Saturday, December 15, 2012

കേരളത്തില്‍ റേഷന്‍സംവിധാനം തകര്‍ന്നത് അരിവില കൂട്ടി: പ്രധാനമന്ത്രി


അരിവില മുകളിലോട്ടുതന്നെ റെയ്ഡ് പ്രഹസനം

സംസ്ഥാനത്ത് അരിവില കുതിച്ചുയരുമ്പോഴും സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ പുറപ്പെടുവിച്ച് മാറിനില്‍ക്കുന്നു. വിലക്കയറ്റം നിയന്ത്രിക്കാന്‍ കേന്ദ്രത്തില്‍നിന്ന് ഒരു ലക്ഷം ടണ്‍ അരി ലഭിച്ചെന്നും പൊതുവിതരണ സംവിധാനംവഴി അവ വിതരണംചെയ്യുമെന്നും പ്രഖ്യാപിച്ച് ദിവസങ്ങളായിട്ടും ആര്‍ക്കും അരി കിട്ടിയിട്ടില്ല. അതേസമയം, പൊതുവിപണിയില്‍ അരിവില 47 രൂപവരെയായി ഉയര്‍ന്നു. പൂഴ്ത്തിവയ്പ് തടയാനെന്ന പേരില്‍ നടത്തിയ റെയ്ഡുകള്‍ പ്രഹസനമായി. റേഷന്‍കടകളും മാവേലിസ്റ്റോറുകളുംവഴി 20 രൂപയ്ക്ക് അരി വിതരണംചെയ്യുമെന്ന സര്‍ക്കാരിന്റെ അറിയിപ്പും അരിവില കൂടാന്‍ കാരണമായി. പൂഴ്ത്തിവയ്പ് തടയാനെന്നു പറഞ്ഞ് പൊലീസിനെ ഇറക്കി പലഭാഗങ്ങളില്‍ നടന്ന റെയ്ഡില്‍ സിവില്‍ സപ്ലൈസ് അധികൃതര്‍ സഹകരിച്ചില്ല. അവരെ അറിയിക്കാതെ പൊലീസ് നേരിട്ട് റെയ്ഡിനിറങ്ങുകയായിരുന്നു. പിന്നീട് റേഷനിങ് ഇന്‍സ്പെക്ടര്‍മാരെ വിളിച്ചുവരുത്തി. പലയിടത്തും സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ ഇതിനു തയ്യാറായില്ല. പൊലീസ് റെയ്ഡ് പ്രഹസനമായിരുന്നെന്നാണ് ഉന്നത സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരുടെ നിലപാട്. റെയ്ഡ് ഭീഷണി മുഴക്കി റേഷന്‍വ്യാപാരികളെ തങ്ങളുടെ അടുത്തെത്തിക്കാനുള്ള പൊലീസ് ഈ അവസരം ഉപയോഗിക്കുകയാണെന്നും ആക്ഷേപമുണ്ട്.

എപിഎല്‍ കാര്‍ഡുടമകള്‍ക്ക് രണ്ടു രൂപയുടെ അരി മാസം എട്ടുകിലോമാത്രമാണ് നല്‍കുന്നത്. വില നിയന്ത്രിക്കുന്നതില്‍ സര്‍ക്കാരിന് ആത്മാര്‍ഥതയുണ്ടെങ്കില്‍ മുഴുവന്‍ കാര്‍ഡുടമകള്‍ക്കും കുറഞ്ഞ നിരക്കില്‍ ആവശ്യത്തിന് അരി നല്‍കണമെന്നിരിക്കെ, പൊതുവിപണിയില്‍ വിലകൂടുന്നതിനുസരിച്ച് സര്‍ക്കാരും വിലകൂട്ടാനാണ് തീരുമാനിച്ചത്. രണ്ടു രൂപയ്ക്ക് കൊടുക്കേണ്ട അരിയാണ് 20 രൂപയ്ക്ക് കൊടുക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞത്. സര്‍ക്കാര്‍ കമീഷന്‍ വര്‍ധിപ്പിച്ചു നല്‍കാത്തതിനാല്‍ റേഷന്‍വ്യാപാരികള്‍ക്ക് അരി എടുക്കാന്‍ താല്‍പ്പര്യമില്ല. മാവേലിസ്റ്റോറുകളില്‍ അരി എത്തിക്കാന്‍ സപ്ലൈകോയ്ക്ക് ആവശ്യത്തിന് പണവും സര്‍ക്കാര്‍ നല്‍കിയിട്ടില്ല. കണ്‍സ്യൂമര്‍ഫെഡ് കടുത്ത നിയന്ത്രണത്തോടെയാണ് അരി നല്‍കുന്നത്. 27 രൂപയ്ക്ക് വാങ്ങുന്ന ജയ അരി ആറു രൂപ സബ്സിഡി നല്‍കി 21 രൂപയ്ക്കാണ് കണ്‍സ്യൂമര്‍ഫെഡ് വില്‍ക്കുന്നത്. റേഷന്‍വ്യാപാരിക്ക് മാന്യമായ കമീഷന്‍ കൊടുക്കാത്തതാണ് കരിഞ്ചന്തയ്ക്ക് വഴിവയ്ക്കുന്നതെന്നിരിക്കെ കമീഷനുള്‍പ്പെടെ വിവിധ ഇനങ്ങളിലായി സര്‍ക്കാര്‍ കൊടുക്കാനുള്ള 40 കോടിയില്‍പ്പരം രൂപ ഒരു വര്‍ഷത്തിലേറെയായിട്ടും അവര്‍ക്കു നല്‍കിയിട്ടില്ല. നഷ്ടം സഹിച്ച് മുന്നോട്ടുകൊണ്ടുപേകാന്‍ കഴിയാതെ നൂറുകണക്കിനു റേഷന്‍വ്യാപാരികള്‍ കച്ചവടംതന്നെ ഉപേക്ഷിക്കുന്നു. കോഴിക്കോട് ജില്ലയില്‍മാത്രം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നൂറിലേറെ റേഷന്‍വ്യാപാരികള്‍ കച്ചവടം അവസാനിപ്പിച്ചു.

കേരളത്തില്‍ റേഷന്‍സംവിധാനം തകര്‍ന്നത് അരിവില കൂട്ടി: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കേരളത്തില്‍ പൊതുവിതരണസംവിധാനം തകര്‍ന്നതാണ് അരിവില കുതിക്കാന്‍ കാരണമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. രാജ്യത്ത് അരിക്ക് ഒരു ക്ഷാമവുമില്ല. കേരളത്തിന് എത്ര അരി നല്‍കാനും കേന്ദ്രം തയ്യാറാണ്. പൊതുവിതരണം ശക്തമാക്കുകയാണ് അരിവില വര്‍ധന കുറയ്ക്കാന്‍ ചെയ്യേണ്ടത്. കേരളത്തില്‍ അരിവില രൂക്ഷമായതിനെ കുറിച്ച് പരാതിപ്പെട്ട കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി സി തോമസിനോടാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

deshabhimani 151212

No comments:

Post a Comment