Saturday, December 22, 2012
സന്നദ്ധ ട്രസ്റ്റുകളെ ഒഴിവാക്കി; സഹകരണ ആശുപത്രികള്‍ പേരിന്
കാരുണ്യ ഡയാലിസിസ് പദ്ധതിയില്‍ മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ ട്രസ്റ്റുകളെയും ചാരിറ്റബിള്‍ സംഘടനകളെയും ഒഴിവാക്കി. ഡയാലിസിസ് സൗകര്യമുള്ള സംസ്ഥാനത്തെ പ്രമുഖ സഹകരണ ആശുപത്രികളെയും തഴഞ്ഞു. ആക്ഷേപം ഒഴിവാക്കാന്‍ ഉള്‍പ്പെടുത്തിയത് രണ്ട് സഹകരണ ആശുപത്രികളെ മാത്രം. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കഴിഞ്ഞാല്‍ സഹകരണ മേഖലയ്ക്ക് മുന്‍ഗണന നല്‍കണമെന്ന കീഴ്വഴക്കം ലംഘിച്ചത് സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണെന്ന് വ്യക്തം. നിര്‍ധനരായ വൃക്കരോഗികളെ സഹായിക്കാന്‍ നിരവധി സന്നദ്ധസ്ഥാപനങ്ങള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ലക്ഷങ്ങളുടെ സഹായം ലഭിക്കുന്ന പദ്ധതിയില്‍ വാണിജ്യലക്ഷ്യത്തോടെ നടത്തുന്ന ആശുപത്രികളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ട്രസ്റ്റുകളെ തഴഞ്ഞതിനെതിരെ ഭരണകക്ഷിയില്‍നിന്നും കലാപം ഉയര്‍ന്നിട്ടുണ്ട്. മുസ്ലിംലീഗ് നിയന്ത്രണത്തിലുള്ള കോഴിക്കോട്ടെ ഒരു ട്രസ്റ്റിന്റെ ഭാരവാഹികള്‍ ആരോഗ്യവകുപ്പിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ്. പരിയാരം മെഡിക്കല്‍ കോളേജ്, കണ്ണൂര്‍ എകെജി സഹകരണ ആശുപത്രി എന്നിവിടങ്ങളിലെല്ലാം ഡയാലിസിസ് സൗകര്യമുണ്ട്. അപേക്ഷ നല്‍കിയിട്ടും പ്രമുഖ സഹകരണ ആശുപത്രികളെ ആരോഗ്യവകുപ്പ് ഒഴിവാക്കിയെന്നാണ് ആക്ഷേപം. പെരിന്തല്‍മണ്ണ ഇഎംഎസ് സഹകരണ ആശുപത്രി ആന്‍ഡ് റിസര്‍ച്ച് സെന്ററും, തലശേരി സഹകരണ ആശുപത്രിയും മാത്രമേ സര്‍ക്കാര്‍ പുതുതായി പ്രഖ്യാപിച്ച പട്ടികയിലുള്ളൂ. പത്തനംതിട്ട പുഷ്പഗിരി മെഡിക്കല്‍ കോളേജ്, അങ്കമാലി ലിറ്റില്‍ ഫ്ളവര്‍, കോഴഞ്ചേരി മുത്തൂറ്റ് മെഡിക്കല്‍ മിഷന്‍, കോഴിക്കോട് കെഎംസിടി, കാസര്‍കോട് മാലിക്ദിനാര്‍, എറണാകുളം ലിസി, തൃശൂര്‍ ജൂബിലി മിഷന്‍ തുടങ്ങി സര്‍ക്കാരിന് താല്‍പര്യമുള്ള പ്രമുഖ സ്വകാര്യ ആശുപത്രികളെ പദ്ധതി നടത്തിപ്പുകാരാക്കിയിട്ടുണ്ട്. പദ്ധതിയുടെ മറവില്‍ സ്വകാര്യ ആശുപത്രികളില്‍ ഡയാലിസിസിന്റെ അനുബന്ധ സൗകര്യങ്ങള്‍ സൗജന്യമായി ഏര്‍പ്പെടുത്താനും നീക്കമുണ്ട്.
(സതീഷ്ഗോപി)
deshabhimani 221212
Labels:
ആരോഗ്യരംഗം
Subscribe to:
Post Comments (Atom)
No comments:
Post a Comment