Saturday, December 15, 2012

സ്മരണകളില്‍ കരുത്തായി പരിയാരം


തൃശൂര്‍: രക്തവും വിയര്‍പ്പുമൊഴുക്കി നച്ചെടുത്ത ഭൂമി കൈവിട്ടുപോവുന്നതിനെതിരെ നടത്തിയ ചെറുത്തുനില്‍പ്പിന്റെ തീയാളുന്ന പേരാണ് പരിയാരം. ജില്ലയുടെ സമരചരിത്രത്തിലെ തീയാളുന്ന ഓര്‍മ. സംസ്ഥാനം തീഷ്ണമായ ഭൂപ്രക്ഷോഭത്തിലേക്ക് പ്രവേശിക്കാന്‍ തയ്യാറെടുക്കുന്ന ഘട്ടത്തില്‍ പരിയാരത്തിന്റെ സ്മരണ ആവേശം പകരും.

പഴയ കൊച്ചി രാജ്യത്തെ മേട്ടിപ്പാടം എന്ന മലയോരഗ്രാമത്തില്‍ 1948ലാണ് ഈ പോരാട്ടം നടന്നത്. ഇന്നത്തെ കോടശേരി പഞ്ചായത്തിലാണ് പരിയാരം. ആലുവ സെറ്റില്‍മെന്റ് കോളനി ഉടമകളായ ട്രസ്റ്റ് പുറമ്പോക്ക് കൈയേറുന്നത് സംബന്ധിച്ച തര്‍ക്കമാണ് പ്രക്ഷോഭത്തിന് വഴിവച്ചത്. സെറ്റില്‍മെന്റ് കോളനിയില്‍ പ്രവര്‍ത്തിച്ചിരുന്ന അനാഥമന്ദിരത്തിലെ വിവാഹപ്രായമാവുന്ന അന്തേവാസികളെ പാര്‍പ്പിക്കാന്‍ അധികൃതര്‍ കൊച്ചി രാജാവിനോട് സ്ഥലമാവശ്യപ്പെട്ടു. മേട്ടിപ്പാടത്ത് 199 ഏക്കര്‍ ഭൂമി 99 വര്‍ഷത്തേക്ക് കുത്തകപ്പാട്ടത്തിന് അനുവദിച്ചു. രാപ്പാള്‍ വാരിയം വക ഭൂമിക്ക് സമീപമായിരുന്നു ഇത്. സെറ്റില്‍മെന്റ് കോളനിക്ക് അനുവദിച്ച ഭൂമിക്കും വാരിയം ഭൂമിക്കും ഇടയിലുള്ള 13 ഏക്കറില്‍ 13 കുടുംബം കുടില്‍കെട്ടി താമസിച്ചിരുന്നു. ഇവര്‍ അവിടെ കൃഷിയുമിറക്കി. ഈ ഭൂമി കൈക്കലാക്കാന്‍ ട്രസ്റ്റ് അധികൃതര്‍ കൈയാല കെട്ടി. കൈയാല ചെന്നവസാനിച്ചത് കര്‍ഷകസംഘം പ്രവര്‍ത്തകന്‍ കെ കെ കൃഷ്ണന്റെ വീട്ടുചുമരില്‍. സംഘം പ്രവര്‍ത്തകര്‍ കൈയാല പൊളിച്ചു. എം കെ കാട്ടുപറമ്പന്‍ ഉള്‍പ്പെടെയുള്ള കര്‍ഷകസംഘം പ്രവര്‍ത്തകര്‍ക്കും 13 വീട്ടുകാര്‍ക്കുമെതിരെ ട്രസ്റ്റ് പരാതി നല്‍കി. എല്ലാവരും ഒളിവില്‍. ഇവരെ പിടികൂടാന്‍ പൊലീസ് ശ്രമിക്കുമ്പോള്‍ ട്രസ്റ്റുകാര്‍ വീണ്ടും വേലികെട്ടി. കൈയേറ്റത്തിന് നിയമസാധുതയുണ്ടാക്കാന്‍ പുറമ്പോക്ക് ഭൂമികൂടി തങ്ങളുടെ ഭൂമിയോട് ചേര്‍ക്കാന്‍ ഉദ്യോഗസ്ഥരില്‍ സമ്മര്‍ദം ചെലുത്തി. രണ്ടാമത്തെ വേലിയും പൊളിച്ച് കൃഷിയിറക്കാന്‍ കര്‍ഷകസംഘം തീരുമാനിച്ചു. ഇതിനായി പരിയാരം ഗ്രൂപ്പ് കര്‍ഷകസംഘം എന്ന പേരില്‍ സംഘമുണ്ടാക്കി. കപ്പകൃഷിയിറക്കാനായിരുന്നു തീരുമാനം.

1948 ഇടവം 28ന് കപ്പകൃഷിക്ക് ഭൂമിയൊരുക്കുമ്പോള്‍ സെറ്റില്‍മെന്റ് മാനേജര്‍ ജേക്കബ് വില്ലേജ്-റവന്യു ഉദ്യോഗസ്ഥരെയും പൊലീസ് ഇന്‍സ്പെക്ടര്‍ ശങ്കുണ്ണി, കോണ്‍സ്റ്റബിള്‍ കൃഷ്ണന്‍ എന്നിവരെയുംകൂട്ടി വന്നു. സമരക്കാര്‍ 60 പേരുണ്ടായിരുന്നു. ഇന്‍സ്പെക്ടര്‍ ശങ്കുണ്ണി മണലായില്‍ കറപ്പന്‍ എന്ന കര്‍ഷകനെ മര്‍ദിച്ചു. മറ്റു കര്‍ഷകര്‍ ഇന്‍സ്പെക്ടറെ തടഞ്ഞു. ഗാഡ്സണ്‍ ദേവസിക്കുട്ടി എന്ന കര്‍ഷകന്‍ കൈയിലിരുന്ന വടികൊണ്ട് ഇന്‍സ്പെക്ടറെ അടിച്ചു. തലയ്ക്കടിയേറ്റ ഇന്‍സ്പെക്ടര്‍ ബോധരഹിതനായി വീണു. അയാളോടൊപ്പം വന്നവരെല്ലാം സ്ഥലംവിട്ടു. കര്‍ഷകരും പിന്മാറി. പകല്‍ 11നാണ് സംഭവം. വൈകിട്ട് നാലിന് പൊലീസുകാര്‍ തിരികെയെത്തിയപ്പോഴേക്കും ശങ്കുണ്ണി മരിച്ചു. നാട്ടില്‍ പൊലീസ് വാഴ്ച ആരംഭിച്ചു. പാര്‍ടി നിര്‍ദേശമനുസരിച്ച് കര്‍ഷകര്‍ ഒളിവില്‍ പോയി. സ്ത്രീകളെയും കുട്ടികളെയും വീടുകളില്‍ക്കയറി ആക്രമിച്ചു. മൂന്നാഴ്ചക്കുശേഷം 46പേരെ അറസ്റ്റു ചെയ്തു. മൊത്തം 57 പ്രതികള്‍. അറസ്റ്റിലായവരെ 17 ദിവസംഭീകരമര്‍ദനത്തിന് വിധേയമാക്കി. 85 വയസ്സുകാരന്‍ കോരപ്പന്‍ ജയിലില്‍ക്കിടന്നു മരിച്ചു. പൊലീസിനെക്കണ്ട് ഭയന്ന് മരത്തില്‍ക്കയറിയ കുറുമ്പന്‍ പൊലീസ് തോക്കു ചൂണ്ടിയപ്പോള്‍ ഭയന്ന് താഴെ വീണ് മരക്കുറ്റി തുളഞ്ഞുകയറി മരിച്ചു. പീഡനം സഹിക്കാതെ മേപ്പുള്ളി പാപ്പു ആത്മഹത്യ ചെയ്തു. അറസ്റ്റിലായവരില്‍ 16പേരെ വിട്ടയച്ചു. ശേഷിക്കുന്നവര്‍ക്ക് മൂന്നുമാസം മുതല്‍ ഏഴു വര്‍ഷം വരെ ശിക്ഷ. രണ്ടു വര്‍ഷത്തെ റിമാന്‍ഡ് തടവിനുശേഷമാണ് ശിക്ഷ വന്നത്. അപ്പീല്‍ നല്‍കിയെങ്കിലും ഹൈക്കോടതി ശിക്ഷ വര്‍ധിപ്പിച്ചു. 57ല്‍ ഇ എം എസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ് പരിയാരം സമരസേനാനികള്‍ക്ക് മോചനമായത്.

deshabhimani 131212

No comments:

Post a Comment