കടല്‍ക്കൊല കേസില്‍ സംസ്ഥാനസര്‍ക്കാര്‍ നിലപാട് തുടക്കം മുതല്‍ ഇറ്റലിക്കാര്‍ക്ക് അനുകൂലം. പിറവം തെരഞ്ഞെടുപ്പു കാലത്ത് വന്‍വിവാദമായ ഈ സംഭവത്തില്‍ കോടതിയുടെ വിമര്‍ശത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ നിലപാടു മാറ്റിയത്. അറസ്റ്റിലായ സൈനികരെ സംരക്ഷിക്കുന്നതിനുള്ള രഹസ്യനീക്കങ്ങളാണ് പിന്നീട് അരങ്ങേറിയത്. ഒടുവില്‍ കേന്ദ്രത്തിന്റെ ഒത്താശയില്‍, ഹൈക്കോടതി വിധിയുടെ മറവില്‍ പ്രതികള്‍ നാടുവിടുന്നതിനും കളമൊരുങ്ങി.
ഫെബ്രുവരി 15നാണ് മത്സ്യത്തൊഴിലാളികളെ എന്‍റിക ലെക്സിയിലെ സൈനികര്‍ വെടിവച്ചുകൊന്നത്. ആദ്യം ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തെങ്കിലും പിന്നീട് സംസ്ഥാനസര്‍ക്കാര്‍ മലക്കം മറിഞ്ഞു. രാജ്യാന്തര കപ്പലോട്ട നിയമപ്രകാരം കേസെടുക്കാന്‍ പൊലീസ് തയ്യാറായില്ല. കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെ മാത്രമേ ഈ നിയമമനുസരിച്ച് കേസെടുക്കാന്‍ കഴിയൂ. കേന്ദ്രാനുമതി തേടാതെ പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ ആദ്യം അവസരമൊരുക്കി. ഹൈക്കോടതി രൂക്ഷ വിമര്‍ശമുന്നയിച്ചപ്പോള്‍ ചുവടുമാറ്റി. മരിച്ചത് ഇന്ത്യക്കാരാണെന്ന് സുപ്രീംകോടതിക്ക് ഓര്‍മിപ്പിക്കേണ്ട സ്ഥിതിവരെയെത്തി. സംസ്ഥാനത്തിന് കേസെടുക്കാന്‍ അവകാശമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വാദിച്ചത് സംസ്ഥാനസര്‍ക്കാരിന്റെ രഹസ്യാനുമതിയോടെയാണ്. കേന്ദ്രം ഈ വാദം ഉന്നയിച്ചപ്പോള്‍ കേരളത്തിന്റെ അഭിഭാഷകന്‍ മൗനംപാലിച്ചു. സുപ്രീംകോടതി കേസ് പരിഗണിക്കുന്നതിന് തൊട്ടുമുമ്പ് സര്‍ക്കാരിന്റെ സ്റ്റാന്‍ഡിങ് കോണ്‍സല്‍ രമേശ് ബാബുവിനെ ചുമതലയില്‍ നിന്നു മാറ്റി. കെ എം മാണിയും പി ജെ ജോസഫും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഡല്‍ഹിയില്‍ കൂടിയാലോചിച്ചായിരുന്നു ഇത്. രമേശ് ബാബുവിനു പകരം എം ടി ജോര്‍ജിനെയാണ് കേരളത്തിനു വേണ്ടി ചുമതലപ്പെടുത്തിയത്. അദ്ദേഹം നിര്‍ണായകഘട്ടത്തില്‍ മൗനംപാലിച്ചു. കേസെടുക്കാന്‍ കേരളത്തിന് അവകാശമില്ലെന്ന് ഇറ്റാലിയന്‍ സര്‍ക്കാരിന്റെ അഭിഭാഷകനും കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകനും ഒരേ സ്വരത്തിലാണ് വാദിച്ചത്. ആ സമയത്താണ് കേരളത്തിന്റെ അഭിഭാഷകന്‍ മൗനം അവലംബിച്ചത്. കപ്പല്‍ ഉപാധികളോടെ വിടാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചപ്പോഴും സംസ്ഥാനം അനങ്ങിയില്ല.
മെയ് ആദ്യവാരം ഇറ്റലിയിലേക്ക് തിരികെ പോയ കപ്പല്‍ പിന്നീട് കൊച്ചി തീരം തൊട്ടിട്ടില്ല. വെടിയേറ്റുമരിച്ച മത്സ്യത്തൊഴിലാളികള്‍ കടല്‍ക്കൊള്ളക്കാരാണെന്ന് ഇറ്റാലിയന്‍ സര്‍ക്കാര്‍ വാദിച്ചപ്പോഴും സംസ്ഥാനം അനങ്ങിയില്ല. നയതന്ത്രനീക്കത്തിലൂടെ സൈനികരെ കടത്താന്‍ ഇറ്റലി നടത്തിയ നീക്കങ്ങള്‍ക്കും സംസ്ഥാനസര്‍ക്കാര്‍ ഒത്താശ നല്‍കി. കോടതി റിമാന്‍ഡ് ചെയ്ത നാവികരെ ആദ്യം കൊച്ചിയിലെ ഗസ്റ്റ് ഹൗസിലാണ് പാര്‍പ്പിച്ചത്. പിന്നീട് ഇരുവരെയും പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ പ്രത്യേക സെല്ലില്‍ പാര്‍പ്പിച്ചു. പുറമെ നിന്ന് ഇറ്റാലിയന്‍ വിഭവങ്ങള്‍ ജയിലില്‍ വരുത്തിക്കൊടുത്തു. കൊലക്കേസ് പ്രതികള്‍ക്ക് വിവിഐപി പരിഗണന നല്‍കുന്നതിനും സംസ്ഥാനസര്‍ക്കാരും പൊലീസും പ്രത്യേകം ശ്രദ്ധ ചെലുത്തി. അറസ്റ്റിലായ സൈനികരെ സിഐഎസ്എഫ് റസ്റ്റ് ഹൗസിലാണ് ആദ്യം താമസിപ്പിച്ചത്. മത്സ്യത്തൊഴിലാളികള്‍ സഞ്ചരിച്ച ബോട്ട് പരിശോധിക്കാന്‍ ഇറ്റാലിയന്‍ സംഘത്തിന് അനുമതി നല്‍കിയതും വിചിത്രമായ വാദം ഉയര്‍ത്തിയാണ്. ബോട്ട് പരിശോധിക്കാന്‍ അനുമതി നല്‍കിയതില്‍ തെറ്റില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. അറസ്റ്റിലായ നാവികരെ ജയിലില്‍ അടയ്ക്കാതിരിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായി ഇവരെ കസ്റ്റഡിയില്‍ വാങ്ങിയതും ഉന്നതങ്ങളില്‍ നിന്നുള്ള ഇടപെടലിനെ തുടര്‍ന്നാണ്. ജയിലില്‍ കഴിഞ്ഞ സൈനികരെ സന്ദര്‍ശിക്കാന്‍ എത്തിയ ഇറ്റാലിയന്‍ സംഘത്തിന് എല്ലാ സഹായവും ചെയ്തു. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് കൊച്ചിയിലെ നക്ഷത്ര ഹോട്ടലില്‍ ഇരുവരും കഴിഞ്ഞുവരികയായിരുന്നു.
വിങ്ങുന്ന മനസ്സുമായി കോടതി പരിസരത്തെ സര്‍ക്കാര്‍ ഓഫീസില്‍ ഡോറ
കൊല്ലം: ഭര്‍ത്താവിനെ വെടിവച്ചുകൊന്ന ഇറ്റാലിയന്‍ നാവികര്‍ക്ക് ക്രിസ്മസ് ആഘോഷത്തിന് സ്വന്തം നാട്ടിലേക്കു പോകാന്‍ അനുമതി നല്‍കിയ കോടതിയുടെ പരിസരത്ത് വേദനയോടെ ഡോറയും. വെള്ളിയാഴ്ച കൊല്ലം ഒന്നാം ക്ലാസ് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിഇറ്റാലിയന്‍ നാവികരുടെ പാസ്പോര്‍ട്ട് തിരികെ നല്‍കി ഉത്തരവാകുമ്പോള്‍ കലക്ടറേറ്റ് സമുച്ചയത്തിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ ഡോറയുണ്ടായിരുന്നു. മത്സ്യത്തൊഴിലാളിയായ ഭര്‍ത്താവ് വാലന്റൈന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഡോറയ്ക്ക് ലാസ്റ്റ് ഗ്രേഡായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ നിയമനം ലഭിച്ചത്. നാവികരെ കാണാന്‍ കലക്ടറേറ്റിലെ ജീവനക്കാര്‍ ഒട്ടുമിക്കവരും പോയെങ്കിലും വിങ്ങുന്ന മനസ്സോടെ ഡോറ ഓഫീസില്‍ ഒതുങ്ങിക്കൂടി.
ഇറ്റാലിയന്‍ നാവികരെ ക്രിസ്മസ് ആഘോഷിക്കാന്‍ ഇറ്റലിയിലേക്ക് വിടാനുള്ള കോടതിവിധിയില്‍ അടങ്ങാത്ത ദുഃഖവും പ്രതിഷേധവും ഡോറ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. നഷ്ടപരിഹാരവും ജോലിയും നല്‍കിയതുകൊണ്ട് നഷ്ടപ്പെട്ട ഭര്‍ത്താവിനെ തിരിച്ചുകിട്ടില്ല. കുറ്റം ചെയ്തവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കണം. രണ്ടു മക്കളും വൃദ്ധയായ അമ്മയും അടങ്ങുന്ന കുടുംബം തീരാത്തവേദനയില്‍ കഴിയുമ്പോള്‍ ഭര്‍ത്താവിനെ കൊന്നവരെ ക്രിസ്മസ് ആഘോഷിക്കാന്‍ വിട്ടയയ്ക്കുന്നതിലെ പ്രതിഷേധം കണ്ണീരോടെയാണ് ഡോറ പ്രകടിപ്പിച്ചത്.
ഇറ്റാലിയന്‍ നാവികര്‍ക്കു കരിങ്കൊടി; ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കൊല്ലം: കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്ന ഇറ്റാലിയന്‍ നാവികരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. പ്രവര്‍ത്തകര്‍ തീര്‍ത്ത പ്രതിഷേധവലയത്തില്‍ അരമണിക്കൂറോളം കുടുങ്ങിപ്പോയ നാവികരെ വന്‍ പൊലീസ് സന്നാഹമെത്തി മോചിപ്പിച്ചു. പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ കൊലപ്പെടുത്തിയ നാവികര്‍ക്കു രക്ഷപ്പെടാന്‍ അവസരമൊരുക്കിയ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കും കോണ്‍ഗ്രസിനും എതിരായ മുദ്രാവാക്യം മുഴക്കിയ പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. കോടതി നടപടികള്‍ പൂര്‍ത്തിയാക്കി നാവികര്‍ കൊച്ചിയിലേക്കു മടങ്ങിയശേഷമാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ സ്റ്റേഷനില്‍നിന്ന് ജാമ്യത്തില്‍ വിട്ടത്.
വെള്ളിയാഴ്ച പകല്‍ ഒന്നോടെയാണ് കൊച്ചിയില്‍നിന്ന് നാവികരുമായി ഇന്നോവ കാര്‍ എത്തിയത്. കലക്ടറേറ്റിനുകിഴക്കുവശത്തെ വക്കീല്‍ ഓഫീസ് വളപ്പിലേക്ക് കാര്‍ കയറിയ ഉടന്‍ കരിങ്കൊടികളുമായി കാത്തുനിന്ന ജില്ലാ സെക്രട്ടറി അഡ്വ. ജി മുരളീധരന്റെ നേതൃത്വത്തില്‍ അമ്പതോളം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വളഞ്ഞു. നാമമാത്രമായ പൊലീസുകാരാണ് ഉണ്ടായിരുന്നത്. നാവികര്‍ക്കുനേരെ കരിങ്കൊടികള്‍ വീശിയ പ്രവര്‍ത്തകര്‍ മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന നാവികര്‍ക്കും അവരെ രക്ഷപ്പെടാന്‍ അവസരമൊരുക്കുന്ന കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കും യുപിഎ അധ്യക്ഷ സോണിയഗാന്ധിക്കും എതിരായ മുദ്രാവാക്യങ്ങള്‍ മുഴക്കി. കോടതി പരിസരത്തുണ്ടായിരുന്ന ടിവി ചാനല്‍ ക്യാമറാമാന്മാരും പത്ര ഫോട്ടോഗ്രാഫര്‍മാരും സ്ഥലത്തെത്തി. നാവികരുടെ സുരക്ഷാഭടന്മാരായ രണ്ട് ഇറ്റാലിയന്‍ സൈനികര്‍ ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച ക്യാമറാമാന്മാര്‍ക്കുനേരെ ഭീഷണിമുഴക്കി. ഏഷ്യാനെറ്റ് ക്യാമറാമാന്‍ ടൈറ്റസിനെ ദൃശ്യം പകര്‍ത്തുന്നതില്‍നിന്ന് തടഞ്ഞു. കൈയേറ്റത്തിനും ശ്രമമുണ്ടായി.
ഇതിനിടെ കോടതി പരിസരത്തുണ്ടായിരുന്ന പൊലീസുകാര്‍ എത്തി ഗേറ്റ് അടച്ചു. അപ്പോഴേക്ക് സ്ഥലത്ത് നാട്ടുകാര്‍ തടിച്ചുകൂടി. പ്രതിഷേധം നീണ്ടതോടെ ഉച്ചയ്ക്ക് കോടതി പിരിയുംമുമ്പ് നാവികരെ കോടതിയില്‍ ഹാജരാക്കാനാകുമോ എന്ന ആശങ്കയും ഉയര്‍ന്നു. തുടര്‍ന്ന് എസിപി ബി കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ വാന്‍ നിറയെ പൊലീസുകാര്‍ എത്തി. തുടര്‍ന്ന് ബലം പ്രയോഗിച്ച് പ്രവര്‍ത്തകരെ അറസ്റ്റ്ചെയ്ത് വാനില്‍ കയറ്റിയ ശേഷം നാവികരുമായി എത്തിയ കാര്‍ കോടതി വളപ്പിലേക്ക് കടത്തിവിട്ടു. കോടതി നടപടികള്‍ പൂര്‍ത്തിയാക്കി നാവികര്‍ കൊച്ചിക്കു മടങ്ങിയശേഷം പകല്‍ മൂന്നോടെയാണ് പ്രവര്‍ത്തകരെ ജാമ്യത്തില്‍വിട്ടത്. ഡിവൈഎഫ്ഐ പ്രതിഷേധത്തെ തുടര്‍ന്ന് വന്‍ പൊലീസ് സന്നാഹം കോടതി പരിസരത്ത് നിലയുറപ്പിച്ചു.
deshabhimani 221212
No comments:
Post a Comment