Saturday, December 15, 2012

മോഡി ഭരണത്തില്‍ പ്രതീക്ഷയറ്റ് ആദിവാസികള്‍


ഖേഡ്ബ്രഹ്മ (ഗുജറാത്ത്): കൃഷിയുണ്ട്; ഉല്‍പ്പന്നങ്ങള്‍ ന്യായവില നല്‍കി സംഭരിക്കാന്‍ സംവിധാനമില്ല. പശുക്കളുണ്ട്; പാല്‍ സംഭരണത്തിന് സംവിധാനമില്ല. പഠിച്ച മക്കളുണ്ട്; ജോലി നല്‍കാന്‍ ആരുമില്ല. ഗുജറാത്തിലെ ആദിവാസികളുടെ ജീവിതമാണിത്. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനും ഇവിടേക്ക് തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് ഉത്തര ഗുജറാത്തിലുള്ള ചിക്ലി ആദിവാസി ഗ്രാമത്തിലെ അറുപതുകാരനായ മൂപ്പന്‍ ഭഭക്ന ശിവ പറഞ്ഞു.

ഖേഡ്ബ്രഹ്മ സബര്‍കന്ദ ജില്ലയിലെ ഒരു താലൂക്കാസ്ഥാനമാണ്. ചെറിയതോതില്‍ ഭൂമിയുള്ള ആദിവാസികളാണ് ഈ ഗ്രാമത്തിലുള്ളത്. കൃഷിയും പശുവളര്‍ത്തലുമൊക്കെയായി ജീവിതം നടത്തിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നവര്‍. പരുത്തിയും പയറുവര്‍ഗങ്ങളും ഉല്‍പ്പാദിപ്പിച്ചാല്‍ അതിനൊന്നും ന്യായമായ വില കിട്ടുന്നില്ല. കാര്‍ഷികോല്‍പ്പന്നങ്ങള്‍ വിറ്റാല്‍ കൃഷിച്ചെലവിനുള്ളതുപോലും കിട്ടില്ലെന്ന് കര്‍ഷകര്‍ പറയുന്നു. ഇപ്പോള്‍, ജീവിച്ചുപോകാന്‍ വേണ്ടി ഖേഡ്ബ്രഹ്മ ടൗണില്‍ പോയി കൂലിവേല ചെയ്യുകയും പാടങ്ങളില്‍ മറ്റുള്ളവര്‍ക്കുവേണ്ടി പണിയെടുക്കുകയുമാണ് ഇവിടെയുള്ള ആദിവാസികള്‍. &ഹറൂൗീ;ഗുജറാത്തില്‍ വലിയവര്‍ക്കു മാത്രമാണ് പണവും ലാഭവും സൗകര്യങ്ങളും. പാവപ്പെട്ടവര്‍ക്ക് ഒരു വഴിയില്ല- സേദാഭായ് ഖുമാഭായി പറയുന്നു. ഗുജറാത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കും പിന്നോക്കക്കാര്‍ക്കും ആദിവാസികള്‍ക്കും തേനും പാലുമൊഴുക്കുന്നുവെന്ന സര്‍ക്കാര്‍ അവകാശവാദത്തിന്റെ പൊള്ളത്തരമാണ് ഇവിടെ ദൃശ്യമാകുന്നത്. കുടിവെള്ളത്തിന് ഒരു സൗകര്യവും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടില്ല. ഗ്രാമത്തിലെ ആദിവാസികളെല്ലാം ചേര്‍ന്ന് കുഴല്‍കിണര്‍ സ്ഥാപിച്ചു. എന്നാല്‍, ലഭിക്കുന്ന വെള്ളം കുടിക്കാന്‍ കഴിയില്ല. കുടിക്കാനുള്ള വെള്ളം ദൂരെനിന്ന് ചുമന്നുകൊണ്ടുവരണം.

സ്കൂളുകളില്‍ പോയി പഠിച്ച നിരവധി പേരുണ്ട് ഗ്രാമത്തില്‍. അവരൊക്കെ തൊഴിലൊന്നും കിട്ടാതെ ഗ്രാമത്തില്‍തന്നെ അലഞ്ഞുതിരിയുന്നതു കാണുമ്പോള്‍ കുട്ടികളെയും സ്കൂളിലയക്കാന്‍ മടിക്കുകയാണ് രക്ഷിതാക്കള്‍. ജന്ദിഭായ് രമാഭായ് എന്ന ചെറുപ്പക്കാരന്‍ പ്ലസ്ടു ജയിച്ചതാണ്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ചെയ്തിട്ട് 10 വര്‍ഷം കഴിഞ്ഞു. ഒരു തൊഴിലും കിട്ടിയില്ല. കൂലിപ്പണിചെയ്ത് കുടുംബം പുലര്‍ത്താന്‍ പാടുപെടുന്നു. ഗുജറാത്ത്, രാജസ്ഥാന്‍ അതിര്‍ത്തി പ്രദേശങ്ങളിലെ വനപ്രദേശങ്ങളില്‍ കഴിയുന്ന ആയിരക്കണക്കിന് ആദിവാസികള്‍ക്ക് ഇനിയും വനത്തിലെ ഭൂമിയില്‍ അവകാശം നല്‍കിയിട്ടില്ല. ആദിവാസി വനാവകാശ നിയമം നടപ്പാക്കുന്നതില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് ഗുജറാത്തെന്ന് ഖേഡ്ബ്രഹ്മ മണ്ഡലത്തിലെ സിപിഐ എം സ്ഥാനാര്‍ഥി കാന്തിലാല്‍ ധര്‍മാജി പര്‍മാര്‍ "ദേശാഭിമാനി"യോട് പറഞ്ഞു. 10 ശതമാനത്തില്‍ താഴെ മാത്രമാണ് വനാവകാശനിയമം ഗുജറാത്തില്‍ നടപ്പാക്കിയത്. സമ്പന്നര്‍ക്കും വന്‍കിട വ്യവസായികള്‍ക്കും ഗുജറാത്തിലെ പ്രധാന മേഖലകളില്‍ ആയിരക്കണക്കിന് ഏക്കര്‍ഭഭൂമി പതിച്ചുനല്‍കുന്ന നരേന്ദ്ര മോഡിക്ക് പാവപ്പെട്ട ആദിവാസികളുടെ പ്രശ്നങ്ങള്‍ അറിയാന്‍ പോലും താല്‍പ്പര്യമില്ല. ദാരിദ്ര്യത്തില്‍ കഴിയുന്ന ആദിവാസികള്‍ക്ക് ബിപിഎല്‍ കാര്‍ഡ് നല്‍കാനും ഗുജറാത്ത് സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്ന് പര്‍മാര്‍ പറഞ്ഞു.
(വി ജയിന്‍)

deshabhimani 151212

No comments:

Post a Comment