Sunday, December 16, 2012
15 കോടിയുടെ മരുന്ന് നശിപ്പിക്കുന്നു
സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ അത്യാവശ്യമരുന്ന് പോലും കിട്ടാതെ രോഗികള്‍ വലയുമ്പോള്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ഗോഡൗണുകളില്‍ കെട്ടിക്കിടന്ന 15 കോടിയിലേറെ രൂപയുടെ മരുന്ന് നശിപ്പിക്കുന്നു. എല്ലാ ജില്ലാ വെയര്‍ഹൗസുകളിലും കെട്ടിക്കിടക്കുന്ന മരുന്നുകള്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ പാലക്കാട് കഞ്ചിക്കോട്ട് പ്രവര്‍ത്തിക്കുന്ന "ഇമേജ്" എന്ന ബയോമെഡിക്കല്‍ മാലിന്യസംസ്കരണ പ്ലാന്റില്‍ കൊണ്ടുപോയാണ് സംസ്കരിച്ച് നശിപ്പിക്കുക. ഇങ്ങനെ നശിപ്പിക്കുന്നതിന് കോര്‍പറേഷന് ലക്ഷങ്ങള്‍ ചെലവ് വരും. തൃശൂര്‍ മുളങ്കുന്നത്തുകാവ് എഫ്സിഐ ഗോഡൗണില്‍ കെട്ടിക്കിടന്ന ടണ്‍കണക്കിന് അരി കത്തിച്ചത് വന്‍ വിവാദമായതിനു പിന്നാലെയാണ്, സര്‍ക്കാര്‍ അനാസ്ഥയില്‍ മരുന്നും നശിപ്പിക്കേണ്ടിവന്നത്. തലസ്ഥാനത്ത് ജില്ലാ മെഡിക്കല്‍ ഓഫീസ് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പറേഷന്റെ ഗോഡൗണില്‍നിന്ന് ഇതിനകം രണ്ട് ലോഡ് "വേയ്സ്റ്റ് മരുന്ന്" പാലക്കാട്ടേക്ക് കൊണ്ടുപോയി. ആറ് ലോഡ് കൂടി കൊണ്ടുപോകാന്‍ തയ്യാറാക്കിയിട്ടുണ്ട്. മോക്സ്, സിപാറ്റോക്സില്‍, പാരസെറ്റമോള്‍ ഇഞ്ചക്ഷന്‍, ടെര്‍പന്റയില്‍, കോട്ടണ്‍ ഉള്‍പ്പെടെ ഏതാണ്ട് 30 ഇനങ്ങളാണ് തലസ്ഥാനത്ത് മാത്രം കാലാവധി കഴിഞ്ഞ് ഉപയോഗശൂന്യമായത്. ഇതിന് മാത്രം രണ്ട് കോടിയിലേറെ വില വരും. കൊല്ലം, ആലപ്പുഴ ജില്ലകളിലെ വെയര്‍ഹൗസില്‍നിന്ന് ഒന്നരക്കോടി രൂപ വീതമുള്ള മരുന്നുകളാണ് നശിച്ചത്. വയനാട്, ഇടുക്കി, കാസര്‍കോട് ഗോഡൗണുകളില്‍ 75 ലക്ഷത്തിലേറെ വീതം രൂപയുടെ മരുന്നും നശിച്ചു. മറ്റ് ജില്ലകളിലും ശരാശരി ഒരു കോടിയോളം രൂപയുടെ വീതം മരുന്നാണ് നശിച്ചത്. വിവിധ ജില്ലകളില്‍ നിന്ന് ഇവ നശിപ്പിക്കാന്‍ പാലക്കാട്ടേക്ക് കൊണ്ടുപോയിക്കൊണ്ടിരിക്കുകയാണ്. ചിലേടത്ത് മരുന്നുകള്‍ കൂട്ടിയിട്ട് കത്തിച്ചതായും വിവരമുണ്ട്. തിരുവനന്തപുരത്ത് വെയര്‍ഹൗസ് കോര്‍പറേഷന്റെ പുറത്തും ഇങ്ങനെ കത്തിച്ചെന്നാണ് വിവരം. കഴിഞ്ഞ സാമ്പത്തികവര്‍ഷം വാങ്ങിയ മരുന്നുകളാണ് ഇപ്പോള്‍ നശിപ്പിക്കുന്നത്.
ആശുപത്രികളില്‍ ആവശ്യമുള്ള മരുന്നുകള്‍ സംഭരിക്കാതെ അനാവശ്യമരുന്നുകള്‍ വാങ്ങിക്കൂട്ടിയതാണ് കോടികളുടെ മരുന്ന് ഉപയോഗശൂന്യമാകാന്‍ പ്രധാന കാരണം. ഒരു വര്‍ഷത്തേക്കുള്ള മരുന്നുകള്‍ ഒന്നിച്ച് വാങ്ങിക്കൂട്ടിയതും നശിക്കാന്‍ കാരണമായി. എല്‍ഡിഎഫ് ഭരണകാലത്ത് രൂപീകരിച്ച മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ മുഖേന മെഡിക്കല്‍ കോളേജ് ആശുപത്രികള്‍ തൊട്ട് പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ വരെ കാര്യക്ഷമമായി നടന്ന മരുന്ന് വിതരണം കഴിഞ്ഞ ഒരുവര്‍ഷമായി പൂര്‍ണമായും താളംതെറ്റി. എല്‍ഡിഎഫ് ഭരണകാലത്ത് സാമ്പത്തികവര്‍ഷം ആരംഭിക്കുന്നതിന് വളരെ മുമ്പുതന്നെ മരുന്ന് സംഭരണത്തിനുള്ള പ്രക്രിയ ആരംഭിച്ചു. ഓരോ ആശുപത്രിയിലും ആവശ്യമായ മരുന്നുകളുടെ ലിസ്റ്റും അളവും മുന്‍കൂര്‍ തയ്യാറാക്കിയാണ് ടെന്‍ഡര്‍ നടപടി തുടങ്ങുക. തുടര്‍ന്ന് ഓരോ ക്വാര്‍ട്ടറിലേക്കും മുന്‍കൂര്‍ മരുന്ന് ആശുപത്രികളിലെത്തിക്കും. ഇങ്ങനെ ചെയ്തതിനാല്‍ ഒരുദിവസം പോലും മരുന്ന് വിതരണം മുടങ്ങിയില്ല. ഇതാണ് ഇപ്പോള്‍ ആകെ താളംതെറ്റിയത്. സര്‍ക്കാര്‍ തോന്നിയപോലെ മരുന്ന് വാങ്ങിക്കൂട്ടി. പല മരുന്നും ഒരു വര്‍ഷത്തേക്ക് ഒന്നിച്ച് വാങ്ങിവച്ചു. ഇങ്ങനെ വാങ്ങിയ മരുന്നുകള്‍ ആശുപത്രികളിലെത്തിച്ചതുമില്ല. ഇതിനിടയില്‍ ഗുണനിലവാര പരിശോധനയിലും ചില മരുന്നുകള്‍ പരാജയപ്പെട്ടു. എന്നാല്‍, ഇത്തരം മരുന്നുകള്‍ കമ്പനികള്‍ തിരിച്ചെടുത്തുമില്ല. കമ്പനികള്‍ക്ക് നല്‍കിയ കാശ് തിരിച്ചുപിടിക്കുന്നതിലും വന്‍വീഴ്ച ഉണ്ടായി.
deshabhimani 171212
Labels:
ആരോഗ്യരംഗം
Subscribe to:
Post Comments (Atom)

No comments:
Post a Comment