Monday, December 17, 2012

മാണി മുതലെങ്കില്‍ ജോര്‍ജ് അമിതപ്പലിശ


കെ എം മാണി കേരള കോണ്‍ഗ്രസിന്റെ മുതലാണ്. എന്നാല്‍, പി സി ജോര്‍ജ് പലിശയാണോ അമിതപലിശയാണോ- ചോദ്യം മുല്ലക്കര രത്നാകരന്റേത്. അമിതപലിശ ഈടാക്കല്‍ നിരോധനബില്‍ ചര്‍ച്ചയില്‍ മുല്ലക്കര സംസാരിക്കുന്നതിനിടെ അനാവശ്യമായി ഇടപെട്ടപ്പോഴാണ് ജോര്‍ജിന് പിഴപ്പലിശയോടെ തിരിച്ചുകിട്ടിയത്. അമിതപലിശയും ബ്ലേഡ്മാഫിയയും നിറഞ്ഞ ചര്‍ച്ചയില്‍ മാണിയും കേരള കോണ്‍ഗ്രസും പലിശസംഘങ്ങളുമായി സമന്വയിപ്പിച്ചുള്ള രസകരമായ പരാമര്‍ശങ്ങളുമുണ്ടായി. പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും മുന്‍നിരക്കാര്‍ ഇടപെട്ട ബില്‍ചര്‍ച്ചയില്‍ മൊറാര്‍ജിദേശായിയും ബാങ്ക്ദേശസാല്‍ക്കരണവും മാണിയോണിക്സുമെല്ലാം സജീവമായി.

ആക്ട് എന്നതിന് മലയാളം നിയമമെന്നുപയോഗിക്കണമെന്ന ആവശ്യം തള്ളിയ മന്ത്രി മാണിയുടെ നിലപാടിനോട് വിയോജിച്ച ജി സുധാകരന്‍ ചോദിച്ചത് നിയമനിര്‍മാണസഭയെ ഇനി ആക്ട്നിര്‍മാണസഭയെന്നാണോ വിളിക്കേണ്ടത് എന്നാണ്. കടംമേടിക്കുന്നവനെ അധമര്‍ണനും പലിശവാങ്ങി കൊട്ടാരംപണിയുന്നവനെ ഉത്തമര്‍ണനുമായി വിശേഷിപ്പിക്കുന്നതിലെ അധമത്വമാണ് മുല്ലക്കര രത്നാകരന്‍ ചൂണ്ടിക്കാട്ടിയത്. വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയുംചെയ്യുന്ന കേരള കോണ്‍ഗ്രസുപോലെയാണ് പലിശക്കാരെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സകല തട്ടിപ്പുകള്‍ക്കും സമൂഹവിരുദ്ധര്‍ക്കും പ്രചോദനമാണ് യുഡിഎഫ് ഭരണമെന്ന് വി ചെന്താമരാക്ഷന്‍ പറഞ്ഞു. അരിവാങ്ങാന്‍ കടമെടുക്കേണ്ട സാഹചര്യമാണ് ഇന്ന് എന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ അഭിപ്രായം. പുതുതലമുറബാങ്കുകളെയും അമിതപലിശ ഈടാക്കല്‍ നിരോധനബില്ലില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 1969ലെ ബാങ്ക്ദേശസാല്‍ക്കരണനിയമം പുരോഗമനപരമായതിനാല്‍ സിപിഐ എം പിന്തുണച്ചെന്നു പറഞ്ഞതോടെ കോണ്‍ഗ്രസിലെ പിളര്‍പ്പിന്റെ സാഹചര്യത്തിലാണ് ഇന്ദിര ഗാന്ധി പുരോഗമനമുഖംനല്‍കാന്‍ ദേശസാല്‍ക്കരണവുമായെത്തിയതെന്ന് സി കെ നാണു ചൂണ്ടിക്കാട്ടി. മാസ്ബാങ്ക് ക്ലാസ്ബാങ്കാക്കി മാറ്റുന്ന നിലപാടിലെ വൈരുധ്യവും പലിശക്കാര്‍ക്ക് വാഴാന്‍ വഴിയൊരുക്കുന്ന സാഹചര്യവും പ്രൊഫ. സി രവീന്ദ്രനാഥ് വിശദമാക്കി.

പി ടി എ റഹീമിന്റെ പ്രസംഗം പതിവുപേൊല മുസ്ലിംലീഗുകാരെ അസ്വസ്ഥമാക്കി. കേരളമുനിസിപ്പല്‍ ഭേദഗതിബില്‍ ചര്‍ച്ചയില്‍ ഗാന്ധിയെ കെ എന്‍ എ ഖാദര്‍ വിമര്‍ശിച്ചതിനെ റഹീം എതിര്‍ത്തപ്പോഴാണ് ലീഗംഗങ്ങള്‍ പ്രകോപിതരായത്. മഹാത്മാഗാന്ധി വിഭാവനംചെയ്ത രാമരാജ്യം ഉമറുല്‍ ഫാറൂഖിന്റേതാണെന്നറിയാത്തവര്‍ പരമ്പരാഗത ലീഗുകാരല്ലെന്നായിരുന്നു റഹീമിന്റെ വാദം. കേരളത്തിലിനിയൊരു മാലിന്യസംസ്കരണശാല സ്ഥാപിക്കാതിരിക്കാന്‍ കാരണക്കാര്‍ മുഖ്യമന്ത്രിയും ഡെപ്യൂട്ടിസ്പീക്കറുമാണെന്ന വി ശിവന്‍കുട്ടിയുടെ പരാമര്‍ശത്തില്‍ അധ്യക്ഷവേദിയിലുണ്ടായിരുന്ന ഡെപ്യൂട്ടിസ്പീക്കര്‍ എന്‍ ശക്തന്‍ ഇടപെട്ടത് വാദപ്രതിവാദത്തിനിടയാക്കി. അഞ്ചാംമന്ത്രിയായ മഞ്ഞളാംകുഴി അലിയെ മാലിന്യമന്ത്രിയെന്നായിരുന്നു ചര്‍ച്ചയില്‍ വി എസ് സുനില്‍കുമാര്‍ വിശേഷിപ്പിച്ചത്.

എമര്‍ജിങ് കേരളയുണ്ടാക്കിയ മാലിന്യത്തെക്കുറിച്ച് ആരാഞ്ഞ ജി സുധാകരനോട് സുനില്‍ നിലപാട് വ്യക്തമാക്കി. ചീഞ്ഞുനാറുന്ന കേരളത്തില്‍ എന്തെമെര്‍ജിങ്? അമിതപലിശ ഈടാക്കാന്‍ അവസ്ഥയൊരുക്കന്ന സമ്പദ്വ്യവസ്ഥയാണ് പ്രശ്നം. ഇ കെ വിജയന്‍, പി ശ്രീരാമകൃഷ്ണന്‍, ടി എ അഹമ്മദ്കബീര്‍ എന്നിവരും ബില്‍ ചര്‍ച്ചയില്‍ സംസാരിച്ചു. വിമാനത്താവളങ്ങളിലൂടെയുള്ള മനുഷ്യക്കടത്തുയര്‍ത്തുന്ന രാജ്യരക്ഷാപ്രശ്നവും അഴിമതിയും അടിയന്തരപ്രമേയമായെത്തി. പ്രമേയം അവതരിപ്പിച്ച പി ശ്രീരാമകൃഷ്ണന്‍ കോണ്‍ഗ്രസിനും മുസ്ലിംലീഗിനും കലക്കന്‍ വിശേഷണവും ചാര്‍ത്തിനല്‍കി. കോഴിക്കോട് വിമാനത്താവളത്തിലെ മനുഷ്യക്കടത്തിനു പിന്നില്‍ എഐസിസിയാണെന്നാരോപിച്ച് എഐസിസി എന്നത് എഐഎംസിസി (ആള്‍ ഇന്ത്യ മനുഷ്യക്കടത്ത് കമ്മിറ്റി)യായി മാറിയെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഐയുഎംഎല്‍ എയര്‍പോര്‍ട്ടില്‍ ആളെ ഉന്തിത്തള്ളി മരുഭൂമിയിലയക്കുന്ന ലീഗാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. പെന്‍ഷന്‍പ്രായം ഉയര്‍ത്തി യുവജനങ്ങളെ വഞ്ചിക്കുന്ന സര്‍ക്കാര്‍ നയത്തിലേക്ക് ടി വി രാജേഷ് ശ്രദ്ധക്ഷണിച്ചു. അങ്ങനെയൊരു നീക്കമേയില്ലെന്നും ആലോചനയുണ്ടായാല്‍ യുവജനസംഘടനകളുമായി ചര്‍ച്ചയാകാമെന്നും മറുപടി നല്‍കി.

കര്‍ണാടകജയിലില്‍ 28 മാസമായി തടവിലിട്ട പിഡിപി നേതാവ് അബ്ദുള്‍നാസര്‍ മഅ്ദനിയുടെ ഗുരുതരമായ രോഗപീഡയും സഭയില്‍ ഉന്നയിക്കപ്പെട്ടു. എം എ ബേബിയാണ് മഅ്ദനി അനുഭവിക്കുന്ന മനുഷ്യാവകാശപീഡനവും നീതിരാഹിത്യവും ശ്രദ്ധയില്‍പ്പെടുത്തിയത്. കര്‍ണാടക മുഖ്യമന്ത്രിയെ കാണാന്‍ പ്രതിനിധി സംഘത്തെ അയക്കണമെന്ന ബേബിയുടെ ആവശ്യത്തോട് പക്ഷേ, മുഖ്യമന്ത്രി പുറംതിരിഞ്ഞുനിന്നു. അംഗങ്ങള്‍ക്ക് സഭയ്ക്കുള്ളില്‍ ലാപ്ടോപ്പും ഐപാഡുമെല്ലാം സഭാപ്രവര്‍ത്തനത്തിനായി ഉപയോഗിക്കാമെന്ന സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ സുപ്രധാനമായ റൂളിങ്ങും തിങ്കളാഴ്ച ഉണ്ടായി.

പി വി ജീജോ deshabhimani 181212

No comments:

Post a Comment