Saturday, December 15, 2012

വൈദ്യുതി അധികനിരക്ക് ഇന്നുമുതല്‍


300 യൂണിറ്റിനു  മേലുള്ള  ഗാര്‍ഹികവൈദ്യുതി  ഉപയോഗത്തിന് ശനിയാഴ്ച മുതല്‍ അധികനിരക്ക് ഇടാക്കും. വര്‍ധന നിലവിലുള്ളതിന്റെ ഇരട്ടിയോളം വരും. 2013 മെയ് 31വരെ ഈ സംവിധാനം തുടരും. വ്യവസായങ്ങള്‍ക്ക് പവര്‍കട്ടും ഏര്‍പ്പെടുത്തും. കഴിഞ്ഞ ദിവസം സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമീഷന്‍ അധികനിരക്കിന് അനുമതി നല്‍കി.15 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് സംസ്ഥാനം പവര്‍കട്ടിലേക്ക് നീങ്ങുന്നത്.നിശ്ചിത പരിധിയിലധികം വൈദ്യുതി ഉപയോഗിക്കുന്നവരില്‍ നിന്ന് താപവൈദ്യുതിയുടെ വില ഈടാക്കണമന്നായിരുന്നു കെഎസ്ഇബിയുടെ ആവശ്യം. ഇത് അംഗീകരിക്കാതെയാണ് അധിക ഉപയോഗത്തിന് ഇരട്ടി നിരക്ക് ഏര്‍പ്പെടുത്തിയത്. പ്രതിമാസ ഗാര്‍ഹിക ഉപഭോഗം 200 യൂണിറ്റായി പരിമിതപ്പെടുത്തണമെന്നാണ് ബോര്‍ഡ് ആവശ്യപ്പെട്ടത്. കമീഷന്‍ അത് 300 യൂണിറ്റായി നിശ്ചയിച്ചു. കമീഷന്‍ എല്ലാ മാസവും സ്ഥിതി വിലയിരുത്തി നിയന്ത്രണങ്ങളില്‍ ഇളവുവരുത്തുകയോ കര്‍ശനമാക്കുകയോചെയ്യും.

ഹൈടെന്‍ഷന്‍, എക്സ്ട്രാ ഹൈടെന്‍ഷന്‍ ഉപയോക്താക്കള്‍ക്ക് 25 ശതമാനമാണ് പവര്‍കട്ട്. കഴിഞ്ഞവര്‍ഷം ഉപയോഗിച്ച വൈദ്യുതിയുടെ ശരാശരി കണക്കാക്കിയ ശേഷം അതിന്റെ 75 ശതമാനം ഉപയോഗിക്കാനാണ് അനുവദിക്കുക. ലോഡ്ഷെഡിങ്ങിന്റെ പരിധിയില്‍ വരുന്ന പൊതുഫീഡര്‍ ഉപയോഗിക്കുന്ന ഹൈടെന്‍ഷന്‍ ഉപയോക്താക്കള്‍ക്ക് വൈദ്യുതി നിയന്ത്രണം 20 ശതമാനമാണ്. ലോടെന്‍ഷന്‍ വ്യവസായം, വാണിജ്യേതരം, ഗാര്‍ഹികേതരം തുടങ്ങിയ വിഭാഗക്കാര്‍ക്കെല്ലാം പവര്‍കട്ട് ബാധകമാണ്. പവര്‍കട്ട് വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ അധിക ഉപയോഗത്തിന് നിലവിലുള്ള നിരക്കിന്റെ ഇരട്ടി നല്‍കണം.

deshabhimani

No comments:

Post a Comment