ഉമ്മന്‍ചാണ്ടി മന്ത്രിസഭ രൂപീകരിക്കപ്പെട്ട ശേഷം യുഡിഎഫിനെയും കോണ്‍ഗ്രസ്സിനെയും ഗ്രസിച്ച ഏറ്റവും വലിയ പ്രതിസന്ധി, മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്‍റും യുഡിഎഫ് കണ്‍വീനറും ഏതാനും മിനിട്ടുനേരം നടത്തിയ കൂടിയാലോചനയോടെ തീര്‍ന്നതായി പ്രഖ്യാപിക്കപ്പെട്ടു. മലപോലെ വന്നത് എലിപോലെ പോയി എന്നാണ് അവര്‍ മാധ്യമ പ്രതിനിധികളോട് പറഞ്ഞത്. നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പുകഴിയും വരെ ആരോപണങ്ങളും തര്‍ക്കങ്ങളും അവയെ ചൊല്ലിയുള്ള പരസ്യപ്രസ്താവനകളും നിര്‍ത്തിവെക്കാന്‍ എ കെ ആന്‍റണിയും അഹമ്മദ്പട്ടേലും നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ നാടകം അരങ്ങേറിയത് എന്നാണ് അഭ്യൂഹം. അങ്ങനെ നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ്സിനും യുഡിഎഫിനും ഒറ്റക്കെട്ടായി നേരിടാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ആ തിരഞ്ഞെടുപ്പുഫലം യുഡിഎഫ് ഗവണ്‍മെന്‍റിനെക്കുറിച്ചുള്ള വിലയിരുത്തലായിരിക്കുമെന്ന് ഉമ്മന്‍ചാണ്ടി പ്രസ്താവിച്ചു കണ്ടു. അതില്‍ ജയിച്ചാല്‍ യുഡിഎഫിന്റെ ഭൂരിപക്ഷം അല്‍പം മെച്ചപ്പെടും. തോറ്റാല്‍ യുഡിഎഫിനെ പഴയ സ്ഥിതിയിലേക്ക് തള്ളിവിടും എന്നു മാത്രമല്ല, തെന്‍റ കോണ്‍ഗ്രസ്സിലെ നേതൃത്വം ചോദ്യം ചെയ്യപ്പെടും എന്ന സൂചനയും ഉമ്മന്‍ചാണ്ടി അതുവഴി തന്നെ അനുകൂലിക്കുന്നവര്‍ക്ക് നല്‍കിയിരിക്കയാണ്.
അഞ്ചാം മന്ത്രി പ്രശ്നം അടഞ്ഞ അധ്യായമാണെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് മന്ത്രിമാരുടെ വകുപ്പുമാറ്റ പ്രശ്നം അവസാന നിമിഷംവരെ തന്നെ അറിയിക്കാത്തതിലുള്ള ഖേദവും അമര്‍ഷവുമൊന്നും രമേശ് ചെന്നിത്തല മറച്ചുവെച്ചില്ല. നെയ്യാറ്റിന്‍കരയില്‍ യോജിച്ചു നില്‍ക്കേണ്ടതുകൊണ്ട് അതെല്ലാം ഇപ്പോള്‍ അവസാനിപ്പിക്കുന്നു എന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്. അഭിപ്രായ വ്യത്യാസമെല്ലാം പറഞ്ഞുതീര്‍ത്തു എന്ന നിലപാടാണ് ഉമ്മന്‍ചാണ്ടി കൈക്കൊണ്ടത്. ഇതോടെ ചില ചാനലുകളിലും പത്രങ്ങളിലും യുഡിഎഫിലെയും കോണ്‍ഗ്രസ്സിലെയും തര്‍ക്കവിതര്‍ക്കങ്ങളും ഏറ്റുമുട്ടലുകളും വാര്‍ത്തയല്ലാതായി മാറാം. അവയെക്കുറിച്ച് ആ മാധ്യമങ്ങള്‍ ഒരു അഭിപ്രായവും ഇനി പ്രകടിപ്പിച്ചില്ല എന്നും വരാം. പക്ഷേ, അഞ്ചാം മന്ത്രി പ്രശ്നവും ഉമ്മന്‍ചാണ്ടി ആഭ്യന്തര വകുപ്പ് തെന്‍റ വിശ്വസ്തന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനു കൈമാറിക്കൊണ്ട് നടത്തിയ വകുപ്പു പുനഃസംഘടനയും ജനങ്ങളുടെയും പാര്‍ടിക്കാരുടെയും മുമ്പില്‍ പ്രശ്നങ്ങള്‍ അല്ലാതാകുന്നില്ല. കാരണം പല ജനവിഭാഗങ്ങളെയും നേതാക്കളെയും സംബന്ധിച്ചിടത്തോളം ആ പ്രശ്നങ്ങള്‍ക്ക് പല മാനങ്ങളുണ്ട്. നെയ്യാറ്റിന്‍കയ്ക്കുവേണ്ടി അവ ഇല്ലാതാക്കാനാവില്ല.
മുസ്ലീംലീഗിന് മന്ത്രിപദമടക്കം അഞ്ചു സ്ഥാനങ്ങള്‍ക്ക്, 1991ലെ കരുണാകരന്‍ ഗവണ്‍മെന്റിന്റെ കാലംമുതല്‍ അര്‍ഹതയുണ്ട് എന്നാണ് ഉമ്മന്‍ചാണ്ടി പറയുന്നത്. അന്ന് നാലുമന്ത്രിമാരും ചീഫ് വിപ്പുമായിരുന്നു. ഇത്തവണ ലീഗ് നേതൃത്വം അഞ്ചാം മന്ത്രിസ്ഥാനം വേണമെന്ന് ആദ്യം തന്നെ ആവശ്യപ്പെട്ടിരുന്നു. പി സി ജോര്‍ജ്, നാടാര്‍ സമുദായം എന്നിവര്‍ മന്ത്രിപദം ആവശ്യപ്പെട്ടപ്പോള്‍ ലീഗും മന്ത്രിസ്ഥാനം ചോദിച്ചിട്ടുണ്ട് എന്ന് പറഞ്ഞ് ചീഫ് വിപ്പ്, ഡെപ്യൂട്ടി സ്പീക്കര്‍ എന്നീ പദവികള്‍ അവര്‍ക്ക് നല്‍കി ഒതുക്കുകയാണ് ഉണ്ടായത്. ലീഗിന് അന്ന് മന്ത്രിസ്ഥാനം നല്‍കിയുമില്ല. അഞ്ചാം മന്ത്രിസ്ഥാനം ഇപ്പോഴത്തെ യുഡിഎഫിന്റെ മന്ത്രിമാരുടെയും എംഎല്‍എമാരുടെയും പ്രാതിനിധ്യഘടന വെച്ച് ലീഗിനു നല്‍കാനാവില്ല എന്ന നിലപാടാണ് കെപിസിസി എക്സിക്യൂട്ടീവ് ഏറെക്കുറെ ഏകകണ്ഠമായി കൈക്കൊണ്ടത്. അത് പെട്ടെന്നു മാറാന്‍ ഇടയാക്കിയ സാഹചര്യം ഏത് എന്ന ചോദ്യമാണ് അനൂപ് ജേക്കബിനൊപ്പം ലീഗിന്റെ അഞ്ചാം മന്ത്രിയായി മഞ്ഞളാംകുഴി അലിയുടെയും സത്യപ്രതിജ്ഞ യുഡിഎഫ് നിശ്ചയിച്ചപ്പോള്‍ കോണ്‍ഗ്രസ് നേതാക്കളില്‍നിന്നു മാത്രമല്ല, സമൂഹത്തില്‍നിന്നാകെ ഉയര്‍ന്നുവന്ന ചോദ്യം. മുസ്ലീംലീഗായാലും കേരള കോണ്‍ഗ്രസ്സായാലും, ചോദിക്കുന്നതെന്തും കയ്യോടെ അനുവദിക്കുന്ന ഉമ്മന്‍ചാണ്ടിയുടെ സമീപനത്തിനെതിരെ കോണ്‍ഗ്രസ്സില്‍നിന്നു മാത്രമല്ല, സമൂഹത്തില്‍നിന്നാകെ ശക്തമായ വിമര്‍ശനം ഉയര്‍ന്നുവന്നു.
മന്ത്രിസഭാ രൂപീകരണ വേളയില്‍ തദ്ദേശ ഭരണവകുപ്പ് മൂന്നായി വിഭജിച്ചത് സംസ്ഥാനത്തിന്റെയോ ജനങ്ങളുടെയോ താല്‍പര്യത്തെ മുന്‍നിര്‍ത്തിയായിരുന്നില്ല. നിക്ഷിപ്ത താല്‍പര്യക്കാരുടെ സമ്മര്‍ദ്ദത്തിനു വഴങ്ങിയായിരുന്നു. അന്ന് അതിനോടുള്ള എതിര്‍പ്പ് ഉയര്‍ന്നുവന്നത് അധികാരവികേന്ദ്രീകരണത്തെ അനുകൂലിക്കുന്ന ജനപ്രതിനിധികളും ബഹുജനപ്രവര്‍ത്തകരും ജീവനക്കാരും അടങ്ങുന്ന മതനിരപേക്ഷ സമൂഹത്തില്‍നിന്നായിരുന്നു. അത്തരത്തിലുള്ള വേറെയും ചില പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നു. ചില ക്രിസ്തീയ സഭാ നേതാക്കളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി പത്താം സ്റ്റാന്‍ഡേര്‍ഡിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തില്‍ തിരുത്തല്‍ വരുത്തിയപ്പോഴും പ്രതിഷേധം മതനിരപേക്ഷമായിരുന്നു. എന്നാല്‍, ചില സമുദായങ്ങളുടെ പക്ഷം പിടിച്ചുള്ള യുഡിഎഫ് സര്‍ക്കാരിെന്‍റ ഉത്തരവുകളും നടപടികളും ഒന്നിനുപുറകെ ഒന്നായി വന്നപ്പോള്‍, അവയ്ക്കെതിരെ സമുദായാധിഷ്ഠിതമായ എതിര്‍പ്പും ഉയര്‍ന്നുവന്നു. സര്‍ക്കാരിനെ അനുകൂലിക്കുന്നതിലും എതിര്‍ക്കുന്നതിലും രാഷ്ട്രീയ പാര്‍ടികളേക്കാളും സമുദായ സംഘടനകള്‍ മുന്നിട്ടിറങ്ങാന്‍ തുടങ്ങി.
യുഡിഎഫ് ഗവണ്‍മെന്‍റ് യുഡിഎഫിന്റെയോ മൊത്തം ജനങ്ങളുടെയോ അല്ല, ചില സാമുദായിക സംഘടനകളുടേതാണ് എന്ന മട്ടിലായി കാര്യങ്ങളുടെ പോക്ക്. പിറവം ഉപതിരഞ്ഞെടുപ്പുകാലത്ത് ഈ മനോഭാവം ആര്‍ക്കും മറച്ചുവെക്കാനാവാത്തവിധം പ്രകടമായിരുന്നു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയാക്കപ്പെടുന്നതും ആ പദവിയില്‍ തുടരുന്നതും കോണ്‍ഗ്രസ്സിനകത്തുനിന്നുപോലും ശക്തമായ എതിര്‍പ്പിെന്‍റ പശ്ചാത്തലത്തിലാണ്. ഭരണത്തെക്കുറിച്ച് മോശം അഭിപ്രായം ഉണ്ടായാല്‍, എതിര്‍പ്പ് ഉയര്‍ന്നാല്‍ ഒരു സമുദായത്തിനു അസുലഭമായി ലഭിച്ച മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെടും, അടുത്തൊന്നും തിരിച്ചുകിട്ടില്ല എന്ന വാദം വ്യാപകമായി പിറവത്ത് പ്രചരിപ്പിക്കപ്പെട്ടതാണ് അവിടെ യുഡിഎഫിന് വലിയ ഭൂരിപക്ഷം ലഭിക്കാന്‍ കാരണമായത്. ഇത് പരസ്യമായ അരമന രഹസ്യമാണ്. ഇങ്ങനെ ശക്തിപ്പെട്ടുവന്ന ഉമ്മന്‍ചാണ്ടിയോടുള്ള വെല്ലുവിളിയുടെയും അതിനെതിരെ ഏത് അടവും പ്രയോഗിച്ചുള്ള ചെറുത്തുനില്‍പിെന്‍റയും പശ്ചാത്തലത്തിലാണ് ലീഗ് അഞ്ചാം മന്ത്രി പദത്തിനായി പൂഴിക്കടകന്‍ അടവ് പ്രയോഗിക്കുന്നത്.
അഞ്ചാം മന്ത്രിയെ തന്നില്ലെങ്കില്‍, നാല് ലീഗ് മന്ത്രിമാരും രാജിവെക്കും. ലീഗിന്റെ ഇക്കാര്യത്തിലുള്ള സമ്മര്‍ദ്ദത്തിനു വഴങ്ങേണ്ടതില്ല എന്നായിരുന്നു കോണ്‍ഗ്രസ് നിലപാട് - കെപിസിസിയുടെയും ഹൈക്കമാന്റിന്റെയും. യുഡിഎഫ് വിട്ട് മുസ്ലീംലീഗിന് മറ്റെവിടെയും പോകാനാവില്ല. ഒറ്റയ്ക്ക് നില്‍ക്കാനും കഴിയില്ല. ഇത് ഓര്‍ത്തിരുന്നെങ്കില്‍ ലീഗിന്റെ ഭീഷണിയെ ഉമ്മന്‍ചാണ്ടിക്ക് ലഘുവായി നേരിടാമായിരുന്നു. പക്ഷേ, ഒറ്റയ്ക്ക് കൈക്കൊള്ളാവുന്ന തീരുമാനമല്ല അത്. മറ്റ് സഹപ്രവര്‍ത്തകരുമായി കൂടിയാലോചിക്കണം. പക്ഷേ, അവര്‍ തെന്‍റ കാലുവാരാന്‍ ഒരുങ്ങിനില്‍ക്കയാണെന്നാണ് ഉമ്മന്‍ചാണ്ടിയുടെ ധാരണ. അതില്‍ സത്യം ഇല്ലാതില്ല. ഫലമോ? മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പകരം അദ്ദേഹത്തിനുള്ളിലെ കുഞ്ഞൂഞ്ഞ് പ്രവര്‍ത്തിച്ചു. കുഞ്ഞു മാണിയും കുഞ്ഞാപ്പയുമായി കൂടിയാലോചിച്ചു. അഞ്ചാം മന്ത്രിയെ ലീഗിന് നല്‍കാനും അതിന്റെ ആഘാതം കുറയ്ക്കാന്‍ ആഭ്യന്തര വകുപ്പ് തെന്‍റ മനഃസാക്ഷി സൂക്ഷിപ്പുകാരനായ തിരുവഞ്ചൂരിനെ ഏല്‍പിക്കാനും തീരുമാനിച്ചു. ഈ തീരുമാനത്തിലെ തകരാറ് അതില്‍ രാഷ്ട്രീയമില്ല എന്നതാണ്. ഗ്രൂപ്പ് ചിന്താഗതിയേ ഉള്ളൂ.ഒരു ഗ്രൂപ്പ് മൂന്നു "കുഞ്ഞു"ങ്ങള്‍ തമ്മില്‍. മറ്റേ ഗ്രൂപ്പ് പഴയ എ ഗ്രൂപ്പിലെ ചില വിശ്വസ്തര്‍ തമ്മില്‍. ഈ ഗ്രൂപ്പുകളും അവയുടെ അടിസ്ഥാനത്തിലുള്ള ഗ്രൂപ്പ് പ്രവര്‍ത്തനവും യാഥാര്‍ത്ഥ്യമാണ്. ആ യാഥാര്‍ത്ഥ്യത്തോടാണ് വിശാല ഐ ഗ്രൂപ്പും എ ഗ്രൂപ്പില്‍നിന്ന് ഒരു തരത്തില്‍ പറഞ്ഞാല്‍ സാമുദായികമായി പുറത്തായ ആര്യാടന്‍ മുഹമ്മദും മറ്റും ഒരു തലത്തില്‍ പ്രതികരിച്ചത്.
മറ്റൊരു തലത്തില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെപ്പോലുള്ളവരും. സാമുദായിക രാഷ്ട്രീയത്തിന്റെയും ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെയും കൂടിക്കുഴച്ചിലാണത്. ഈ അടിസ്ഥാനത്തിലുള്ള വടംവലികള്‍ നെയ്യാറ്റിന്‍കരയില്‍ യുഡിഎഫിനെ തിരിഞ്ഞുകൊത്തും എന്നു കണ്ടാണ് എ കെ ആന്‍റണിയുടെയും മറ്റും നിര്‍ദ്ദേശാനുസരണം ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും തര്‍ക്കങ്ങള്‍ക്ക് തല്‍ക്കാലത്തേക്ക് സുല്ല് പറഞ്ഞത്. പക്ഷേ, ഇവര്‍ കണ്ണടച്ചതുകൊണ്ടു മാത്രം ഇവര്‍ തമ്മിലുള്ള തര്‍ക്കവിതര്‍ക്കങ്ങളില്‍ കക്ഷികളായിപ്പോയവര്‍ക്കെല്ലാം ഇരുട്ട് അനുഭവപ്പെടില്ല. ഇവരെല്ലാം കൂടി അഴിച്ചുവിട്ട ഗ്രൂപ്പ് - സാമുദായിക മല്‍സരങ്ങളുടെ യാഗാശ്വം പിടിച്ചുകെട്ടപ്പെടുകയില്ല. അത് കറങ്ങിമേഞ്ഞു നടക്കും - ഉന്നയിക്കപ്പെട്ട തര്‍ക്ക പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുന്നതുവരെ.
നെയ്യാറ്റിന്‍കരയില്‍ ഒരു തത്വദീക്ഷയും ഇല്ലാത്ത ശെല്‍വരാജ് ആണ് കോണ്‍ഗ്രസ്സിെന്‍റ (യുഡിഎഫിന്റെയും) സ്ഥാനാര്‍ഥി എന്നത്, തിരഞ്ഞെടുപ്പ് വേളയില്‍ യുഡിഎഫിലെ തര്‍ക്കപ്രശ്നങ്ങളെല്ലാം അലക്കപ്പെടുമെന്ന് ഉറപ്പാക്കുന്നു. ആര് എത്ര മൂടിവെച്ചാലും, കഴിഞ്ഞ കുറെ മാസങ്ങളായി നീറിപ്പിടിച്ചുവന്നതും കഴിഞ്ഞ ദിവസങ്ങളില്‍ പൊട്ടിത്തെറിച്ചതുമായ, യുഡിഎഫ് ഭരണവുമായി ബന്ധപ്പെട്ട രാഷ്ട്രീയ - സാമുദായിക പ്രശ്നങ്ങള്‍ നെയ്യാറ്റിന്‍കരയിലും കേരള രാഷ്ട്രീയത്തിലാകെയും വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടും. നിരവധിപേര്‍ പുതിയ രീതിയില്‍ ചിന്തിക്കാനും രാഷ്ട്രീയ നിലപാട് കൈക്കൊള്ളാനും അത് ഇടയാക്കും.
chintha editorial 270412
No comments:
Post a Comment