Saturday, December 15, 2012
ജനുവരിമുതല്‍ ചെക്കിന്റെ രൂപംമാറും
ജനുവരിമുതല്‍ ബാങ്കുകളില്‍ പുതിയ ചെക്കുകള്‍ വരുന്നു. ചെക്ക് ട്രങ്കേഷന്‍ സിസ്റ്റം (സിടിഎസ്) ചെക്കുകളാണ് 2013 ജനവരി ഒന്നുമുതല്‍ ബാങ്ക് ഇടപാടുകളില്‍ സ്ഥാനംപിടിക്കുക. എല്ലാ വാണിജ്യ-ദേശസാല്‍കൃത ബാങ്കുകളും ഈ പുതിയ സംവിധാനത്തിലേയ്ക്ക് മാറും. പുതിയ സമ്പ്രദായം കൂടുതല്‍ ബാങ്ക് ജോലികള്‍ പുറംകരാര്‍ നല്‍കുന്നതിന് വഴിവയ്ക്കുമെന്ന് ആശങ്കയുണ്ട്. പഴയ ചെക്ക്ബുക്ക് മാറ്റി പുതിയത് ലഭിക്കാന്‍ ഇടപാടുകാര്‍ ബാങ്കില്‍ അപേക്ഷനല്‍കണം. പുതിയ സംവിധാനത്തില്‍ ക്ലിയറിങ്ങിന് ബാങ്കുകള്‍ തമ്മില്‍ ചെക്കുകള്‍ കൈമാറേണ്ടതില്ല. ചെക്കിന്റെ ഇലക്ട്രോണിക് ഇമേജുകളാകും ബാങ്കുകള്‍ കൈമാറുക. ഇതുവഴി അതിവേഗം പണമിടപാട് സാധ്യമാകും. ഒരു ബാങ്കിന്റെ ചെക്ക് മറ്റൊരു ബാങ്കുവഴി പണമാക്കുന്നതിനുള്ള കാലതാമസവും ഒഴിവാകും.
സിടിഎസ് ചെക്കുകള്‍ ക്ലിയറിങ്ങിന് എത്തുന്ന ഉടന്‍ പണമാക്കാനാകും. ചെക്ക് നല്‍കിയശേഷം ക്ലിയറിങ് പ്രക്രിയക്കിടെ അക്കൗണ്ടില്‍ പണമിടുന്നതിന് മൂന്നുദിവസത്തെ സാവകാശം മുമ്പ് ലഭിച്ചിരുന്നു. പുതിയ സംവിധാനത്തില്‍ അതിന് സാധ്യതയില്ല. അക്കൗണ്ടില്‍ പണമില്ലെങ്കില്‍ ചെക്കുകള്‍ ഉടന്‍ മടങ്ങും. മുമ്പ് ചെക്ക് എഴുതുമ്പോള്‍ തെറ്റുകള്‍ വന്നാല്‍ അതില്‍ വീണ്ടും ഒപ്പുവച്ചാല്‍ മതിയായിരുന്നു. ഈ സൗകര്യവും ഇല്ലാതാവും. സിടിഎസ് ചെക്കുകളില്‍ ചെറിയ തിരുത്തല്‍ ഉണ്ടെങ്കില്‍പ്പോലും മടങ്ങും. ചെക്ക്വഴിയുള്ള പണമിടപാടുകളില്‍ കൂടുതല്‍ വേഗവും സുരക്ഷിതത്വവും ഉറപ്പാക്കാനാണിതെന്ന് അധികൃതര്‍ പറയുന്നു. ചെക്കില്‍ പതിക്കുന്ന ബാങ്കിന്റെ ലോഗോ അള്‍ട്രാവയലറ്റ് രശ്മികള്‍ക്കുമുന്നില്‍ മാത്രമേ തെളിയു. കറന്‍സികളിലേതുപോലെ വെളിച്ചത്തില്‍ പിടിച്ചാല്‍ കാണുന്ന സിടിഎസ് വാട്ടര്‍മാര്‍ക്കും ചെക്കിലുണ്ടാകും. ചെക്കിന്റെ ഫോട്ടോസ്റ്റാറ്റ് എടുക്കാന്‍ ശ്രമിച്ചാലും തിരിച്ചറിയാം. വ്യാജനില്‍മാത്രം പതിയുന്ന വോയ്ഡ് പാന്റോഗ്രാഫും ഇതിലുണ്ട്. അക്കത്തില്‍ തുകയെഴുതുന്ന കള്ളിയില്‍ രൂപയുടെ ചിഹ്നവും കാണാം.
ലെന്‍സ് ഉപയോഗിച്ചാല്‍മാത്രം കാണാവുന്ന രീതിയില്‍ ബാങ്കിന്റെ പേര് ചെക്കില്‍ ആകമാനം രേഖപ്പെടുത്തിയിട്ടുണ്ടാകും. ചെക്ക്ബുക്ക് നല്‍കുന്നത് ഉള്‍പ്പെടെയുള്ള ബാങ്ക് ജോലികള്‍ സ്വകാര്യ ഏജന്‍സികള്‍ക്ക് നല്‍കാന്‍ ഇതോടെ സാധ്യതയേറി. ശാഖകളില്‍ ലഭിച്ചിരുന്ന സൗകര്യങ്ങള്‍ പതുക്കെ ഇല്ലാതാവും. ഓരോ ബാങ്കിന്റെയും ചെക്ക്ബുക്ക് ഇഷ്യു സെന്ററില്‍നിന്നുമാത്രമാണ് ഇനി ലഭിക്കുക. ഇത് നേരിട്ട് ഇടപാടുകാര്‍ക്ക് തപാലില്‍ അയച്ചുകിട്ടും. ഇതിന് നാലോ അഞ്ചോ ദിവസത്തെ താമസം വരാം. ചെക്ക്ബുക്ക് തീര്‍ന്നാല്‍ ഉടന്‍ ബാങ്കില്‍ എത്തി പുതിയത് വാങ്ങാനാകില്ല. അക്കൗണ്ടുള്ള ബാങ്കില്‍ ഇതിനായി അപേക്ഷ നല്‍കി കാത്തിരിക്കണം. പഴയ ചെക്ക്ബുക്കുകള്‍ തിരികെ ഏല്‍പ്പിച്ച് പുതിയത് കൈപ്പറ്റാന്‍ ബാങ്കുകള്‍ നിക്ഷേപകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം 31നകം പുതിയ സിടിഎസ് ചെക്കുകള്‍ നല്‍കാനാണ് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
deshabhimani
Labels:
ബാങ്കിംഗ്
Subscribe to:
Post Comments (Atom)
No comments:
Post a Comment