Saturday, December 22, 2012

ബാങ്കിങ് ഭേദഗതി ബില്‍ ദേശസാല്‍ക്കരണ സത്ത ഇല്ലാതാക്കും: തപന്‍സെന്‍


ബാങ്ക് ദേശസാല്‍ക്കരണത്തിന്റെ സത്തയെ തകര്‍ക്കുന്നതാണ് യുപിഎ സര്‍ക്കാരിന്റെ ബാങ്കിങ്ഭേദഗതി ബില്‍ എന്ന് സിപിഐ എം അംഗം തപന്‍സെന്‍ രാജ്യസഭയില്‍ പറഞ്ഞു. ബില്ലിന് ഭേദഗതി അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബാങ്കുകളുടെ മൂലധനം ജനങ്ങളുടെ സമ്പത്താണ്. മറ്റെവിടെനിന്നും അവര്‍ക്ക് മൂലധനം ലഭിക്കാനില്ല. വികസ്വരരാജ്യങ്ങളിലെ ജനങ്ങളുടെ സമ്പത്ത് ദേശീയതാല്‍പ്പര്യമുള്ള കാര്യങ്ങള്‍ക്കാണ് വിനിയോഗിക്കേണ്ടത്. സ്വകാര്യ മേഖലയ്ക്ക് ബാങ്കിങ് രംഗത്ത് അനുമതി നല്‍കുമ്പോഴും ഇതിനാകണം മുന്‍ഗണന. എന്നാല്‍, ദേശസാല്‍കൃത ബാങ്കുകളെപ്പോലെ രാജ്യത്തിന് ആവശ്യമുള്ള മേഖലകളില്‍ വിനിയോഗിക്കാന്‍ സ്വകാര്യമേഖലാ ബാങ്കുകള്‍ പണം നല്‍കില്ല. ഇന്ത്യയില്‍ 56 ശതമാനം ജനങ്ങളും കൃഷിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. കര്‍ഷകരില്‍ മൂന്നില്‍ രണ്ടു ഭാഗവും ഇപ്പോഴും ബാങ്ക് പോലുള്ള സ്ഥാപനങ്ങളില്‍നിന്ന് വായ്പ കിട്ടാത്തവരാണ്. ദേശസാല്‍കൃത ബാങ്കുകള്‍ ഉണ്ടായിട്ടും സ്ഥിതി ഇതാണ്. ദേശസാല്‍ക്കരണം തകര്‍ത്താല്‍ എന്താകും സ്ഥിതിയെന്ന് ആലോചിക്കണം. സ്വകാര്യ ബാങ്കുകളില്‍നിന്ന് കോര്‍പറേറ്റ് അഗ്രിഫാമുകള്‍ക്ക് വായ്പ കിട്ടും സാധാരണ കര്‍ഷകര്‍ക്ക് കിട്ടില്ല. സ്വകാര്യ ബാങ്കുകള്‍ ഊഹക്കച്ചവടത്തിലും സ്വകാര്യ ബിസിനസ് കാര്യങ്ങള്‍ക്കും മാത്രമായിരിക്കും പണം വിനിയോഗിക്കുക. ഇപ്പോള്‍ ബാങ്കിങ് രംഗത്ത് 74 ശതമാനംവരെ വിദേശനിക്ഷേപമുണ്ട്. ക്രമേണ ബാങ്കുകളുടെ വിദേശവല്‍ക്കരണത്തെയാണ് ഇത് സഹായിക്കുക. ഇന്ത്യയിലെ സ്വകാര്യ ബാങ്കുകളെ വിദേശ കമ്പനികള്‍ കൈയടക്കും. ദേശസാല്‍കൃത ബാങ്കുകള്‍ അപ്രസക്തമാവും. വിദേശ ബാങ്കുകള്‍ പുറത്തുനിന്ന് ഒരു പൈസ പോലും ഇന്ത്യയിലേക്ക് കൊണ്ടുവരില്ല. ഇവിടത്തെ ജനങ്ങളുടെ പണമെടുത്ത് ഉപയോഗിക്കുകയേ ഉള്ളൂ. നിലവിലുള്ള കുറഞ്ഞ വോട്ടവകാശം ഉപയോഗിച്ചുതന്നെ ഇന്ത്യയെ മര്യാദ പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ് വിദേശ ഓഹരിയുടമകള്‍. അവരുടെ വോട്ടവകാശം വര്‍ധിപ്പിക്കുന്നത് ബാങ്കിങ് മേഖലയില്‍ അവിശുദ്ധ സംഘങ്ങളുടെ രൂപീകരണത്തിനും ഇന്ത്യന്‍ ബാങ്കുകളുടെ തകര്‍ച്ചയ്ക്കുമിടയാക്കുമെന്ന് തപന്‍സെന്‍ പറഞ്ഞു.

deshabhimani 221212

No comments:

Post a Comment