Saturday, December 22, 2012

കെ സുധാകരനെ രക്ഷിക്കാന്‍ വിജിലന്‍സ് കേസ് പിന്‍വലിച്ചു


കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ എംപിക്കെതിരെ രജിസ്റ്റര്‍ചെയ്ത വിജിലന്‍സ് കേസ് സര്‍ക്കാര്‍ പിന്‍വലിച്ചു. സുപ്രീംകോടതി ജഡ്ജി കൈക്കൂലി വാങ്ങുന്നത് നേരില്‍കണ്ടെന്ന് കൊട്ടാരക്കരയില്‍ വിവാദ പ്രസംഗം നടത്തിയതുമായി ബന്ധപ്പെട്ട കേസാണ് പിന്‍വലിച്ചത്. കേസ് പിന്‍വലിക്കുന്നതിനെതിരെ അഡ്വ. നെയ്യാറ്റിന്‍കര നാഗരാജ് സമര്‍പ്പിച്ച ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് സ്പെഷ്യല്‍ ജഡ്ജി തള്ളി. സുധാകരനെതിരായ ക്രിമിനല്‍ കേസ് എഴുതിത്തള്ളാനുള്ള നീക്കവും സര്‍ക്കാര്‍ ശക്തമാക്കിയിട്ടുണ്ട്. ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതുമായി ബന്ധപ്പെട്ട കേസില്‍ വിധി അനുകൂലമാക്കുന്നതിന് സുപ്രീംകോടതി ജഡ്ജിക്ക് ഡല്‍ഹിയില്‍വച്ച് കൈക്കൂലി നല്‍കുന്നത് നേരില്‍ക്കണ്ടതായാണ് സുധാകരന്‍ കൊട്ടാരക്കരയില്‍ പ്രസംഗിച്ചത്. ഇടമലയാര്‍ അഴിമതിക്കേസില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് നല്‍കിയ സ്വീകരണയോഗത്തിലായിരുന്നുവിവാദ പ്രസംഗം. ഇതേത്തുടര്‍ന്ന് വിജിലന്‍സ് സ്വമേധയാ എടുത്ത കേസാണ് ഇപ്പോള്‍ പിന്‍വലിച്ചത്.

കേസ് പിന്‍വലിച്ചത് സംഭവ സ്ഥലം ഡല്‍ഹിയാണെന്ന ന്യായംപറഞ്ഞ്

കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ എംപിക്കെതിരെ രജിസ്റ്റര്‍ചെയ്ത വിജിലന്‍സ് കേസ് സംഭവം നടന്നതായി പറയുന്ന സ്ഥലം ഡല്‍ഹിയായതിനാല്‍ തങ്ങളുടെ അന്വേഷണപരിധിയില്‍പ്പെടുന്നതല്ലെന്ന ന്യായംപറഞ്ഞാണ് പിന്‍വലിച്ചത്. കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ അപേക്ഷ കോടതി സ്വീകരിച്ചു. അഡ്വ. പള്ളിച്ചല്‍ എസ് കെ പ്രമോദ് ഡിജിപിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മ്യൂസിയം പൊലീസ് ക്രിമിനല്‍ കേസും രജിസ്റ്റര്‍ചെയ്തിരുന്നു. ഈ കേസ് പിന്നീട് ക്രൈംഡിറ്റാച്ച്മെന്റിന് കൈമാറിയെങ്കിലും അന്വേഷണം നിലച്ച നിലയിലാണ്. ഇതിനെതിരെ അഡ്വ. നെയ്യാറ്റിന്‍കര നാഗരാജ് ജുഡീഷ്യല്‍ഒന്നാംക്ലാസ് മജിസ്ട്രേട്ട് മുമ്പാകെയും ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജിയിലുള്ള എതിര്‍ സത്യവാങ്മൂലത്തിലാണ് കേസ് എഴുതിത്തള്ളുന്നുവെന്ന് സര്‍ക്കാര്‍ ബോധിപ്പിച്ചത്.

വിവാദ പ്രസംഗത്തെക്കുറിച്ച് സിബിഐ അന്വേഷിക്കുന്നതിനാല്‍ തങ്ങള്‍ അന്വേഷണം അവസാനിപ്പിക്കുന്നെന്നാണ് ക്രൈം ഡിറ്റാച്ച്മെന്റ് പൊലീസ് ആദ്യം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. സിബിഐ അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടപ്പോള്‍ പല കാരണങ്ങള്‍ പറഞ്ഞ് കേസ് പലവട്ടം നീട്ടി. ആഗസ്ത് 25ന് കേസ് പരിഗണിച്ചപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ കോടതി ഉത്തരവിട്ടു. സര്‍ക്കാര്‍നിലപാടിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ഇതോടെ പൊലീസ് നിലപാട് മാറ്റി. സിബിഐ കേസെടുത്തിട്ടില്ലെന്നും സുപ്രീംകോടതി രജിസ്ട്രാര്‍ നല്‍കിയ പരാതി ചെന്നൈ യൂണിറ്റിലേക്ക് അയച്ച വിവരം മാത്രമേ ഉള്ളൂ എന്നുമാണ് പൊലീസ് തിരുത്തിയത്. കള്ളസത്യവാങ്മൂലം നല്‍കി വെട്ടിലായതോടെ അന്വേഷണം അവസാനിപ്പിക്കുന്നില്ലെന്നും കാര്യക്ഷമമായി നടക്കുകയാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഈ അന്വേഷണം തുടരുന്നുണ്ടെന്നാണ് പൊലീസ് പുറമെ പറയുന്നതെങ്കിലും ഒരു അന്വേഷണവും ഇപ്പോള്‍ നടക്കുന്നില്ല. അതിനിടെ, സുധാകരന്‍ വളപട്ടണം പൊലീസ് സ്റ്റേഷനില്‍ കയറി നടത്തിയ പരാക്രമങ്ങള്‍ക്കെതിരായ കേസും സര്‍ക്കാര്‍ മരവിപ്പിച്ചിരിക്കയാണ്.

deshabhimani

No comments:

Post a Comment