Saturday, December 15, 2012

മാറാട് കലാപം: ധനസ്രോതസ് തെളിഞ്ഞിട്ടില്ലെന്ന് മന്ത്രി


മാറാട് കലാപത്തിനു പിന്നിലെ അക്രമികള്‍ക്ക് പണം നല്‍കിയ വ്യക്തി ആരാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ പറഞ്ഞു. കലാപത്തിനു പിന്നിലെ ഗൂഢാലോചന സംബന്ധിച്ച് സിബിഐ അന്വേഷണം വേണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തുടര്‍ച്ചായി നിരസിക്കുകയായിരുന്നുവെന്നും എളമരം കരീമിനെ മന്ത്രി അറിയിച്ചു. സര്‍ക്കാര്‍ വന്നശേഷം ലോക്കപ്പ് മര്‍ദനവുമായി ബന്ധപ്പെട്ട് രണ്ട് പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് എം ചന്ദ്രനെ മന്ത്രി അറിയിച്ചു. ലോക്കപ്പ് മര്‍ദനത്തെത്തുടര്‍ന്ന് ആരും മരിച്ചിട്ടില്ലെന്നും, പരാതികളില്‍ എട്ട് പൊലീസുകാര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്നുവെന്ന കേസില്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കുന്നതില്‍ സര്‍ക്കാര്‍ കാലതാമസം വരുത്തിയെന്ന ആക്ഷേപം ശരിയല്ലെന്ന് എളമരം കരീമിനെ മന്ത്രി അറിയിച്ചു. രണ്ട് വര്‍ഷത്തിനിടെ രാഷ്ടീയ പ്രവര്‍ത്തകരും പൊതുപ്രവര്‍ത്തകരും പ്രതിപ്പട്ടികയിലുള്ള 412 കേസുകള്‍ പിന്‍വലിച്ചതായി ഇ പി ജയരാജനെ മന്ത്രി അറിയിച്ചു. സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നാല് സിപിഐ എം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി കെ കെ നാരായണനെ അറിയിച്ചു. മണിചെയില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് നിലവില്‍ 1179 കേസുകള്‍ നിലവിലുണ്ടെന്നും ഇതില്‍ 213 പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഐഎസ്ആര്‍ഒ ചാരക്കേസില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ചാരക്കേസ് അന്വേഷിച്ച ഉദ്യോസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് സിബിഐ ആവശ്യപ്പെട്ടത്. സിബിഐ നിര്‍ദേശം നടപ്പാക്കണമെന്നാവശ്യപ്പെട്ട് നിവേദനം ലഭിച്ചിട്ടുണ്ട്. അത് പരിശോധിച്ചുവരികയാണെന്ന് എം ചന്ദ്രന്‍, കോലിയക്കോട് കൃഷ്ണന്‍ നായര്‍, ബി ഡി ദേവസ്യ, കെ കെ നാരായണന്‍ എന്നിവരെ മുഖ്യമന്ത്രി അറിയിച്ചു.

deshabhimani 151212

No comments:

Post a Comment