Thursday, January 3, 2013
ഭരണം കൈയിലുണ്ടെന്ന് ഭീഷണി സ്റ്റേഷനിലെത്തി ലീഗുകാര്‍ പൊലീസിനെ വിരട്ടി
മഞ്ചേരി പൊലീസ് സ്റ്റേഷനിലെത്തി മുസ്ലിംലീഗ് ഗുണ്ടാസംഘം പൊലീസിനെ വിരട്ടി. ഭീഷണിയും തെറിവിളിയുമായി ഇവര്‍ അഴിഞ്ഞാടിയിട്ടും നിസ്സഹായരായി നില്‍ക്കാനേ പൊലീസിനായുള്ളു. ഭീഷണിപ്പെടുത്താന്‍ എത്തിയവരില്‍ അധികവും ക്രിമിനല്‍ പശ്ചാത്തലമുള്ളവരും കേസുകളിലെ പിടികിട്ടാപ്പുള്ളികളുമാണ്. ബുധനാഴ്ച പകല്‍ 11നാണ് സംഭവം. കഴിഞ്ഞ ഒക്ടോബറില്‍ മഞ്ചേരിയില്‍ നടന്ന അക്രമക്കേസുമായി ബന്ധപ്പെട്ട് ജയിലിലായ ലീഗ് പ്രവര്‍ത്തകരില്‍ ചിലര്‍ക്ക് ജാമ്യം കിട്ടാത്തതിന്റെ വൈരാഗ്യത്തിലായിരുന്നു അക്രമം. എസ്ഐമാരും എഎസ്ഐയും അടക്കമുള്ളവര്‍ നോക്കിനില്‍ക്കെയാണ് ഗുണ്ടകള്‍ അസഭ്യവര്‍ഷം ചൊരിഞ്ഞത്. തലകുനിച്ചിരുന്ന പൊലീസുകാരെ "ഭരണം കൈയിലുണ്ട്; എല്ലാവരെയും ശരിപ്പെടുത്തുമെ"ന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
തുറയ്ക്കലിലെ ടൈല്‍സ് കട തല്ലിപ്പൊളിക്കുകയും ഉടമയുടെ മകനെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തതിനാണ് കണ്ടാലറിയാവുന്ന 15 പേരടക്കം 21 ലീഗുകാര്‍ക്കെതിരെ ഒക്ടോബറില്‍ കേസെടുത്തത്. മുസ്തഫ കമാല്‍, അന്‍സാസ് ബാബു, ലുഖ്മാനുല്‍ ഹക്കീം, ഷിഹാബ് എന്നിവരെ അറസ്റ്റ്ചെയ്ത് റിമാന്‍ഡ് ചെയ്തു. നാലുപേരും ജാമ്യത്തിന് അപേക്ഷിച്ചെങ്കിലും ഷിഹാബിനു മാത്രമായി ഹൈക്കോടതി കഴിഞ്ഞദിവസം ജാമ്യംനല്‍കി. പൊലീസ് കോടതിയില്‍ സ്വീകരിച്ച ശക്തമായ നിലപാടുമൂലമാണ് മറ്റുള്ളവര്‍ക്ക് ജാമ്യം കിട്ടാതെ പോയതെന്ന ആരോപണവുമായാണ് ലീഗുകാര്‍ എത്തിയത്. ജാമ്യത്തിലിറങ്ങിയ ഷിഹാബ് എല്ലാ ബുധനാഴ്ചയും സ്റ്റേഷനിലെത്തി ഒപ്പിടണം. ഇതിനായി വന്നപ്പോഴാണ് ഗുണ്ടകള്‍ ഒപ്പം കൂടിയത്. തുറയ്ക്കല്‍ സംഭവത്തിലെ തന്നെ പൊലീസ് തെരയുന്ന രണ്ടുപേരും കൂട്ടത്തിലുണ്ടായിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് മഞ്ചേരിയിലെ സിപിഐ എം ബന്ധമുള്ള മുഴുവന്‍ സ്ഥാപനങ്ങളും അടിച്ചുതകര്‍ത്ത കേസിലെ പ്രതികളും കൂട്ടത്തിലുണ്ടായിരുന്നു. കേസിലെ മറ്റുള്ളവരുടെ ജാമ്യത്തിനായി വെള്ളിയാഴ്ച വീണ്ടും അപേക്ഷ നല്‍കുമെന്നും, അന്നും പൊലീസ് കോടതിയില്‍ കടുത്ത നിലപാടെടുത്താല്‍ ഒരാളെയും വെറുതെവിടില്ലെന്നും ലീഗുകാര്‍ വിരട്ടി. എന്നാല്‍ ഇത്രയൊക്കെയുണ്ടായിട്ടും ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തില്ല.
deshabhimani
Subscribe to:
Post Comments (Atom)
No comments:
Post a Comment