Tuesday, April 24, 2012

സിനിമയ്ക്കു പിന്നിലെ വിസ്മയം


വെള്ളിത്തിരയിലെ നവോദയം ഓര്‍മയായി

കൊച്ചി: മലയാള സിനിമയ്ക്ക് നവഭാവുകത്വത്തിന്റെ ത്രിമാനക്കാഴ്ച സമ്മാനിച്ച നവോദയ അപ്പച്ചന്‍ (88) അന്തരിച്ചു. തിങ്കളാഴ്ച വൈകിട്ട് 6.40ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധയെത്തുടര്‍ന്ന് 18നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ത്യയിലെ ആദ്യ ത്രീഡി സിനിമയായ മൈഡിയര്‍ കുട്ടിച്ചാത്തനും ആദ്യ 70 എംഎം ചിത്രമായ പടയോട്ടവും നിര്‍മിച്ചത് ഇദ്ദേഹമാണ്. മൃതദേഹം ലേക്ഷോര്‍ ആശുപത്രി മോര്‍ച്ചറിയില്‍. സംസ്കാരം ബുധനാഴ്ച വൈകിട്ട് നാലിന് ചെന്നൈ താംബരത്തെ അസംപ്ഷന്‍ പള്ളി സെമിത്തേരിയില്‍ നടക്കും. ചൊവ്വാഴ്ച പകല്‍ 11 മുതല്‍ വൈകിട്ട് ആറുവരെ എറണാകുളം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിനുവയ്ക്കുന്ന മൃതദേഹം തുടര്‍ന്ന് കാക്കനാട്ടെ വസതിയിലെത്തിക്കും. ബുധനാഴ്ച പുലര്‍ച്ചെ ചെന്നൈയിലേക്ക് കൊണ്ടുപോകും.

ഭാര്യയും മക്കളും മരണസമയത്ത് ഒപ്പമുണ്ടായിരുന്നു. ബേബിയാണ് ഭാര്യ. മക്കള്‍: ജിജോ, ജോസ്, ജിസ്, ജിഷ. ജിജോയും ജോസും സംവിധായകരാണ്. ജെ സി ദാനിയല്‍ പുരസ്കാരം ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. തച്ചോളി അമ്പു, മാമാങ്കം, കടത്തനാട്ടുമാക്കം എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. വ്യവസായസംരംഭകന്‍ എന്നനിലയിലും തിളങ്ങിയ അദ്ദേഹം ഇന്ത്യയിലെ ആദ്യത്തെ വാട്ടര്‍തീം പാര്‍ക്കായ കിഷ്കിന്ധയുടെ സ്ഥാപകനുമാണ്. 1924ല്‍ മാളിയംപുരയ്ക്കല്‍ മാണി ചാക്കോയുടെയും ഏലിയാമ്മയുടെയും മകനായാണ് ചാക്കോ പുന്നൂസ് എന്ന അപ്പച്ചന്‍ ജനിച്ചത്. വിദ്യാഭ്യാസത്തിനുശേഷം ജ്യേഷ്ഠന്‍ കുഞ്ചാക്കോയോടൊപ്പം ഉദയാ സ്റ്റുഡിയോയുടെ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായി. ഉദയാ സ്റ്റുഡിയോയുടെ ആദ്യസിനിമയായ വെള്ളിനക്ഷത്രം വിജയിച്ചില്ലെങ്കിലും സഹോദരന്മാരുടെ സിനിമാസ്വപ്നങ്ങള്‍ക്ക് അത് പോറലേല്‍പ്പിച്ചില്ല. എഴുപതുകളുടെ അവസാനമാണ് അപ്പച്ചന്‍ നവോദയ സ്റ്റുഡിയോ സ്ഥാപിക്കുന്നത്. മലയാള സിനിമയുടെ വസന്തകാലത്തിന്റെ തുടക്കമായിരുന്നു അത്. നിരവധി സൂപ്പര്‍ഹിറ്റുകള്‍ നവോദയ സംഭാവനചെയ്തു. മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രതിഭകളായ ഫാസില്‍, മോഹന്‍ലാല്‍ തുടങ്ങിയവര്‍ അരങ്ങേറിയത് അപ്പച്ചന്‍ നിര്‍മിച്ച "മഞ്ഞില്‍ വിരിഞ്ഞ പൂക്കളി"ലൂടെയാണ്.

സിനിമയ്ക്കു പിന്നിലെ വിസ്മയം

മലയാളസിനിമയെ മാറ്റത്തിന്റെ പാതയിലേക്ക് നയിച്ച വ്യക്തിയെന്നാകും മാളിയം പുരയ്ക്കല്‍ എം എം പുന്നൂസ് എന്ന നവോദയ അപ്പച്ചനെ ചരിത്രം വിലയിരുത്തുക. വെള്ളിത്തിരയില്‍ ത്രിമാനവിസ്മയത്തിന്റെ അത്ഭുതക്കാഴ്ചയൊരുക്കിയ 3ഡി സിനിമ; ആദ്യത്തെ സെവന്റി എംഎം ചിത്രം; ആദ്യത്തെ സിനിമാസ്കോപ്പ്; ദക്ഷിണേന്ത്യയിലെ ആദ്യ ടിവി സീരിയല്‍ എന്നിങ്ങനെ കാഴ്ചയുടെ മായാലോകം മലയാളികള്‍ക്കു മുന്നില്‍ എത്തിച്ച വ്യക്തി. ആദ്യ ഡിജിറ്റല്‍ എഡിറ്റിങ് സ്റ്റുഡിയോയുടെ സ്ഥാപകന്‍- വെളുത്തമുണ്ടും ജൂബയും നിറഞ്ഞ ചിരിയുമായി ക്യാമറയ്ക്കു പിന്നില്‍ നിന്ന അപ്പച്ചന്‍ സിനിമാ വിസ്മയങ്ങള്‍ പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തിച്ച നിര്‍മാതാവും സംവിധായകനും ഒക്കെയായിരുന്നു.

കുട്ടനാട്ടുകാരനായ എം എം പുന്നൂസിനെ മലയാളസിനിമയുടെ തിരുത്തല്‍വാദിയായ നവോദയ അപ്പച്ചനാക്കിയത് കഠിനാധ്വാനവും സിനിമയോടുള്ള പ്രണയവുമാണ്. ആദ്യചിത്രത്തിന്റെ പരാജയം അദ്ദേഹത്തെ തളര്‍ത്തിയില്ല. 17-ാം വയസ്സില്‍ തുടങ്ങിയതാണ് അപ്പച്ചനും മലയാളസിനിമയും തമ്മിലുള്ള ബന്ധം. ജ്യേഷ്ഠന്‍ കുഞ്ചാക്കോ ഉദയ സ്റ്റുഡിയോയുടെ മാനേജിങ് ഡയറക്ടറാക്കിയതു മുതല്‍ അപ്പച്ചന്റെ എല്ലാമെല്ലാമായി സിനിമ മാറി. പിന്നീടുള്ള ജീവിതം സിനിമയോടൊത്തായിരുന്നു. വടക്കന്‍ പാട്ടുകളും ചരിത്രസംഭവങ്ങളുമെല്ലാം സിനിമയാക്കിയതോടെ ഉദയ പ്രശസ്തിയിലേക്ക് ഉയര്‍ന്നു. നല്ലതങ്കയും ജീവിതനൗകയും വിശപ്പിന്റെ വിളിയും അമ്പതുകളുടെ തുടക്കംമുതല്‍ ഉദയയെ വളര്‍ത്തി. ഇതിനിടെ, അപ്പച്ചന്‍ എക്സല്‍ ഗ്ലാസ്പോലുള്ള വ്യവസായങ്ങളിലും കൈവച്ചു. 74 ചിത്രമെടുത്ത് ഉദയയെ മലയാളസിനിമയുടെ നെറുകയില്‍ സ്ഥാപിച്ച് 1975ല്‍ കുഞ്ചാക്കോ മരിച്ചു. അതിനുശേഷമായിരുന്നു ഉദയയുടെ സാരഥ്യം അപ്പച്ചന്‍ ഏറ്റെടുക്കുന്നത്. പിന്നീട് 1979ല്‍ കാക്കനാട് നവോദയ സ്റ്റുഡിയോ നിര്‍മാണമാരംഭിച്ചു. "84ല്‍ പൂര്‍ത്തിയായി. നവോദയയുടെ ബാനറില്‍ എക്കാലത്തെയും വലിയ ഹിറ്റുകള്‍ പിറന്നു. തച്ചോളി അമ്പുവും പടയോട്ടവും മൈ ഡിയര്‍ കുട്ടിച്ചാത്തനുമെല്ലാം ഇതില്‍പ്പെടുന്നു. ചെറുപ്പത്തില്‍ തന്നെ സിനിമാ മേഖലയില്‍ ലഭിച്ച പരിചയസമ്പത്തായിരുന്നു നവോദയയെ ഒറ്റയ്ക്ക് നയിക്കാന്‍ ധൈര്യമേകിയതെന്ന് അപ്പച്ചന്‍ ഒരിക്കല്‍ പറഞ്ഞു. ഉദയ, അറുപതുകളിലും എഴുപതുകളുടെ ആദ്യവും സിനിമകളില്‍ വ്യത്യസ്തതയും പുതുമയും കൊണ്ടുവന്നതുപോലെ നവോദയയും മലയാളസിനിമയ്ക്ക് പുതുഭാവം നല്‍കി. പുതുമയും വ്യത്യസ്തതയുമുള്ള നിരവധി ചിത്രങ്ങള്‍ മലയാളത്തിനു സ്വന്തമായി.

സിനിമാസ്കോപ്പ് തുടക്കമായിരുന്നു. തച്ചോളി അമ്പുവെന്ന ആദ്യമലയാള സിനിമാസ്കോപ്പ് ചിത്രം പുറത്തിറക്കിയത് പഴമയില്‍ നിന്ന് മാറ്റം ആഗ്രഹിച്ചായിരുന്നു. 70 എംഎമ്മില്‍ ഇന്ത്യയില്‍ തന്നെ ഷൂട്ട് ചെയ്ത ആദ്യ സിനിമയും പടയോട്ടമായിരുന്നു. പടയോട്ടത്തെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഈ പിന്തുണയും സ്നേഹവുമാണ് മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ത്രീഡി സിനിമയുടെ നിര്‍മാണത്തിനു പിന്നില്‍. പ്രശസ്തിയുടെയും സമ്പന്നതയുടെയും ഉന്നതിയില്‍ നില്‍ക്കുമ്പോള്‍ തന്നെ, സിനിമാ നിര്‍മാണത്തില്‍ നിന്നും അപ്പച്ചന്‍ വിട്ടുനിന്നു. തന്റെ സിനിമയുടെ വ്യാജ സിഡി വ്യാപകമായതിലും പൊലീസ് നിഷ്ക്രിയത്വം പാലിച്ചതുമായിരുന്നു അദ്ദേഹത്തെ പിന്മാറാന്‍ പ്രേരിപ്പിച്ചത്. എന്നാല്‍, 2011ല്‍ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ പുനര്‍നിര്‍മിച്ച് അദ്ദേഹം മടങ്ങിവന്നു. പുതുമുഖങ്ങളെ വളര്‍ത്തിക്കൊണ്ടു വരുന്നതില്‍ നവോദയയും ഉദയയും വഹിച്ച പങ്ക് ചെറുതല്ല. സിബി മലയിലും ഫാസിലും മുതല്‍ രാജീവ്കുമാര്‍വരെ സംവിധായകരും മോഹന്‍ലാല്‍, സുരേഷ്ഗോപി, സംഗീതസംവിധായകരായ ജെറി അമല്‍ദേവ്, ശരത്, മോഹന്‍ സിതാര, ഗായകന്‍ വേണുഗോപാല്‍ എന്നിവരെ അവതരിപ്പിച്ചതും അപ്പച്ചന്‍ തന്നെ. ഇതിനെല്ലാം പുറമെ സിനിമാ നിര്‍മാണരംഗത്തേക്ക് കൂടുതല്‍പ്പേരെ ആകര്‍ഷിക്കാനും പ്രതിവര്‍ഷം 160 സിനിമ വരെ തിയറ്ററിലെത്തിക്കാനും അപ്പച്ചന്റെ സാന്നിധ്യത്തിനായി. താംബരത്തെ അമ്യൂസ്മെന്റ് പാര്‍ക്കായ കിഷ്കിന്ധ രൂപംകൊണ്ടത് അപ്പച്ചന്റെ ആലോചനയുടെ വ്യത്യസ്തതയില്‍ നിന്നാണ്.

ചുവടുമാറ്റത്തിനു പിന്നിലെ സിനിമ

ഒരുകാലത്ത് മലയാളസിനിമയെ അടക്കിവാണ നവോദയ മലയാള സിനിമാ നിര്‍മാണത്തില്‍ സജീവമല്ലാതായി മാറിയതിനു പിന്നില്‍ സിനിമാക്കഥയെയും വെല്ലുന്ന ഒരു കഥയുണ്ട്. 1989ല്‍ കമല്‍ഹാസനെ നായകനാക്കി എടുത്ത ചാണക്യന്‍&ൃറൂൗീ;എന്ന സിനിമ നവോദയ നിര്‍മിച്ചു. തിയറ്ററിലെത്തിയതിനു പിന്നാലെ നാട്ടില്‍ അതിന്റെ വ്യാജ വീഡിയോ കാസറ്റുകളും പ്രചാരത്തിലായി. പടം രക്ഷപ്പെടണമെങ്കില്‍ വ്യാജനെ ഇല്ലാതാക്കണം. അപ്പച്ചനും അണിയറപ്രവര്‍ത്തകരും വ്യാജ കാസറ്റുകള്‍ക്കെതിരെ രംഗത്തെത്തി. അപ്പച്ചന്‍ പരാതി നല്‍കാന്‍ ആലപ്പുഴയിലെ പൊലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ പൊലീസുകാരാരുമില്ല. ഒരാള്‍ മുറിയിലേക്ക് വന്ന് ഇരിക്ക് അതൊന്നു തീര്‍ന്നോട്ടെ എന്നുപറഞ്ഞ് അകത്തേക്ക് പോയി. പൊലീസുകാരന് അപ്പച്ചനെ അറിയില്ല. എല്ലാവരും അകത്തെ മുറിയില്‍ ടെലിവിഷനില്‍ സിനിമ കാണുകയാണ്. ശ്രദ്ധിച്ചപ്പോള്‍ ചാണക്യന്റെ വ്യാജനാണ്. പിടിക്കേണ്ടവര്‍ തന്നെ വ്യാജന്‍ ആസ്വദിച്ചുകാണുമ്പോള്‍ പരാതിയൊന്നും പറയാതെ അപ്പച്ചന്‍ പുറത്തിറങ്ങിയത് പഴയപോലെ മുന്നോട്ടുപോകില്ലെന്ന തിരിച്ചറിവോടെയായിരുന്നു. സിനിമയെ നെഞ്ചോടു ചേര്‍ത്ത അപ്പച്ചന്‍ നേരിട്ട ഏറ്റവും വലിയ തിരിച്ചടിയായിരുന്നു അത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ നൂറിലേറെ സിനിമ നിര്‍മിച്ച നവോദയയില്‍നിന്ന് പിന്നീട് അധികം സിനിമ ഇറങ്ങിയില്ല. അപ്പച്ചന്‍ മറ്റു മേഖലയിലേക്ക് ചുവടുമാറ്റി.

വാത്സല്യം പകര്‍ന്ന വഴികാട്ടി: വയലാര്‍ ശരത്ചന്ദ്ര വര്‍മ

മലയാള സിനിമാ ലോകത്തിന് വാത്സല്യം പകര്‍ന്നുതന്ന വഴികാട്ടിയെയാണ് നവോദയ അപ്പച്ചന്റെ വേര്‍പാടിലൂടെ നഷ്ടമായതെന്ന് ഗാനരചയിതാവ് വയലാര്‍ ശരത്ചന്ദ്ര വര്‍മ പറഞ്ഞു. കുഞ്ചാക്കോ മുതലാളിയുടെ ഗൗരവത്തെ ഭയത്തോടെ കണ്ടവര്‍ക്ക് കുഞ്ഞുമുതലാളിയുടെ കളിചിരികളാണ് ആശ്വാസമേകിയത്. കഴിഞ്ഞയിടെ വെള്ളരി പ്രാവിന്റെ ചങ്ങാതി ചിത്രീകരിച്ച സമയത്തും അദ്ദേഹത്തെ കണ്ടിരുന്നു. "നിന്റഛനെ പോലെ സ്വര്‍ണ ചിറക് വീശിയല്ലെങ്കിലും ഞാനും ഒരു ദിവസം ചിറകടിച്ച് പോകു"മെന്ന് തമാശയായി പറയുകയും ചെയ്തു. ഇനി ഇവിടെവെച്ച് സിനിമ നിര്‍മിക്കാനുള്ള ആരോഗ്യമില്ല. അവിടെച്ചെല്ലട്ടെ നിന്റഛനും ദേവരാജനുമൊക്കെയുണ്ടല്ലോ; പുതിയ സിനിമ അവിടെ വെച്ചാകാം എന്നും പറഞ്ഞു. പക്ഷെ അതിത്ര പെട്ടെന്ന് ആകുമെന്ന് പ്രതീക്ഷിച്ചില്ല-അദ്ദേഹം പറഞ്ഞു.

വന്ദന കൃഷ്ണ

deshabhimani 240412

No comments:

Post a Comment