Sunday, December 16, 2012
ഇരുട്ടിലേക്ക് നയിച്ചത് പദ്ധതി നടത്തിപ്പിലെ വീഴ്ചയും
കടുത്ത വൈദ്യുതിപ്രതിസന്ധി നേരിടുന്ന കേരളത്തില്‍ യുഡിഎഫ് സര്‍ക്കാരിന്റെ അലംഭാവത്താല്‍ മുടങ്ങിയത് ആറു ജലവൈദ്യുതപദ്ധതി. ഇതിനകം പണി പൂര്‍ത്തിയാക്കേണ്ടിയിരുന്ന പദ്ധതികളുടെ നിര്‍മാണത്തിലെ വീഴ്ചയും സംസ്ഥാനത്തെ ഇരുട്ടിലേക്ക് തള്ളുന്നതില്‍ നിര്‍ണായകമായി. അറുപത് മെഗാവാട്ട് സ്ഥാപിതശേഷിയുള്ള പള്ളിവാസല്‍ എക്സ്റ്റന്‍ഷന്റെ നിര്‍മാണം 2008ല്‍ ആരംഭിച്ചതാണ്. വേഗത്തില്‍ പുരോഗമിച്ച നിര്‍മാണപ്രവര്‍ത്തനം ടണല്‍നിര്‍മാണ ഫണ്ടുമായി ബന്ധപ്പെട്ട സാങ്കേതികപ്രശ്നത്താല്‍ കഴിഞ്ഞ ജൂലൈയില്‍ മുടങ്ങി. ഇത് പരിഹരിക്കുന്നതിലെ ഗുരുതരവീഴ്ചയാണ് പ്രതിവര്‍ഷം 150 ദശലക്ഷം യൂണിറ്റ് വൈദ്യുതി ലഭിക്കേണ്ട പദ്ധതി മുക്കിയത്. ചെങ്കുളം ഓഗ്മന്റേഷന്‍ പദ്ധതിയും അടുത്തവര്‍ഷം അവസാനമേ പൂര്‍ത്തിയാകൂ. ഭൂമി ഏറ്റെടുക്കല്‍തര്‍ക്കമാണ് തോട്ടിയാര്‍ പദ്ധതി മുടക്കിയത്. 15 മെഗാവാട്ടിന്റെ ചാത്തന്‍കോട്ടുനട പദ്ധതിയുടെ പണിയും നിലച്ചു. ബോര്‍ഡിന്റെ ജാഗ്രതക്കുറവ് സ്ഥലമെടുപ്പുവിഷയം കോടതിയിലെത്തിച്ചു. ജൂണില്‍ പൂര്‍ത്തിയാകേണ്ട ഏഴ് മെഗാവാട്ടിന്റെ വിലങ്ങാട് പദ്ധതിയും മേല്‍നോട്ടത്തിലെ വീഴ്ചയാല്‍ ഇഴയുന്നു. രൂപകല്‍പ്പനയിലെ അനാവശ്യ ഇടപെടല്‍ ബാരാപോള്‍ പദ്ധതിയും തടസ്സപ്പെടുത്തി.
പത്തുവര്‍ഷത്തെ ആവശ്യകത കണക്കാക്കി 3000-4000 മെഗാവാട്ട് പദ്ധതികള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ രൂപംനല്‍കിയിരുന്നു. കാറ്റില്‍നിന്നുള്ള 33 മെഗാവാട്ടടക്കം 96 മെഗാവാട്ടിന്റെ പദ്ധതികള്‍ കമീഷന്‍ചെയ്യാനും എല്‍ഡിഎഫിന് കഴിഞ്ഞു. മുന്‍ യുഡിഎഫ് സര്‍ക്കാര്‍ 26.6 മെഗാവാട്ടുമാത്രം ഉല്‍പ്പാദിപ്പിച്ച സ്ഥാനത്താണിത്. യുഡിഎഫ് വീണ്ടും വന്നതോടെ പദ്ധതിപ്രവര്‍ത്തനങ്ങള്‍ പഴയപടിയായി. വന്‍കിടപദ്ധതികളുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഒഡിഷയില്‍ കല്‍ക്കരിപ്പാടത്തിന് ലഭിച്ച അനുമതി കേന്ദ്രസര്‍ക്കാര്‍തന്നെ റദ്ദാക്കി. വൈദ്യുതോല്‍പ്പാദനത്തിന് നടപടി സ്വീകരിക്കാത്തതിനാലാണ് തീരുമാനം. കല്‍ക്കരിയില്‍നിന്നുള്ള വൈദ്യുതോല്‍പ്പാദനത്തിന് ശരാശരി മൂന്നു രൂപമാത്രമാണ് ചെലവുവരിക. അതിരപ്പിള്ളി (163 മെഗാവാട്ട്), പൂയംകുട്ടി (240 മെഗാവാട്ട്), പാത്രക്കടവ് (70 മെഗാവാട്ട്) ജലവൈദ്യുതപദ്ധതികള്‍ പരിസ്ഥിതിപ്രശ്നത്തിലും കുരുങ്ങി. നാഫ്ത വിലവര്‍ധനയെതുടര്‍ന്ന് കായംകുളം അടക്കമുള്ള താപനിലയങ്ങളില്‍നിന്നുള്ള ഉല്‍പ്പാദനത്തിന് ഇപ്പോഴത്തെ ചെലവ് 11 രൂപയിലേറെയായി. നാഫ്തവില കുത്തനെ വര്‍ധിച്ചപ്പോള്‍ പ്രകൃതിവാതക പദ്ധതികളിലായിരുന്നു കേരളത്തിന്റെ പ്രതീക്ഷ. കായംകുളം എക്സ്പാന്‍ഷന്‍ (1050 മെഗാവാട്ട്), കൊച്ചി പുതുവൈപ്പിലെ പെട്രോനെറ്റ് (1050 മെഗാവാട്ട്), ചീമേനി (1200 മെഗാവാട്ട്) എന്നീ പ്രകൃതിവാതക വൈദ്യുതപദ്ധതികളില്‍നിന്ന് 24,000 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനായിരുന്നു തീരുമാനം. എന്നാല്‍, പ്രകൃതിവാതകവില വര്‍ധിച്ചത് തിരിച്ചടിയായി. ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്ന പ്രകൃതിവാതകം ന്യായവിലയ്ക്ക് വിതരണംചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നുമില്ല. താപനിലയങ്ങള്‍ പ്രകൃതിവാതകത്തിലേക്ക് മാറ്റാനുള്ള പദ്ധതികളും ഇതോടെ മുടങ്ങി.
(ആര്‍ സാംബന്‍)
കേന്ദ്ര ഊര്‍ജപദ്ധതി സംസ്ഥാനം ഉപയോഗിച്ചില്ല: കേന്ദ്രമന്ത്രി
തിരു: പാരമ്പര്യേതര ഊര്‍ജ ഉല്‍പ്പാദനത്തിനായി കേന്ദ്രം ആവിഷ്കരിച്ച പദ്ധതി പ്രയോജനപ്പെടുത്താന്‍ സംസ്ഥാനസര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ലെന്ന് കേന്ദ്ര ഊര്‍ജസഹമന്ത്രി കെ സി വേണുഗോപാല്‍. ആന്ധ്രപ്രദേശ്, കര്‍ണാടകം, തമിഴ്നാട് സംസ്ഥാന സര്‍ക്കാരുകള്‍ ഈ പദ്ധതി പ്രയോജനപ്പെടുത്തുമ്പോള്‍ കേരളം ഇതിനായി ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എനര്‍ജി മാനേജ്മെന്റ് സെന്റര്‍ സംഘടിപ്പിച്ച ഊര്‍ജ സംരക്ഷണ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി. കൂടംകുളം ആണവവൈദ്യുതി നിലയത്തില്‍നിന്നും ഉല്‍പ്പാദിപ്പിക്കപ്പെടാന്‍ പോകുന്ന വൈദ്യുതിയില്‍ 236 മെഗാവാട്ട് താന്‍ കേരളത്തിന് അനുവദിച്ചിരുന്നു. എന്നാല്‍, കേരളത്തിലേക്ക് വൈദ്യുതി എത്തിക്കുന്നതിന് ട്രാന്‍സിഷന്‍ ലൈന്‍ വലിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തലസ്ഥാനത്ത് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ വീടിനു മുന്നില്‍ പകലും തെരുവുവിളക്കുകള്‍ തെളിഞ്ഞുകിടക്കുന്നത് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്ന് മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പന്തളം സുധാകരന്‍ പറഞ്ഞു.
deshabhimani 161212
Labels:
വൈദ്യുതി
Subscribe to:
Post Comments (Atom)
No comments:
Post a Comment