കളായ പനോളി ലക്ഷ്മണന്‍ , ടി ഭാസ്കരന്‍ തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ അന്ത്യോപചാരമര്‍പ്പിച്ചു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് പിണറായി ഏരിയയിലും കതിരൂരിലും ഹര്‍ത്താലാചരിച്ചു. സംസ്കാരത്തിനു ശേഷം കാപ്പുമ്മല്‍ ഇ എം എസ് വായനശാലാ പരിസരത്ത് സര്‍വകക്ഷി അനുശോചന യോഗം ചേര്‍ന്നു. പഞ്ചായത്ത് പ്രസിഡന്റ് കോങ്കി രവീന്ദ്രന്‍ അധ്യക്ഷനായി. സിപിഐ എം ജില്ലാ ആക്ടിങ് സെക്രട്ടറി പി ജയരാജന്‍ , എം വി ജയരാജന്‍ , എം സുരേന്ദ്രന്‍ , കെ കെ രാഗേഷ്, പി പ്രദീപന്‍ , കെ ദിലീപ്കുമാര്‍ , വി എം വേലായുധന്‍ നമ്പ്യാര്‍ , പി ബാലന്‍ എന്നിവര്‍ സംസാരിച്ചു.

സംഘര്‍ഷത്തിന് ആര്‍എസ്എസ് ആസൂത്രിത നീക്കം: സിപിഐ എം

കണ്ണൂര്‍ : സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ആര്‍എസ്എസ് ആസൂത്രിത നീക്കം നടത്തുകയാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. എരുവട്ടി കാപ്പുമ്മല്‍ സുബേദാര്‍ മൊട്ടയില്‍ കോമ്പില്‍ സി അഷറഫിനെ വെട്ടിക്കൊന്ന സംഭവം അതാണ് കാണിക്കുന്നത്. രാഷ്ട്രീയ സംഘര്‍ഷമില്ലാത്ത പ്രദേശമാണ് എരുവട്ടി കാപ്പുമ്മല്‍ . ഇവിടെ അടുത്തകാലത്തൊന്നും അനിഷ്ടസംഭവം നടന്നിട്ടില്ല. വ്യാഴാഴ്ച രാവിലെ സ്കൂട്ടറില്‍ മത്സ്യവില്‍പന നടത്തുകയായിരുന്ന അഷറഫിനെ പ്രകോപനമില്ലാതെയാണ് ആക്രമിച്ചത്. ആര്‍എസ്എസ്-ബിജെപി ക്രിമിനല്‍ സംഘം ആസൂത്രിതമായി നടത്തിയ ഭീകരകൃത്യമാണ് കൊലപാതകം. ഒരു കേസില്‍പോലും പ്രതിയല്ലാത്ത യുവാവിനെ കൊലപ്പെടുത്തിയത് മാപ്പര്‍ഹിക്കാത്ത കുറ്റമാണ്. ആര്‍എസ്എസ്-ബിജെപി നേതൃത്വത്തിന്റെ അറിവോടെയാണ് ഈ അരുംകൊല.

സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശങ്ങളായ അഴീക്കോട് ധനേഷിനെയും കണ്ണപുരത്ത് റിജിത്തിനെയും കല്യാശേരിയില്‍ പി പി മനോജിനെയും കൊലപ്പെടുത്തി. അഷറഫിന്റെയും കൊലപാതകം ഇതേ ഉദ്ദേശ്യത്തോടെയാണ് ആസൂത്രണം ചെയ്തത്. കഴിഞ്ഞ ദിവസം എരഞ്ഞോളി വാടിയില്‍ പീടികയില്‍ ബോംബ് നിര്‍മാണത്തിനിടെ പത്തൊമ്പതുകാരനായ ആര്‍എസ്എസ്സുകാരന്റെ കൈകളും കണ്ണും നഷ്ടപ്പെട്ടു. അക്രമം വ്യാപിപ്പിക്കാന്‍ ആര്‍എസ്എസ് നടത്തുന്ന തയ്യാറെടുപ്പാണ് ഈ സംഭവം സൂചിപ്പിക്കുന്നത്.നാട്ടില്‍ സമാധാനജീവിതം ഉറപ്പുവരുത്തുന്നതിന് തികഞ്ഞ ആത്മസംയമനത്തോടെയാണ് അക്രമങ്ങളെ സിപിഐ എം നേരിട്ടത്. എന്നാല്‍ അക്രമം വ്യാപിപ്പിക്കാനും സമാധാനം തകര്‍ക്കാനുമുള്ള തുടര്‍ച്ചയായ നീക്കമാണ് ആര്‍എസ്എസ്-ബിജെപിയുടെ ഭാഗത്തുനിന്നുണ്ടാവുന്നത്. അക്രമത്തിനുമുന്നില്‍ കീഴടങ്ങുന്ന പ്രസ്ഥാനമല്ല സിപിഐ എം. അരുംകൊല രാഷ്ട്രീയം അവസാനിപ്പിക്കാന്‍ ആര്‍എസ്എസ്- ബിജെപി നേതൃത്വം തയ്യാറായില്ലെങ്കില്‍ ജനങ്ങളെ അണിനിരത്തി ചെറുക്കാന്‍ പാര്‍ടി നിര്‍ബന്ധിതരാവും. അക്രമങ്ങള്‍ക്കെതിരെ സമാധാനകാംക്ഷികളായ ജനങ്ങള്‍ മുന്നോട്ടുവരണമെന്നും കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നും ജില്ലാ സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു.

കലാപ നീക്കം അനുവദിക്കില്ല: കോടിയേരി

തലശേരി: സിപിഐ എം പ്രവര്‍ത്തകന്‍ കാപ്പുമ്മലിലെ അഷറഫിനെ കൊലപ്പെടുത്തി പ്രദേശത്തെ കലാപഭൂമിയാക്കാനുള്ള ആര്‍എസ്എസ്-ബിജെപി ശ്രമം അനുവദിക്കാനാവില്ലെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

നിയമസഭാതെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി നേരിട്ട പാര്‍ടിയാണ് ബിജെപി. ഇതില്‍നിന്ന് ജനശ്രദ്ധതിരിച്ച് അണികള്‍ക്ക് ഊര്‍ജം പകരാനാണ് കൊലപാതകവുമായി ഇറങ്ങിയത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമുള്ള രണ്ടാമത്തെ കൊലപാതകമാണിത്. കാസര്‍കോട് ജില്ലയിലെ ദേലമ്പാടിയില്‍ സിപിഐ എം പ്രവര്‍ത്തകന്‍ രവീന്ദ്രറാവുവിനെ കഴിഞ്ഞ ദിവസം കോണ്‍ഗ്രസുകാര്‍ വെടിവച്ചുകൊന്നു. മത്സ്യവില്‍പനക്കാരനായ കാപ്പുമ്മലിലെ അഷറഫിനെ പ്രകോപനമില്ലാതെ ആര്‍എസ്എസ്സും കൊലപ്പെടുത്തി. അക്രമവാഴ്ച നടപ്പാക്കാനാണ് ഉമ്മന്‍ചാണ്ടിയുടെ ശ്രമമെങ്കില്‍ ജനങ്ങളെ അണിനിരത്തി നേരിടും. കണ്ണൂര്‍ , കാസര്‍കോട് ജില്ലകളിലെ പൊതുവെ എല്‍ഡിഎഫ് ഭരണത്തില്‍ സമാധാനം സ്ഥാപിക്കാന്‍ കഴിഞ്ഞു. അത് തകര്‍ക്കപ്പെടുകയാണ്-കോടിയേരി പറഞ്ഞു.

deshabhimani 220511

1 comment:

  1. ആര്‍എസ്എസുകാരുടെ വധശ്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സിപിഐ എം പ്രവര്‍ത്തകന്‍ മരിച്ചു. പാനുണ്ട കോമ്പില്‍ അഫ്ഷീദ് മന്‍സിലില്‍ സി അഷറഫാ(40)ണ് മരിച്ചത്. മീന്‍വില്‍പ്പനയ്ക്കിടെ വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെ എരുവട്ടി കാപ്പുമ്മല്‍ സുബേദാര്‍മെട്ടയിലാണ് അഷ്റഫിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിലായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയാണ് മരണം.

    മീന്‍വില്‍പ്പനക്കിടെ റോഡരികില്‍ പതിയിരുന്ന ഏഴംഗ അക്രമിസംഘം സ്കൂട്ടര്‍ തട്ടിവീഴ്ത്തി അഷറഫിനെ വെട്ടിപ്പിളര്‍ക്കുകയായിരുന്നു. കൊടുവാള്‍ , മഴു, എന്നിവ ഉപയോഗിച്ച് ശരീരം മുഴുവനും വെട്ടിക്കീറി. ഇടതുകാല്‍ മുട്ടിനുതാഴെ അറുത്തുമാറ്റി. നിര്‍ധന കുടുംബത്തിന്റെ താങ്ങായിരുന്നു അഷറഫ്. മീന്‍ വിറ്റും ഓട്ടോ ഓടിച്ചുമാണ് കുടുംബം പുലര്‍ത്തിയത്.

    ReplyDelete