Saturday, December 15, 2012

ബംഗാളില്‍ മന്ത്രിപദവിയില്‍ 44 പാര്‍ല. സെക്രട്ടറിമാര്‍


ബംഗാള്‍ നിയമസഭയിലെ അക്രമം: പാര്‍ലമെന്റില്‍ ഇടതുപക്ഷ ധര്‍ണ

ന്യൂഡല്‍ഹി: ബംഗാള്‍ നിയമസഭയില്‍ പ്രതിപക്ഷ എംഎല്‍എമാരെ തൃണമൂല്‍ അംഗങ്ങള്‍ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് ഇടതുപക്ഷ എംപിമാര്‍ പാര്‍ലമെന്റിനു മുന്നില്‍ ധര്‍ണ നടത്തി. പാര്‍ലമെന്ററി ജനാധിപത്യം സംരക്ഷിക്കുകയെന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു പ്രതിഷേധം. ബംഗാളില്‍ തൃണമൂലുകാര്‍ അക്രമരാഷ്ട്രീയം അഴിച്ചുവിടുകയാണെന്നും നിയമസഭയില്‍പ്പോലും തൃണമൂലുകാരുടെ തേര്‍വാഴ്ചയാണെന്നും എംപിമാര്‍ പറഞ്ഞു. സിപിഐ എം ലോക്സഭാ നേതാവ് ബസുദേവ് ആചാര്യയുടെ നേതൃത്വത്തില്‍ നടന്ന ധര്‍ണയില്‍ സിപിഐ എം, സിപിഐ, ഫോര്‍വേര്‍ഡ് ബ്ലോക്ക്, ആര്‍എസ്പി എംപിമാര്‍ പങ്കെടുത്തു. മറ്റുപാര്‍ടികളുടെ നേതാക്കളും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. നിയമനിര്‍മാണസഭകളില്‍ കൈയൂക്കിന്റെ രാഷ്ട്രീയം പ്രയോഗിക്കുന്നതിനെ കക്ഷിരാഷ്ട്രീയ ഭേദമെന്യെ എംപിമാര്‍ അപലപിച്ചു.

ബംഗാള്‍ നിയമസഭയില്‍ ഇന്നുവരെ നടക്കാത്ത കാര്യങ്ങളാണ് കഴിഞ്ഞ തിങ്കളാഴ്ചയുണ്ടായതെന്ന് ബസുദേവ് ആചാര്യ പറഞ്ഞു. തൃണമൂല്‍ അധികാരമേറിയശേഷം ബംഗാളില്‍ ജനാധിപത്യം ധ്വംസിക്കുകയാണ്. നൂറുകണക്കിനു സിപിഐ എം പ്രവര്‍ത്തകരെ കൊന്നൊടുക്കി. ഇപ്പോള്‍ പാര്‍ലമെന്ററി ജനാധിപത്യവും അട്ടിമറിക്കുന്നു. സര്‍ക്കാരിനെതിരായി ഒന്നും പറയാനാകാത്ത സാഹചര്യമാണിപ്പോള്‍. സഭയില്‍ വനിതാ എംഎല്‍എമാര്‍പോലും ആക്രമിക്കപ്പെട്ടു. ജനാധിപത്യത്തിന് നാണക്കേടായ സംഭവങ്ങള്‍ അരങ്ങേറിയിട്ടും സഭയില്‍ വരാന്‍പോലും മുഖ്യമന്ത്രി തയ്യാറായിട്ടില്ല-ആചാര്യ പറഞ്ഞു.

ബംഗാളില്‍ മന്ത്രിപദവിയില്‍ 44 പാര്‍ല. സെക്രട്ടറിമാര്‍

കൊല്‍ക്കത്ത: ബംഗാളില്‍ മന്ത്രിമാര്‍ക്കു തുല്യമായി പാര്‍ലമെന്ററി സെക്രട്ടറി സ്ഥാനം സൃഷ്ടിക്കുന്ന ബില്‍ പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് അവഗണിച്ച് നിയമസഭയില്‍ ധൃതിപിടിച്ച് പാസാക്കി. ഇതോടെ, ക്യാബിനറ്റ് മന്ത്രിക്കൊപ്പമുള്ള പാര്‍ലമെന്ററി സെക്രട്ടറിക്ക് സഹമന്ത്രിയുടെ പദവിയും സഹമന്ത്രിമാരോടൊപ്പമുള്ളവര്‍ക്ക് ഡെപ്യൂട്ടി മന്ത്രിയുടെ പദവിയും ലഭിക്കും. മന്ത്രിസഭയിലെ 44 അംഗങ്ങള്‍ക്കും ഇത്തരത്തില്‍ സെക്രട്ടറിമാര്‍ വരുന്നതോടെ മന്ത്രിപദവിയുള്ളവരുടെ എണ്ണം 88 ആകും. പാര്‍ലമെന്ററികാര്യങ്ങളില്‍ മന്ത്രിമാര്‍ക്ക് ഉപദേശം നല്‍കുക, മന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കുമിടയില്‍ കണ്ണിയായി പ്രവര്‍ത്തിക്കുക തുടങ്ങിയ ചുമതലകളാകും ഇവരെ ഏല്‍പ്പിക്കുകയെന്ന് ബില്ലില്‍ പറയുന്നു. വിമതര്‍ക്ക് സ്ഥാനമാനം നല്‍കി, തൃണമൂല്‍ കോണ്‍ഗ്രസില്‍ രൂക്ഷമാകുന്ന ഗ്രൂപ്പ് വഴക്കിന് തടയിടാനുള്ള മമതയുടെ തന്ത്രത്തിന്റെ ഭാഗമായാണിത്.

മന്ത്രിസ്ഥാനം കിട്ടാത്തവര്‍ക്കുവേണ്ടി സൃഷ്ടിക്കുന്ന പുതിയ പദവി ഖജനാവിന് വന്‍ നഷ്ടവും ഭരണരംഗത്ത് ആശയക്കുഴപ്പവും കാലതാമസവും സൃഷ്ടിക്കുമെന്ന് പ്രതിപക്ഷം അഭിപ്രായപ്പെട്ടു. നേരത്തെ, യുപിഎ സര്‍ക്കാരില്‍നിന്ന് തൃണമൂല്‍ പിന്‍വാങ്ങിയതോടെ മന്ത്രിസ്ഥാനം നഷ്ടമായവരെയെല്ലാം ബംഗാളില്‍ മന്ത്രിപദവിയോടെ മന്ത്രിമാരുടെ ഉപദേശകരായി നിയമിച്ചിരുന്നു. ബില്‍ ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധമാണന്ന് പ്രതിപക്ഷ നേതാവ് സൂര്യകാന്തമിശ്ര പറഞ്ഞു. ഇത്തരം നിയമനത്തിനെതിരെ വിവിധ ഹൈക്കോടതികള്‍ വിധി പുറപ്പെടുവിച്ചിട്ടുണ്ട്. അതിന്റെ പകര്‍പ്പ് താന്‍ ഗവര്‍ണര്‍ക്ക് കൈമാറിയെന്നും ബില്ലിന് അംഗീകാരം നല്‍കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സൂര്യകാന്തമിശ്ര അറിയിച്ചു.
(ഗോപി)

deshabhimani 151212

No comments:

Post a Comment