Saturday, December 22, 2012

മോഡിജയത്തില്‍ വെട്ടിലായത് ബിജെപി


ഗുജറാത്തില്‍ നരേന്ദ്രമോഡിയുടെ വിജയം ബിജെപിക്കുള്ളില്‍ പുതിയ പടയൊരുക്കങ്ങള്‍ക്ക് വഴിയൊരുക്കുന്നു. 2013ലെ പൊതുതെരഞ്ഞെടുപ്പില്‍ മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യം ബിജെപിയില്‍ അങ്ങിങ്ങായി ഉയരുന്നുണ്ടെങ്കിലും മുതിര്‍ന്ന നേതാക്കള്‍ മൗനത്തിലാണ്. ആര്‍എസ്എസും മനസ്സ് തുറന്നിട്ടില്ല. എന്‍ഡിഎയിലെ രണ്ടാം കക്ഷിയായ ജെഡിയു, മോഡി ദേശീയ രാഷ്ട്രീയത്തില്‍ വരുന്നത് പരസ്യമായി എതിര്‍ക്കുന്നുണ്ട്.

ഗുജറാത്ത് വംശഹത്യയുടെ രക്തക്കറ 11 വര്‍ഷത്തിനിപ്പുറവും മോഡിയുടെ കുപ്പായത്തില്‍ മായാതെ നില്‍ക്കുകയാണ്. ഗുജറാത്തില്‍ മോഡിയുടെ വിജയത്തില്‍ ബിജെപിയിലെ പ്രധാനമന്ത്രി മോഹികള്‍ അസ്വസ്ഥരാണ്. പരസ്യമായി എല്ലാവരും മോഡിയുടെ ഭരണനേട്ടങ്ങളെ വാഴ്ത്തുമ്പോഴും മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനി ഉള്‍പ്പെടെയുള്ളവര്‍ക്ക് തങ്ങളുടെ സാധ്യത അടയുമോയെന്ന ആശങ്കയുണ്ട്. ലോക്സഭാ പ്രതിപക്ഷനേതാവ് സുഷമ സ്വരാജ്, രാജ്യസഭാ പ്രതിപക്ഷനേതാവ് അരുണ്‍ ജെയ്റ്റ്ലി തുടങ്ങിയവരൊക്കെ എന്‍ഡിഎയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ മനസ്സുകൊണ്ട് തയ്യാറെടുത്തിട്ടുണ്ട്. ഗുജറാത്തിന്റെ ഗ്രാമങ്ങളില്‍ ബിജെപിക്ക് തിരിച്ചടിയേറ്റിട്ടുണ്ട്. നഗരങ്ങളിലെ ഇടത്തരക്കാരാണ് മോഡിയെ സഹായിച്ചത്. ഗുജറാത്തില്‍ 130 ലേറെ സീറ്റുനേടി ഒരു വന്‍ജയം മോഡിക്ക് സാധ്യമായിരുന്നെങ്കില്‍ "ഡല്‍ഹി പാത" കുറേക്കൂടി എളുപ്പമാകുമായിരുന്നു. ഇനിയിപ്പോള്‍ ബിജെപിയിലെ പ്രധാനമന്ത്രി മോഹികളെയും എന്‍ഡിഎയില്‍ ഇടഞ്ഞുനില്‍ക്കുന്ന കക്ഷികളെയും അനുനയിപ്പിക്കുകയെന്ന ഭാരിച്ച വെല്ലുവിളി മോഡിക്ക് മുന്നിലുണ്ട്. ആര്‍എസ്എസ് പിന്തുണ ഉറപ്പാക്കിയാല്‍ മാത്രമേ കാര്യങ്ങള്‍ എളുപ്പമാകൂ. ഇതിനുള്ള കരുനീക്കം മോഡി നേരത്തെ തന്നെ തുടങ്ങിയിരുന്നു. തെരഞ്ഞെടുപ്പിനു മുമ്പ് നാഗ്പുരില്‍ എത്തി ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിനെ മോഡി കണ്ടിരുന്നു. ആര്‍എസ്എസുമായുള്ള പഴയ പടലപ്പിണക്കമെല്ലാം പറഞ്ഞുതീര്‍ത്തെന്നാണ് മോഡി ക്യാമ്പിന്റെ പ്രചാരണം. എങ്കിലും തങ്ങളുടെ കൈപ്പിടിയില്‍ ഒതുങ്ങാത്ത ഒരാളെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വത്തിലേക്ക് ഉയര്‍ത്താന്‍ ആര്‍എസ്എസ് തയ്യാറാകുമോയെന്ന ചോദ്യം ശേഷിക്കുന്നു.

കര്‍ണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍, ബിഹാര്‍ ബിജെപി പ്രസിഡന്റ് സി പി താക്കൂര്‍, ഒട്ടനവധി ബിജെപി എംപിമാര്‍ തുടങ്ങിയവര്‍ മോഡിക്കുവേണ്ടി രംഗത്തെത്തിയിട്ടുണ്ട്. മോഡി ഡല്‍ഹിക്ക് വരുമോയെന്നത് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നാണ് വക്താവ് പ്രകാശ് ജാവദേക്കര്‍ പറഞ്ഞത്. ഇപ്പോള്‍ ഗുജറാത്തിനെ കുറിച്ച് സംസാരിക്കാമെന്നും മറ്റു കാര്യങ്ങള്‍ പിന്നീടാകാമെന്നും ജാവദേക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
(എം പ്രശാന്ത്)

deshabhimani 221212

No comments:

Post a Comment