Monday, May 16, 2011

അനിശ്ചിതത്വങ്ങള്‍ക്ക് നടുവില്‍ രണ്ടാമൂഴം

അണിയറയിലെ ചരടുവലികളിലൂടെ അധികാര രാഷ്ട്രീയത്തെ ദീര്‍ഘകാലം നിയന്ത്രിച്ച ഉമ്മന്‍ചാണ്ടിക്ക് കേരളത്തിന്റെ മുഖ്യമന്ത്രിക്കസേരയില്‍ രണ്ടാമൂഴം. കോണ്‍ഗ്രസില്‍ കൊട്ടാര വിപ്ലവത്തിലൂടെ എ കെ ആന്റണിയെ അട്ടിമറിച്ച് 20 മാസം അധികാരത്തിലിരുന്ന ഉമ്മന്‍ചാണ്ടിക്ക് ഇത്തവണ എത്രനാള്‍ എന്ന പ്രസക്തമായ ചോദ്യം ബാക്കി. മലരുകളും ചുഴികളും നിറഞ്ഞ കോണ്‍ഗസ് രാഷ്ട്രീയത്തില്‍ സമര്‍ഥമായ കരുനീക്കങ്ങളിലൂടെ അധികാരമുറപ്പിച്ച നേതാവാണ് ഉമ്മന്‍ചാണ്ടി. പതിറ്റാണ്ടുകള്‍ ആന്റണിയുടെ നിഴലായി നടന്ന ശേഷം അദ്ദേഹത്തെ തന്നെ അട്ടിമറിച്ച് 2004 ആഗസ്ത് 31ന് മുഖ്യമന്ത്രിയായി. പൊതു തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഭൂരിപക്ഷം കിട്ടിയതിനെത്തുടര്‍ന്ന് 2006 മെയ് 17ന് രാജിവച്ചു. പിന്നീട് പ്രതിപക്ഷനേതാവിന്റെ കുപ്പായം. 1970 മുതല്‍ എംഎല്‍എയാണ് ഉമ്മന്‍ചാണ്ടി.

ചുറ്റും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സാന്നിധ്യം, അലസമായ വസ്ത്രധാരണം തുടങ്ങിയവ സവിശേഷതള്‍ . ആന്റണിയെപ്പോലെ സിപിഐ എം വിരുദ്ധ രാഷ്ട്രീയത്തിന്റെ വക്താവും കോണ്‍ഗ്രസിലെ വിമോചനസമരതലമുറയുടെ പ്രതിനിധിയുമാണ്. മലയാള മനോരമയുടെ ബാലജനസഖ്യമാണ് ഉമ്മന്‍ചാണ്ടിയുടെ പൊതുപ്രവര്‍ത്തന തൊട്ടില്‍ .

പുതുപ്പള്ളി കരോട്ടു വള്ളക്കാലിക്കല്‍ കെ ഒ ചാണ്ടിയുടെയും ബേബിചാണ്ടിയുടെയും മകനാണ്. 1943 ഒക്ടോബര്‍ 31നായിരുന്നു ജനനം. പുതുപ്പള്ളി സെന്റ് ജോര്‍ജ് ഹൈസ്കൂളില്‍നിന്ന് എസ്എസ്എല്‍സി പാസായശേഷം കോട്ടയം സിഎംഎസ് കോളേജില്‍നിന്ന് പ്രീ-ഡിഗ്രിയും ചങ്ങനാശേരി എസ്ബി കോളേജില്‍നിന്ന് ധനതത്വശാസ്ത്രത്തില്‍ ബിരുദവും നേടി. തുടര്‍ന്ന് എറണാകുളം ലോ കോളേജില്‍നിന്ന് നിയമബിരുദവും നേടി. 1958ല്‍ പുതുപ്പള്ളി ഹൈസ്കൂളിലെ കെഎസ്യു യൂണിറ്റ് സെക്രട്ടറിയായിരുന്നു. സിഎംഎസ് കോളേജില്‍ പഠിക്കുമ്പോള്‍ കെഎസ്യു ജില്ലാ സെക്രട്ടറിയായി. 1961-62ല്‍ മനോരമ ബാലജനസഖ്യം സംസ്ഥാന പ്രസിഡന്റായി പ്രവര്‍ത്തിച്ചു. 1964ല്‍ കെഎസ്യു സംസ്ഥാന ജനറല്‍ സെക്രട്ടറിയായും 1967ല്‍ സംസ്ഥാന പ്രസിഡന്റായും നിയമിതനായി. 1969ല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായ ഉമ്മന്‍ചാണ്ടി തൊട്ടടുത്തവര്‍ഷം പുതുപ്പള്ളിയില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു. അന്നുമുതല്‍ തുടര്‍ച്ചയായി പുതുപ്പള്ളി മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിക്കുന്നു. 1977ല്‍ തൊഴില്‍ - ഭവനനിര്‍മാണ മന്ത്രിയായി സ്ഥാനമേറ്റു. 1980ല്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ടിയുടെ ഡെപ്യൂട്ടി ലീഡറായി. 1981-82ല്‍ ആഭ്യന്തരമന്ത്രിയായി. 82ല്‍ യുഡിഎഫ് കണ്‍വീനറായി തെരഞ്ഞെടുക്കപ്പെട്ടു. 1991ല്‍ കരുണാകരമന്ത്രിസഭയില്‍ ധനമന്ത്രിയായി. മുഖ്യമന്ത്രിക്കെതിരെ കലാപക്കൊടി ഉയര്‍ത്തി 94ല്‍ രാജിവച്ചു. 95ല്‍ ആന്റണി മുഖ്യമന്ത്രിയായപ്പോള്‍ മന്ത്രിസഭയില്‍ചേര്‍ന്നില്ല. 2001ല്‍ യുഡിഎഫ് വീണ്ടും അധികാരത്തില്‍ വന്നപ്പോള്‍ മുന്നണി കണ്‍വീനറായി. ഇത്തവണ പുതുപ്പള്ളയില്‍നിന്ന് വന്‍ ഭൂരിപക്ഷത്തോടെ വിജയം. കനറാബാങ്കില്‍ നിന്നും വിരമിച്ച മറിയാമ്മയാണ് ഭാര്യ. മറിയ, അച്ചു ഉമ്മന്‍ , ചാണ്ടി ഉമ്മന്‍ എന്നിവരാണ് മക്കള്‍

പിരിമുറുക്കം വിട്ടുമാറാതെ ഇന്ദിരാഭവന്‍

മധുരം വിളമ്പിയില്ല. പൂച്ചെണ്ടുകളോ ഹാരങ്ങളോയില്ല. കൈ കുലുക്കലുകള്‍ അപൂര്‍വം. ആരവങ്ങളില്ല. ആളനക്കവും കുറവ്. ഉള്ളവരില്‍ ബഹുഭൂരിപക്ഷവും തലസ്ഥാനത്തിന് പുറത്തുനിന്നുള്ളവര്‍ . എല്ലാവരും ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ . കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ നിലനിന്നിരുന്ന പിരിമുറുക്കത്തിന് അല്‍പ്പം അയവ് വന്നത് ഞായറാഴ്ച ഉച്ചയോടെ. ആരായിരിക്കും കക്ഷിനേതാവെന്നറിയാന്‍ തടിച്ചുകൂടിയവരില്‍ ഏറെയും മാധ്യമപ്രവര്‍ത്തകര്‍ . ഓഫീസിനുള്ളില്‍നിന്ന് ആരെങ്കിലും പുറത്തേക്കിറങ്ങിയാല്‍ ഒറ്റ ചോദ്യം മാത്രം - നേതാവ് ആരെന്ന് ധാരണയായോ. ഉത്തരമില്ലാതെ മണിക്കൂറുകള്‍ .

സൂര്യന്‍ ഉച്ചസ്ഥായിയില്‍ ആയപ്പോള്‍ പെട്ടെന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് അകത്തുനിന്നൊരു അറിയിപ്പ് കിട്ടി. കെപിസിസി പ്രസിഡന്റ് മാധ്യമപ്രതിനിധികളെ കാണുന്നു. 12.20ന് ചാനല്‍ ക്യാമറകള്‍ക്കുമുന്നിലെത്തിയ ചെന്നിത്തല പ്രഖ്യാപിച്ചു: മുഖ്യമന്ത്രിസ്ഥാനത്തേക്കില്ല, മന്ത്രിയാകാനുമില്ല. ഉമ്മന്‍ചാണ്ടി തന്നെ നിയമസഭാകക്ഷിനേതാവായി തുടരുമെന്നും ചെന്നിത്തല അറിയിച്ചു. വാര്‍ത്താ ചാനലുകളിലും മാധ്യമങ്ങളിലും തനിക്കെതിരെ കുപ്രചാരണം നടക്കുന്ന സാഹചര്യത്തിലാണ് ഇക്കാര്യം അറിയിക്കുന്നതെന്നായിരുന്നു ചെന്നിത്തലയുടെ വിശദീകരണം. ക്ഷോഭിതനായി കാണപ്പെട്ട ചെന്നിത്തല മാധ്യമങ്ങളെ കുറ്റപ്പെടുത്താനും മറന്നില്ല.

ഇതിനിടയില്‍ ഉമ്മന്‍ചാണ്ടി നിയമസഭാകക്ഷി നേതൃസ്ഥാനം തുടരണമെന്ന് കോണ്‍ഗ്രസിന്റെ ദേശീയനേതൃത്വം തീരുമാനിച്ചതായുള്ള വിവരവും പരക്കാന്‍ തുടങ്ങി. രണ്ടേമുക്കാലോടെ ഉമ്മന്‍ചാണ്ടി ഉച്ചഭക്ഷണത്തിനായി ഇന്ദിരാ ഭവന്‍ വിട്ടു. പിന്നാലെ കേന്ദ്ര സഹമന്ത്രി കെ സി വേണുഗോപാലും. രാവിലെ ചെന്നിത്തലയുടെ വീട്ടില്‍ ചേര്‍ന്ന വിശാല ഐ ഗ്രൂപ്പ് നേതാക്കളുടെ യോഗത്തില്‍ വേണുഗോപാല്‍ പങ്കെടുത്തിരുന്നു. രണ്ടേമുക്കാലോടെ ഉമ്മന്‍ചാണ്ടി മടങ്ങിയെത്തിയപ്പോള്‍ ചിലര്‍ മുദ്രാവാക്യം മുഴക്കാന്‍ ഒരുങ്ങി. അതിനെ ഉമ്മന്‍ചാണ്ടിതന്നെ വിലക്കി. മൂന്നുമണിയോടെ കേന്ദ്രനേതാക്കളായ മൊഹസിനാ കിദ്വായിയും മധുസൂദനന്‍ മിസ്ത്രിയും എത്തി. യോഗം ആരംഭിച്ചു. നാലേകാലോടെ മാധ്യമപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ നിയമസഭാകക്ഷി നേതാവായി ഉമ്മന്‍ചാണ്ടിയുടെ പേര് ചെന്നിത്തല പ്രഖ്യാപിച്ചു.

ഉമ്മന്‍ചാണ്ടിയെ പരിചയപ്പെടുത്തുന്നതിനിടയില്‍ ഒന്നുരണ്ടുതവണ നാക്ക് പിഴച്ചു. 1977 മുതലാണ് ഉമ്മന്‍ചാണ്ടി എംഎല്‍എയായി തുടരുന്നതെന്ന് പറഞ്ഞത് ചുറ്റമുള്ളവര്‍ തിരുത്തി. ഉമ്മന്‍ചാണ്ടി ചുമതല വഹിച്ച വകുപ്പുകളുടെ പേരുകളില്‍ തൊഴില്‍ വകുപ്പുപോലും ഓര്‍മിച്ച ചെന്നിത്തല ധനവകുപ്പ് വിട്ടുപോയി. തിരുത്തിയത് വര്‍ക്കലയിലെ എംഎല്‍എ. എന്നാല്‍ , എതിര്‍വശത്തിരുന്ന കൂട്ടുകാരനെ ഇദ്ദേഹം കണ്ണടച്ചുകാട്ടിയത് മറ്റാരും ശ്രദ്ധിച്ചതുമില്ല. യോഗനടപടി അവസാനിക്കാറായപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ കൈപിടിച്ച് ഉയര്‍ത്തുന്നത് ക്യാമറയില്‍ പകര്‍ത്താന്‍ ഒരു പ്രസ് ഫോട്ടോഗ്രാഫര്‍ക്ക് മോഹം. ആവശ്യം പറഞ്ഞെങ്കിലും വഴങ്ങാതെ ചെന്നിത്തല യോഗ ഹാള്‍ വിട്ടു.

നിയമസഭാകക്ഷി നേതാവിനെ തെരഞ്ഞെടുത്തിട്ടും ഇന്ദിരാഭവനിലേക്ക് പാര്‍ടി പ്രവര്‍ത്തകരുടെ പതിവ് തള്ളിക്കയറ്റമുണ്ടായില്ല. ജില്ലയ്ക്ക് പുറത്തുള്ള മണ്ഡലങ്ങളില്‍നിന്നുള്ള വിജയികള്‍ക്കൊപ്പം എത്തിയ കുറച്ച് അനുയായികള്‍ യോഗം തീരുംവരെയും ഇന്ദിരാഭവന്റെ പരിസരത്ത് കാത്തുനിന്നിരുന്നു. യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കാന്‍ കന്റോണ്‍മെന്റ് ഹൗസിലേക്ക് തിരിക്കാനായി ഇന്ദിരാഭവന്‍ വിട്ടിറങ്ങിയ ഉമ്മന്‍ചാണ്ടിയെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിയോടെ എതിരേറ്റു. മുദ്രാവാക്യങ്ങളില്‍ ഉമ്മന്‍ചാണ്ടിയും ആന്റണിയും വയലാര്‍ രവിയും നിറഞ്ഞപ്പോള്‍ ചെന്നിത്തല അവഗണിക്കപ്പെട്ടു.

ദേശാഭിമാനി 160511

1 comment:

  1. മധുരം വിളമ്പിയില്ല. പൂച്ചെണ്ടുകളോ ഹാരങ്ങളോയില്ല. കൈ കുലുക്കലുകള്‍ അപൂര്‍വം. ആരവങ്ങളില്ല. ആളനക്കവും കുറവ്. ഉള്ളവരില്‍ ബഹുഭൂരിപക്ഷവും തലസ്ഥാനത്തിന് പുറത്തുനിന്നുള്ളവര്‍ . എല്ലാവരും ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ . കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ നിലനിന്നിരുന്ന പിരിമുറുക്കത്തിന് അല്‍പ്പം അയവ് വന്നത് ഞായറാഴ്ച ഉച്ചയോടെ. ആരായിരിക്കും കക്ഷിനേതാവെന്നറിയാന്‍ തടിച്ചുകൂടിയവരില്‍ ഏറെയും മാധ്യമപ്രവര്‍ത്തകര്‍ . ഓഫീസിനുള്ളില്‍നിന്ന് ആരെങ്കിലും പുറത്തേക്കിറങ്ങിയാല്‍ ഒറ്റ ചോദ്യം മാത്രം - നേതാവ് ആരെന്ന് ധാരണയായോ. ഉത്തരമില്ലാതെ മണിക്കൂറുകള്‍ .

    ReplyDelete