Monday, April 23, 2012

ഇരട്ടത്തലച്ചിയും മോബ്ലയും കൈപ്പടയുടെ ആധാരക്കാഴ്ച


അച്ചടിയുടെയും ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെയും ലോകത്തുനിന്ന് മനോഹരമായ "കൈപ്പട"യുടെ കാലഘട്ടത്തിലേക്ക് വെളിച്ചംവീശുന്നതാണ് ആലപ്പുഴ ടൗണ്‍ഹാളില്‍ ഒരുക്കിയിട്ടുള്ള പേനകളുടെയും മുദ്രപത്രങ്ങളുടെയും പ്രദര്‍ശനം. കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് ആന്‍ഡ് സ്ക്രൈബേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ദി ആലപ്പി ന്യൂമാറ്റിക്സ് ആന്‍ഡ് ഫിലാറ്റലിക് സൊസൈറ്റിയുടെ സഹകരണത്തോടെയാണ് പ്രദര്‍ശനം തയ്യാറാക്കിയിരിക്കുന്നത്.

ലോകത്തെ ഏറ്റവും വിലകൂടിയ പേനയായ മോബ്ല എന്നറിയപ്പെടുന്ന ജര്‍മന്‍ നിര്‍മിത മൗണ്ട് ബ്ലാങ് ഫൗണ്ടന്‍ പേനയാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയം. ഇതിന് മുപ്പതിനായിരത്തോളം രൂപ വിലവരും. 410 മില്ലി ഗ്രാം പ്ലാറ്റിനത്തിലാണ് പേനയുടെ നിബ് തയ്യാറാക്കിയിരിക്കുന്നത്. നൂറു വര്‍ഷത്തിലേറെ പഴക്കമുള്ള ജര്‍മന്‍ നിര്‍മിത പൈലറ്റ് എന്ന പേനയും അറുപത് വര്‍ഷത്തോളം പഴക്കമുള്ള "പ്രസിഡന്റ്", ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ പേനയായ രാജസേന (ആറ് അണ)യും ശേഖരത്തിലുണ്ട്. ഒരെഴുത്തില്‍തന്നെ രണ്ട് അക്ഷരങ്ങള്‍ തെളിയുന്ന "ഇരട്ടത്തലച്ചി" (caligraphy pen) പേന കാഴ്ചക്കാരെ ആകര്‍ഷിക്കുന്നു. രണ്ടു പേനയും വിവിധ പോയന്റുകളിലുള്ള പത്ത് നിബ് സെറ്റുമാണ് ഈ വിഭാഗത്തിലുള്ളത്. 2500 രൂപയോളം വിലയുള്ള പ്ലാറ്റിനത്തില്‍ നിര്‍മിച്ച ജര്‍മന്‍ കാലിഗ്രഫി പേനയ്ക്ക് 25-30 വര്‍ഷത്തെ പഴക്കമുണ്ട്. "പെലിക്കന്‍" പേനയ്ക്ക് 18,000 രുപ വിലയുണ്ട്. റഷ്യ, ഇംഗ്ലണ്ട്, ചൈനീസ് മംഗോളിയന്‍, ആസ്്രടേലിയ തുടങ്ങിയ രാജ്യങ്ങളില്‍ നിര്‍മിച്ച ഗോള്‍ഡന്‍ പാര്‍ക്കര്‍, ബ്ലാക്ക് ബേര്‍ഡ്, സ്വാന്‍, ഷഫേഴ്സ് തുടങ്ങി സ്വര്‍ണവും പ്ലാറ്റിനവും ഉപയോഗിച്ച് നിര്‍മിച്ച നിബുകളുള്ള അറുനൂറിലധികം പേനകളാണ് ശേഖരത്തിലുള്ളത്.

നാരായംകൊണ്ടെഴുതി സബ്രജിസ്ട്രാര്‍ മുദ്രയോടുകൂടിയ "പനയോലയാധാരമാണ്" മറ്റൊരു വിസ്മയം. ഇതിന് 300 വര്‍ഷത്തോളം പഴക്കമുണ്ട്. 1873ല്‍ അമേരിക്ക ആദ്യമായി പുറത്തിറക്കിയ തപാല്‍ കാര്‍ഡ് ഉള്‍പ്പെടെ 165 രാജ്യങ്ങളുടെ നൂറു വര്‍ഷത്തിലധികം പഴക്കമുള്ള തപാല്‍ കാര്‍ഡുകളും പ്രദര്‍ശനത്തിലുണ്ട്. തിരുവിതാംകൂര്‍, കൊച്ചി നാട്ടുരാജ്യങ്ങളിലെ ആദ്യത്തെ അഞ്ചല്‍ കാര്‍ഡും ശ്രീമൂലം കാര്‍ഡും ഏറ്റവും വിലകുറഞ്ഞ മേഘദൂത് കാര്‍ഡും കാഴ്ചക്കാരെ ആകര്‍ഷിക്കുന്നു. തിരുവിതാംകൂര്‍, കൊച്ചി മുദ്രപത്രങ്ങള്‍, ബ്രിട്ടീഷ് മുദ്രപത്രങ്ങളില്‍ തിരുവിതാംകൂറിന്റെ മുദ്ര പതിപ്പിച്ച പത്രങ്ങള്‍, തിരുകൊച്ചി മുദ്രപത്രങ്ങളില്‍ "കേരള" എന്ന് പുനര്‍മുദ്രണംചെയ്തവ, ബ്രിട്ടീഷ് ഇന്ത്യയിലെ വിവിധ നാട്ടുരാജ്യങ്ങളിലെയും ജനറല്‍ മുദ്രപത്രങ്ങളും, അച്ചടിപ്പിശകുള്ളവ, പ്രിന്റിങ് പ്രസില്‍ തയ്യാറാക്കിയ ആധാരങ്ങള്‍, വില- രാജ്യത്തിന്റെ പേര്- തലതിരിച്ച് തുടങ്ങിയ അച്ചടിപ്പിഴവുകളുള്ള മുദ്രപത്രങ്ങള്‍ എന്നിവയും ചേര- ചോള- പാണ്ഡ്യ രാജകാലത്തെ നാണയങ്ങള്‍ മുതല്‍ ക്രിസ്തുവിനുമുമ്പ് പ്രചാരത്തിലിരുന്ന "റോമന്‍ സ്ക്വയര്‍" എന്ന നാണയം ഉള്‍പ്പെടെ ചരിത്ര രേഖകളായി പ്രദര്‍ശനത്തില്‍ ഇടംപിടിക്കുന്നു. ആലപ്പുഴ കാളാത്ത് വാര്‍ഡ് തോമസ് വള്ളിക്കാടന്‍, തോണ്ടന്‍കുളങ്ങര ലക്ഷ്മീവിലാസം എന്‍ നാഗേന്ദ്രകുമാറുമാണ് ഈ അപൂര്‍വ ശേഖരം ഒരുക്കിയിരിക്കുന്നത്.

deshabhimani 230412

1 comment:

  1. അച്ചടിയുടെയും ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെയും ലോകത്തുനിന്ന് മനോഹരമായ "കൈപ്പട"യുടെ കാലഘട്ടത്തിലേക്ക് വെളിച്ചംവീശുന്നതാണ് ആലപ്പുഴ ടൗണ്‍ഹാളില്‍ ഒരുക്കിയിട്ടുള്ള പേനകളുടെയും മുദ്രപത്രങ്ങളുടെയും പ്രദര്‍ശനം. കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് ആന്‍ഡ് സ്ക്രൈബേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ദി ആലപ്പി ന്യൂമാറ്റിക്സ് ആന്‍ഡ് ഫിലാറ്റലിക് സൊസൈറ്റിയുടെ സഹകരണത്തോടെയാണ് പ്രദര്‍ശനം തയ്യാറാക്കിയിരിക്കുന്നത്.

    ReplyDelete