Thursday, January 3, 2013
സൂര്യനെല്ലി കേസില്‍ രണ്ടാഴ്ചക്കകം വാദം കേള്‍ക്കും
പതിനാറ് വര്‍ഷമായി തീര്‍പ്പാകാത്ത സൂര്യനെല്ലി ലൈംഗിക പീഡനകേസില്‍ രണ്ടാഴ്ചയ്ക്കകം വാദം തുടങ്ങണമെന്ന് സുപ്രീംകോടതി. 2005 മുതല്‍ കേസ് സുപ്രീംകോടതിയില്‍ കെട്ടികിടക്കുന്നതില്‍ ചീഫ്ജസ്റ്റിസ് അല്‍ത്തമാസ് കബീറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് ഞടുക്കവും ഖേദവും പ്രകടിപ്പിച്ചു. പ്രതിഭാഗം അഭിഭാഷകന് സുഖമില്ലാത്തതിനാല്‍ കേസ് മൂന്നുമാസത്തേക്ക് മാറ്റണമെന്ന അഭ്യര്‍ത്ഥന സുപ്രീംകോടതി നിരാകരിച്ചു.
പെണ്‍കുട്ടിയുടെ അഭിഭാഷകനും ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ അഭിഭാഷകനും വ്യാഴാഴ്ച രാവിലെ കേസ് പരാമര്‍ശിച്ചപ്പോഴാണ് ഇത്തരമൊരു കേസ് അനിശ്ചിതമായി നീണ്ടുപോകുന്നതില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചത്. കേസ് വ്യാഴാഴ്ച പരാമര്‍ശിച്ചപ്പോള്‍ പെണ്‍കുട്ടിക്ക് വേണ്ടി വാദിക്കേണ്ട സര്‍ക്കാര്‍ അഭിഭാഷകരാരും ഹാജരായില്ലെന്നതും ശ്രദ്ധേയമാണ്. കേസ് പരാമര്‍ശിക്കുമെന്ന കാര്യം നേരത്തെ തന്നെ സര്‍ക്കാര്‍ അഭിഭാഷകനെ അറിയിച്ചിരുന്നെങ്കിലും കോടതിയില്‍ എത്തിയില്ല.
പതിനാറ് വയസ്സുമാത്രം പ്രായമുള്ള പെണ്‍കുട്ടിയെ നാല്‍പ്പതുദിവസത്തോളം തുടര്‍ച്ചയായി 42 പേര്‍ പീഡിക്കപ്പെട്ട കേസില്‍ ഇതുവരെയും നീതി നടപ്പായിട്ടില്ലെന്ന് രാവിലെ കോടതി ചേര്‍ന്നപ്പോള്‍ പെണ്‍കുട്ടിയുടെ അഭിഭാഷകനായ ചന്ദര്‍ ഉദയ്സിങൂം മഹിളാഅസോസിയേഷന്‍ അഭിഭാഷകനായ വി കെ ബിജുവും പരാമര്‍ശിക്കുകയായിരുന്നു. വിചാരണകോടതി പ്രതികളെ ശിക്ഷിച്ചെങ്കിലും പിന്നീട് ഹൈക്കോടതി ഒരു പ്രതിയൊഴികെ മറ്റെല്ലാവരെയും വിട്ടയച്ചുവെന്നും 2005 മുതല്‍ കേസ് സുപ്രീംകോടതിയിലാണെന്നും അഭിഭാഷകര്‍ പറഞ്ഞു. കഴിഞ്ഞ ഒന്നര വര്‍ഷമായി കോടതിയുടെ വീക്കിലി ലിസ്റ്റിലാണ് കേസെന്നും പല കാരണങ്ങളാല്‍ നീണ്ടുപോവുകയാണെന്നും ഇവര്‍ അറിയിച്ചു.
കേസ് ഏഴുവര്‍ഷമായി സുപ്രീംകോടതിയില്‍ വാദംതുടങ്ങാതെ കിടക്കുന്നതില്‍ ചീഫ്ജസ്റ്റിസ് ഞടുക്കവും രോഷവും പ്രകടമാക്കി. ചെറിയ പെണ്‍കുട്ടികള്‍ പീഡിക്കപ്പെടുന്ന ഇത്തരം കേസുകള്‍ അനന്തമായി നീട്ടികൊണ്ടു പോകാനാവില്ലെന്ന് പറഞ്ഞ കോടി കേസില്‍ എത്രയും വേഗം വാദം തുടങ്ങേണ്ടതുണ്ടെന്ന് അറിയിച്ചു. എതിര്‍ഭാഗത്തെ വിവരം അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചപ്പോള്‍ നേരത്തെ തന്നെ അറിയിച്ചിട്ടുണ്ടെന്ന് അഭിഭാഷകര്‍ പറഞ്ഞു.
പ്രതിഭാഗത്തിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകനായ ടി ജി എന്‍ നായര്‍ ഹൃദയസംബന്ധമായ ചികില്‍സയ്ക്ക് പോവുകയാണെന്നും മൂന്നുമാസം സമയം അനുവദിക്കണമെന്നും അഭിഭാഷകനായ മധുസൂദനന്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു. ഇത് അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി അഭിഭാഷകന്‍ ചികില്‍സയ്ക്ക് പോവുകയാണെങ്കില്‍ പകരം സംവിധാനം ഒരുക്കാന്‍ നിര്‍ദേശിച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ കേസ് തുടങ്ങണമെന്നും അടുത്തയാഴ്ച കേസ് വീണ്ടും പരാമര്‍ശിച്ച് തീയതി വാങ്ങാനും കോടതി അറിയിച്ചു.
കേസില്‍ 35 പേരെ പ്രത്യേക കോടതി ശിക്ഷിച്ചിരുന്നു. എന്നാല്‍ അപ്പീലില്‍ പ്രതികളില്‍ ഒരാളൊഴികെ എല്ലാവരെയും ഹൈക്കോടതി വെറുതേവിട്ടു. പ്രധാനപ്രതി ധര്‍മരാജന് വിചാരണ കോടതി വിധിച്ച ജീവപര്യന്തം തടവ് ഹൈക്കോടതി അഞ്ചു വര്‍ഷമായി ചുരുക്കിയിരുന്നു. ഈ വിധിക്കെതിരെ സര്‍ക്കാര്‍ 2005 നവംബര്‍ 11ന് സമര്‍പ്പിച്ച അപ്പീലാണ് സുപ്രീംകോടതിയിലുള്ളത്. 1996 ലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 40 ദിവസത്തോളം പീഡിപ്പിച്ച കേസുണ്ടായത്.
ഡല്‍ഹിബലാത്സംഗം: കുറ്റപത്രം സമര്‍പ്പിച്ചു
ന്യൂഡല്‍ഹി: കൂട്ടബലാത്സംഗത്തിന് ഇരയായി പെണ്‍കുട്ടി കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ക്കെതിരായ കുറ്റപത്രം ഡല്‍ഹി പൊലീസ് വ്യാഴാഴ്ച സമര്‍പ്പിച്ചു. വിചാരണ നടക്കേണ്ട അതിവേഗകോടതി സുപ്രീംകോടതി ചീഫ്ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍ ബുധനാഴ്ച ഉദ്ഘാടനം ചെയ്തിരുന്നു. ആയിരം പേജുള്ള കുറ്റപത്രമാണ് പൊലീസ് സമര്‍പ്പിച്ചത്. ബസില്‍ നടന്ന പീഡനത്തെ കുറിച്ച് വിശദമായി കുറ്റപത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്. പീഡനത്തിന് ശേഷം പെണ്‍കുട്ടിയെയും സുഹൃത്തിനെയും നഗ്നരാക്കി വലിച്ചുപുറത്തിട്ടശേഷം ബസോടിച്ചു കയറ്റാന്‍ പ്രതികള്‍ ശ്രമിച്ചെന്ന് കുറ്റപത്രത്തില്‍ പറയുന്നു. പെണ്‍കുട്ടിയെ സുഹൃത്ത് പെട്ടെന്ന് പിടിച്ചുമാറ്റിയതുകൊണ്ട് അപ്പോള്‍ അപകടമുണ്ടായില്ല. കേസിലെ അഞ്ചുപ്രതികള്‍ക്ക് എതിരെയാണ് കുറ്റങ്ങള്‍ ചുമത്തിയത്. 17 വയസുകാരനായ ആറാം പ്രതിക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിലാകും നടപടികള്‍. ഡല്‍ഹിയിലെ സാകേത് ജില്ലാ കോടതിയിലാണ് അതിവേഗകോടതി പ്രവര്‍ത്തിക്കുക. ഡല്‍ഹിയില്‍ രോഹിണി, ദ്വാരക, തീസ്ഹസാരി എന്നിവിടങ്ങളിലെ അതിവേഗകോടതികളും വ്യാഴാഴ്ച മുതല്‍ പ്രവര്‍ത്തിച്ചുതുടങ്ങി. അതിനിടെ പ്രതികള്‍ക്ക് വേണ്ടി ഹാജരാകേണ്ടതില്ലെന്ന് സാകേത് കോടതിയിലെ അഭിഭാഷകര്‍ തീരുമാനിച്ചു.
ആര്യവധം: പ്രതിക്ക് വധശിക്ഷ
തിരു: വട്ടപ്പാറയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി ആര്യയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി കാട്ടാക്കട സ്വദേശി രാജേഷി (29) ന് വധശിക്ഷ. പ്രതി കുറ്റക്കാരനാണെന്ന് ചൊവ്വാഴ്ച കോടതി വിധിച്ചിരുന്നു. ജില്ലാപ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ബി സുധീന്ദ്രകുമാറാണ് ശിക്ഷ വിധിച്ചത്. കേരളത്തില്‍ സൌമ്യ വധക്കേസിനു ശേഷമുള്ള ആദ്യ വധശിക്ഷയാണിത്.
കൊലപാതകം, ബലാത്സംഗം, കവര്‍ച്ച, ഭവനഭേദനം, ആള്‍മാറാട്ടത്തിലൂടെ ചതിക്കല്‍ എന്നീ കുറ്റങ്ങള്‍ പ്രതി ചെയ്തിട്ടുണ്ടെന്ന് കോടതി കണ്ടെത്തിയിരുന്നു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണെന്നും പ്രതിക്ക് വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ രാവിലെ ആവശ്യപ്പെട്ടിരുന്നു.
വട്ടപ്പാറ വേറ്റിനാട് വിജയകുമാരന്‍ നായരുടെ മകള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ ആര്യയെ 2012 മാര്‍ച്ച് ആറിനാണ് വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കന്യാകുളങ്ങര സര്‍ക്കാര്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു ആര്യ. പഠനാവധി ആയിരുന്നതിനാല്‍ ആര്യ വീട്ടിലായിരുന്നു. പകല്‍ വീട്ടില്‍ മറ്റാരുമില്ലായിരുന്നു. ഈ സമയത്താണ് കൊലപാതകം നടന്നത്.
പ്രതി രാജേഷിന്റെ സഹോദരിയെ വിവാഹം കഴിച്ചിരിക്കുന്നത് വട്ടപ്പാറയ്ക്ക് സമീപം വേറ്റിനാട്ടാണ്. ഓട്ടോ െ്രഡെവറായ പ്രതി ഓട്ടോയുമായി വട്ടപ്പാറയെത്തിയപ്പോള്‍ ആര്യയുടെ വീടിനു സമീപമുള്ള ഒരാള്‍ പ്രതിയുടെ ഓട്ടോ വിളിച്ചു. ഓട്ടോ ആര്യയുടെ വീടിനടുത്തെത്തിയപ്പോള്‍ കേടായി. ഓട്ടം വിളിച്ചയാളെ പറഞ്ഞുവിട്ടശേഷം പ്രതി ഓട്ടോ ശരിയാക്കി. ശേഷം വെള്ളം കുടിക്കുവാന്‍ ആര്യയുടെ വീട്ടില്‍ കയറിയ പ്രതി വീട്ടില്‍ ഒറ്റയ്ക്കുള്ള ആര്യയെ കടന്നു പിടിക്കുകയായിരുന്നു. പിടിവലിക്കിടയില്‍ ആര്യകൊല്ലപ്പെടുകയും പ്രതി ആര്യയുടെ കഴുത്തില്‍ കിടന്ന മാലയും പൊട്ടിച്ച് രക്ഷപ്പെടുകയുമായിരുന്നു. വൈകിട്ട് മാതാപിതാക്കള്‍ വീട്ടിലെത്തിയപ്പോഴാണ് മകള്‍ മരിച്ചുകിടക്കുന്നത് കണ്ടത്. ആത്മഹത്യയാണെന്നായിരുന്നു ആദ്യനിഗമനമെങ്കിലും പിന്നീട് കൊലപാതകമാണെന്ന് വ്യക്തമായി. പ്രതിക്ക് പരമാവധി ശിക്ഷ കിട്ടിയതിൽ സന്തോഷമുണ്ടെന്നു ആര്യയുടെ മാതാപിതാക്കൾ പറഞ്ഞു.
deshabhimani
Labels:
കോടതി
Subscribe to:
Post Comments (Atom)
No comments:
Post a Comment