Thursday, January 3, 2013

ജീവനക്കാരും അധ്യാപകരും ജീവന്മരണ പോരാട്ടത്തിലേക്ക്


പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയും തസ്തികവെട്ടിക്കുറയ്ക്കലും നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ജീവന്മരണ പോരാട്ടത്തിനു തയ്യാറെടുത്ത് സംസ്ഥാന ജീവനക്കാരും അധ്യാപകരും. എട്ടുമുതല്‍ ആരംഭിക്കുന്ന അനിശ്ചിതകാല പണിമുടക്ക് വന്‍ വിജയമാക്കാനുള്ള എല്ലാ ഒരുക്കവും പൂര്‍ത്തിയായി. പണിമുടക്കിനു പിന്തുണയുമായി കൂടുതല്‍ സംഘടനകള്‍ രംഗത്തെത്തുന്നുണ്ട്.

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍നിന്നും അനുബന്ധ നടപടികളില്‍നിന്നും പിന്മാറില്ലെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആവര്‍ത്തിച്ചുള്ള പ്രഖ്യാപനം സര്‍വീസ് മേഖലയില്‍ ആശങ്ക രൂക്ഷമാക്കി. തൊഴില്‍ കാത്തുനില്‍ക്കുന്ന ലക്ഷങ്ങളും ആശങ്കയിലാണ്. പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിളിച്ചുചേര്‍ത്ത സംഘടനാപ്രതിനിധികളുടെ യോഗത്തില്‍ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ പെന്‍ഷന്‍ ആനുകൂല്യങ്ങളെല്ലാം ഇല്ലാതാകുമെന്നുള്ള മുന്നറിയിപ്പാണ്. പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കിയാല്‍ മിനിമം പെന്‍ഷന്‍ ഉറപ്പു നല്‍കാനാവില്ലെന്ന് ധനമന്ത്രി കെ എം മാണി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. ഏപ്രില്‍ ഒന്നുമുതല്‍ സര്‍വീസില്‍ പ്രവേശിക്കുന്നവര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കിയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

ഇപ്പോഴുള്ളവര്‍ക്ക് നിലവിലുള്ള രീതി തുടരുമെന്ന് പറയുന്നുണ്ടെങ്കിലും ഒരു ഉറപ്പുമില്ല. ഇവരെയും പിന്നീട് പദ്ധതിയിലേക്ക് മാറ്റും. സംസ്ഥാന സര്‍വീസ് മേഖലയില്‍ രണ്ടുതരം പെന്‍ഷന്‍ തുടരാനാവില്ല. പങ്കാളിത്ത പെന്‍ഷന്‍ നിലവില്‍ വരുന്നതോടെ കുടുംബപെന്‍ഷനുകളടക്കം ഇല്ലാതാകും. ശമ്പളത്തിന്റെ പത്തു ശതമാനം പെന്‍ഷന്‍ ഫണ്ടിലേക്ക് അടയ്ക്കേണ്ടി വരും. ഗ്രാറ്റുവിറ്റി, കമ്യൂട്ടേഷന്‍ തുടങ്ങിയ ആനകൂല്യങ്ങളും ഇല്ലാതാകും. പെന്‍ഷന്‍ ഫണ്ട് ഓഹരിക്കമ്പോളത്തിലേക്ക് പോകുന്നതോടെ പെന്‍ഷന്‍ സുരക്ഷഇല്ലാതാകും. സര്‍ക്കാര്‍ നിയോഗിച്ച പൊതുചെലവ് അവലോകന കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ ഉന്നതതലത്തില്‍ നീക്കം തുടങ്ങി. ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളപരിഷ്കരണം പത്തുവര്‍ഷത്തിലൊരിക്കല്‍ മതിയെന്നും സര്‍ക്കാരിന്റെ ചെലവു കുറയ്ക്കാന്‍ താഴെത്തട്ടിലുള്ള എല്ലാ ജോലികളും പുറംകരാര്‍ നല്‍കണമെന്നതുമടക്കമുള്ള നിര്‍ദേശങ്ങളാണ് സമര്‍പ്പിച്ചത്.

deshabhimani 030113

No comments:

Post a Comment