Monday, January 21, 2013

ടിപ്പു സര്‍വകലാശാല വേണ്ടെന്ന് കര്‍ണാടകം


ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ടത്തിലൂടെ ഇന്ത്യയുടെ അഭിമാനമായ ടിപ്പുസുല്‍ത്താന്റെ പേരില്‍ ശ്രീരംഗപട്ടണത്ത് കേന്ദ്രസര്‍വകലാശാല സ്ഥാപിക്കുന്നതിനെതിരെ കര്‍ണാടകത്തിലെ ബിജെപി സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങള്‍ വിവാദമാകുന്നു. ടിപ്പുസുല്‍ത്താന്‍ സര്‍വകലാശാല സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന മന്ത്രിമാര്‍ ഉള്‍പ്പടെയുള്ള ബിജെപി നേതാക്കളുടെ പ്രസ്താവനകള്‍ക്കെതിരെ രാഷ്ട്രീയ-സാമൂഹ്യരംഗത്തെ പ്രമുഖര്‍ രംഗത്തുവന്നു. കര്‍ണാടകത്തില്‍ വര്‍ഗീയത വളര്‍ത്താന്‍ കച്ചകെട്ടിയിറങ്ങിയ സംഘപരിവാര്‍ ശക്തികളെ ഭരണതലത്തില്‍നിന്നും പ്രോത്സാഹിപ്പിക്കുകയാണ് ബിജെപിയെന്നാണ് പൊതുവിലയിരുത്തല്‍.

കേന്ദ്രസര്‍ക്കാര്‍ തീരുമാനപ്രകാരമാണ് ശ്രീരംഗപട്ടണത്ത് ന്യൂനപക്ഷ സര്‍വകലാശാല യാഥാര്‍ഥ്യമാക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍,പ്രത്യേക സമുദായത്തെ ലക്ഷ്യമിട്ടാണ് സര്‍വകലാശാല വരുന്നതെന്നും തീവ്രവാദികളെ സൃഷ്ടിക്കാനാണ് സര്‍വകലാശാല സ്ഥാപിക്കുന്നതെന്നും പ്രസ്താവിച്ച് ബിജെപി വക്താവും എംഎല്‍സിയുമായ ജി മധുസൂധന്‍ രംഗത്തുവന്നതോടെയാണ് വിവാദം കത്തിപ്പടര്‍ന്നത്. പദ്ധതിക്ക് സംസ്ഥാനസര്‍ക്കാര്‍ സ്ഥലം വിട്ടുകൊടുക്കില്ലെന്നും ബിജെപി നേതാവ് പ്രഖ്യാപിച്ചു. ഭൂമി വിട്ടുകൊടുക്കില്ലെന്നത് സര്‍ക്കാരിന്റെ നിലപാടാണെന്ന് മന്ത്രി രാംദാസും വ്യക്തമാക്കി. ടിപ്പുസുല്‍ത്താന്‍ യഥാര്‍ഥ ദേശസ്നേഹിയും സ്വാതന്ത്ര്യസമരപോരാളിയുമായിരുന്നെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി ജി വി ശ്രീറാം റെഡ്ഡി പറഞ്ഞു. സംഘപരിവാറിന് രാജ്യത്തിന്റെ സ്വാതന്ത്ര്യസമരചരിത്രം അറിയില്ലെന്നും ടിപ്പുവിനെപ്പോലെ മാതൃരാജ്യത്തിനുവേണ്ടി പോരാടിയ ഒരാളെ അവഹേളിക്കുക മാത്രമാണ് ഇക്കൂട്ടരുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ശ്രീരംഗപട്ടണത്ത് ന്യൂനപക്ഷസര്‍വകലാശാല വരുന്നതിനെയും അതിന് ടിപ്പുവിന്റെ പേര് നല്‍കുന്നതിനെയും സിപിഐ എം പിന്തുണയ്ക്കും. ബംഗളൂരുവിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് ടിപ്പുസുല്‍ത്താന്റെ പേര്നല്‍കണമെന്ന് നേരത്തെ സിപിഐ എം ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞു.

സര്‍വകലാശാലയ്ക്ക് ടിപ്പുവിന്റെ പേര് നല്‍കുന്നതിനെതിരെയുള്ള പ്രതിഷേധം അര്‍ഥമില്ലാത്തതാണെന്ന് ബംഗളൂരു സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ എം വി വാസു അഭിപ്രായപ്പെട്ടു. രാജ്യത്തിനുവേണ്ടി സ്വന്തം മക്കളെയടക്കം ബലികൊടുക്കേണ്ടിവന്ന ഒരാളുടെ പേരില്‍ സര്‍വകലാശാല സ്ഥാപിക്കുന്നതിനെ എങ്ങനെയാണ് എതിര്‍ക്കുക എന്നും അദ്ദേഹം ചോദിച്ചു. നേരത്തേ ജഞാനപീഠ ജേതാവ് ഗിരീഷ് കര്‍ണാടും സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധം അറിയിച്ചിരുന്നു. ശ്രീരംഗപട്ടണത്ത് സര്‍വകലാശാല വരുന്നെങ്കില്‍ അത് ടിപ്പുവിന്റെ പേരിലായിരിക്കണമെന്ന് കര്‍ണാട് പറഞ്ഞു. രാജ്യത്തെ എറ്റവും മഹാനായ പോരാളിയാണ് ടിപ്പുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബിജെപി സര്‍ക്കാരിന്റെ നീക്കത്തിനെതിരെ കേന്ദ്ര ന്യൂനപക്ഷമന്ത്രി റഹ്മാന്‍ഖാനും കര്‍ണാടക ഗവര്‍ണറും മുന്നോട്ട് വന്നതോടെ പ്രശ്നം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള തര്‍ക്കം എന്ന തലത്തിലേക്ക് ഉയര്‍ന്നിട്ടുണ്ട്. എന്തൊക്കെ എതിര്‍പ്പുണ്ടായാലും പദ്ധതിയുമായി മുന്നോട്ട് പോകുമെന്നാണ് കേന്ദ്രമന്ത്രി റഹ്മാന്‍ഖാന്റെ നിലപാട്. പുരോഗമന സാംസ്ക്കാരിക സംഘടനയായ സമുദായയും, ടിപ്പുസുല്‍ത്താന്‍ യുണൈറ്റഡ് ഫ്രണ്ടും സര്‍ക്കാര്‍ നീക്കത്തെ എതിര്‍ത്തിരുന്നു.
(വികാസ് കാളിയത്ത്)

deshabhimani 210113

No comments:

Post a Comment