Saturday, December 22, 2012

റവന്യു എക്സ്പെന്‍ഡിച്ചര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ പ്രക്ഷോഭം: എന്‍ജിഒ യൂണിയന്‍


സ്റ്റാറ്റ്യൂട്ടറി പെന്‍ഷന് പുറമെ ശമ്പളപരിഷ്കരണവും അട്ടിമറിക്കാനുള്ള യുഡിഎഫ് സര്‍ക്കാര്‍ തീരുമാനത്തെ സഹായിക്കുന്നതാണ് പബ്ലിക് എക്സ്പെന്‍ഡിച്ചര്‍ റിവ്യു കമ്മിറ്റി റിപ്പോര്‍ട്ടെന്ന് എന്‍ജിഒ യൂണിയന്‍ പ്രസ്താവനയില്‍ പറഞ്ഞു.

പൊതുസമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് കാരണമായ സിവില്‍സര്‍വീസിനെ തകര്‍ക്കുകയാണ് റിപ്പോര്‍ട്ടിന്റെ ലക്ഷ്യം. ഇതര സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി കേരളത്തിലുണ്ടായ സാമൂഹ്യവളര്‍ച്ച വിദ്യാഭ്യാസ-ആരോഗ്യ സാമൂഹ്യക്ഷേമ മേഖലകളില്‍ സര്‍ക്കാര്‍ നടത്തിയ നിക്ഷേപവും ഇടപെടലും വഴി നേടിയതാണ്. ഇവ തകര്‍ത്ത് മുതലാളിത്ത വികസനപാത അടിച്ചേല്‍പ്പിക്കാനും സാധാരണക്കാരുടെ ജീവിതസാഹചര്യങ്ങള്‍ ഇല്ലാതാക്കാനുമുള്ള ആഗോളവല്‍ക്കരണനയങ്ങള്‍ സംസ്ഥാനത്ത് നടപ്പാക്കാന്‍ യുഡിഎഫ് സര്‍ക്കാരിനെ സഹായിക്കുകയാണ് കമ്മിറ്റി ലക്ഷ്യം. 2002 ല്‍ യുഡിഎഫ് സര്‍ക്കാര്‍ ഇതേ നയമാണ് നടപ്പാക്കാന്‍ ശ്രമിച്ചത്. 32 ദിവസത്തെ പണിമുടക്കിലൂടെ ആ ശ്രമത്തെ പരാജയപ്പെടുത്തി. എന്നാല്‍, പങ്കാളിത്ത പെന്‍ഷന്‍പദ്ധതി സംസ്ഥാനത്ത് നടപ്പാക്കിക്കൊണ്ടും നിയമനിരോധനം ഏര്‍പ്പെടുത്തിയും ആ നയം വീണ്ടും നടപ്പാക്കുകയാണ്. ജീവനക്കാര്‍ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അഞ്ചുവര്‍ഷ ശമ്പളപരിഷ്കരണവും ജോലിസ്ഥിരതയും അട്ടിമറിക്കാന്‍പോകുന്നു. വികസനക്ഷേമ പ്രവര്‍ത്തനങ്ങളുടെ ചെലവില്‍നിന്ന് ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും വേര്‍പെടുത്തി വലിയ ബാധ്യതയായി കണക്കാക്കി പ്രചരിപ്പിക്കുക വഴി സിവില്‍സര്‍വീസിനെ തകര്‍ക്കുകയാണ് ലക്ഷ്യം. റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ശ്രമിച്ചാല്‍ അതിശക്തമായ പോരാട്ടത്തിന് കേരളം സാക്ഷ്യം വഹിക്കുമെന്ന് എന്‍ജിഒ യൂണിയന്‍ ജനറല്‍ സെക്രട്ടറി എ ശ്രീകുമാര്‍ പറഞ്ഞു.

സംസ്ഥാനം പിന്തുടരുന്നതും ഉദാരവല്‍ക്കരണനയം: കോടിയേരി

കേന്ദ്രസര്‍ക്കാരിന്റെ സ്വകാര്യവല്‍ക്കരണ, ഉദാരവല്‍ക്കരണ നയങ്ങളാണ് സംസ്ഥാന സര്‍ക്കാരും പിന്‍തുടരുന്നതെന്ന് തെളിയിക്കുന്നതാണ് ധന വിനിയോഗ അവലോകന സമിതി റിപ്പോര്‍ട്ടിലെ ശുപാര്‍ശകളെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ബിഎസ്എന്‍എല്‍ എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന പഠനക്ലാസ് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

സമിതി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കുമോ എന്ന് നിയമസഭയില്‍ ചോദ്യമുയര്‍ന്നപ്പോള്‍ വ്യക്തമായ ഉത്തരം നല്‍കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളപരിഷ്കരണം പത്തുവര്‍ഷത്തിലൊരിക്കല്‍മാത്രം മതിയെന്നും പുതിയ കോഴ്സുകളും കോളേജുകളും ഇനി അണ്‍എയ്ഡഡ് മേഖലയില്‍ മതിയെന്നുമാണ് റിപ്പോര്‍ട്ട്. സര്‍ക്കാരിന്റെ ചില പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ ജീവനക്കാരെ നിയമിക്കുന്നതിനുപകരം പുറംകരാര്‍ നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിലെ ഏതെങ്കിലും നിര്‍ദേശം സ്വീകാര്യമല്ലെന്ന് പറയാന്‍ മുഖ്യമന്ത്രി തയ്യാറാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഉദാരവല്‍ക്കരണത്തിന്റെ നേട്ടം കൊയ്തത് കുത്തക കമ്പനികളും ചുരുക്കം രാഷ്ട്രീയക്കാരുമാണ്. കേന്ദ്രഭരണം നിലനിര്‍ത്താന്‍ രാഷ്ട്രീയക്കാരോടൊപ്പം കോര്‍പറേറ്റുകളും യത്നിക്കുന്ന അവസ്ഥയാണുള്ളത്. റിലയന്‍സിന് അനുകൂലമായി പ്രവര്‍ത്തിക്കാത്തതിനാല്‍ കേന്ദ്രമന്ത്രി ജയ്പാല്‍ റെഡ്ഡിയെ മാറ്റി പകരം ആ സ്ഥാനത്ത് വീരപ്പമൊയ്ലിയെ നിയമിച്ചു. വാള്‍മാര്‍ട്ടിന് ഇന്ത്യയില്‍ പ്രവേശനം കിട്ടാന്‍ 125 കോടി ചെലവിട്ടെന്ന് വാള്‍മാര്‍ട്ട് തന്നെയാണ് വ്യക്തമാക്കിയത്. ബാങ്കിങ് മേഖലയിലെ വിദേശ നിക്ഷേപത്തെ പാര്‍ലമെന്റില്‍ കോണ്‍ഗ്രസിനൊപ്പം ബിജെപിയും പിന്തുണച്ചു. നയപരമായ കാര്യങ്ങളില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഒരു വ്യത്യാസവുമില്ല. കോണ്‍ഗ്രസിനും ബിജെപിക്കുമെതിരായ ഇടതുപക്ഷബദല്‍ കേന്ദ്രത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളി വര്‍ഗവും പ്രത്യയശാസ്ത്രവും എന്ന വിഷയത്തില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ഗോവിന്ദനും, സാമൂഹ്യ വിമോചന ദര്‍ശനം വര്‍ത്തമാനകാലത്ത് എന്ന വിഷയത്തില്‍ കെ ടി കുഞ്ഞിക്കണ്ണനും ഉത്തരാധുനികതയും സ്വത്വരാഷ്ട്രീയവും എന്ന വിഷയത്തില്‍ വി കാര്‍ത്തികേയന്‍നായരും ക്ലാസെടുത്തു. എ വി കുര്യാക്കോസ് അധ്യക്ഷനായി. കെ മോഹനന്‍, ആര്‍ മുരളീധരന്‍നായര്‍ എന്നിവര്‍ സംസാരിച്ചു.

റവന്യു എക്സ്പെന്‍ഡിച്ചര്‍ റിപ്പോര്‍ട്ടിനെതിരെ യുവജനരോഷം

തിരു: റവന്യു എക്സ്പെന്‍ഡിച്ചര്‍ കമ്മിറ്റി റിപ്പോര്‍ട്ട് തള്ളണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ നേതൃത്വത്തില്‍ സെക്രട്ടറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ യുവജനരോഷമിരമ്പി. കേരളത്തിന്റെ നേട്ടങ്ങള്‍ക്ക് കാരണമായ കേരള മോഡല്‍ വികസനത്തിന് മരണവാറന്റ് നല്‍കുന്ന റിപ്പോര്‍ട്ട് കത്തിച്ചുകൊണ്ടു നടത്തിയ പ്രതിഷേധം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ ഉദ്ഘാടനംചെയ്തു. പാളയം ആശാന്‍ സ്ക്വയറില്‍നിന്നാരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിനു യുവാക്കള്‍ അണിനിരന്നു. കേരളത്തെ പിന്നോട്ടടിപ്പിക്കുന്നതും യുവജനവിരുദ്ധവുമായ നയങ്ങളുമായി യുഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ ശക്തമായ സമരപരമ്പരകള്‍ക്കാകും കേരളം സാക്ഷ്യംവഹിക്കുകയെന്ന മുന്നറിയിപ്പായി മാര്‍ച്ച്. ഡിവൈഎഫ്ഐ ജില്ലാപ്രസിഡന്റ് ബി ബിജു അധ്യക്ഷനായി. ജില്ലാസെക്രട്ടറി എസ് പി ദീപക്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി എസ് ഹരികുമാര്‍, എ എ റഹീം എന്നിവര്‍ സംസാരിച്ചു.

deshabhimani 221212

No comments:

Post a Comment