Monday, May 14, 2012

വീടുകളിലെ വൈദ്യുതിക്ക് ഫിക്സഡ് ചാര്‍ജും വരുന്നു


നിരക്കുവര്‍ധനയ്ക്ക് പുറമെ ഫിക്സഡ് ചാര്‍ജും ഏര്‍പ്പെടുത്തി ഉപയോക്താക്കളെ പിഴിയാന്‍ വൈദ്യുതി ബോര്‍ഡ് ഒരുങ്ങുന്നു. നിരക്കു വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമീഷന് ബോര്‍ഡ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് വീടുകളില്‍ ഉപയോഗിക്കുന്ന വൈദ്യുതിക്ക് ഫിക്സഡ് ചാര്‍ജ് ഈടാക്കാന്‍ നിര്‍ദേശം.

വിവിധ സ്ലാബിലായി ഈടാക്കുന്ന ഈ സര്‍വീസ് ചാര്‍ജ് ഗാര്‍ഹിക ഉപയോക്താക്കള്‍ക്കുമേല്‍ നിരക്കു വര്‍ധനയുടെ ആഘാതം രൂക്ഷമാക്കും. വൈദ്യുതി ഉപയോഗിച്ചാലും ഇല്ലെങ്കിലും ഉപയോക്താക്കള്‍ ഫികസ്ഡ് ചാര്‍ജ് നല്‍കണം. എട്ടു സ്ലാബിലാണ് ഫികസ്ഡ് ചാര്‍ജ്് ഈടാക്കുക. അഞ്ചു മുതല്‍ 90 രൂപ വരെ ഗാര്‍ഹിക ഉപയോക്താക്കള്‍ പ്രതിമാസം നല്‍കേണ്ടി വരും. 40 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് അഞ്ചു രൂപ, 80 യൂണിറ്റ് വരെ 15 രൂപ, 120 വരെ 30 രൂപ, 150 വരെ 40 രൂപ, 200 വരെ 50 രൂപ, 300 വരെ 60 രൂപ, 301 മുതല്‍ 500 വരെ 80 രൂപ, 500 യൂണിറ്റിന് മുകളില്‍ 90 രൂപ എന്നിങ്ങനെയാണ് സ്ലാബുകള്‍.

കേരളത്തില്‍ ഗാര്‍ഹിക ഉപയോക്താക്കളില്‍നിന്ന് സര്‍വീസ് ചാര്‍ജ് ഈടാക്കാനുള്ള നിര്‍ദേശം ആദ്യമാണ്. ചില സംസ്ഥാനങ്ങള്‍ ഫിക്സഡ് ചാര്‍ജ് ഈടാക്കുന്നുവെന്നാണ് ബോര്‍ഡ് പറയുന്നത്. എന്നാല്‍, അവിടെയെല്ലാമുള്ളതിനേക്കാള്‍ കൂടിയ നിരക്കാണ് കേരളത്തില്‍ ശുപാര്‍ശചെയ്തത്. ആന്ധ്രയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിമാസ സര്‍വീസ് ചാര്‍ജ് 45 രൂപയാണ്. മീറ്റര്‍ വാടകയിനത്തില്‍ ഇപ്പോള്‍ത്തന്നെ കേരളത്തിലെ ഉപയോക്താക്കളില്‍നിന്ന് നിശ്ചിത തുക ഈടാക്കുന്നുണ്ട്. ഇതിനു പുറമെയാണ് പുതിയ നിര്‍ദേശം. ഫിക്സഡ് ചാര്‍ജിലൂടെ പ്രതിവര്‍ഷം 215.45 കോടിയുടെ അധിക വരുമാനമുണ്ടാക്കാമെന്ന് ബോര്‍ഡ് കണക്കാക്കുന്നു. ഇതില്‍ 150.09 കോടിയും പ്രതിമാസം 150 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന സാധാരണക്കാരില്‍നിന്നാണ്. പ്രതിമാസം 40 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗമുള്ള താഴ്ന്ന വരുമാനക്കാരെയും ഒഴിവാക്കിയിട്ടില്ല. ഈ സ്ലാബില്‍പ്പെടുന്ന 28,49,738 ഉപയോക്താക്കളെ പിഴിഞ്ഞ് വൈദ്യുതിബോര്‍ഡ് കണ്ടെത്തുക 17.10 കോടി രൂപയാണ്. 500 യൂണിറ്റിനുമേല്‍ പ്രതിമാസ ഉപയോഗമുള്ള 24,249 ഉപയോക്താക്കളാണുള്ളത്. ഇവരില്‍നിന്ന് 2.62 കോടിയും ഈടാക്കാമെന്ന് കണക്കാക്കുന്നു. വ്യവസായ വാണിജ്യ ഉപയോക്താക്കളില്‍നിന്ന് ഫിക്സഡ് ചാര്‍ജ് ഈടാക്കുന്നുണ്ട്. അത് വര്‍ധിപ്പിക്കാനും വൈദ്യുതി ബോര്‍ഡ് ശുപാര്‍ശ ചെയ്യുന്നു. ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് യൂണിറ്റിന് 35 പൈസ മുതല്‍ 1.55 രൂപ വരെ നിരക്കു വര്‍ധന, പീക്ക് സമയത്തെ ഉപയോഗത്തിന് കൂടിയ നിരക്ക് തുടങ്ങിയ ആവശ്യങ്ങള്‍ റെഗുലേറ്ററി കമീഷന്‍ മുമ്പാകെ ഉന്നയിച്ചിട്ടുണ്ട്. കമീഷന്‍ ജൂണ്‍ നാലിന് തിരുവനന്തപുരത്തും ആറിന് എറണാകുളത്തും എട്ടിന് കോഴിക്കോട്ടും നടത്തുന്ന ഹിയറിങ്ങിനു ശേഷമായിരിക്കും ബോര്‍ഡിന്റെ ഹര്‍ജിയില്‍ അന്തിമതീരുമാനമെടുക്കുക. ആഗസ്ത് ഒന്നിന് പുതിയ നിരക്കു വര്‍ധന നിലവില്‍ വരുമെന്നും അറിയുന്നു.
(ആര്‍ സാംബന്‍)

deshabhimani 140512

1 comment:

  1. സൈഡ് വഴിക്ക് വരുന്ന പാരകള്‍

    ReplyDelete