Monday, April 23, 2012
അറബ് വസന്തം തഹ്രീര്‍ ചത്വരത്തില്‍ വമ്പന്‍ പ്രതിഷേധ റാലി
മാസങ്ങളുടെ ഇടവേളയ്ക്കുശേഷം ഈജിപ്ത് തലസ്ഥാനം കെയ്റോവിലെ തഹ്രീര്‍ ചത്വരം സമീപകാലത്തെ ഏറ്റവും വലിയ ജനകീയ പ്രതിഷേധ റാലിക്കു സാക്ഷ്യം വഹിച്ചു. വെള്ളിയാഴ്ചത്തെ റാലിയില്‍ പതിനായിരക്കണക്കിനു പ്രകടനക്കാരാണ് അണിനിരന്നത്.
വ്യത്യസ്ത ഉദ്ദേശ ലക്ഷ്യങ്ങളോടെ വ്യത്യസ്ത വേദികളില്‍ നടന്ന റാലിയില്‍ ഇസ്ലാമികവാദികളും മതനിരപേക്ഷ - ലിബറല്‍ - ഇടതുപക്ഷ അനുയായികളുമാണ് പങ്കെടുത്തത്. അടുത്തമാസം നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തങ്ങളുടെ നിക്ഷിപ്ത അജണ്ട നടപ്പാക്കുന്ന സൈന്യത്തിനെതിരെയാണ് എല്ലാവരും ഒരിക്കല്‍ക്കൂടി അറബ് വസന്തത്തിന്റെ സ്മരണകളുണര്‍ത്തി തെരുവിലിറങ്ങിയത്.
സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ഹൊസ്നി മുബാറക്കിനുപകരം അധികാരം കയ്യാളുന്ന സൈനിക ഭരണകൂടത്തിനെതിരെ ഏകീകൃത മുന്നണി എന്ന സംഘാടകരുടെ ആശയം വിജയിച്ചില്ലെന്നതാണ് വ്യത്യസ്ത അജണ്ടകളുമായി തഹ്രീര്‍ ചത്വരത്തില്‍ എത്തിയവര്‍ സൂചിപ്പിക്കുന്നത്. മുബാറക്ക് പുറത്താക്കപ്പെട്ടതോടെ ഇസ്ലാമികവാദികളും ഇതര രാഷ്ട്രീയശക്തികളും തമ്മില്‍ വളര്‍ന്നുവന്ന അഭിപ്രായ ഭിന്നത തുടരുന്നതായാണ് കഴിഞ്ഞ ദിവസത്തെ റാലി സൂചിപ്പിക്കുന്നത്.
മുസ്ലീം ബ്രദര്‍ഹുഡും ഇതര ഇസ്ലാമിക രാഷ്ട്രീയ ശക്തികളും അധികാരത്തില്‍ കണ്ണുനട്ട് സൈനിക ഭരണകൂടത്തിനൊപ്പം നിലയുറപ്പിച്ചിരിക്കുന്നുവെന്നാണ് ലിബറലുകളും ഇടതുപക്ഷവും ആരോപിക്കുന്നത്. തിരഞ്ഞെടുപ്പില്‍ വിജയിച്ചെങ്കിലും സൈനിക ജനറല്‍മാര്‍ ഇപ്പോഴും തങ്ങളെക്കാള്‍ കൂടുതല്‍ കരുത്തരായി തുടരുന്നുവെന്ന് ബോധ്യപ്പെട്ടതാണ് വീണ്ടും തെരുവിലിറങ്ങാന്‍ ബ്രദര്‍ ഹുഡിനെ നിര്‍ബന്ധിതമാക്കിയതെന്നു അവര്‍ കരുതുന്നു. ഭരണത്തില്‍ പങ്കുപറ്റാന്‍ അവസരം ലഭിച്ചാല്‍ ഇനിയും വിപ്ലവത്തെ വഞ്ചിച്ച് സൈന്യത്തിനൊപ്പം കൂടാന്‍ ബ്രദര്‍ഹുഡ് തയ്യാറാവുമെന്നാണ് ലിബറല്‍ വിഭാഗങ്ങള്‍ കരുതുന്നത്.
''ബ്രദര്‍ഹുഡിന്റെ ലക്ഷ്യം സിംഹാസനം മാത്രമാണ്. അവര്‍ അതിനുവേണ്ടി വിപ്ലവത്തെയും രക്തസാക്ഷികളെയും വഞ്ചിച്ചവരാണ്''. കമ്മ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകളും സംഘടിപ്പിച്ച മാര്‍ച്ചില്‍ പങ്കെടുത്ത അക്കൗണ്ടന്റ് മുഹമ്മദ് അബു ലസീദ് പറഞ്ഞു.
ഈജിപ്തിന്റെ വിപ്ലവ പരിവര്‍ത്തനത്തില്‍ മെയ് 23 നു നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് നിര്‍ണായകമാണ്. പതിറ്റാണ്ടുകള്‍ക്കുശേഷം ജനാധിപത്യപരമായി നടക്കുന്ന തിരഞ്ഞെടുപ്പില്‍ വിജയിക്കുന്ന പ്രസിഡന്റിന് സൈനിക ഭരണകൂടം ജൂണ്‍ മാസത്തില്‍ അധികാര കൈമാറ്റം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പോടെ വിപ്ലവശക്തികള്‍ക്കിടയില്‍ വളര്‍ന്നുവന്ന ഭിന്നത മുതലെടുത്ത് രാഷ്ട്രീയ പരിഷ്ക്കാരങ്ങളെ അട്ടിമറിക്കാനാണ് താല്‍ക്കാലിക ഭരണകൂടം ശ്രമിക്കുന്നത്.
സൈനിക നിയന്ത്രണത്തിലുള്ള തിരഞ്ഞെടുപ്പു കമ്മിഷന് പത്ത് പ്രസിഡന്റ് സ്ഥാനാര്‍ഥികളെ അയോഗ്യരായി ഈ ആഴ്ച പ്രഖ്യാപിച്ചു. അയോഗ്യരാക്കപ്പെട്ടവരില്‍ മുന്‍നിരക്കാരായ മൂന്നു സ്ഥാനാര്‍ഥികളും ഉള്‍പ്പെടും. അവരില്‍ ബ്രദര്‍ഹുഡിന്റെയും ഇസ്ലാമിക മൗലികവാദികളായ സലാഫിസ്റ്റുകളുടെയും സ്ഥാനാര്‍ഥികളും ഉണ്ട്.
മുബാറക്കിന്റെ വിദേശമന്ത്രിയായിരുന്ന അമര്‍ മൂസ സൈനിക പിന്തുണയോടെ മത്സര രംഗത്തുള്ള മുന്‍നിരക്കാരനാണ്. ''സൈനിക ഭരണം അവസാനിപ്പിക്കുക'' എന്നതാണ് തഹ്രീര്‍ ചത്വരത്തില്‍ ഉയര്‍ന്നുകേട്ട മുഖ്യമുദ്രാവാക്യം.
ഇതേ ആവശ്യമുയര്‍ത്തി ഈജിപ്തിലെ അലക്സാന്‍ഡ്രിയ, സൂയസ് തുടങ്ങി ഡസന്‍ കണക്കിനു നഗരങ്ങളിലും പട്ടണങ്ങളിലും പതിനായിരങ്ങള്‍ അണിനിരന്ന പ്രകടനം നടന്നു.
janayugom 220412
Labels:
പോരാട്ടം,
രാഷ്ട്രീയം,
വാര്‍ത്ത
Subscribe to:
Post Comments (Atom)
മാസങ്ങളുടെ ഇടവേളയ്ക്കുശേഷം ഈജിപ്ത് തലസ്ഥാനം കെയ്റോവിലെ തഹ്രീര്‍ ചത്വരം സമീപകാലത്തെ ഏറ്റവും വലിയ ജനകീയ പ്രതിഷേധ റാലിക്കു സാക്ഷ്യം വഹിച്ചു. വെള്ളിയാഴ്ചത്തെ റാലിയില്‍ പതിനായിരക്കണക്കിനു പ്രകടനക്കാരാണ് അണിനിരന്നത്.
ReplyDelete