Saturday, December 15, 2012

സര്‍ക്കാരിന് ബാലന്റെ ഷോക്ക്ചികിത്സ


നിലവിളക്കും മെഴുകുതിരിയും കത്തിച്ചാല്‍ വ്യവസായം വരുമോയെന്നായിരുന്നു എ കെ ബാലന്റെ ചോദ്യം. വീണത് വിദ്യയാക്കുന്നതില്‍പോലും വിരുതനായ മന്ത്രി ആര്യാടന്‍ മുഹമ്മദിനെ ആ ചോദ്യം കുടുക്കിലാക്കി. വൈദ്യുതി പ്രതിസന്ധിയെക്കുറിച്ചുള്ള അടിയന്തര പ്രമേയത്തിന് അനുമതി തേടിയ ബാലന്‍, വൈദ്യുതി രംഗത്തെ പാളിച്ചകളിലേക്കാണ് വിരല്‍ചൂണ്ടിയത്. ആസൂത്രണമില്ലായ്മയും പിടിപ്പുകേടുമാണ് പ്രതിസന്ധി ക്ഷണിച്ചുവരുത്തിയതെന്ന് അദ്ദേഹം സമര്‍ഥിച്ചു. അതോടെ ആര്യാടന്‍ മാത്രമല്ല, ഭരണപക്ഷമാകെ ലോഡ്ഷെഡിങ്ങിലായി. അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ പതിവിന്‍പടി അനുമതി നിഷേധിച്ചത് പ്രതിപക്ഷ ഇറങ്ങിപ്പോക്കില്‍ കലാശിച്ചു.

കാറ്റില്‍നിന്ന് വൈദ്യുതി വിവാദത്തില്‍പ്പെടുത്തിയത് മുതല്‍ കല്‍ക്കരിപ്പാടം നഷ്ടമായതുവരെ നിരത്തിയാണ് എ കെ ബാലന്‍ ആര്യാടനെ പിടികൂടിയത്. കേന്ദ്രവിഹിതം നേടിയെടുക്കുന്നതിലും സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടെന്ന് അദ്ദേഹം സമര്‍ഥിച്ചു. പണ്ടും ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു ആര്യാടന്റെ മറുവാദം. കല്‍ക്കരിപ്പാടം സംബന്ധിച്ച മനോരമ വാര്‍ത്ത മന്ത്രി തള്ളി. മനോരമ പറയുന്നത് നോക്കിയല്ല ഭരണമെന്നായിരുന്നു ആര്യാടന്റെ ന്യായം. കണക്കുകൊണ്ട് കസര്‍ത്ത് കാണിച്ച് ഇരുട്ടിലാക്കാന്‍ മന്ത്രി മിടുക്കനാണെങ്കിലും വെളിച്ചം കിട്ടാന്‍ അതുപോരെന്നായി കോടിയേരി ബാലകൃഷ്ണന്‍. കഴിവുള്ള മന്ത്രിയെന്നാണ് ആര്യാടനെക്കുറിച്ച് കരുതിയത്. പക്ഷേ, അദ്ദേഹത്തിന് എന്തോ പറ്റി. ആരോ കുഴപ്പത്തിലാക്കിയിരിക്കുകയാണെന്നും കോടിയേരി ഉറപ്പാക്കി.

നടപ്പുസമ്മേളനത്തിലെ ആദ്യ അനൗദ്യോഗിക ദിനമായതിനാലാകണം 17 സ്വകാര്യ ബില്ലുകളാണ് അണിയറയില്‍ നിരന്നത്. പക്ഷേ, അരങ്ങിലെത്താനായത് അഞ്ചെണ്ണത്തിനു മാത്രം. ജീവിതഗന്ധിയായ വിഷയങ്ങളായിരുന്നെങ്കിലും ബില്ലുകളെ അരിഞ്ഞുവീഴ്ത്താന്‍തന്നെ മന്ത്രിമാര്‍ ഉറപ്പിച്ചു. ബില്ലവതരണത്തില്‍ മുമ്പന്‍ പി ശ്രീരാമകൃഷ്ണന്‍ ആയിരുന്നു. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളുടെ ക്ഷേമനിധി, ഫിസിയോ തെറാപ്പി കൗണ്‍സില്‍ രൂപീകരണം എന്നിവയാണ് ശ്രീരാമകൃഷ്ണന്‍ വിഷയമാക്കിയത്. അവയവദാന ലൈസന്‍സിങ് ബോര്‍ഡ്, ദുരന്തനിവാരണ അതോറിറ്റി എന്നിവ ബെന്നി ബഹനാനും ഇന്ത്യന്‍ ശിക്ഷാനിയമം ഭേദഗതി ഹൈബി ഈഡനും തെരഞ്ഞെടുത്തു.

ഫിസിയോ തെറാപ്പി സ്വതന്ത്ര ചികില്‍സാരീതിയായി വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് വിവരിച്ചത്. ഫിസിയോതെറാപ്പിയിലെ നവീന സമ്പ്രദായങ്ങളെപ്പറ്റിയും അദ്ദേഹം വിശദീകരിച്ചപ്പോള്‍ ഇരുപക്ഷത്തും യോജിപ്പ് പ്രകടമായി. പ്രൊഫ. എന്‍ ജയരാജ്, എ പ്രദീപ്കുമാര്‍, ജമീല പ്രകാശം തുടങ്ങിയവര്‍ ശ്രീരാമകൃഷ്ണന് പിന്തുണയുമായി രംഗത്തുവന്നു. തെല്ല് നേരമെങ്കിലും ജീവിതവുമായി ബന്ധമുള്ള വിഷയം ചര്‍ച്ചചെയ്തതില്‍ സ്പീക്കര്‍ ജി കാര്‍ത്തികേയനും സന്തുഷ്ടനായി. തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികള്‍ക്ക് ക്ഷേമനിധി രൂപീകരിക്കണമെന്ന ശ്രീരാമകൃഷ്ണന്റെ ആവശ്യത്തെ മന്ത്രി കെ സി ജോസഫ് എതിര്‍ത്തില്ല. ബില്ലിന്റെ ഉള്ളടക്കത്തോട് യോജിപ്പ് പ്രകടിപ്പിച്ചെങ്കിലും അംഗീകരിക്കുന്ന കാര്യത്തില്‍ മന്ത്രി നിസ്സഹായനായി. പക്ഷേ, ബില്ല് ചര്‍ച്ചചെയ്യുന്നതില്‍ വിരോധമില്ലത്രേ.

അവയവദാനത്തെപ്പറ്റി ബെന്നി ബഹനാന്‍ വാചാലനായപ്പോള്‍ ചീഫ് വിപ്പ് പി സി ജോര്‍ജിന് രസിച്ചില്ല. തന്നെപ്പോലെ അവയവം കൊടുത്ത് മാതൃക കാട്ടൂവെന്നായി ജോര്‍ജ്. കൊടുക്കാന്‍ പറ്റിയ ഏതൊക്കെ അവയവങ്ങള്‍ ചീഫ്വിപ്പിന് ഉണ്ടെന്നായി ബെന്നി. എന്തായാലും ഒന്ന് തീര്‍ച്ച. പി സി ജോര്‍ജിന്റെ നാക്ക് ആര്‍ക്കും കൊടുക്കാന്‍ പറ്റില്ല. അഥവാ കൊടുത്താലും എടുക്കാന്‍ ആരെങ്കിലും മുന്നോട്ടുവരണ്ടേയെന്നായിരിക്കണം ബെന്നി ബഹനാന്‍ സംശയിച്ചത്. ബിപിഎല്‍ കാര്‍ഡ് അനര്‍ഹമായി കൈവശംവച്ചവരെ ശിക്ഷിക്കുന്നതിന് ശിക്ഷാനിയമത്തില്‍ വ്യവസ്ഥ വേണമെന്ന വാശിയിലാണ് ഹൈബി ഈഡന്‍. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ ഏറെ പരാതികളും ബിപിഎല്‍ കാര്‍ഡ് സംബന്ധിച്ചായിരുന്നതാണ് ഈ ആവശ്യമുന്നയിക്കാന്‍ ഹൈബിക്ക് പ്രേരണയായത്. തത്വത്തില്‍ ബില്ലിനോട് യോജിപ്പ് പ്രകടിപ്പിച്ചെങ്കിലും നിലവിലുള്ള നിയമത്തില്‍ നിന്നുകൊണ്ടുതന്നെ ശിക്ഷ നല്‍കാമെന്ന് മുഖ്യമന്ത്രി.

കെ ശ്രീകണ്ഠന്‍ deshabhimani 151212

No comments:

Post a Comment