കല്‍പ്പറ്റ: നിത്യ രോഗിയായ ഭാര്യയുടെ ചികിത്സക്ക് എടുത്ത നാല് ലക്ഷം രൂപബാങ്ക് വായ്പ തിരിച്ചടക്കാനാണ് മേപ്പാടി കോട്ടപ്പടി വില്ലേജിലെ കല്ലൂപറമ്പില്‍ ആല്‍ബര്‍ട്(64)വീടും പത്ത് സെന്റ് പുരയിടവും ലാഭം നോക്കാതെ വിറ്റത്. എന്നാല്‍ ഹാരിസണ്‍ കമ്പനി സര്‍കാരിന് വിട്ട് നല്‍കാമെന്നേറ്റ ഭൂമിയില്‍ തന്റെ പുരയിടവും ഉള്‍പ്പെട്ടതോടെ ഇദ്ദേഹത്തിന്റെ വസ്തുകൈമാറ്റം അനിശ്ചിതത്വത്തിലാണ്. കടം തിരിച്ചടക്കാന്‍ കഴിയാതെ പലിശയും പിഴ പലിശയും നാള്‍ക്ക് നാള്‍ കൂടി വരുമ്പോള്‍ ജീവിതം ഇരുള്‍ മൂടുന്നതായി ആല്‍ബര്‍ട്ട് പറയുന്നു. അതിജീവനത്തിനായാണ് ആല്‍ബര്‍ട്ട് ഉള്‍പ്പെടയുള്ള ആയിരങ്ങള്‍ വയനാടന്‍ ചുരം കയറിയത്. സായ്പ്പിന്റെ തേയിലതോട്ടങ്ങളില്‍ ചപ്പ് നുള്ളി ജീവിതം കരുപ്പിടിപ്പിച്ചു. ജീവിതത്തിന്റെ നല്ലൊരു ഭാഗവും എസ്റ്റേറ്റ് പാടികളിലും തേയിലതോട്ടത്തിലും ഹോമിച്ചതിനെ് കിട്ടിയ തുച്ഛമായ തുക കൊണ്ടാണ് പലരും ഇവിടെ ഭൂമി വാങ്ങി വീട് നിര്‍മിച്ചത്.പട്ടയം ഉള്ളതും ഇല്ലാത്തതുമായ ഭൂമിയാണ് പലരുടേയും കൈവശമുള്ളത്. ഹാരിസണ്‍ കമ്പനി വിട്ട് നല്‍കാമെന്നേറ്റ കൈവശ ഭൂമികളിലെ ക്രയവിക്രയങ്ങള്‍ സര്‍കാര്‍ നിര്‍ത്തിവെച്ചതോടെ ആല്‍ബര്‍ട്ട് ഉള്‍പ്പെടെ നൂറ് കണക്കിന് കൈവശക്കാര്‍ പ്രതിസന്ധിയിലാണ്.ഇദ്ദേഹത്തിന്റേതുള്‍പ്പെടെയുള്ള ആയിരക്കണക്കിനാളുകളുടെ കൈവശ ഭൂമിയും നിക്ഷിപ്ത വനഭൂമിയും സര്‍കാര്‍ ഭൂമിയുമാണ് ഹാരിസണ്‍ കമ്പനി സര്‍കാരിന് വിട്ട് നല്‍കാമെന്ന് ഹൈകോടതിയില്‍ സമ്മതിച്ചത്. ബാല്യവും കൗമാരവും യൗവനവും ജീവിച്ച് തീര്‍ത്ത മണ്ണിലുളള തങ്ങളുടെ അവകാശം നഷ്ടമാകുമോ എന്ന ആശങ്കയിലാണ് മേപ്പാടി ,പൊഴുതന പഞ്ചായത്തിലെ കൈവശക്കാര്‍.
ഹാരിസണ്‍ മലയാളം കമ്പനി സര്‍കാരിന് വിട്ട് കൊടുക്കാമെന്നേറ്റ ഭൂമിയില്‍ ഭൂരിഭാഗവും ഇവരുടെ കൈവശ ഭൂമിയാണെന്നതാണ് ഈ കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നത്. കോട്ടപ്പടി വില്ലേജിലെ 188 /1, 188/2 എന്നീ സര്‍വേ നമ്പറുകളില്‍പ്പെട്ട 60 ഏക്കര്‍ ഭൂമിയിലെ 350 ഓളം കുടുംബങ്ങളും തൃക്കൈപ്പറ്റ വില്ലേജിലെ 29 ാം നമ്പര്‍ ബ്ലോക്കില്‍പെട്ട 388,619,620,621,622 സര്‍വേ നമ്പറുകളില്‍പ്പെട്ട 20.85 ഹെക്ടര്‍ ഭൂമിയും നെടുമ്പാലയിലെ 219/1ഡ3യില്‍പെട്ട 20 ഹെക്ടര്‍ ഭൂമിയും ഹാരിസണ്‍ ചൂണ്ടിക്കാണിച്ചതില്‍ ഉള്‍പ്പെടുന്നു.പട്ടയം ഉള്‍പ്പെടെയുള്ള രേഖകളുള്ള ഭൂമിയില്‍ കാപ്പി, കുരുമുളക്, തെങ്ങ്, വാഴ തുടങ്ങിയ കൃഷികളുണ്ട്. കോട്ടപ്പടി വില്ലേജിലെ കോട്ടത്തറ വയല്‍ രേഷ്മിത നിവാസില്‍ തങ്കവേലു(70) 1960ല്‍ താമസം തുടങ്ങിയ ഭൂമിയുടെ നികുതി സ്വീകരിക്കുന്നുണ്ടെങ്കിലും ക്രയവിക്രയം നിരോധിച്ചിരിക്കുയാണ്. മക്കളും മക്കളുടെ മക്കളുമായി ഏതാണ്ട് ജീവിതാന്ത്യത്തോടടുക്കുമ്പോള്‍ സ്വന്തം കിടപ്പാടം പോലും നഷ്ടമാകുമോ എന്ന ആശങ്കയിലാണ് ഈ വൃദ്ധന്‍. 1977ല്‍ ബത്തേരി ലാന്‍ഡ് ട്രിബ്യൂണല്‍ 1237 നമ്പര്‍ പട്ടയമുള്ള ഭൂമി കൈവശം വെക്കുന്ന ചെമ്പകത്തറ കുന്ന് സി അയ്യപ്പനും ഇപ്പോള്‍ ഭൂമി കൈമാറ്റം ചെയ്യാന്‍ അധികാരമില്ല.താന്‍ വാങ്ങിയ ആറ് സെന്റ് ഭൂമിയുടെ നികുതി വില്ലേജ് ഓഫീസില്‍ സ്വീകരിക്കുന്നില്ലെന്ന് ചേലമ്പിലായപുരം മോഹന്‍ദാസ് പരാതിപ്പെടുന്നു. ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്തയച്ചതിന്റെ പ്രാരാബ്ധങ്ങള്‍ ഇനിയും തീരാത്ത പാലാംപടിയില്‍ ബഷീര്‍ സ്വന്തം ഭൂമിയുടെ ഉടമസ്ഥാവകാശം കൂടി നഷ്ടമാകുന്ന ആധിയിലാണ്.ഇളയ രണ്ട് പെണ്‍കുട്ടികളുടെ പഠനത്തിന് ബാങ്ക് വായ്പ പോലും ഇദ്ദേഹത്തിന് നിഷേധിക്കപ്പെടുയാണ്.1938 മുതല്‍ കുടുംബസ്വത്തായി പിതാവില്‍ നിന്ന് കൈമാറി കിട്ടിയ ഭൂമിയാണ് കമ്പനി ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ട് സര്‍കാരിന് റിപോര്‍ട്ട് നല്‍കിയത്.ഇതേ പോലെ നിരവധി കൈവശക്കാരാണ് നികുതി അടക്കാനും വായ്പ എടുക്കാനും ഭൂമി വില്‍ക്കാനും കഴിയാതെ ദുരിതമനുഭവിക്കുന്നത്.കോടികള്‍ കൊയ്യുന്ന കമ്പനിയുടെ കൊടുംചതിക്കാണ് ഇവര്‍ ഇരയാകുന്നത്.
deshabhimani 141212
No comments:
Post a Comment