Monday, January 21, 2013

ഗഡ്കരിക്കെതിരെ മത്സരിക്കുമെന്ന് മഹേഷ് ജത്മലാനി


അഴിമതി ആരോപണം നേരിടുന്ന നിതിന്‍ ഗഡ്കരിയെ അധ്യക്ഷനായി അവരോധിക്കാനുള്ള നീക്കത്തിനെതിരെ ബിജെപി നേതാവ് മഹേഷ് ജത്മലാനി. ഗഡ്കരിക്കെതിരെ ആരും മത്സരിക്കാനില്ലെങ്കില്‍ താന്‍ മത്സരിക്കുമെന്ന് മഹേഷ് വ്യക്തമാക്കി. ബിജെപിയില്‍ ആര്‍എസ്എസുമായി അടുപ്പമുള്ള വിഭാഗം മത്സരതീരുമാനത്തില്‍നിന്ന് മഹേഷിനെ പിന്തിരിപ്പിക്കാന്‍നീക്കം ആരംഭിച്ചു. ബുധനാഴ്ചയാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കേണ്ടത്.

ആര്‍എസ്എസിന്റെ ശക്തമായ നിര്‍ദേശത്തെത്തുടര്‍ന്നാണ് നിതിന്‍ ഗഡ്കരിയെ അധ്യക്ഷനാക്കാന്‍ ബിജെപി നിര്‍ബന്ധിതമായത്. അദ്വാനിയുടെ നേതൃത്വത്തിലുള്ള വിഭാഗം ആര്‍എസ്എസ് ഇടപെടലില്‍ കടുത്ത പ്രതിഷേധത്തിലാണ്. എന്നാല്‍, ഗഡ്കരിക്കെതിരെ സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ ഇവര്‍ തയ്യാറാകില്ല. സുഷമ സ്വരാജിനെയോ രവിശങ്കര്‍ പ്രസാദിനെയോ അധ്യക്ഷനാക്കണമെന്ന നിര്‍ദേശം അദ്വാനിവിഭാഗം മുന്നോട്ട് വച്ചിരുന്നു. എന്നാല്‍, ആര്‍എസ്എസിനെ ധിക്കരിക്കാന്‍ ഈ നേതാക്കള്‍ക്ക് ഭയമുണ്ട്. ഈ സാഹചര്യത്തിലാണ് മഹേഷ് പരസ്യമായി മത്സര സൂചന നല്‍കിയത്. അഴിമതി ആരോപണത്തില്‍ കുരുങ്ങിയ ഗഡ്കരി അധ്യക്ഷ സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് നവംബറില്‍ മഹേഷ് ജത്മലാനി ബിജെപി ദേശീയ നിര്‍വാഹക സമിതിയില്‍നിന്ന് രാജി വച്ചിരുന്നു. പൂര്‍ത്തി കമ്പനിയുമായി ബന്ധപ്പെട്ട ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് ബിജെപിയില്‍ ഗഡ്കരി വിരുദ്ധ കലാപം മറനീക്കിയത്. മഹേഷിന്റെ പിതാവും മുതിര്‍ന്ന നേതാവുമായ രാംജത്മലാനിയും ഗഡ്കരി പുറത്തുപോകണമെന്ന് ആവശ്യപ്പെട്ടിരുന്നു. വീണ്ടും അധ്യക്ഷനായാലും നിതിന്‍ ഗഡ്കരിക്കെതിരെ ബിജെപിയില്‍ കലാപം തുടരുമെന്ന് വ്യക്തമാക്കുന്നതാണ് പുതിയ സംഭവവികാസം.

ആഭ്യന്തരമന്ത്രി സഹായിക്കുന്നത് യഥാര്‍ഥ ഭീകരരെയെന്ന് ആര്‍എസ്എസ്

ന്യൂഡല്‍ഹി: യഥാര്‍ഥ തീവ്രവാദികളായ ലഷ്കര്‍-ഇ തോയ്ബയെയും ജമാഅത്ത് ഉദ്ദവയെയുമൊക്കെ ആഹ്ലാദിപ്പിക്കുന്നതാണ് ഹിന്ദ്വത്വ ഭീകരതയെക്കുറിച്ചുള്ള ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയുടെ പ്രസ്താവനയെന്ന് ആര്‍എസ്എസ്. തീവ്രവാദികള്‍ ഷിന്‍ഡെയുടെ പ്രസ്താവനയെ സ്വാഗതം ചെയ്തുകഴിഞ്ഞെന്ന് ആര്‍എസ്എസ് വക്താവ് രാംമാധവ് പറഞ്ഞു. ഇത്തരം പ്രസ്താവനകളിലൂടെ ശത്രുക്കളെ സഹായിക്കുകയാണ് ഷിന്‍ഡെ. യഥാര്‍ഥ തീവ്രവാദികളുടെ പ്രിയഭാജനമാണ് ഷിന്‍ഡെ ഇപ്പോള്‍. ലഷ്കര്‍-ഇ തോയ്ബപോലും ഷിന്‍ഡെയുടെ പ്രസ്താവനയെ സ്വാഗതംചെയ്തു. ഹിന്ദുത്വ ഭീകരതയുടെ കാര്യത്തില്‍ മാധ്യമങ്ങളില്‍ വന്നതാണ് താന്‍ പറഞ്ഞതെന്ന് ഷിന്‍ഡെ ഇപ്പോള്‍ പറയുന്നു. അങ്ങനെയെങ്കില്‍ അദ്ദേഹം ഒരു വാര്‍ത്താവായനക്കാരനായി ഇരുന്നാല്‍ മതിയാകും. ആഭ്യന്തരമന്ത്രിപദത്തില്‍ ഇരിക്കേണ്ടതില്ല- രാംമാധവ് ട്വിറ്ററില്‍ പറഞ്ഞു. ആര്‍എസ്എസിന്റെയും ബിജെപിയുടെ പരിശീലനക്യാമ്പുകളാണ് ഹിന്ദുത്വ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നതെന്ന് ഷിന്‍ഡെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

deshabhimani 220113

No comments:

Post a Comment