Saturday, December 15, 2012

66 എ വകുപ്പ് ഭേദഗതി ചെയ്യണമെന്ന് പൊതു ആവശ്യം


വിവരസാങ്കേതികവിദ്യാനിയമത്തിലെ 66 എ വകുപ്പ് ഭേദഗതിചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് രാജ്യസഭയില്‍ ആവശ്യമുയര്‍ന്നു. ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയകളിലെ നിര്‍ദോഷകരമായ അഭിപ്രായപ്രകടനങ്ങള്‍പോലും 66 എ വകുപ്പില്‍പ്പെടുത്തി നിരപരാധികളെ പീഡിപ്പിക്കുന്നത് വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് നിയമഭേദഗതിയെന്ന ആവശ്യം രാജ്യസഭയിലുയര്‍ന്നത്. 66 എ നിയമത്തില്‍ ഭേദഗതി ആവശ്യപ്പെട്ട് പി രാജീവ് കൊണ്ടുവന്ന സ്വകാര്യപ്രമേയമാണ് ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്. പ്രമേയത്തില്‍ മറുപടിയും വോട്ടും കൂടാതെ വെള്ളിയാഴ്ചതന്നെ നടപടികള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ചര്‍ച്ചയില്‍ പങ്കെടുത്തവരെല്ലാം പ്രമേയത്തെ പിന്തുണച്ചതിനെത്തുടര്‍ന്നാണ് വോട്ട് ഒഴിവാക്കാന്‍ സര്‍ക്കാര്‍ കുറുക്കുവഴി തേടിയത്. വെള്ളിയാഴ്ച ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ക്കെല്ലാം ആവശ്യത്തിന് സമയം അനുവദിക്കുകയെന്ന തന്ത്രമാണ് സര്‍ക്കാര്‍ പയറ്റിയത്. എന്നാല്‍, അടുത്ത സെഷനില്‍ വിഷയത്തില്‍ ചര്‍ച്ച തുടരുമോയെന്ന് സഭാധ്യക്ഷന്‍ ഉറപ്പുനല്‍കണമെന്ന് രാജീവ് ആവശ്യപ്പെട്ടു. ഇതോടെ സഭാംഗങ്ങളുടെ അഭിപ്രായം തേടാന്‍ ചെയറിലുണ്ടായിരുന്ന സുദര്‍ശന നാച്ചിയപ്പന്‍ നിര്‍ബന്ധിതനായി. ചര്‍ച്ച തുടരണമെന്നും മന്ത്രി മറുപടി പറയണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് അടുത്ത അവസരത്തില്‍ ഇതേ പ്രമേയത്തില്‍ ചര്‍ച്ച തുടരുമെന്ന് അധ്യക്ഷന്‍ അറിയിച്ചു. നേരത്തെ സഭയുടെ ചോദ്യോത്തരവേളയിലും 66 എ വിഷയം ഉയര്‍ന്നിരുന്നു. പി രാജീവ്, രാജീവ് ചന്ദ്രശേഖര്‍ തുടങ്ങിയവര്‍ചോദ്യങ്ങളുന്നയിച്ചു.

അറസ്റ്റ് നിയമത്തിന്റെ കുഴപ്പം കൊണ്ടല്ലെന്നും പ്രയോഗിക്കുന്ന രീതി കൊണ്ടാണെന്നും മന്ത്രി കപില്‍ സിബല്‍ സ്ഥാപിക്കാന്‍ ശ്രമിച്ചു. അമേരിക്കയിലും ബ്രിട്ടണിലും ഓസ്ട്രേലിയയിലുമൊക്കെ സമാനമായ നിയമമാണുള്ളത്്. നിലവില്‍ എസ്ഐ തലത്തിലുള്ള ഉദ്യോഗസ്ഥന് 66 എ വകുപ്പുപ്രകാരം നടപടി സ്വീകരിക്കാം. എസ്ഐ തലത്തിലുള്ള ഉദ്യോഗസ്ഥന്‍ നടപടി എടുക്കുംമുമ്പ് ഉയര്‍ന്ന തലത്തിലുള്ളവരുടെ അനുമതി തേടണമെന്നത് നിര്‍ബന്ധമാക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെടും. 66 എ വ്യാപകമായി ദുരുപയോഗപ്പെട്ടതും ശരിയല്ല- സിബല്‍ പറഞ്ഞു. ചോദ്യോത്തര വേളയില്‍ മന്ത്രി പറഞ്ഞതൊന്നും വസ്തുതയല്ലെന്ന് സ്ഥാപിച്ചാണ് സ്വകാര്യ പ്രമേയ ചര്‍ച്ചയ്ക്ക് പി രാജീവ് തുടക്കമിട്ടത്. 66 എ വകുപ്പിന്റെ ദുരുപയോഗം വ്യാപകമാണ്. താക്കറെയുടെ മരണത്തെതുടര്‍ന്ന് ഫേസ്ബുക്കില്‍ അഭിപ്രായം പോസ്റ്റുചെയ്ത രണ്ട് പെണ്‍കുട്ടികളെ മുബൈയില്‍ അറസ്റ്റുചെയ്തു. രാത്രിയിലായിരുന്നു അറസ്റ്റ്. ഇരുവരെയും ജയിലിട്ടു. ബംഗാളില്‍ കാര്‍ട്ടൂണ്‍ വരച്ചതിനാണ് ജാദവ്പുര്‍ സര്‍വകലാശാല അധ്യാപകനെ അറസ്റ്റുചെയ്തത്. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിനെതിരെ അഭിപ്രായപ്രകടനം നടത്തിയതിന് പുതുശേരിയില്‍ ബിസിനസുകാരന്‍ അറസ്റ്റിലായി. അസീം ത്രിവേദിയെന്ന കാര്‍ട്ടൂണിസ്റ്റും ഈ കിരാത നിയമത്തിന് ഇരയായി. ഭരണഘടനയുടെ 19(1) വകുപ്പ് ഉറപ്പുനല്‍കുന്ന അഭിപ്രായപ്രകടനസ്വാതന്ത്ര്യത്തിന്റെ ലംഘനമാണിത്. ചര്‍ച്ച കൂടാതെയാണ് ഐടി നിയമഭേദഗതി പാസാക്കിയത്. എങ്ങനെയും വളച്ചൊടിക്കാവുന്ന ഈ വ്യവസ്ഥ ഭേദഗതി ചെയ്യണം- രാജീവ് ആവശ്യപ്പെട്ടു.

deshabhimani 151212

No comments:

Post a Comment