Thursday, January 3, 2013
ഇവര്‍ എന്നും ജീവിതത്തിന്റെ പുറമ്പോക്കില്‍
""ഡല്‍ഹിയില്‍ ഇരിക്കുന്ന തമ്പുരാക്കന്മാര്‍ക്ക് ഒരു തോന്നല്‍ വന്നാല്‍മതി. കുഞ്ഞുകുട്ടി പരാധീനങ്ങളുമായി ഞങ്ങള്‍ തെരുവിലേക്കിറങ്ങേണ്ടിവരും. ജനിച്ചുപോയില്ലേ, ജീവിച്ചല്ലേ ഒക്കൂ. ഞങ്ങളെപ്പോലുള്ള പാവങ്ങള്‍ക്ക് കണ്ണടയുന്നതിനുമുമ്പെങ്കിലും മനഃസമാധാനത്തോടെ തലചായ്ക്കാന്‍ ഒരിടം കിട്ടുമോ?"" തിരുവനന്തപുരത്ത് റെയില്‍വേ പുറമ്പോക്കുഭൂമിയിലെ നിന്നുതിരിയാന്‍ ഇടമില്ലാത്ത ഓലപ്പുരയ്ക്കുള്ളിലിരുന്ന് അറുപത്താറുകാരി തങ്കമ്മ ഇതുപറയുമ്പോള്‍ അവരുടെ ശബ്ദത്തെ വിഴുങ്ങി കേരള എക്സ്പ്രസ് കൊടുങ്കാറ്റുപോലെ കടന്നുപോയി.
നാലുപതിറ്റാണ്ടായി റെയില്‍വേയുടെ പുറമ്പോക്കുഭൂമിയിലാണ് കൂലിപ്പണിക്കാരിയായ തങ്കമ്മ കഴിയുന്നത്. ഭര്‍ത്താവ് ഗോപാലന്‍ പണിക്കുപോകാനാകാതെ കിടപ്പിലാണ്. ഏകമകള്‍ ബേബിക്കും പറക്കമുറ്റാത്ത നാലുകൊച്ചുമക്കള്‍ക്കുമൊപ്പം ഏതുനിമിഷവും തകര്‍ന്നുവീഴാവുന്ന ഒറ്റമുറി ഓലപ്പുരയ്ക്കുള്ളില്‍ ജീവിതം എങ്ങനെയോ തള്ളിനീക്കുകയാണിവര്‍. സ്വന്തമായി ഒരു തുണ്ടു ഭൂമിക്കുവേണ്ടി ചെങ്കൊടിയുമേന്തി ആയിരങ്ങള്‍ സമരമുഖത്തേക്കു കുതിക്കുന്ന വാര്‍ത്തകേള്‍ക്കുമ്പോള്‍ തങ്കമ്മയുടെ നിസ്സഹായത നിഴലിക്കുന്ന കണ്ണുകളിലും പ്രതീക്ഷയുടെ തിരയിളക്കം. തങ്കമ്മയുടേതടക്കം 17 കുടുംബങ്ങളാണ് റെയില്‍വേ പുറമ്പോക്കുഭുമിയില്‍ തൊട്ടുതൊട്ടു കൂരകെട്ടി ജീവിക്കുന്നത്. സ്വന്തമായൊരു പിടി മണ്ണ്, അതില്‍ മഴയും വെയിലുമേല്‍ക്കാതെ കൊച്ചുവീട്- ഇതാണിവരുടെയെല്ലാം ജീവിത സ്വപ്നം. ഇതിനായി കേറിയിറങ്ങാത്ത സര്‍ക്കാര്‍ ഓഫീസുകളില്ലെന്ന് കൂലിപ്പണിക്കാരായ വത്സലയും ഭര്‍ത്താവ് ഉണ്ണിയും പറഞ്ഞു.
തങ്ങളുടെ ജീവിതം ഈ പുറമ്പോക്കിലെ കുടുസ്സില്‍ ഇരുളിലാണ്ടുപോയെങ്കിലും മകന്‍ വിഷ്ണുവിന്റെയും മകള്‍ വിനീതയുടെയും ഭാവിജീവിതത്തെ പ്രതീക്ഷയോടെ കാണുകയാണ് ഇവര്‍. തങ്ങളുടെ പൊന്നുമോള്‍ക്ക് പിച്ചവച്ചുനടക്കാന്‍ തുണ്ടുഭൂമിയാണ് ശ്രീദേവി- കുഞ്ഞുമോന്‍ ദമ്പതികളുടെയും ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം. ഇരമ്പിവരുന്ന തീവണ്ടികളുടെ കാതടപ്പിക്കുന്ന ശബ്ദത്തില്‍ അവള്‍ ഞെട്ടി എഴുന്നേറ്റു കരയുമ്പോള്‍ ഉറക്കമില്ലാത്ത രാവുകളായി ഇവരുടെ ജീവിതം മുനിഞ്ഞുകത്തുന്നു. ഇവരെപ്പോലെ ആയിരങ്ങളാണ് ഒരുതുണ്ട് ഭൂമിയില്ലാതെ കേരളത്തിന്റെ പുറമ്പോക്കുകളില്‍ കഴിയുന്നത്.
(വി ഡി ശ്യാംകുമാര്‍)
deshabhimani 030113
Labels:
സമൂഹം
Subscribe to:
Post Comments (Atom)

No comments:
Post a Comment