Thursday, January 3, 2013

പങ്കാളിത്ത പെന്‍ഷന്‍പദ്ധതി ബാങ്ക്വഴിയും അടിച്ചേല്‍പ്പിക്കുന്നു


പൊതുജനങ്ങളുടെ പണം ഓഹരിചൂതാട്ടത്തിന് വഴിയൊരുക്കുന്ന പങ്കാളിത്ത പെന്‍ഷന്‍പദ്ധതി (സ്വാവലംബന്‍) പൊതുമേഖലാ ബാങ്കുകള്‍വഴിയും സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്നു. 2009 മേയില്‍ ആരംഭിച്ച പദ്ധതിയിലേക്ക് ഇനിയും വേണ്ടത്ര ജനങ്ങളെ ആകര്‍ഷിക്കാനാകാത്ത സാഹചര്യത്തിലാണ് ബാങ്ക് ശാഖകള്‍ക്ക് ക്വോട്ട നിശ്ചയിച്ച് ജനങ്ങളെ ചേര്‍ക്കുന്നത്. ബാങ്ക് മാനേജര്‍മാരുടെയും ഉദ്യോഗസ്ഥരുടെയും നിര്‍ബന്ധത്തിനു വഴങ്ങി പലരും പദ്ധതിക്ക് തലവച്ചുകൊടുക്കേണ്ട സ്ഥിതിയിലായിരിക്കയാണ്. കൃത്യമായി എത്ര തുക കിട്ടുമെന്ന് ഉറപ്പില്ലാത്തതിനാലും നഷ്ടസാധ്യത കൂടുതലായതിനാലും പദ്ധതിയില്‍ ചേരാന്‍ പൊതുജനങ്ങള്‍ ഭൂരിഭാഗവും മടിക്കുകയാണ്. എന്നാല്‍ ഓരോ ബാങ്ക് ശാഖയ്ക്കും ഗ്രാമീണ, അര്‍ധ ഗ്രാമീണ മേഖലയില്‍ 150 അക്കൗണ്ടും നഗര, മെട്രോ മേഖലയില്‍ 50 അക്കൗണ്ടുമാണ് ക്വോട്ട നിശ്ചയിച്ചിട്ടുള്ളത്. ടാര്‍ജറ്റ് പൂര്‍ത്തിയാകാതെ വന്നാല്‍ തങ്ങളുടെ പ്രൊമോഷന്‍ ഉള്‍പ്പെടെയുള്ളവയെ ദോഷകരമായി ബാധിക്കുമെന്നതിനാല്‍ ദോഷവശങ്ങള്‍ മറച്ചുവെച്ചും ഒരുവിഭാഗം ബാങ്ക് ഉദ്യോഗസ്ഥര്‍ ജനങ്ങളെ പദ്ധതിയിലേക്ക് ആട്ടിത്തെളിക്കുന്നുമുണ്ട്.

ഇതുവഴിയുള്ള വരുമാനത്തിന് ഒരു ഉറപ്പുമില്ലെന്നാണ് പദ്ധതി നിയന്ത്രിക്കുന്ന പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്റ് ഡവലപ്പ്മെന്റ് അതോറിറ്റി (പിഎഫ്ആര്‍ഡിഎ) തന്നെ വ്യക്തമാക്കുന്നത്. പൊതു, സ്വകാര്യ ഫണ്ട് മാനേജിങ്ങ് സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ തുക കടപ്പത്രങ്ങളിലും ഓഹരി വിപണിയിലും മറ്റും നിക്ഷേപിക്കുന്നതിനുള്ള അവകാശമാണ് ഇതുവഴി അംഗമാവുന്നവര്‍ നല്‍കുന്നത്. ഇത്തരം ഇടപാടുകള്‍ക്ക് താല്‍പര്യമുള്ളവര്‍ക്ക് നേരിട്ട് തന്നെ ഇത്തരം നിക്ഷേപങ്ങള്‍ക്ക് അവസരമുണ്ടെന്നിരിക്കെ ഒരു ഇടനിലക്കാരന്റെ ചൂഷണത്തിന് അവരെ സര്‍ക്കാര്‍ തന്നെ നയിക്കുകയാണ്. ഓഹരി വിപണിയിലെ തകര്‍ച്ച പദ്ധതി വഴിയുള്ള വരുമാനത്തെയും ദോഷകരമായി ബാധിക്കും. മറ്റ് പെന്‍ഷന്‍ പദ്ധതികളിലോ സാമൂഹ്യ സുരക്ഷാ പദ്ധതികളിലോ അംഗമല്ലാത്ത 18 മുതല്‍ 60 വയസ്സുവരെയുള്ളവര്‍ക്കാണ് പദ്ധതിയില്‍ അംഗമാവാനാവുക. പ്രതിവര്‍ഷം കുറഞ്ഞത് ആയിരം രൂപയും പരമാവധി 12,000 രൂപയും നിക്ഷേപിക്കാം. 60 വയസ്സിനുള്ളില്‍ പദ്ധതിയില്‍ നിന്ന് പിന്‍വാങ്ങുന്ന പക്ഷം ഈ തുകയില്‍ നിന്നും 20 ശതമാനം മാത്രമേ പിന്‍വലിക്കാവൂ. 60 വയസ്സ് പൂര്‍ത്തിയായാല്‍ 60 ശതമാനം വരെ പിന്‍വലിക്കാം. ബാക്കി തുക വാര്‍ഷികാദായം നല്‍കുന്നതിന് പ്രയോജനപ്പെടുത്തുമെന്നാണ് വാഗ്ദാനം. ഈ തുകയെ സംബന്ധിച്ച വാര്‍ഷിക പ്രസ്താവന പദ്ധതി കോ-ഓഡിനേറ്റ് ചെയ്യുന്ന ബാങ്ക് ഇടപാടുകാര്‍ക്ക് നല്‍കണം. ഇതിന് പുറമെ പെന്‍ഷന്‍ റെഗുലേറ്ററി അതോറിറ്റി നമ്പര്‍ (പ്രാണ്‍) എന്ന നമ്പറോടു കൂടിയ തിരിച്ചറിയല്‍ കാര്‍ഡും ഇടപാടുകാര്‍ക്ക് ലഭിക്കും. ഇടപാടുകാര്‍ മരിച്ചാല്‍ നോമിനിക്ക് മുഴുവന്‍ തുകയും പിന്‍വലിക്കാം.

വാസ്തവത്തില്‍ ബാങ്കുകളോ ഇതര സാമ്പത്തികസ്ഥാപനങ്ങളോ സ്ഥിരനിക്ഷേപത്തിന് വാഗ്ദാനം നല്‍കുന്ന പലിശ പോലും സ്വാവലംബന്‍ പദ്ധതി ഉറപ്പ് നല്‍കുന്നില്ല. മറിച്ച് സാധാരണക്കാരന്റെ പണം കുത്തകള്‍ക്ക് യഥേഷ്ടം കൈകാര്യം ചെയ്യാനുള്ള അവസരവും ഒരുങ്ങുന്നു. ജീവനക്കാര്‍ക്കായി പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി അടിച്ചേല്‍പിക്കുന്ന നീക്കത്തിന് പുറമെയാണ് പൊതുജനത്തെയും ചൂഷണം ചെയ്യുന്നതിന് അധികൃതര്‍ വഴിയൊരുക്കുന്നത്
(ഷഫീഖ് അമരാവതി)

deshabhimani 030113

No comments:

Post a Comment